കുരുക്ഷേത്ര യുദ്ധാനന്തരം മരിച്ച് പോയ പ്രിയപ്പെട്ടവര്‍ക്ക് ബലി ദർപ്പണത്തിനായി പാണ്ഡവരെത്തിയ ഇടം. നാറാണത്ത് ഭ്രാന്തന്‍ അന്തിയുറങ്ങിയ ഇടം… അങ്ങനെയങ്ങനെ ഐതീഹ്യങ്ങളോളും പഴക്കമുണ്ട് ഈ ചുടലപ്പറമ്പിന്. 

വര്‍ മഠത്തിലെ മൃതദേഹ സംസ്‌കാരത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. നിളാതീരത്തെ ഈ ദേശത്തിന് ഐവര്‍മഠമെന്ന പേര് വരാനുണ്ടായ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. കുരുക്ഷേത്ര യുദ്ധത്തില്‍ മരിച്ച തങ്ങളുടെ ഉറ്റവരുടെ പുനസംസ്‌കാരാദി കര്‍മ്മങ്ങളടക്കമുള്ള അന്ത്യേഷ്ടി ക്രിയകള്‍ ചെയ്യാൻ പാണ്ഡവര്‍ ഭാരതപുഴയുടെ തീരത്ത് എത്തിയെന്നാണ് ഐതീഹ്യം. ഹൈന്ദവ വിശ്വാസ പ്രകാരം മൃതദേഹം സംസ്‌കരിച്ചത് ശാസ്ത്രവിധി പ്രകാരമല്ലെങ്കിലോ സംസ്കാരത്തിനായി മൃതദേഹം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥകളിലോ ദര്‍ഭയോ ചമതയോ കൊണ്ട് മൃതദേഹത്തിന്‍റെ രൂപമുണ്ടാക്കുകയും ഇത് ചിതയില്‍ വച്ച് മൃതദേഹമെന്ന സങ്കല്പത്തില്‍ ദഹിപ്പിക്കുകയും അസ്ഥി സഞ്ചയം ഉൾപ്പെടെ എല്ലാ ചടങ്ങുകളും ചെയ്യുന്നു. ഇതാണ് പുനസംസ്‌കാരം.

കുരുക്ഷേത്ര യുദ്ധത്തില്‍ ഭാരത ദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ പങ്കെടുത്തെന്നാണ് വിശ്വാസം. യുദ്ധക്കളത്തില്‍ വീണ് മരിച്ചവരുടെ അന്ത്യകർമ്മങ്ങളോ സംസ്കാര ചടങ്ങുകളോ യഥാവിധി നടത്താന്‍ കഴിഞ്ഞില്ല. ഇങ്ങനെ അന്ത്യ കർമ്മങ്ങൾ ലഭിക്കാത്ത ആത്മാക്കൾ ദേശങ്ങൾ തേടി അലഞ്ഞു. ഇവര്‍ക്ക് മോക്ഷ പ്രാപ്തിക്കായി പുണ്യശ്മശാനങ്ങളില്‍ പോയി പുനസംസ്‌കാരാദി കര്‍മ്മങ്ങളും അന്ത്യേഷ്ടി ക്രിയകളും അനുഷ്ഠിക്കണമെന്ന് ഋഷിമാരും കൃഷ്ണനും പാണ്ഡവരെ ഉപദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ മറ്റ് പുണ്യ സ്നാനങ്ങളിലെ ചടങ്ങുകൾക്കൊടുവില്‍ പാണ്ഡവര്‍ നീളാതീരത്തെത്തി യഥാവിധ ചടങ്ങുകൾ നടത്തി. ചടങ്ങുകൾ പൂര്‍ത്തിയായതിന് പിന്നാലെ കൃഷ്ണന്‍ പ്രത്യക്ഷപ്പെടുകയും പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിയായെന്ന് പാണ്ഡവരെ അറിയിക്കുകയും ചെയ്തു. ഈ സ്മരണയ്ക്കായി പാണ്ഡവരാണ് ഐവർമഠത്തില്‍ ക്ഷേത്രം പണിത് കൃഷ്ണ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.

പാണ്ഡവരും പുരോഹിതരും താമസിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഒരു കെട്ടിടം പ്രാചീനകാലത്ത് ഇവിടെയുണ്ടായിരുന്നുവെന്നും പഴക്കഥയായി ഈ ഗ്രാമത്തില്‍ കേൾക്കാം. ഐവർ (അഞ്ചുപേര്‍) വന്ന് പുനഃസംസ്‌കാരാദി അന്ത്യകര്‍മങ്ങള്‍ ചെയ്ത സ്ഥലം. ഹൈന്ദവ സംസ്‌കാര ചടങ്ങുകളുടെ അവസാന കേന്ദ്രം. ഈ പ്രത്യേകതകൾ കൊണ്ട് പ്രദേശത്തെ 'ഐവര്‍മഠം ഭാരതഖണ്ഡം' എന്ന് വിശേഷിപ്പിക്കുന്നു. ഈ പാന്‍ ഇന്ത്യന്‍ ബന്ധത്തില്‍ നിന്നാണ് പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച് അറബിക്കടലിലെത്തുന്ന നദിക്ക് ഭാരതപ്പുഴ എന്ന പേര് ലഭിച്ചത്. ഐവര്‍ മഠത്തിന് 'ഐവരുമഠ'-മെന്നും 'ഐവരമഠ'-മെന്നും 'അയ്യരുമഠ'-മെന്നുമുള്ള പ്രാദേശിക ഭാഷാഭേദങ്ങളും ഉപയോഗിച്ച് പോരുന്നു.

