Asianet News MalayalamAsianet News Malayalam

കൂട്ടുകാരിയുടെ ഭർത്താവിനോടുള്ള അടുപ്പം നയിച്ചത് ഗർഭത്തിലേക്കും, അതിന്റെപേരിലുള്ള അരുംകൊലയിലേക്കും

സുചിത്ര തന്റെ ബോംബെക്കാരൻ കാമുകനൊപ്പം തിരിച്ചു പോയിക്കാണും എന്നാണ് പ്രശാന്ത് അന്ന് പൊലീസിന് മൊഴി നൽകിയത്. 

the investigation details of Kollam Beautician Murder at Palakkad
Author
Palakkad, First Published May 3, 2020, 9:41 AM IST

കൊല്ലം മുഖത്തല നടുവിലക്കരയിലെ അറിയപ്പെടുന്ന ഒരു കുടുംബമായിരുന്നു 'ശ്രീവിഹാർ ' എന്നത്. അവിടെ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ് മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകപുത്രിയായിരുന്നു സുചിത്ര പിള്ള. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ബ്യൂട്ടീഷൻ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകൾ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചർ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ ചുവടുപിടിച്ച് നടന്ന വിശദമായ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു.

പഴുതടച്ചുകൊണ്ടുള്ള  ക്രൈംബ്രാഞ്ച് അന്വേഷണം

അമ്മയ്ക്ക് സുഖമില്ല എന്നും പറഞ്ഞുകൊണ്ട് മാർച്ച് 17 -ന് അക്കാദമിയിൽ നിന്ന് ഇറങ്ങിയ സുചിത്രയെ പിന്നെ വീട്ടുകാർ കണ്ടിട്ടില്ല. രണ്ടുദിവസത്തേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നു എങ്കിലും 20 -ന് ശേഷം അതും ഉണ്ടായില്ല. അതോടെയാണ് തന്റെ മകളെ കാണാനില്ല എന്നുകാട്ടി ടീച്ചർ പൊലീസിൽ പരാതി നൽകുന്നത്. അവർ ആദ്യം പരാതിപ്പെട്ടത് കൊട്ടിയം പൊലീസ് സ്റ്റേഷനിലായിരുന്നു. അവിടെനിന്ന് ത്വരിതഗതിയിലുള്ള അന്വേഷണം ഉണ്ടാകാത്തതിനാൽ അവർ അടുത്ത ദിവസങ്ങളിൽ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന് പരാതി നൽകുകയും, കേസ് കമ്മീഷണർ കൊല്ലം ക്രൈം ബ്രാഞ്ചിന് കൈമാറുകയുമുണ്ടായി. എസിപി ഡി ഗോപകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പിന്നീട് കേസ് വിശദമായി അന്വേഷിച്ചത്.

നിർണായകമായത് സൈബർസെല്ലിന്റെ ഇടപെടൽ

കുപ്രസിദ്ധമായ രഞ്ജിത്ത് ജോൺസൻ വധക്കേസിന്റെ അന്വേഷണത്തിലെ മികവിലൂടെ ശ്രദ്ധേയനായ  സൈബർ സെൽ എസ് ഐ വി അനിൽകുമാറിനെ  കേസിന്റെ 'സൈബർ' അന്വേഷണച്ചുമതല ഏൽപ്പിച്ചതിനു പിന്നാലെയാണ് നിർണായകമായ കേസിന് വഴിത്തിരിവുണ്ടായത്. സുചിത്രയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച സൈബർസെൽ, വടകര സ്വദേശിയായ പ്രശാന്ത് എന്ന  ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വർഷത്തോളമായി സുചിത്ര പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു. അന്വേഷണത്തിൽ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുനടത്തിയ വിശകലനത്തിൽ സുചിത്രയുടെ അക്കൗണ്ടിൽ നിന്ന് പ്രശാന്തിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കിയതോടെ പൊലീസ് അയാളെ ട്രാക്ക് ചെയ്യാൻ തുടങ്ങുന്നു.  പാലക്കാട് മണലി ശ്രീരാം നഗറിൽ, വിഘ്‌നേശ് ഭവൻ' എന്നുപേരായ വാടകവീട്ടിൽ താമസിക്കുന്ന പ്രശാന്ത് എന്ന കീബോർഡ് അദ്ധ്യാപകനും, അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ഉടലെടുത്ത ഗാഢമായ അടുപ്പമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിൽ പൊലീസ് എത്തി.

അതിഹീനമായ കൊലപാതകം

രണ്ടുതവണ വിവാഹമോചിതയായ സുചിത്ര ഒരു ചടങ്ങിൽ വെച്ച് പരിചയപ്പെട്ട പ്രശാന്തുമായി സൗഹൃദത്തിലാവുകയും, താമസിയാതെ സൗഹൃദം പ്രണയത്തിനു വഴിമാറുകയുമായിരുന്നു. താമസിയാതെ സുചിത്രയുമായി ശാരീരികബന്ധവും സ്ഥാപിച്ചുകഴിഞ്ഞിരുന്നു പ്രശാന്ത്. കൊല്ലപ്പെടുന്ന സമയത്ത് സുചിത്ര പ്രശാന്തിൽ നിന്ന് ഗർഭിണിയായിരുന്നു എന്നും, ആ ഗർഭം അലസിപ്പിക്കാൻ തയ്യാറാവാതിരുന്നതാണ് പ്രശാന്തിനെ ഈ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത് എന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ.

മാർച്ച് 17 -ന് സുചിത്രയെ താൻ നേരിട്ടുചെന്ന് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സുചിത്രയെ പാലക്കാട്ടെ തന്റെ വാടകവീട്ടിലേക്ക് കൊണ്ടുവരാൻ സൗകര്യത്തിന് നേരത്തെ തന്നെ പ്രശാന്ത് തന്റെ ഭാര്യയെ കൊല്ലം കൂനമ്പായിക്കുളത്തെ സ്വന്തംവീട്ടിലേക്ക് കൊണ്ടുചെന്നാക്കിയിരുന്നു പ്രശാന്ത്. അതിനുമുമ്പ് പാലക്കാട്ടെ  വീട്ടിൽ കൂടെയുണ്ടായിരുന്ന സ്വന്തം അച്ഛനമ്മമാരെ വടകരയിലെ അവരുടെ സ്വന്തംവീട്ടിലേക്കും പ്രതി മാറ്റിയിരുന്നു. അതിനു ശേഷം പള്ളിമുക്ക്‌ചെന്ന് അവിടെ കാത്തു നിന്ന സുചിത്രയെ മണലിയിലെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. സുചിത്രയെ തന്നോടൊപ്പം അവിടെ രണ്ടുദിവസം കൂടെ പാർപ്പിച്ചു അയാൾ. മൂന്നാം ദിവസം, അതായത് മാർച്ച് 20 -നാണ്, കൊലപാതകം നടത്തിയത്അ എന്നു പ്രതി പറഞ്ഞു. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പകൽ നടന്ന കലഹത്തിനിടെ, കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ അനുവദിച്ചില്ലെങ്കിൽ പ്രശാന്തിന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും എന്നു സുചിത്ര പറഞ്ഞതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കിടക്കയ്ക്ക് അടുത്ത് കിടന്നിരുന്ന എമർജൻസി ലാമ്പിന്റെ കേബിൾ കഴുത്തിൽ മുറുക്കി അവരെ കൊലപ്പെടുത്തുന്നതും. കഴുത്തിൽ വയറിട്ടുമുറുക്കുന്നതിനിടെ സുചിത്രയുടെ അച്ഛന്റെ ഫോൺ വന്നിരുന്നു എങ്കിലും, പ്രശാന്ത് അത് സ്വിച്ചോഫ് ചെയ്തു കളയുകയാണുണ്ടായത്.കാലിൽ ചവിട്ടിപ്പിടിച്ച്, വയറുകൊണ്ട് ശ്വാസം മുട്ടിച്ച്, മരണം ഉറപ്പിച്ച ശേഷം പുതപ്പിട്ടുമൂടി. 

മൃതദേഹം കത്തിച്ചുകളയാനും കുഴിച്ചിടാനും നടത്തിയ പരിശ്രമങ്ങൾ

വൈകീട്ട് 6.30 -നും 7.00 -നുമിടയിൽ നടന്ന ഈ കൊലപാതകത്തിന് ശേഷം പ്രശാന്ത് അതേ വീട്ടിലിരുന്നു തന്നെ രാത്രിയിൽ അത്താഴം കഴിക്കുകയും  മൃതദേഹം കിടക്കുന്ന മുറിക്കടുത്തുള്ള ഹാളിൽ കിടന്നുറങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പുലർച്ചയ്ക്കുതന്നെ എഴുന്നേറ്റ പ്രശാന്തിന്റെ മനസ്സിൽ എങ്ങനെ മൃതദേഹം നശിപ്പിക്കാം എന്നുള്ള ചിന്തകളായി. ഒറ്റയ്ക്ക് അതെടുത്ത് പറമ്പിൽ കൊണ്ടുപോകുന്നത് റിസ്കാണെന്നു തിരിച്ചറിഞ്ഞ അയാൾ മൃതദേഹത്തെ മുറിച്ചു കഷണങ്ങളാക്കാം എന്നുറപ്പിച്ചു. കൊടുവാളുകൊണ്ട് ആദ്യം അറുത്തെടുത്തത് കാല്പാദങ്ങളായിരുന്നു. അതിനു ശേഷം കത്തിയും കൊടുവാളും ഉപയോഗിച്ച് മുട്ടിനു താഴെയുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായായപ്പോൾ കാലുകൾ മുട്ടിൽ വെച്ച് ഒടിച്ചെടുത്തു. സുചിത്രയുടെ സ്വർണ്ണാഭരണങ്ങളും അയാൾ ഊരിമാറ്റി. വീടിന്റെ പിറകുവശത്ത് മതിലിനോട് ചേർന്ന് കുഴിയെടുത്ത് അതിലിട്ടു കത്തിച്ചു കളയാനായിരുന്നു പ്ലാൻ. അതിനായി നേരത്തെ തന്നെ കുപ്പിയിൽ രണ്ടുലിറ്ററും, കാനിൽ അഞ്ചുലിറ്ററും, ബൈക്കിൽ ഫുൾടാങ്ക് പെട്രോളും പ്രതി കരുതിയിരുന്നു. 

 

the investigation details of Kollam Beautician Murder at Palakkad

 

അടുത്ത ദിവസം, അതായത് മാർച്ച് 21 -ന് രാത്രിയായിരുന്നു കത്തിക്കാൻ തീരുമാനിച്ചിരുന്നത്. അതിനായി, പുറത്ത് ഇരുട്ടുവീഴുവോളം മൃതദേഹത്തിനരികെ തന്നെ കാത്തിരുന്ന പ്രശാന്ത്, മുറിച്ചെടുത്ത കാലുകളുമായി സന്ധ്യയോടെ വീടിനു പിന്നിലെ വയലിലേക്ക് പോയി. അവിടെ വെച്ച് മണ്ണിൽ ചെറിയൊരു കുഴിയെടുത്ത് പെട്രോളൊഴിച്ച് അവ കത്തിക്കാൻ നോക്കി. എന്നാൽ, മഴവീണു നനഞ്ഞിരുന്ന മണ്ണിൽ ആ ശരീരഭാഗങ്ങൾ മുഴുവനായി കത്തിത്തീരില്ല എന്നു തിരിച്ചറിഞ്ഞ അയാൾ, പിക്ക് ആക്സുമായി തിരികെയെത്തി കുഴി വലുതാക്കി മൃതദേഹം മുഴുവനുമായി ചുമന്നുകൊണ്ടുവന്ന് അതിലിട്ടു. തുടർന്ന് മുകളിൽ പാറക്കല്ലുകൾ അടുക്കിയ ശേഷം മണ്ണിട്ട്  കുഴി നിറച്ചു. മൃതദേഹം മറവുചെയ്ത ശേഷം, തിരികെ വീട്ടിനുള്ളിലേക്കുതന്നെ വന്ന പ്രതി, ചുവരിലെയും നിലത്തെയും  ചോരക്കറകൾ കഴുകിക്കളയാൻ ശ്രമിച്ചു.

കൊലപാതകം മറയ്ക്കാൻ നടത്തിയ 'ദൃശ്യം' മോഡൽ പ്ലാനിങ് 

കൊലപാതകം നടത്തിയ ശേഷം പ്രശാന്ത് പൊലീസിനെ വഴിതെറ്റിക്കാൻ വേണ്ടി നടത്തിയത് 'ദൃശ്യം' സിനിമയുടെ മോഡലിലുള്ള ശ്രമങ്ങളാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച എമർജെൻസി ലാമ്പിന്റെ വയർ കത്തിച്ച ശേഷം അതിനകത്തെ വള്ളിപോലും മുറിച്ചു മുറിച്ച് പലയിടത്തായിട്ടാണ് പ്രതി കളഞ്ഞത്. വീടിനുള്ളിലെ രക്തക്കറകളെല്ലാം കഴുകിയിറക്കിയ പ്രതി അടുത്ത ദിവസം അവിടെ പെയിന്റും അടിച്ചു. ചുവരിൽ പലഭാഗത്തുനിന്നും കഴുകിയിറക്കിയിട്ടും പോകാതിരുന്ന ചോരക്കറ ചുരണ്ടിമാറ്റിയതിന്റെ പാടുകളും പൊലീസിന് കണ്ടുകിട്ടി. സുചിത്രയുടെ വസ്ത്രങ്ങളും ബാഗും അയാൾ മറ്റൊരിടത്ത് കൊണ്ടിട്ടു കത്തിച്ചു കളഞ്ഞു.

പൊലീസിനെ വഴിതെറ്റിക്കാൻ നൽകിയ കള്ളമൊഴി

സുചിത്രയും രാംദാസ് എന്ന മഹാരാഷ്ട്രക്കാരനായ ഒരു പുരുഷ സുഹൃത്തും കൂടി പതിനേഴിന് തന്റെ വീട്ടിൽ താമസത്തിനെത്തി എന്നും, ഇരുപത്തൊന്നാം തീയതി ഇരുവരെയും മണ്ണുത്തിയിൽ കൊണ്ടുചെന്നു വിട്ടു എന്നുമാണ് പൊലീസിന് പ്രതി ആദ്യം കൊടുത്ത മൊഴി. ഇതിനു ബലം പകരാനായിരുന്നു സുചിത്രയുടെ ഫോൺ മണ്ണുത്തിയിലെത്തിച്ച് നശിപ്പിച്ചു കളഞ്ഞത്. സുചിത്ര തന്റെ ബോംബെക്കാരൻ കാമുകനൊപ്പം തിരിച്ചു പോയിക്കാണും എന്നാണ് പ്രശാന്ത് അന്ന് പൊലീസിന് മൊഴി നൽകിയത്. 

 

"

 

 പ്രശാന്തിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മൊഴികളിൽ കാര്യമായ വൈരുദ്ധ്യം പൊലീസിന് കാണാനായി. അതോടെ, സൈബർ സെല്ലിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായി നടത്തിയ ചോദ്യം ചെയ്യലിൽ ഉത്തരം മുട്ടിയ പ്രതി കുറ്റസമ്മതം നടത്തുകയാണുണ്ടായത്. ശേഷം, ഏപ്രിൽ 30 -ന്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡുചെയ്യുകയാണുണ്ടായത്. കാണാതായ സുചിത്ര പിള്ള കൊല്ലപ്പെട്ടതാണ് എന്നു പൊലീസ് അറിയിച്ചതോടെ അമ്മ വിജയലക്ഷ്മി ടീച്ചർ നൽകിയിരുന്ന ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. ക്രൈംബ്രാഞ്ചിന്റെ സ്തുത്യർഹമായ അന്വേഷണത്തിൽ ഇതോടെ മറ്റൊരു സങ്കീർണ്ണമായ കേസ് കൂടി സംശയലേശമെന്യേ തെളിഞ്ഞിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios