ഇന്നലെ വൈകുന്നേരം നടത്തിയ പ്രസ് കോൺഫെറൻസിൽ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപ് ആ സസ്പെൻസ് പൊളിച്ചു. അബൂബക്ർ അൽ ബാഗ്‌ദാദി എന്ന ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകരൻ  വടക്കുപടിഞ്ഞാറൻ സിറിയയിൽ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് നടത്തിയ റെയ്‌ഡിൽ വധിക്കപ്പെട്ടു. ആ ഭീകരവാദിയെ ഒടുവിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അമേരിക്കയ്ക്ക് സാധിച്ചു എന്നായിരുന്നു ട്രംപ് അറിയിച്ചത്. 

ലോകതീവ്രവാദി ലിസ്റ്റിൽ ഒന്നാമതായിരുന്നു അൽ ബാഗ്‌ദാദിയുടെ സ്ഥാനം. ശനിയാഴ്ച വൈകുന്നേരം അമേരിക്കൻ സൈന്യത്തിന്റെ സ്‌പെഷൽ അസോൾട്ട് ഫോഴ്‌സിലെ കമാൻഡോകൾ തങ്ങളുടെ ഹെലികോപ്റ്ററിൽ പുറപ്പെട്ട നിമിഷം മുതൽ വൈറ്റ്ഹൗസിലെ  'സിറ്റുവേഷൻ റൂമി'ൽ ഓപ്പറേഷൻ നേരിട്ട് നിരീക്ഷിച്ചുകൊണ്ട് അമേരിക്കയിലെ മറ്റു സുപ്രധാന പ്രതിരോധ നേതാക്കളോടൊപ്പം പ്രസിഡണ്ട് ട്രംപും സന്നിഹിതനായിരുന്നു. മുക്കാൽ മണിക്കൂറോളം നേരമെടുത്തു ഹെലികോപ്റ്റർ ബാഗ്‌ദാദി ഒളിച്ചിരുന്ന ലൊക്കേഷനിലെത്താൻ. രണ്ടുമണിക്കൂർ നേരം നീണ്ടുനിന്ന ഒരു സർജിക്കൽ സ്ട്രൈക്ക്, മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മടക്കയാത്ര. ഹെലികോപ്റ്ററിൽ തന്റെ സ്‌പെഷൽ ടാസ്ക് ഫോഴ്സ് കമാൻഡോകൾ തിരികെ സൈനികാസ്ഥാനത്ത് വന്നിറങ്ങിയപ്പോഴാണ് ട്രംപിന്റെ ശ്വാസം നേരെ വീണത്. അവർ തിരിച്ചുവന്നത് ട്രംപിനെയും, അമേരിക്കയുടെ സഖ്യകക്ഷികളായ മറ്റു രാജ്യങ്ങളെയും ഏറെ സന്തോഷിപ്പിക്കുന്ന ഒരു വർത്തമാനവുമായിട്ടായിരുന്നു. അമേരിക്കൻ സേനയുടെ അപ്രതീക്ഷിതമായ ഓപ്പറേഷനിടെ രക്ഷപ്പെടാനാവില്ല എന്നുറപ്പായപ്പോൾ അബൂബക്ർ അൽ ബാഗ്‌ദാദി എന്ന തീവ്രവാദി തന്റെ മേൽ കെട്ടിവെച്ച സ്ഫോടകവസ്തുക്കൾ പൊട്ടിച്ച് കൊല്ലപ്പെട്ടു എന്നതായിരുന്നു ആ വിവരം. 


ഞായറാഴ്ച, സിറിയയിലെ ഇദലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തെയാണ് അമേരിക്കൻ സൈന്യം തങ്ങളുടെ ദൗത്യത്തിൽ ലക്ഷ്യമിട്ടത്. തുർക്കിയുടെ തെക്കേ അതിർത്തിയിൽ നിന്ന് കേവലം അഞ്ചുകിലോമീറ്റർ മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിലാണ് അൽ ബാഗ്‌ദാദി ഒളിച്ചു പാർത്തിരുന്നത്. പ്രസിഡണ്ട് ബഷർ അൽ അസദിന്റെ വിരോധികളുടെ സിറിയയിൽ അവശേഷിക്കുന്ന അവസാനത്തെ ഒരേയൊരു കോട്ടയാണ് ഇദലിബ്. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അഭയസ്ഥാനവും ഇദലിബ് തന്നെയാണ്. 