നാറാണത്ത് ഭ്രാന്തന്‍റെ ചുടലപ്പറമ്പ്

ഐവര്‍മഠത്തിന്‍റെ മറ്റൊരു ഐതിഹ്യം പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തനുമായി ബന്ധപ്പെട്ട് കിടക്കുന്നു. നാറാണത്തിന്‍റെ മുന്നില്‍ ചുടല ഭദ്രകാളി പ്രത്യക്ഷപ്പെട്ടെന്നും അദ്ദേഹത്തിന് വരം നല്‍കിയെന്നുമൊരു വിശ്വസവുമുണ്ട്. അക്കാലത്തും ഐവര്‍ മഠം ഒരു ചുടലപ്പറമ്പായിരുന്നു. പകല്‍ മുഴുവനും ഭിക്ഷയെടുക്കുന്ന നാറാണത്ത് രാത്രി എവിടെയാണോ എത്തുന്നത് അവിടെ വച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ച് അവിടെ തന്നെ കിടക്കുകയാണ് പതിവ്. ഒരിക്കല്‍ നാറാണത്ത് എത്തിയത് ഈ ചുടലപ്പറമ്പിലായിരുന്നു.

ചുടല പറമ്പിലെത്തിയ നാറാണത്ത് ഭ്രാന്തന്‍ അന്ന് അവിടെ അന്തിയിറങ്ങാന്‍ തീരുമാനിച്ചു. നദിയില്‍ വെള്ളം. പട്ടടയില്‍ തീ. അദ്ദേഹം ഭക്ഷണം പാകം ചെയ്യാനിരുന്നു. ഈ സമയത്താണ് ചുടല ഭദ്രകാളി ഭൂതഗണങ്ങളുമായി ചുടലക്കാട്ടിലേക്ക് എഴുന്നള്ളിയത്. എന്നാല്‍ ഭദ്രകാളിയെ കണ്ട് പിന്മാറാതെ നാറാണത്ത് അവിടെ ഇരുന്നു. ഇതോടെ നാറാണത്തിനെ ഭയപ്പെടുത്താന്‍ ഭൂതഗണങ്ങളും ഭദ്രകാളിയും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ നാറാണത്തിന് വരം നല്‍കാമെന്ന് ഭദ്രകാളി പറഞ്ഞെങ്കിലും അദ്ദേഹമത് നിരസിച്ചു. ഒടുവില്‍ നിര്‍ബന്ധം കൂടിയപ്പോൾ അദ്ദേഹം സ്വന്തം മരണ സമയം ചോദിച്ചു.

അതിന് വ്യക്തമായ ഉത്തരം ഭദ്രകാളി നല്‍കി. 'ഇന്നേയ്ക്ക് മുപ്പത്തിയാറു കൊല്ലവും ആറ് മാസവും പന്ത്രണ്ട് ദിവസവും അഞ്ച് നാഴികയും മൂന്നു വിനാഴികയും കഴിയുമ്പോള്‍ മരണം.' എങ്കില്‍ ഒരു ദിവസത്തേക്ക് ആയുസ് കൂട്ടിത്തരിക എന്നായി നാറാണത്ത്. അത് പറ്റില്ലെന്ന ഭദ്രകാളിയും എങ്കില്‍ മരണം ഒരു ദിവസം നേരത്തെയാക്കാന്‍ നാറാണത്ത് ആവശ്യപ്പെട്ടു. അതും പറ്റില്ലെന്നായി. പക്ഷേ, വരം നല്‍കാതെ പോകാന്‍ ഭദ്രകാളിക്കും പറ്റില്ല. ഒടുവില്‍ ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് മാറ്റാന്‍ നാറാണത്ത് ആവശ്യപ്പെട്ടു. നാറാണത്തിന്‍റെ ആ ആവശ്യം അംഗീകരിച്ച ഭദ്രകാളി അത് സാധിച്ച് നല്‍കുകയും അവിടെ നിന്നും നിഷ്ക്രമിക്കുകയും ചെയ്തെന്ന് ഐതീഹ്യം.

മാമാങ്കം

ചരിത്രപ്രസിദ്ധമായ തിരുവാനായ മാമാങ്കത്തില്‍ കൊല്ലപ്പെടുന്ന ചാവേര്‍ പോരാളികളുടെ മൃതദേഹങ്ങള്‍ മുഴുവന്‍ നദിയിലൂടെ കൊണ്ടുവന്ന് ഐവർമഠത്തിലാണ് സംസ്കരിച്ചിരുന്നതെന്നത് മറ്റൊരു കഥ. 12 വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണല്‍ പുറത്താണ് മാമാങ്കം നടക്കുക. അവിടെ നിന്നാണ് ഐവര്‍മഠത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ട് വന്നിരുന്നത്. ചാവേറുകളാകുന്നവരുടെ മൃതദേഹങ്ങൾ മണിക്കിണറിലും കൊല്ലപ്പെടുന്ന സാമൂതിരിയുടെ സൈനീകരെ ഐവര്‍മഠത്തിലും അടക്കിയെന്ന് പഴമൊഴി.

ചുടലഭദ്രക്കാളി തെയ്യം

ഐവര്‍മഠം മഹാശ്മശാനത്തില്‍ നടക്കുന്ന തെയ്യമാണ് ചുടല ഭദ്രക്കാളി തെയ്യം. യഥാര്‍ത്ഥ ശ്മശാനത്തില്‍ നടക്കുന്ന തെയ്യമെന്ന അപൂര്‍വ്വത ഈ തെയ്യാത്തിനുണ്ട്. ചണ്ഡാളന്‍, ശങ്കരാചാര്യരില്‍ അദ്വൈതം ഊട്ടിയുറപ്പിച്ച ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ചുടലക്കാളി തെയ്യം. ദാരികനെ നിഗ്രഹിക്കാന്‍ പരമശിവന്‍റെ മൂന്നാം കണ്ണില്‍ നിന്നും ജനിച്ച ഭദ്രക്കാളിക്ക് ദാരിക നിഗ്രഹ ശേഷം അധിവസിക്കാന്‍ ശിവന്‍ നല്‍കി സ്ഥലമാണ് ശ്മശാനമെന്നും ഐതീഹ്യമുണ്ട്.

ഇളങ്കോലത്തില്‍ നിന്ന് പൂര്‍ണ കോലത്തിലെത്തുന്നത് വരെ ചുടലക്കാളി തെയ്യത്തിന്‍റെ ഓരോ ചടങ്ങളുകളുടെയും ഭാവം രൗദ്രമാണ്. അഞ്ചടികളും തോറ്റവും ചൊല്ലി ചുടല തമ്പുരാട്ടി, കത്തിയമരുന്ന ചിതകളിലേക്കെഴുന്നള്ളുമ്പോള്‍ കാഴ്ചക്കാരില്‍ ഭയവും ഭക്തിയും ഉള്‍ക്കിടിലവും ഒരുപോലെ നിറയും. ചുടലയിലേക്ക് ആര്‍ത്തിയോടെ പാഞ്ഞടുക്കുന്ന കാളി, ചിതയില്‍ നിന്ന് അസ്ഥിയും കനലും വാരിയെറിയും. കനലാളും ചിതയില്‍ കാളി മുഖമമര്‍ത്തി മണക്കുമ്പോള്‍ ഐവര്‍മഠത്തിലെ ചിതയ്ക്കും കാളിക്കും ഒരേ ഘോരാഗ്‌നി ഭാവമാകും. എല്ലാ വര്‍ഷവും മലയാള മാസം ധനു പത്തിനാണ് ചുടലഭദ്രക്കാളി തെയ്യം നടക്കുക.

ഭാരത പുഴ

ഒരിക്കലും തീയണയാത്ത ചുടലപ്പറമ്പിന് മുന്നിലൂടെ ഭാരത പുഴ ഒഴുകുന്നു. ഭാരതത്തില്‍ അനേകം നദികള്‍ ഉണ്ടെങ്കിലും 'ഭാരത'മെന്ന പേരുള്ള ഒരു നദി മാത്രമേയുള്ളൂ. അത് ഭാരത പുഴ മാത്രമാണ്. ഭാരത പുഴയുടെ ഉത്ഭവം തമിഴ്‌നാട്ടിലാണ്. അവിടെ അതിന്‍റെ പേര് പാണ്ഡി പുഴ എന്നാണ്. എന്നാല്‍ കേരളത്തില്‍ എത്തുമ്പോള്‍ കേരള പുഴ എന്ന പേരില്ല. മറിച്ച് പല പേരിലാണ് അറിയപ്പെടുന്നത്. ഒടുവില്‍ തിരുവില്വാമല തൊട്ടാണ് 'ഭാരത പുഴ' യായി ഒഴുകുന്നത്. പറളി കഴിഞ്ഞ് ഗായത്രി പുഴയും ഭവാനിയും കല്‍പ്പാത്തിയും ശോകനാശിനിയും ഒക്കെ ചേര്‍ന്ന് തിരുവില്വാമല എത്തുന്നതോടെ ഭാരത പുഴയായി ഒഴുകുന്നു.