Asianet News MalayalamAsianet News Malayalam

മുടങ്ങിപ്പോയ ചില തൃശൂർ പൂരങ്ങളുടെ കഥ

പൂരം പിറന്നിട്ട് രണ്ടേകാല്‍ നൂറ്റാണ്ടാകുന്നതേയുള്ളൂ. പൂരത്തിന്റെ ചരിത്ര നാൾവഴികളിൽ പൂരം നടത്താതിരുന്ന സന്ദർഭങ്ങളും പലതുണ്ട്.   മഴ കാരണവും മറ്റുമായി ചടങ്ങായി പൂരം ചില വര്‍ഷങ്ങളില്‍ നടത്തിയിട്ടുണ്ട്. ഒന്നിലധികം തവണ പൂരം മുടങ്ങിയിട്ടുണ്ട്.

The history of cancelled Thrissur Poorams
Author
Thrissur, First Published May 12, 2019, 6:26 PM IST

പൂരങ്ങളുടെ സംഗമമാണ് തൃശൂർ പൂരം. പൂരം നടക്കുന്നിടമോ തൃശ്ശൂര്‍ വടക്കുന്നാഥന്റെ തട്ടകമായ  തേക്കിന്‍കാട് മൈതാനവും. ഘടകപൂരങ്ങളുടെ ക്ഷേത്രങ്ങളില്‍ പൂരത്തിന് ഒരാഴ്ച മുമ്പ് കൊടിയേറ്റ് നടത്തും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളാണ് ഘടകപൂരങ്ങളുടെ പ്രധാനികള്‍. മുറിച്ചെടുത്തു വൃത്തിയാക്കിയ വലിയ കവുങ്ങിന്‍തടിയില്‍ ആലിലയും മാവിലയും വെച്ചുകെട്ടിയതാണ് കൊടിമരം.

ഓണം വിട്ടാലും പൂരം വിടില്ലെന്ന് കണക്കാക്കിയിരിക്കുന്നവരാണ് ഇപ്പോഴത്തെ പ്രവാസികളിൽ പലരും.  മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തീര്‍ക്കുന്ന നാദത്തിന്റെ അലമാലകള്‍ തൃശൂർ പൂരത്തിന്റെ ആകർഷകത്വങ്ങളാണ്. കുടമാറ്റത്തിന്റെ മഴവില്‍ഭംഗിയും, അടുത്ത പുലര്‍ച്ചെ മൂന്നു മണിക്കു തുടങ്ങുന്ന കരിമരുന്നുകളുടെ ആകാശപൂരവും, പൂരപ്പിറ്റേന്ന് പ്രധാന ദേവതകള്‍ വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയില്‍നിന്ന് ഉപചാരം ചൊല്ലിപ്പിരിയലും ഒക്കെ കാണുവാനായി വർഷാവർഷം ലക്ഷക്കണക്കിന് പേർ  പൂരപ്പറമ്പിൽ വന്നുപോകും.  ശക്തൻ തമ്പുരാന്റെ കാലത്ത് മത്സര പൂരമായിരുന്നുവെങ്കിൽ ഇന്നത് സൗഹാർദ്ദപൂരമായി മാറിയിട്ടുണ്ട്. 

പൂരം പിറന്നിട്ട് രണ്ടേകാല്‍ നൂറ്റാണ്ടാകുന്നതേയുള്ളൂ. പൂരത്തിന്റെ ചരിത്ര നാൾവഴികളിൽ പൂരം നടത്താതിരുന്ന സന്ദർഭങ്ങളും പലതുണ്ട്.   മഴ കാരണവും മറ്റുമായി ചടങ്ങായി പൂരം ചില വര്‍ഷങ്ങളില്‍ നടത്തിയിട്ടുണ്ട്. ഒന്നിലധികം തവണ പൂരം മുടങ്ങിയിട്ടുണ്ട്.  1920 -ൽ തൃശൂരങ്ങാടിയിലെ ദിവാൻ വിജയരാഘവാചാരിയുടെ ക്രിസ്ത്യാനി പക്ഷപാതം നിമിത്തം ഹിന്ദുക്കൾക്കും നസ്രാണികൾക്കുമിടയിൽ പൊട്ടിപ്പുറപ്പെട്ട ചില അസ്വാരസ്യങ്ങൾ, ചരിത്രത്തിൽ തൃശൂർ ലഹള എന്ന പേരിൽ രേഖപ്പെടുത്തപ്പെട്ട ഒരു സംഭവം നടന്നു. അതിന്റെ കാലുഷ്യങ്ങൾ തീരും മുമ്പേ പൂരത്തിനുള്ള നേരമായിപ്പോയി. ദേശം പൂർണ്ണമായും സമാധാനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയിട്ടില്ലായിരുന്നതിനാൽ അക്കൊല്ലം പൂരം നടത്തേണ്ട എന്ന് പാറമേക്കാവും, തിരുവമ്പാടിയും ഒരേ സ്വരത്തിൽ തീരുമാനമറിയിച്ചു. 

The history of cancelled Thrissur Poorams

അതിനുശേഷം, 1930-ൽ നിലയ്ക്കാതെ പെയ്ത മഴ പൂരം ചടങ്ങുമാത്രമാക്കി. എന്നിട്ടും തെക്കോട്ടിറക്കം കാണുവാനായി അനേകായിരം ജനങ്ങൾ കുടകളും ചൂടി തേക്കിൻ കാട്‌ മൈതാനത്തും പരിസരത്തുമായി തടിച്ചു കൂടി. ഒടുവിൽ തിരുവമ്പാടി-പാറമേക്കാവ് പൂരങ്ങൾ ഓരോ ആനപ്പുറത്ത് തെക്കേ ഗോപുരത്തിലൂടെ ഇറങ്ങിവന്നു. ഗാന്ധിജിയെ അറസ്റ്റുചെയ്ത ഉടനെയായിരുന്നു അക്കൊല്ലത്തെ പൂരം. അറസ്റ്റിൽ പ്രതിഷേ ധിച്ചുകൊണ്ടുള്ള ലഘുലേഖകൾ സമരാനുകൂലികൾ തെക്കോട്ടിറക്കത്തിന്റെ നേരത്ത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഗാന്ധിജിയുടെ അറസ്റ്റ് അങ്ങനെ അന്നവിടെ കൂടിയവർക്കിടയിൽ വലിയ ചർച്ചയായി. 

പിന്നീട് 1943-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ നേതാക്കളിൽ ഭൂരിപക്ഷവും അറസ്റ്റുചെയ്യപ്പെട്ടതിലുള്ള പ്രതിഷേധം നിമിത്തവും, അരിസാമാനങ്ങൾക്ക് വില കൂടിയതിന്റെ പേരിലും പൂരം അനാർഭാടമായി നടത്താൻ ഇരു ദേവസ്വങ്ങളും തീരുമാനിച്ചു. 1943-ലെ എഴുന്നള്ളത്തിപ്പിനും ഇരുഭാഗത്തുനിന്നും ഓരോ ആനമാത്രമാണുണ്ടായിരുന്നത്. വാദ്യക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിരുന്നു. അടുത്ത വർഷവും, കഴിഞ്ഞ വർഷത്തെ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ കാര്യമായ മെച്ചമൊന്നും ഉണ്ടായിട്ടില്ല എന്നഭിപ്രായപ്പെട്ട പാറമേക്കാവുകാർ ഒരു ആനയെ എഴുന്നള്ളിച്ചുമാത്രം പൂരം നടത്തി. എന്നാൽ, തുടർച്ചയായി പൂരം മുടക്കുന്നതിൽ ന്യായമില്ലെന്നു കരുതിയ തിരുവമ്പാടിക്കാർ പതിനഞ്ച് ആനകളെ എഴുന്നള്ളത്തിച്ചു. പിന്നീട് 1962-ലെ ഇന്തോ-ചീനാ യുദ്ധവും 1963-ല്‍ പൂരം പ്രദര്‍ശനത്തിന്റെ വിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കവും പൂരം മുടക്കി. 

The history of cancelled Thrissur Poorams

തൃശൂർ പൂരത്തിലേക്കെത്തുന്നതിനു മുമ്പ് നടന്നിരുന്ന ആറാട്ടുപുഴയിലെ ദേവസംഗമം കാർഷിക സംസ്കൃതിയുടെ ഒരു ആഘോഷമായിരുന്നു. അവിടെ നിന്നും  ആധുനിക വ്യാപാരവ്യവസായ സംസ്‌കൃതിയിലേക്കു വളരുന്ന ഒരു ജനസമൂഹത്തെ മുന്‍കൂട്ടിക്കണ്ടതാണ് ഇന്നത്തെ തൃശ്ശൂര്‍ പൂരം. വിവിധ തൊഴില്‍ വിദഗ്ധരെയും ക്രിസ്ത്യാനികളായ വ്യാപാരികളെയും തൃശ്ശൂര്‍ ദേശത്തിന്റെ പല ഭാഗത്തായി കുടിയിരുത്തിയശേഷം ഉള്‍നാടുകളില്‍ നിന്ന്പൂരത്തിന്റെ പേരും പറഞ്ഞ് തൃശൂർ പട്ടണത്തിലേക്ക് ആവാഹിച്ചു വരുത്തുകകൂടിയായിരുന്നു തൃശൂർ പൂരം ചെയ്തത്. നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത കാശുകൊണ്ടായിരുന്നു പണ്ടുകാലങ്ങളിൽ പൂരം സംഘടിപ്പിച്ചുപോന്നിരുന്നത്.  എണ്ണായിരം രൂപകൊണ്ടൊക്കെ പൂരം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് പൂരത്തിന്റെ ചെലവ് കോടികളാണ്. 

The history of cancelled Thrissur Poorams

പ്രശസ്ത ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പെരുവനത്തിന്റെ മേല്‌ക്കൈയിലായിരുന്നു  ആറാട്ടുപുഴ പൂരം നടന്നു പോന്നിരുന്നത്. തൃശ്ശൂര്‍ വിഭാഗത്തെ അയിത്തം കല്പിച്ച പെരുവനംകാരുടെ നടപടിയില്‍ പ്രതിഷേധിച്ച്  ശക്തൻ തമ്പുരാനെന്ന റിബലാണ്   തൃശ്ശൂര്‍ പൂരം എന്ന പേരിൽ ഒരു ബദൽ പൂരം തുടങ്ങുന്നത്. രണ്ടു ദേവസ്വങ്ങൾ തമ്മിൽ മത്സരസ്വഭാവത്തോടെ പൂരം നടത്തുക എന്നത് അതിന്റെ നിലനിൽപ്പിന് ഗുണം ചെയ്യും എന്ന് മുൻകൂട്ടിക്കണ്ടതും അദ്ദേഹമായിരുന്നു.  പൂരവിജയത്തിന് നഗരത്തിലെ ധനിക ക്രിസ്ത്യാനികളുടെ സാമ്പത്തികസഹകരണം ശക്തന്‍ തമ്പുരാന്റെ കാലം മുതലേയുള്ളതാണ്. അതവര്‍ അതിസന്തോഷത്തോടെ, തികഞ്ഞ കൃതാര്‍ഥതയോടെയാണ്  അന്നുതൊട്ടേ നിര്‍വഹിച്ചു പോന്നിരുന്നതും. 

മതപരമായ ആചാരാനുഷ്ഠാനങ്ങളല്ല അന്നൊന്നും മുന്നിട്ടുനിന്നിരുന്നത്. ആചാരങ്ങളുടെ ആലഭാരങ്ങളൊന്നും അന്നുണ്ടായിരുന്നില്ല പൂരത്തിന്. മനുഷ്യക്കൂട്ടായ്മയുടെ മഹാഗോപുരമായിരുന്നു അന്നൊക്കെ തൃശ്ശൂര്‍പൂരം. ഒരു ജനതയുടെ ആത്മാവിലോളം അതു വേരുപടര്‍ത്തിക്കഴിഞ്ഞിരുന്നു. ജാതി, മതം, പ്രായം, ധനസ്ഥിതി എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള വ്യത്യാസങ്ങളെയും പൂരം വെട്ടിമാറ്റുമായിരുന്നു. പരസ്പരം സ്പര്‍ശിക്കുന്ന മനുഷ്യശരീരങ്ങള്‍ സമദര്‍ശിതയുടെ ആധുനികമൂല്യം പങ്കുവെച്ചിരുന്നു. ഇലഞ്ഞിത്തറമേളം കാണാനും കേള്‍ക്കാനും എല്ലാ വിഭാഗം ജനങ്ങളും ക്ഷേത്രമതിൽക്കെട്ടിനകത്തു കയറാറുണ്ടായിരുന്നു. മതേതരത്വസ്വഭാവമാണ് അന്നുമിന്നും പൂരത്തിന്റെ ബലം.

 

പൂരചരിത്രം സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്:

*     ഡോ. എൻ.ആർ.ഗ്രാമപ്രകാശ്, സി എ കൃഷ്ണൻ എന്നിവർ.  

**  ഡോ. കെ ടി രാമവർമ എഴുതിയ കൈരളീവിധേയൻ രാമവർമ അപ്പൻ തമ്പുരാൻ എന്ന ജീവചരിത്ര ഗ്രന്ഥം. പ്രസാധനം  : കേരളസാഹിത്യഅക്കാദമി (1998) 

Follow Us:
Download App:
  • android
  • ios