അൽ ബാഗ്‌ദാദിയെ കണ്ടെത്തിയത് ഇങ്ങനെ 

നാളേറെയായി സിഐഎ അൽ ബാഗ്‌ദാദിയുടെ പിന്നാലെ കൂടിയിട്ട്. വ്യോമാക്രമണങ്ങളെ ഭയന്ന് താമസിക്കുന്നിടത്തെല്ലാം തുരങ്കങ്ങൾ പണിഞ്ഞ് മണ്ണിനടിയിൽ സുരക്ഷിതമായി കഴിഞ്ഞുകൂടുന്ന ശീലക്കാരനാണ് ബാഗ്‌ദാദി എന്ന കാര്യം പോകെപ്പോകെ സിഐഎക്ക് മനസ്സിലായിരുന്നു. അൽ ബാഗ്‌ദാദിയെ പിടികൂടാൻ വേണ്ടിയുള്ള അന്തിമ മിഷനിൽ അമേരിക്കൻ സൈന്യത്തിന്റെ വിശാലമായ പങ്കാളിത്തമുണ്ടായിരുന്നു. നിരവധി അസോൾട്ട് ചോപ്പറുകൾ, വിമാനവാഹിനിക്കപ്പലുകൾ, ഫൈറ്റർ ജെറ്റുകൾ തുടങ്ങിയവ അതിന്റെ ഭാഗമായിരുന്നു. 

തുർക്കിക്ക് മുകളിലൂടെ പറന്നാണ് അമേരിക്കൻ ഹെലികോപ്റ്റർ ലക്ഷ്യസ്ഥാനം പിടിച്ചത്. അതോടൊപ്പം സിറിയൻ, റഷ്യൻ സേനകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് മുകളിലൂടെയും കുറഞ്ഞ ഉയരത്തിൽ ഈ ചോപ്പറുകൾ പറന്നുപോയി. ഇത്തരം ഒരു ഓപ്പറേഷനെപ്പറ്റി അവർക്ക് യാതൊരു മുൻവിവരവും കിട്ടാതിരുന്നിട്ടും അമേരിക്കൻ ഹെലികോപ്റ്ററുകൾ അവർ തടഞ്ഞില്ല. റഷ്യയുടെ സഹകരണം ഈ ദൗത്യത്തിന് കിട്ടിയതായി ട്രംപ് പിന്നീട് പറഞ്ഞു. 

"ഹെലികോപ്റ്റർ വളരെ അപകടകരമായ ടെറൈനുകളിലൂടെയാണ് കടന്നു പൊയിക്കൊണ്ടിരുന്നത്. ഏതുനിമിഷവും കത്തിയമരാനുള്ള സാധ്യത ആ യാത്രയ്‌ക്കുണ്ടായിരുന്നു. പലപ്പോഴും വേഗം പരമാവധി കുറച്ചും പോകേണ്ടി വന്നു. ബാഗ്‌ദാദി ഒളിച്ചിരുന്ന വീടിനടുത്ത് എത്തിയപ്പോഴേക്കും വെടിവെപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ, പണി തീർക്കാൻ ഏറെ നേരം വേണ്ടിവന്നില്ല ഞങ്ങളുടെ സ്‌പെഷ്യൽ ഫോഴ്‌സ് കമാണ്ടോകൾക്ക്..." ട്രംപ് പറഞ്ഞു. 

ഹെലികോപ്പ്റ്ററുകൾ നിലം തൊടുന്നതിന് അരമണിക്കൂർ മുമ്പേ തന്നെ വെടിവെപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഹെലികോപ്റ്ററിൽ നിന്ന് തുടർച്ചയായി മിസൈലുകൾ പാഞ്ഞുവന്നുകൊണ്ടിരുന്നു. ആ മിസൈലുകളേറ്റ് വീട് പാടെ തകർന്നു. ആക്രമണം തുടങ്ങിയതോടെ അൽ ബാഗ്‌ദാദി തന്റെ തുരങ്കത്തിലേക്ക് പാഞ്ഞുകയറി. ആ തുരങ്കത്തിന് പക്ഷേ, വേറെ രക്ഷാമാർഗ്ഗങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ഈ ഓട്ടത്തിനിടെ ആകെ പരിഭ്രമിച്ച്, ഞെട്ടിവിറച്ച അവസ്ഥയിലായിരുന്നു ബാഗ്‌ദാദി എന്ന് ട്രംപ് പറഞ്ഞു. 

"ഓടിയോടി തുരങ്കത്തിന്റെ അറ്റത്തെത്തിയപ്പോൾ ബാഗ്‌ദാദി നിന്നു. ഞങ്ങളുടെ വേട്ടനായ്ക്കൾ  അയാളെ വളഞ്ഞു നിൽപ്പായി. അവിടെ ബാഗ്‌ദാദി വീണുപോവുകയും, തന്റെ ബെൽറ്റ് ബോംബ് ഡിറ്റണേറ്റ് ചെയ്യുകയും ചെയ്തു. സ്‌ഫോടനത്തിൽ അൽ ബാഗ്‌ദാദിക്കൊപ്പം ഓടിക്കൊണ്ടിരുന്ന അയാളുടെ മൂന്നുമക്കളും കൊല്ലപ്പെട്ടു. ചിതറിത്തെറിച്ച നിലയിലായിരുന്നു ബാഗ്‌ദാദിയുടെ ശരീരം. തുരങ്കവും ആകെ നശിച്ചുപോയി. ഓപ്പറേഷൻ കഴിഞ്ഞതോടെ പ്രദേശമാകെ വലിയൊരു കല്ലും മണ്ണും കൂമ്പാരമായ അവസ്ഥയായി" ട്രംപ് പറഞ്ഞു. 

മൃതദേഹത്തിന്റെ അവശേഷിച്ച ഭാഗങ്ങളിൽ അവിടെ വെച്ചുതന്നെ വിശദമായ പരിശോധനകൾ നടത്തി അത് ബാഗ്‌ദാദി തന്നെയാണ് എന്നുറപ്പുവരുത്തപ്പെട്ടു. ആ ഓപ്പറേഷനിൽ ഈ ഒരൊറ്റ പരിപാടിക്കു വേണ്ടി അമേരിക്കൻ സൈന്യത്തിലെ ഡിഎൻഎ ടെസ്റ്റിംഗ് വിദഗ്‌ധനെക്കൂടി കൊണ്ടുപോയിരുന്നു സിഐഎ. ഫോറൻസിക് വിദഗ്‌ധർ ബാഗ്‌ദാദിയുടേതായി അവശേഷിച്ച എല്ലാ ശരീരഭാഗങ്ങളും തിരികെ സൈനികാസ്ഥാനത്തേക്ക് തെളിവിനായി കൊണ്ടുവന്നു. ബാഗ്‌ദാദി താമസിച്ചിരുന്ന വീടിന്റെ പരിസരത്തേക്ക് ഹെലികോപ്റ്റർ വ്യൂഹം പ്രവേശിച്ച് പതിനഞ്ചു മിനിറ്റിനകം തന്നെ ബാഗ്‌ദാദിയെ വധിച്ചുകഴിഞ്ഞിരുന്നു സംഘം എന്നും ട്രംപ് വെളിപ്പെടുത്തി. 

ഈ ഓപ്പറേഷനിൽ അമേരിക്കൻ സ്‌പെഷൽ ഫോഴ്‌സിന്റെ ഒരാൾക്കുപോലും ജീവനാശമുണ്ടായില്ല എന്നും ഡോണൾഡ്‌ ട്രംപ് വെളിപ്പെടുത്തി. ബാഗ്‌ദാദിയുടെ സംഘത്തിലെ നിരവധിപേർ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. മരിച്ചവരിൽ ബാഗ്‌ദാദിയുടെ രണ്ടു ഭാര്യമാരും ഉൾപ്പെടും. അവരും സൂയിസൈഡ് വെസ്റ്റ്  ധരിച്ചിരുന്നു എങ്കിലും അത് വിചാരിച്ചപോലെ ഡിറ്റണേറ്റ് ചെയ്യാൻ അവർക്കായില്ല. അമേരിക്കൻ സൈനികസംഘത്തിലെ ഒരു വേട്ടനായ്ക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു.  

ഇടക്ക് നിരന്തരമുള്ള അമേരിക്കൻ ആക്രമണങ്ങൾ  കാരണം ഇടക്ക് പ്രതിരോധത്തിലായിപ്പോയിരുന്ന ഐസിസിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയാണ് ബാഗ്‌ദാദി ഇദലിബിലേക്ക് വന്നത്. ബാഗ്‌ദാദിക്കു ശേഷം ഐസിസിന്റെ നേതൃത്വം ഏറ്റെടുക്കാൻ പോകുന്ന ഭീകരവാദി ആരാണെന്ന് തങ്ങൾക്കറിയാം എന്നും, അയാൾ ഇപ്പോൾ തന്നെ തങ്ങളുടെ നിരീക്ഷണത്തിലാണ് എന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി.