തിരക്കിട്ട അഭിഭാഷക ജീവിതത്തിന് തെല്ലിട അവധി നൽകി അഡ്വ. എസ് മുരളീധർ എന്ന സുപ്രീം കോടതി വക്കീൽ പൊതുതാത്പര്യ ഹർജികൾ മാത്രം കൈകാര്യം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ കീഴിൽ ഇന്റേൺഷിപ്പ് എടുത്ത വിവേക് ദുരൈ എന്ന നിയമ വിദ്യാർത്ഥി  paper.vc -യിൽ എഴുതിയ ഒരു ഓർമ്മക്കുറിപ്പിന്റെ മലയാളപരിഭാഷ. വിവർത്തനം ബാബു രാമചന്ദ്രൻ.

" 2011 -ൽ പുറത്തുവന്ന ഒരു ഹോളിവുഡ് ചിത്രമുണ്ട്, 'ദ ലിങ്കൺ ലോയർ'. അതിൽ മാത്യു മകൊനെ  ലിങ്കൺ കാറിൽ നടക്കുന്നൊരു ക്രിമിനൽ ഡിഫൻസ് ലോയറുടെ റോളിലാണ്. സിനിമ സൂപ്പർ ഹിറ്റായി, മാത്യു മകൊനെയുടെ കരിയറും പുനരുജ്ജീവിപ്പിക്കപ്പെട്ടു. എനിക്കത് അതെന്നെ ഓർമ്മിപ്പിച്ചത് മറ്റൊരു അഭിഭാഷകനെയാണ്. ഒരു മാരുതി ഓമ്നി വാൻ തന്റെ ഓഫീസാക്കി മാറ്റി, അതിൽ സുപ്രീം കോടതിക്കും ഹൈക്കോടതിക്കുമിടയിൽ കേസുകൾക്കായി പരക്കം പാഞ്ഞുകൊണ്ടിരുന്ന ഒരു വക്കീലിനെ. 

 

 

അന്ന് ഞാൻ മൂന്നാം വർഷ നിയമബിരുദ വിദ്യാർത്ഥിയാണ്. വിപ്ലവം തലയ്ക്കു പിടിച്ച കാലം. തികഞ്ഞ താന്തോന്നിത്തരം തലയ്ക്കുള്ളിൽ വിളഞ്ഞുകൊണ്ടിരുന്ന കാലവും. മൂന്നാം വർഷത്തെ അവധിക്കാലം ഞങ്ങൾക്ക് നിർബന്ധമായും ഒരു ഇന്റേൺഷിപ്പ് ചെയ്തിരിക്കേണ്ട കാലമായിരുന്നു. സഹപാഠികളിൽ പലരും ഡസൻ കണക്കിന് പ്രസിദ്ധ അഭിഭാഷകരുടെ അടുത്ത് ശുപാർശയുമായി ചെന്നുകഴിഞ്ഞിട്ടും,  സ്വതവേ അലസനായിരുന്ന ഞാൻ അവസാന നിമിഷം വരേയ്ക്കും ഇന്റേൺഷിപ്പിനായി ഒരു പരിശ്രമവും നടത്തിയിട്ടുണ്ടായിരുന്നില്ല. ഇന്റേൺഷിപ്പുകളുടെ ചുമതലയുണ്ടായിരുന്ന ഞങ്ങളുടെ പ്രഗത്ഭനായ അധ്യാപകൻ ഡോ. എൻ എസ് ഗോപാലകൃഷ്ണന് എന്നോടുണ്ടായിരുന്ന പ്രത്യേക മമത ഒടുവിൽ എന്നെ ഈ അഭിഭാഷകന്റെയടുക്കൽ ഇന്റേൺഷിപ്പിനായി കൊണ്ടുചെന്നെത്തിച്ചു. ദില്ലിക്ക് പോകാൻ നേരം സ്വതസിദ്ധമായ പുഞ്ചിരിയോടെ എന്റെ പ്രൊഫസർ ഒന്നേ പറഞ്ഞുള്ളൂ," വിവേക്, അവിടെ ചെന്ന് എനിക്ക് പേരുദോഷം കേൾപ്പിക്കരുത് നീ..."  തലകുലുക്കി സമ്മതിച്ചു കൊണ്ടിറങ്ങിപ്പോന്നു എങ്കിലും അതെവിടെച്ചെന്നവസാനിക്കും എന്ന് എനിക്ക് യാതൊരു നിശ്ചയവുമില്ലായിരുന്നു. 

ദില്ലിയിൽ വണ്ടിയിറങ്ങിയ എന്നോട് ആ അഭിഭാഷകൻ പറഞ്ഞത് സുപ്രീം കോടതിയുടെ പാർക്കിങ് ലോട്ടിൽ വെച്ച് കാണാം എന്നായിരുന്നു. അതേ, പാർക്കിങ് ലോട്ടിൽ വെച്ച് തന്നെ. അദ്ദേഹത്തിന്റെ പേഴ്സണൽ ചേംബറിൽ വെച്ചല്ല. പാർക്കിങ് ലോട്ടിൽ വെച്ച്. അവിടെ നിർത്തിയിട്ടിരുന്ന ഒരു ഓമ്നി കാറിൽ അദ്ദേഹമുണ്ടായിരുന്നു. ഓമ്നിയിലിരുന്നുകൊണ്ട് ഫയലുകൾ ധൃതിപ്പെട്ടു നോക്കുന്ന അദ്ദേഹത്തെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് പുറത്ത് നിൽക്കുന്ന ഒരേയൊരു അസിസ്റ്റന്റ്. കാണാൻ ആകെ ഒരു പന്തികേട്. നീണ്ടു വളർന്നു കിടക്കുന്ന മുടി നെറ്റിത്തടത്തിലേക്കും ഇറങ്ങി നിൽക്കുന്നു. 

ആ ഓമ്നി വാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓഫീസും. അടുത്ത നാലാഴ്ച എന്റെ ജീവിതം ഓരോ ദിവസവും, ഓരോ നിമിഷവും ക്ലേശകരമാക്കാൻ മനുഷ്യസാധ്യമായതെന്തും ആ അഭിഭാഷകൻ ചെയ്തു. അങ്ങനെ എന്നെ ഏൽപ്പിച്ച പണികൾ ചെയ്തു തീർക്കാനുള്ള പരക്കം പാച്ചിലിനിടെ ഞാൻ സുപ്രീം കോടതിയുടെ വരാന്തകളും, അവിടത്തെ കോടതികളും, ഹൈക്കോടതിയുടെ പരിസരവും, കമ്പനി ലോ ബോർഡ് ഓഫീസും, അദ്ദേഹത്തിന്റെ മയൂർ വിഹാറിലെ വീടും, ആ ഓമ്നി വാനും ഒക്കെ പരിചയിച്ചു.  

എപ്പോഴോ അദ്ദേഹത്തിന്റെ ജൂനിയർ പെൺകുട്ടി എന്നോടൊരു കഥപറഞ്ഞു. ഇങ്ങനെ കോടതിവിട്ട് കോടതികേറി ഓമ്‌നിവാനിൽ ദില്ലിയിലെ ചൂടത്ത് കാലുവെന്തുനടക്കുന്ന ഈ മനുഷ്യൻ പണ്ട് ഏറെ സ്വാഭാവികമായ ജീവിതം നയിക്കുന്ന ഒരു സുപ്രീം കോടതി വക്കീൽ ആയിരുന്നു. അദ്ദേഹത്തിന് ആരും അസൂയപ്പെട്ടുപോകുന്നത്ര തിരക്കുള്ള ഒരു പ്രാക്ടീസിങ് കരിയർ ഉണ്ടായിരുന്നു. ഈ ഓമ്നി വാനിനു പകരം നല്ലൊരു ചേംബർ സ്വന്തമായുണ്ടായിരുന്നു.  ഒരുഡസനിലധികം ജൂനിയേർസ് ആജ്ഞാനുവർത്തികളായി സദാ അദ്ദേഹത്തിന്റെ  കൂടെയുണ്ടായിരുന്നു. എല്ലാം തകിടം മറിഞ്ഞ ആ ദിവസം എത്തും വരെ. 

അന്ന്, എന്തോ ഉൾവിളി വന്നിട്ടെന്നപോലെ തന്റെ ചേംബർ അടച്ചുപൂട്ടി, പതിവു പ്രാക്ടീസ് മതിയാക്കി അദ്ദേഹമിറങ്ങിപ്പോയി. അത്രയും നാൾ കൂടെ നിന്നിരുന്ന ജൂനിയേഴ്സിനെ ഒക്കെ പറഞ്ഞുവിട്ട്, ഒരേയൊരാളെ മാത്രം കൂടെക്കൂട്ടി പൊതു താത്പര്യ ഹർജികൾക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. 

അതിനുശേഷം, ഒരു സ്വബോധമുള്ള ഒരു അഭിഭാഷകനും കൈവെക്കാത്ത കേസുകളുടെ  വക്കാലത്തുമാത്രമായി അദ്ദേഹം ഏറ്റെടുക്കുന്നത്. ഉദാ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുകഴിഞ്ഞ കേസുകൾ. പണത്തിന് വല്ലാത്ത മുട്ടുവരുമ്പോൾ മാത്രം കമ്പനി ലോ ബോർഡിൽ ചെന്ന് നല്ല കാശു കിട്ടുന്ന ഏതെങ്കിലുമൊരു കോർപ്പറേറ്റ് കേസും ഏറ്റെടുത്ത് നടത്തും, അത്രമാത്രം. തന്റെ ചെലവുകൾ പരമാവധി ചുരുക്കാൻ വേണ്ടിയാണ് സ്വന്തം ചേംബർ എന്ന സങ്കൽപം ഉപേക്ഷിച്ച്  അദ്ദേഹം ഈ ഓമ്നി വാനിലേക്ക് തന്റെ ഓഫീസിനെ ചുരുക്കിയത്. 

പല കോടതികളിലായി നടക്കുന്ന നിരവധി കേസുകൾ ജൂനിയേഴ്സിന്റെ സഹായം കൂടാതെ തന്നെ മുടങ്ങാതെ വാദിക്കാൻ  അദ്ദേഹം കണ്ടെത്തിയ ഈ മാർഗ്ഗം ഏറെ ഫലപ്രദമായിരുന്നു. ദില്ലി ഹൈക്കോടതിയിൽ കേസ് അറ്റൻഡ് ചെയ്തു കഴിഞ്ഞാലുടൻ പാഞ്ഞു വന്ന് തന്റെ ഓമ്നിയിലേറി നേരെ വെച്ചുപിടിക്കും സുപ്രീം കോടതിയിലേക്ക്. പോകും വഴി, വാനിലിരുന്നുകൊണ്ടാണ് അവിടത്തെ കേസുകളുടെ അവസാന നിമിഷ മിനുക്കുപണികളിൽ ഏർപ്പെടുക. അവിടെ നിന്ന് നേരെ പട്യാല ഹൗസിലെ ട്രയൽ കോടതികളിലേക്ക്. എല്ലാം വളരെ സുന്ദരമായി നടത്തിക്കൊണ്ടുപോകാൻ പരിമിതമായ സൗകര്യങ്ങളിലും അദ്ദേഹത്തിന് സാധിച്ചിരുന്നു. 

രാഷ്ട്രീയമായി അന്നേ ധ്രുവീകരിക്കപ്പെട്ടിരുന്ന, ദോഷൈകദൃക്കായ ഒരു കോടതിയിലും മറ്റാർക്കുമില്ലാത്ത ഒരു സൽപ്പേര് അദ്ദേഹത്തിനുണ്ടായിരുന്നു. 'പൊതു താത്പര്യ' വക്കീൽ എന്നൊരു വിളിപ്പേരുണ്ടായിരുന്നു എങ്കിലും, സുപ്രീം കോടതിയിലും അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിനും സ്ഥിരോത്സാഹത്തിനും ഇച്ഛാശക്തിക്കും ആരാധകർ ഏറെയുണ്ടായിരുന്നു. തികഞ്ഞ ആദർശധീരനായിരുന്നു അദ്ദേഹം. 

ഇന്റേൺഷിപ്പ് കാലാവധിക്ക് ശേഷം അദ്ദേഹത്തിന്റെ പരുക്കൻ പെരുമാറ്റത്തിന് ഒരയവുവന്നു. പിന്നീടങ്ങോട്ട് ഒരു ഗുരുവിന്റെ, വഴികാട്ടിയുടെ പരിവേഷമായിരുന്നു. ജീവിതത്തിൽ എനിക്കുള്ള സാധ്യതകളെപ്പറ്റി തെളിവാർന്ന ഉൾക്കാഴ്ചകൾ പകർന്നുതന്നത് അദ്ദേഹമാണ്. കോടതിയിൽ എന്തായിരിക്കണം ഒരു അഭിഭാഷകന്റെ നിയോഗമെന്നത് ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. അദ്ദേഹത്തിന്റെ കാലടികൾ പിന്തുടർന്നാണ് ഞാനും  വിചാരണക്കോടതികളിൽ എന്റെ അഭിഭാഷക ജീവിതം ആരംഭിച്ചത്. പിന്നീട് കുറേക്കൂടി സൗമ്യമായ മേൽക്കോടതികളിലേക്ക് മാറിയത്. അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ ചെലവിട്ട സായാഹ്നങ്ങളിൽ അദ്ദേഹവും പത്നി ഉഷയും എനിക്ക് നൽകിയ നിർദേശങ്ങളാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. 

ഞാൻ ദില്ലിവിടാൻ സമയം അടുത്ത് വന്നപ്പോഴാണ് ഒരു ഐപിഎസ് ഓഫീസറായ എന്റെയച്ഛന്, നാലുമാസം മാത്രം പിന്നിട്ടപ്പോൾ തന്നെ അകാരണമായ ഒരു സ്ഥലംമാറ്റം കർണാടകം പൊലീസ് സേനയിൽ ഉണ്ടാകുന്നത്. അതൊരു രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റമായിരുന്നു. കുറേക്കൂടി സൗമ്യനായ, കുറേക്കൂടി ആജ്ഞാനുവർത്തിയായ ഒരു ഓഫീസറെ പകരം പോസ്റ്റുചെയ്യാൻ വേണ്ടി എന്റെ അച്ഛനെ സ്ഥലം മാറ്റിയതിനു പിന്നിലെ ചരടുവലികൾ നടത്തിയത് അന്നത്തെ പ്രധാനമന്ത്രി നേരിട്ടിടപെട്ടായിരുന്നു. 

ഞാൻ നേരെ ഓടിച്ചെന്നത് അദ്ദേഹത്തിന്റെ  വീട്ടിലേക്കാണ്. വാതിൽ തുറന്നപാടേ ഞാൻ അദ്ദേഹത്തോട് വളരെ തിടുക്കപ്പെട്ട് കാര്യം അവതരിപ്പിച്ചു. കേസുപറഞ്ഞതുകൊണ്ട് കാര്യമുണ്ടാകുമോ എന്ന് തിരക്കി. അദ്ദേഹത്തിന്റെ മുഖത്തെ പ്രസാദം മാഞ്ഞു. തോളുകൾ കുലുക്കിക്കൊണ്ട് നിഷേധസ്വരത്തിൽ അദ്ദേഹം പറഞ്ഞു. അത് ഒരു സർവീസ് വിഷയമാണ് എന്നും ഇതിലൊന്നും ട്രിബുണലുകൾ സ്വതവേ അനുകൂലമായ വിധികൾ തന്ന ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഞാൻ അടുത്തുള്ള എസ്ടിഡി ബൂത്തിൽ (അന്നൊക്കെ ബൂത്തിൽ നിന്നേ വിളിക്കാൻ സാധിച്ചിരുന്നുള്ളൂ, മൊബൈൽ ഫോണില്ലായിരുന്നു.) നിന്ന് അച്ഛനെ  വിളിച്ച് കാര്യം പറഞ്ഞു. സ്ഥലം മാറ്റിയതിൽ നിരാശയുണ്ടായിരുന്നു എങ്കിലും, അദ്ദേഹവും അതിനോട് പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു അപ്പോഴേക്കും എന്ന് തോന്നി എനിക്ക്. അല്ലെങ്കിലും, ഒരിടത്തും അധികനാൾ ഇരിക്കാൻ എവിടെയും അച്ഛനെ ആരും അന്നോളം അനുവദിച്ചിട്ടില്ല എന്നതും സത്യമാണ്. അച്ഛനുമമ്മയും ദില്ലിയിലേക്ക് മാറി. ഞാൻ ബാംഗ്ളൂരിലേക്കും... ജീവിതം പിന്നെയും മുന്നോട്ടുപോയി. 

വർഷം 24  കഴിഞ്ഞു.  അന്നത്തെ ആ അഭിഭാഷകൻ ഇന്നൊരു ന്യായാധിപനാണ്. ഇന്ന് അധികാരത്തിലുള്ളത് മറ്റൊരു പ്രധാനമന്ത്രിയാണ്. സ്ഥലംമാറ്റത്തിനു പിന്നിലെ ചരടുവലികൾക്കുള്ള ഊഴം അദ്ദേഹത്തിന്റേതാണ്. എന്നാൽ, ഇത്തവണ വാനുമായി അന്ന് നടന്നിരുന്ന വ്യക്തിയാണ് ഇന്ന് സ്ഥലംമാറ്റപ്പെട്ടിരിക്കുന്നത്. 

 

 

അദ്ദേഹം അന്നുപയോഗിച്ചിരുന്ന വാനിന്റെ ചിത്രമല്ല ഇത്. ഇന്നത്തെപ്പോലെ തോന്നുമ്പോൾ ചിത്രമെടുക്കാവുന്ന സ്മാർട്ട് ഫോണുകൾ ഞങ്ങൾക്കില്ലായിരുന്നു അന്ന്.  രണ്ടാമത്തെ ചിത്രം ആ ന്യായാധിപന് അദ്ദേഹം ഒരു പതിറ്റാണ്ടുകാലം സധൈര്യം ന്യായവിധികൾ പുറപ്പെടുവിച്ച ഒരു കോടതിയിലെ സഹപ്രവർത്തകർ നൽകിയ ഉജ്ജ്വലമായ യാത്രയയപ്പിന്റേതാണ്. 

അദ്ദേഹത്തിന്റെ പേര് ജസ്റ്റിസ് എസ് മുരളീധർ എന്നാണ്..."