Asianet News MalayalamAsianet News Malayalam

പൊതുജനങ്ങളോട് സത്യം വിളിച്ചുപറയാൻ ചൈന വൈകിച്ച ആ ആറു നിർണായക ദിനങ്ങൾ !

" ഇല്ല... ഇല്ല... കുഴപ്പമൊന്നുമില്ല.... എന്ന് ചൈന സ്വയം പറഞ്ഞുകൊണ്ടിരുന്ന നേരം കൊണ്ട് കൊവിഡ് നാടുമുഴുവൻ പടർന്നു പിടിച്ചു. 

The six crucial days china kept hiding COVID 19 from the public
Author
China, First Published Apr 17, 2020, 9:47 AM IST

ചൈനയിലെ ഉന്നതാധികാരികൾക്ക് ഒരു കാര്യം ഉറപ്പായിട്ടുണ്ടായിരുന്നു. ഹ്വാനൻ വെറ്റ് സീഫുഡ് മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കേസുകൾ വന്നുകൊണ്ടിരിക്കുന്ന ന്യൂമോണിയ പോലുള്ള പുതിയ രോഗം വെറുമൊരു സാധാരണ ജ്വരമല്ല. അത് ഒരു മഹാമാരിയായി മാറി ലോകമെമ്പാടും പരക്കാൻ പോന്ന ഒരു മഹാ വിപത്താണ്. ഇത് ഉറപ്പായിരുന്നിട്ടും അവർ പാഴാക്കിയത് ആറു നിർണ്ണായകദിനങ്ങളാണ്. ഈ വിവരം അറിഞ്ഞുവെച്ചുകൊണ്ട് അവർ നടത്തിയത് പതിനായിരങ്ങൾ പങ്കെടുത്ത ഒരു വിരുന്നാണ്. അസുഖത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നുപോലും, ഒരു ചങ്കിൽക്കുത്തുമില്ലാതെ ചൈനീസ് ഗവണ്‍‌മെന്റ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പുതുവർഷമാഘോഷിക്കാൻ പറഞ്ഞയച്ചത് ലക്ഷക്കണക്കിന് പേരെയാണ്. ചൈന കാണിച്ച ഈ ആറുദിവസത്തെ മൗഢ്യം നിമിത്തം ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇതെഴുതുമ്പോഴും പ്രതിദിനം മരിച്ചുവീഴുന്നത് ആയിരക്കണക്കിന് പേരാണ്.  

ഏഴാമത്തെ ദിവസമാണ് പ്രസിഡന്റ് ഷി ജിൻ പിങ് പൊതുജനങ്ങൾക്കായി ഒരു മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിക്കുന്നത്. അപ്പോഴേക്കും, ആ ഒരൊറ്റ ആഴ്ചക്കാലം കൊണ്ട് ഏകദേശം 3000 പേരോളം കൊവിഡ് ബാധിതരായിക്കഴിഞ്ഞിരുന്നു എന്ന് ചൈന സിഡിസി വീക്കിലി പുറത്തുവിട്ട ചില ഇന്റേര്‍ണല്‍ ഡോക്യുമെന്റ്സിന്റെ ബലത്തിൽ അന്താരാഷ്ട്ര ന്യൂസ് ഏജൻസി ആയ അസോസിയേറ്റഡ് പ്രസ് പറയുന്നു.

അതിനിർണായകമായ ആ ആറു ദിവസങ്ങൾ ഏതൊക്കെയാണ്?

അത് ജനുവരി 14 മുതൽ ജനുവരി 20 വരെയുള്ള ആറുദിവസങ്ങളാണ്. വളരെപ്പെട്ടെന്നു പകരുന്നൊരു മഹാമാരിയുടെ കാര്യത്തിൽ ഇങ്ങനെയൊരു തെറ്റുപറ്റുക, വിഷയത്തിന്റെ ഗൗരവത്തെപ്പറ്റി പൊതുജനത്തെ അറിയിക്കുന്നതിൽ ഇത്രയ്ക്ക് കാലതാമസം വരിക - ഇതൊക്കെ ഈ ഒരു മഹാമാരി വേറെ ഏതൊരു രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരുന്നു എങ്കിലും ചിലപ്പോൾ നടന്നിരുന്നേനെ. എന്നാൽ, ഈ മാരകമായ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ആദ്യത്തെ രാജ്യം എന്ന നിലയ്ക്ക് ചൈനയുടെ ഈ 'വീഴ്ച' മറ്റുള്ള രാജ്യങ്ങൾക്ക് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.  

 "ഏതൊരു മഹാമാരിയുടെയും തുടക്കത്തിൽ എപ്പോഴും നിങ്ങൾ ആളുകളെ ഭയപ്പെടുത്തുകയാണ് എന്ന തോന്നലുണ്ടാക്കും" എന്ന് പറഞ്ഞത് അമേരിക്കയിലെ ഒഹായിയോ കേന്ദ്രീകരിച്ച് കൊറോണയ്ക്കെതിരെ പോരാട്ടം നയിക്കുന്ന  സ്റ്റേറ്റ് ആരോഗ്യ വിഭാഗം തലവൻ ഡോ. ഏമി ആക്ടനാണ്. "ആകാശം ഇടിഞ്ഞുവീഴുന്നേ എന്ന് ചീറിക്കരയുന്ന കോഴിക്കുഞ്ഞിനെപ്പോലെയാണ് നിങ്ങളെ ആളുകൾ കാണുക. എന്നാൽ, മഹാമാരി നമുക്കുമേൽ വന്നു വീണുകഴിഞ്ഞാൽ ഇതേ ആളുകൾ തന്നെ, നിങ്ങൾ എന്തുകൊണ്ട് എടുക്കേണ്ട മുൻകരുതലുകൾ എടുത്തില്ല എന്ന് കുറ്റപ്പെടുത്തും" എന്നാണ് അവർ പറഞ്ഞത്. ഇത് അക്ഷരം പ്രതി ശരിയാണ്. പൊതുജനങ്ങൾക്ക് വേണ്ട മുന്നറിയിപ്പുകൾ കൊടുക്കുക, അവരുടെ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന രീതിയിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക ഇത് ഒരു ഭാഗത്ത്. ജനങ്ങളെ  പരിഭ്രാന്തിയിൽ ആഴ്ത്തുക എന്നത് മറ്റൊരു ഭാഗത്ത്. ഇതിൽ ഏത് തെരഞ്ഞെടുക്കണം എന്നുറപ്പില്ലാതെ ചൈനീസ് സർക്കാർ ഒഫീഷ്യലുകൾ ചാഞ്ചാട്ടം നടത്തിയ  ആ ആറുദിവസങ്ങൾ ലോകത്തെ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത് ഏകദേശം 22 ലക്ഷത്തോളം കൊവിഡ് സ്ഥിരീകരണങ്ങളിലേക്കാണ്. 145,329 പേരുടെ മരണത്തിലേക്കാണ്.

 

The six crucial days china kept hiding COVID 19 from the public

 

" ഈ സംഗതിയുടെ ഗാംഭീര്യം ചെറുതല്ല " എന്ന് കാലിഫോർണിയ സർവകലാശാലയിലെ എപ്പിഡമോളജിസ്റ്റ് ആയ സുവോ ഫെങ് സാങ് പറഞ്ഞു. "അവർ ആറു ദിവസങ്ങൾക്ക് മുമ്പ് വേണ്ടത് ചെയ്തിരുന്നെങ്കിൽ കൊറോണവൈറസ് ലോകത്ത് ഇത്രകണ്ട് സംഹാരതാണ്ഡവം ആടില്ലായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആശുപത്രികളിലെ സംവിധാനങ്ങൾ തികയാത്ത അവസ്ഥ വരില്ലായിരുന്നു. വുഹാനിലെ ആരോഗ്യ സംവിധാനം തകിടം മറിയുന്ന അവസ്ഥ വരില്ലായിരുന്നു" അദ്ദേഹം തുടർന്നു. പൊതുജനങ്ങളെ അറിയിക്കാൻ അവർ വൈകിയ ആ ആറുദിവസങ്ങളിൽ ഒരു പക്ഷേ ചൈനീസ് സർക്കാർ രഹസ്യമായി സാഹചര്യം പരിശോധിക്കാനും, വേണ്ടത് ചെയ്യാനും ഒക്കെ ശ്രമിച്ചിട്ടുണ്ടാകാം. എന്നാലും, ജനങ്ങളിൽ നിന്ന് അത് ആ ആറുദിവസങ്ങളിൽ മറച്ചു പിടിച്ചത് ഗുരുതരമായ തെറ്റാണ്.

ആശുപത്രികയിൽ വിചിത്രമായൊരു ഫ്‌ലൂവിന്റെ ശ്വാസകോശത്തെ ബാധിക്കുന്ന ലക്ഷണങ്ങളോടെ നിരവധി പേർ രാജ്യത്തിന്റെ വിവിധഭാങ്ങളിലുള്ള ആശുപത്രികളിലേക്ക്  വന്നെത്തിയിട്ടും, തുടർച്ചയായ രണ്ടാഴ്ചയോളം കാലം, ചൈനയിലെ സെന്റർ ഫോർ ഡിസീസസ് കൺട്രോൾ  ഒരു കേസുപോലും രജിസ്റ്റർ ചെയ്തതായി കാണുന്നില്ല. പ്രാദേശിക ആരോഗ്യ പ്രവർത്തകർ കേസുകൾ മേലോട്ട് റിപ്പോർട്ട് ചെയ്യാതിരുന്നതാണോ അതോ മേലധികാരികൾ കീഴ് ജീവനക്കാരുടെ റിപ്പോർട്ടുകൾ പതുക്കി വെച്ചതാണോ എന്ന് നിശ്ചയമില്ല. വുഹാനിലെ അധികാരികൾക്ക് എത്രമാത്രം ചിത്രം വ്യക്തമായിരുന്നു ആ നിർണായക ഘട്ടത്തിൽ എന്നത് സംബന്ധിച്ചും കൃത്യമായ വിവരം ലഭ്യമല്ല.

സത്യം വിളിച്ചു പറഞ്ഞാൽ അടി 

എന്തായാലും അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കർശനമായ പെരുമാറ്റച്ചട്ടങ്ങൾ ആകാം ഈ മൗഢ്യത്തിനു കാരണമായത്. ചുവപ്പുനാടകളുടെ കുരുക്കുകൾ, മുകളിലേക്ക് 'ബാഡ് ന്യൂസ്' അയച്ചുവിട്ടാൽ ഉണ്ടായേക്കാവുന്ന നടപടിയെപ്പറ്റിയുള്ള ഭീതി ഇത് രണ്ടുമാകാം ഈ വൈകലിന് കാരണം. മുന്നനുഭവങ്ങൾ വെച്ച് വുഹാനിലെ ഒട്ടുമിക്ക ഡോക്ടർമാർക്കും തങ്ങളുടെ സംശയങ്ങളും ഉൾവിളികളും ലോകത്തോട് വെളിപ്പെടുത്താൻ തോന്നിയിരുന്നില്ല. അങ്ങനെ ചെയ്ത അപൂർവം ചിലരെ ചൈന മുക്കി.


The six crucial days china kept hiding COVID 19 from the public

 

ചൈനയിലെ കൊറോണാ വൈറസ് ബാധയുടെ മഹാമാരിസ്വഭാവം ആദ്യമായി ലോകത്തെ അറിയിച്ച ഡോ. ലീ വെൻ ലിയാങ്ങിനെ അഭിനനന്ദിക്കുന്നതിനു പകരം കസ്റ്റഡിയിൽ എടുത്ത് വിരട്ടുകയും, ടോർച്ചർ ചെയ്ത് വിട്ടയക്കുകയും ഒക്കെയാണ് പൊലീസ് ചെയ്തത്. അധികം താമസിയാതെ കൊറോണാവൈറസ് ബാധിച്ചു തന്നെ ഡോ. ലീ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. ലീയുടെ മരണത്തിൽ പൊലീസിന് പങ്കുണ്ടെന്ന അഭ്യൂഹങ്ങളും സജീവമാണ്. അന്നുതൊട്ടേ പറഞ്ഞുകേൾക്കുന്നതാണ് കൊവിഡ് 19 ബാധയെക്കുറിച്ച് ചൈന പറയുന്നത് പലതും തീരെ വിശ്വാസ്യമല്ല എന്നും, രോഗബാധയുടെയും മരണത്തിന്റെയും ഒക്കെ കണക്കുകൾ മനഃപൂർവം കുറച്ചു പറയുകയാണ് എന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ. ലോകത്തോട് ഒട്ടും സുതാര്യമായല്ല ചൈനീസ് ഗവൺമെന്റ് പെരുമാറുന്നത് എന്നും, രോഗം വന്നതിനെയും രോഗം മാറിയതിനെയും രോഗത്തിനെതിരെ പോരാടിയതിനെയും പറ്റിയുള്ള ചൈനയുടെ അവകാശ വാദങ്ങളിൽ പലതും പച്ചക്കള്ളങ്ങളാണ് എന്നും ആരോപണമുണ്ട് ഇന്നും. ഡോ. ലീക്കു ശേഷം, ഇറച്ചിമാർക്കറ്റ് കേന്ദ്രീകരിച്ചു പടരുന്ന അനതിസാധാരണമായ മാരകജ്വരത്തെപ്പറ്റി വുഹാനിലെ മെഡിക്കൽ സർക്കിളുകളിൽ വിവരം നൽകിയ ഡോ. അയ് ഫെന്നിനെയും ചൈന മുക്കി.
 

The six crucial days china kept hiding COVID 19 from the public

 

അതിനു മുമ്പ്,  ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയുള്ള യാഥാർഥ്യങ്ങൾ പുറംലോകത്തെ അറിയിച്ചതിന്റെ പേരിൽ സർക്കാർ നിശ്ശബ്ദനാക്കിയത് ചൈനയിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനായ ചെൻ ക്വിഷിയെയാണ്. വുഹാനിലെ ആശുപത്രികൾ കയറിയിറങ്ങി അവിടെക്കണ്ട ദുരിതം നിറഞ്ഞ കാഴ്ചകൾ കാമറയിൽ പകർത്തി മാലോകർക്ക് സ്ട്രീം ചെയ്തു നൽകി എന്നതാണ് ക്വിഷി പ്രവർത്തിച്ച അക്ഷന്തവ്യമായ അപരാധം. അത് 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന'യുടെ യശസ്സിന് കളങ്കമുണ്ടാക്കി എന്നാരോപിച്ചാണ് ചൈനീസ് ഗവൺമെന്റ് അദ്ദേഹത്തെ നിഷ്ക്രിയനാക്കിയത്, സമൂഹത്തിൽ നിന്നുതന്നെ നിഷ്കാസിതനാക്കിക്കളഞ്ഞത്. ''എനിക്ക് ഭയമില്ല. എന്റെ തൊട്ടുമുന്നിൽ മഹാവ്യാധിയാണ്. എനിക്ക് പിന്നാലെ, ചൈനയിലെ ഭരണകൂടവും, നിയമവ്യവസ്ഥയുമുണ്ട്. എന്നാലും, എന്റെ കൊക്കിനു ജീവനുള്ളിടത്തോളം കാലം, എന്റെ കണ്മുന്നിൽ കാണുന്ന ദുരിതങ്ങളെപ്പറ്റി ഞാൻ ലോകത്തോട് വിളിച്ചു പറയുകതന്നെ ചെയ്യും. എനിക്ക് മരണത്തെ ഭയമില്ല, ആ ഞാൻ പിന്നെയെന്തിന് നിങ്ങളെപ്പേടിക്കണം, കമ്യൂണിസ്റ്റ് പാർട്ടീ?" എന്നായിരുന്നു തന്റെ ചാനലിലൂടെ അവസാനമായി പ്രക്ഷേപണം ചെയ്ത വീഡിയോയില് ക്വിഷി വിളിച്ചു പറഞ്ഞത്.

 

The six crucial days china kept hiding COVID 19 from the public

 

കെടുകാര്യസ്ഥത തെളിയിക്കുന്ന സിഡിസി രേഖകൾ  

 സിഡിസി വീക്കിലിയുടെ ആഭ്യന്തര രേഖകൾ ഉണ്ടായിരുന്നിട്ടും, തായ്‌ലൻഡിൽ ജനുവരി 13 -ന് ചൈനയ്ക്ക് വെളിയിലെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്യുന്നതുവരെ അവയ്ക്കുമേൽ അതായിരുന്നു  ചൈന. ആ കേസ് ലോകശ്രദ്ധ നേടിയപ്പോഴാണ് ചൈനയ്ക്ക് ബോധ്യം വരുന്നതും, അവർ രാജ്യവ്യാപകമായ നടപടികൾ സ്വീകരിക്കുന്നതും.  ഈ നടപടികൾ സ്വീകരിച്ചുകൊണ്ടിരുന്നപ്പോഴും അവർ ആരോടും ഒന്നും തുറന്നു പറഞ്ഞില്ല. അവർ സിഡിസി മുഖാന്തരം ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു, കേസുകൾ സ്ഥിരീകരിക്കുന്നതിലുള്ള സർക്കാർ നിയന്ത്രണം നീക്കി, ആരോഗ്യ വകുപ്പ അധികൃതരോട് ജനങ്ങളെ വ്യാപകമായി പരിശോധിക്കാൻ ആവശ്യപ്പെട്ടു, ഹുബൈ പ്രവിശ്യാ അധികാരികൾക്ക് വുഹാനിലെ അപകടത്തെപ്പറ്റി സൂചനകൾ നൽകി, അവിടത്തെ യാത്രാ കേന്ദ്രങ്ങളിൽ തെർമൽ സ്‌ക്രീനിങ്ങിനു വേണ്ട നടപടികൾ സ്വീകരിച്ചു, വൻ ജനാവലി പങ്കെടുക്കുന്ന പരിപാടികൾക്ക് വിലക്കേർപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അനുമതി നൽകി - ഇത്രയും ചെയ്‌തെങ്കിലും എന്തുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നുമാത്രം വെളിപ്പെടുത്തിയില്ല. സർക്കാർ പറയുന്നതെന്തും അക്ഷരം പ്രതി അനുസരിച്ചു മാത്രം ശീലമുള്ള ജനത എന്തിനെന്നറിയാതെ അതൊക്കെ അനുസരിക്കുമ്പോഴും തങ്ങൾ നിൽക്കുന്ന അവസ്ഥയുടെ ദൈന്യത അവർ തിരിച്ചറിഞ്ഞതേയില്ല.

തങ്ങൾ ഒന്നും ഒളിച്ചു വെച്ചില്ല, വൈകിച്ചില്ല എന്നൊക്കെയാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നിൽ ചൈന പേർത്തും പേർത്തും അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത് എങ്കിലും, ലോകത്തോട് കാര്യങ്ങൾ വിളിച്ചു പറയുന്നതിന് മുമ്പ് ചൈനീസ് ഭരണകൂടം പാഴാക്കിയ നിർണായകമായ ഈ ആറുദിവസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചൈന തന്നെ പുറത്തുവിട്ട ചില  രേഖകളിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഈ രേഖകൾ പ്രകാരം ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷന്റെ മേധാവി മാ സിയോവി, ജനുവരി 14 -ന് പ്രാദേശിക ആരോഗ്യവകുപ്പ് അധികാരികളുമായി ഒരു രഹസ്യ ടെലികോൺഫറൻസ് നടത്തിയുട്ടുണ്ട്. ഈ കോൺഫറൻസ് പ്രസിഡന്റ് ഷി ജിൻ പിങിൽ നിന്ന് നേരിട്ട് ലഭിച്ച നിർദേശപ്രകാരം നടത്തിയ ഒന്നാണ്. " രാജ്യത്ത് സാഹചര്യം ഏറെ വഷളാണെന്നും, 2003 -ലെ സാർസ് ഔട്ട്ബ്രേക്കിനു ശേഷമുള്ള ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയാണ് ഇതെന്നും, കാര്യമായ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട് എന്നുമൊക്കെ ഈ കോൺഫറൻസ് പറഞ്ഞിരുന്നു.

The six crucial days china kept hiding COVID 19 from the public

ഈ ടെലികോൺഫറൻസ് നടന്നതിന്റെ അടുത്ത ദിവസം, അതായത് ജനുവരി 15 -നാണ് സിഡിസി അതിന്റെ ഏറ്റവും ഗൗരവമുള്ള പ്രതികരണമായി ലെവൽ വൺ റെസ്പോൺസ് പുറപ്പെടുവിക്കുന്നത്. മുതിർന്ന സിഡിസി ഉദ്യോഗസ്ഥരെ 14 വർക്കിങ് ഗ്രൂപ്പുകളാക്കി തിരിച്ചുകൊണ്ട്, പ്രാദേശികമായ ചുമതലകൾ വീതിച്ചു നൽകുന്നത്. ഫണ്ട് നേടിയെടുക്കുക, ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുക, ഫീൽഡ് ഇൻവെസ്റ്റിഗേഷനുകൾ നടത്തുക, ലാബുകൾ നിരീക്ഷിക്കുക എന്നിവയായിരുന്നു ആ ലെവൽ വൺ റെസ്പോൺസിന്റെ ഉള്ളടക്കം എന്ന് സിഡിസിയുടെ ആഭ്യന്തര രേഖകൾ സൂചിപ്പിക്കുന്നു.

നാഷണൽ ഹെൽത്ത് കമ്മീഷൻ പൊതുജനാരോഗ്യ അധികാരികൾക്കായി പുറപ്പെടുവിച്ച 63 പേജുകളുള്ള ഒരു ലഘുലേഖയും അസോസിയേറ്റഡ് പ്രസ്സിന് ചോർന്നു കിട്ടിയിരുന്നു. അതിൽ പുതിയ രോഗബാധകൾ തിരിച്ചറിയാനുള്ള നിർദേശമുണ്ട്, ഫീവർ ക്ലിനിക്കുകൾ വേണ്ടിടങ്ങളിൽ തുറക്കാനുള്ള അനുമതിയുണ്ട്, ഡോക്ടർമാരോടും നഴ്സുമാരോടും ആവശ്യമുള്ള പേർസണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് (PPE) ധരിച്ചുകൊള്ളാൻ പറയുന്നുണ്ട്. ഈ രേഖ ' “Internal” — “not to be spread on the internet,” “not to be publicly disclosed.” എന്നൊക്കെ മാർക്ക് ചെയ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ലെവൽ വൺ റെസ്പോൺസിനെപ്പോലും ചൈനയിലെ പൊതുജനാരോഗ്യ അധികാരികൾ ഗൗരവത്തോടെ എടുത്തില്ല. അപ്പോൾ രാജ്യത്ത് ആകെയുണ്ടായിരുന്ന ഫ്ലൂ കേസുകൾ 41 മാത്രമാണ് എന്നതാണ് അപ്പോൾ അവർ ചൂണ്ടിക്കാണിച്ച കാരണം. ഈ പുതിയ രോഗം "മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് " പകരില്ല എന്നായിരുന്നു അന്ന് ചൈനീസ് സിഡിസിയുടെ എമർജൻസി സെന്റർ മേധാവി ലീ ക്യുൻ ചൈനയിലെ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞത്. അത് തീർത്തും തെറ്റാണു എന്ന് തിക്താനുഭവങ്ങളുടെ വെളിച്ചത്തിൽ പിന്നീട് തിരുത്തപ്പെട്ടു എങ്കിലും.

 

The six crucial days china kept hiding COVID 19 from the public

 

ആ നിർണായകമായ ആറു ദിവസങ്ങൾ പഴക്കപ്പെട്ട ശേഷം ജനുവരി 20 -നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഒരു പൊതുപ്രസ്താവനയിറക്കി കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത്. ഈ പുതിയ പകർച്ചവ്യാധിയെ ഗൗരവത്തോടെ കാണണം എന്നദ്ദേഹം പറഞ്ഞു. അതിനു ശേഷമാണ് ചൈനയിലെ അറിയപ്പെടുന്ന എപ്പിഡമോളജിസ്റ്റായ സോങ് നാൻ ഷാൻ ഈ രോഗം "മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് " പകരും എന്നുറപ്പിച്ചു പറയുന്നത്.

നടപടികളെടുക്കാൻ വൈകിയ ആ ഒരാഴ്ച

മേൽപ്പറഞ്ഞ മുൻകരുതൽ നടപടികൾ ഒരാഴ്ച മുമ്പ് എടുത്തിരുന്നു എങ്കിൽ, അന്നേ യാത്രാനിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു എങ്കിൽ, അന്നേ സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചിരുന്നു എങ്കിൽ, മാസ്കുകൾ നിർബന്ധമാക്കിയിരുന്നു എങ്കിൽ, ലോക്ക് ഡൗൺ ഏർപ്പെടുത്തിയുയരുന്നു എങ്കിൽ ഇന്ന് കാണുന്നതിന്റെ മൂന്നിലൊന്നു കേസുകൾ പോലും ആഗോളതലത്തിൽ ഉണ്ടാവില്ലായിരുന്നു എന്ന് പിന്നീടൊരു പഠനത്തിൽ തെളിഞ്ഞിരുന്നു.

"ആ ആറുദിവസങ്ങളിൽ അവർ ചുമ്മാതിരിക്കുകയല്ലായിരുന്നു. വിളിച്ചു പറഞ്ഞു നടന്നില്ലെങ്കിലും അവർ നടപടികൾ എടുക്കുക തന്നെയായിരുന്നു. ജനുവരി 20 -ന് പ്രസിഡന്റ് നേരിട്ട് എല്ലാം പരസ്യമാക്കുകയും ചെയ്തു. അക്കാര്യത്തിൽ വീഴ്ചകളൊന്നും വന്നതായി കാണുന്നില്ല" എന്ന് അമേരിക്കൻ സിഡിസിയുടെ ചൈനീസ് സെന്ററിൽ നിന്ന് വിരമിച്ച റെയ് യിപ്പ് പറഞ്ഞു. " ആരോഗ്യ വകുപ്പ് അധികൃതർക്ക് അങ്ങനെയൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കണമെങ്കിൽ ആദ്യം സാഹചര്യം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടായിരുന്നു. ഇത് കാലതാമസം എന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന ഒന്നല്ല, മറിച്ച്  'സാവകാശം' എന്നതാകും ശരിയായ പദം. എന്തെങ്കിലും കേട്ടപാടെ നാടുമുഴുവൻ വിളിച്ചുപറഞ്ഞു ഭീതി പരത്തി ഒടുവിൽ ഒന്നും ഉണ്ടായില്ലെങ്കിൽ പിന്നെ "പുലി വരുന്നേ പുലി " എന്ന് കൂവിയാർത്ത ഇടയബാലന്റെ അവസ്ഥയാകും. സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടും. അത്തരത്തിലുള്ള നടപടികൾ സമ്പദ് വ്യവസ്ഥയെ അകാരണമായി തളർത്തും, ജനങ്ങളെ ഭീതിയിലാഴ്ത്തും " ഹോങ്കോങ്ങിൽ നിന്നുള്ള എപ്പിഡമോളജിസ്റ്റ് ആയ ബെഞ്ചമിൻ കൗളിങ്‌ പറഞ്ഞു.

വിനയായത് അമിതമായ ആത്മവിശ്വാസമോ ?

പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിൽ ചൈനയ്ക്ക് വർഷങ്ങളായുള്ള പരിചയസമ്പത്തിന്മേലുള്ള അമിതമായ ആത്മവിശ്വാസമാകും ചിലപ്പോൾ  ഇങ്ങനെ ഒരു വീഴ്ചക്ക് ഇടനൽകിയത്. പല ആരോഗ്യ അധികാരികളും പഴിക്കുന്നത് രാജ്യത്ത് നിലവിലുള്ള കർക്കശമായ നിയമങ്ങളെയാണ്. വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നു പറയുന്നവരോട് ഗവൺമെൻറ് പുലർത്തുന്ന അസഹിഷ്ണുതയെ ആണ്. അതിനിടെ ജനുവരി 12 -ന്, പ്രസിഡന്റിന്റെ തുറന്നു പറച്ചിൽ വരുന്നതിനും, സിഡിസിയുടെ ലെവൽ വൺ റെസ്പോൺസ് ഉണ്ടാകുന്നതിനും ഒക്കെ ഏറെ മുമ്പ്, ഷെങ് സെൻ എന്ന നഗരത്തിലുള്ള യുവൻ ക്വോക്ക് യങ്  എന്നൊരു മൈക്രോബയോളജിസ്റ്റ് തന്റെ ലാബിൽ നടത്തിയ പരിശോധനയിൽ, ഒരേ കുടുംബത്തിലെ ആറുപേർക്ക് വൈറസ് ബാധയുണ്ട് എന്ന് സ്ഥിരീകരിച്ചിരുന്നു. അന്നുതന്നെ താനീ വിവരം സിഡിസിയെയും ആരോഗ്യവകുപ്പിനെയും അറിയിച്ചിരുന്നു എന്നും അദ്ദേഹം കൈക്സിൻ എന്ന പ്രസിദ്ധ ചൈനീസ് സാമ്പത്തിക മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ജനുവരി 17 -ന് വുഹാനിലെ കേസുകളുടെ എണ്ണം നാലായിരുന്നു. അടുത്ത ദിവസത്തേക്ക് അത് 17 ആയി ഉയർന്നു. 19 -ന് 136 ആയി. അങ്ങനെ വളരെ പെട്ടന്നായിരുന്നു വ്യാപനം. ആ ദിനങ്ങളിൽ രാജ്യമെമ്പാടും ചറപറാ കേസുകൾ വന്നുകൊണ്ടിരുന്നു. പല കേസുകളിലും നേരത്തെ കൂട്ടി ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നിട്ടും പരിശോധനകൾ ഒന്നും നടത്തിയിരുന്നില്ല. സെയ്‌ജാങ്ങിലെ ഒരു കേസിന്റെ ഉദാഹരണം എടുത്താൽ, ജനുവരി 4 -ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ ജനുവരി 17 -നാണ് അയാളെ ഐസൊലേഷനിലേക്ക്  മാറ്റുന്നത്. ജനുവരി 21 -നാണ് അയാളിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെടുന്നത്.

ആരോഗ്യരംഗത്ത് ഡോക്ടർമാർ അടക്കമുള്ള പലർക്കും തങ്ങൾക്കു മുന്നിൽ വന്നുകൊണ്ടിരുന്ന രോഗികളിൽ ഒരു മഹാമാരിയുടെ ജാതകം വായിച്ചെടുക്കാൻ സാധിച്ചിരുന്നു. അവർ അത് മുകളിലേക്ക് റിപ്പോർട്ട് ചെയുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഡോക്ടർമാരുടെ തുടക്കത്തിലെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു. കൂടുതൽ ബഹളമുണ്ടാക്കിയവർ നിശ്ശബ്ദരാക്കപ്പെട്ടു. " ഇല്ല... ഇല്ല... കുഴപ്പമൊന്നുമില്ല.... എന്ന് ചൈന സ്വയം പറഞ്ഞുകൊണ്ടിരുന്ന നേരം കൊണ്ട് കൊവിഡ് നാടുമുഴുവൻ പടർന്നു പിടിച്ചു. വിമാനങ്ങളിലേറി വിദേശങ്ങളിലേക്ക് ചെന്ന്. അവിടെയും പടർന്നു പിടിച്ചു. ഇന്നത്തെ ഈ ദുരന്താവസ്ഥയ്ക്ക് പ്രാഥമികമായ ഉത്തരവാദിത്തം എന്തിനെങ്കിലും ഉണ്ടെങ്കിൽ, അത് ചൈനയിലെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ അതിനിർണ്ണായകമായ ഈ 'ആറുദിവസങ്ങളുടെ' കുറ്റകരമായ അനാസ്ഥയ്ക്കും കാലതാമസത്തിനും ഒളിപ്പിക്കലിനും മാത്രമാണ്. 

Follow Us:
Download App:
  • android
  • ios