Asianet News MalayalamAsianet News Malayalam

'ചങ്കിലെ ചൈന'യുടെ ജനാധിപത്യ വിശേഷങ്ങൾ

രാഷ്ട്രീയ പ്രവർത്തനമെന്നത് ഒരു ഞാണിന്മേൽ കളിയാണ്. ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമാവുന്നവർ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടാം.  'നിങ്ങൾ ഭാവിയിൽ ഒരു കുറ്റം ചെയ്യാൻ സാധ്യതയുണ്ട്' എന്ന് സർക്കാരിന് തോന്നിയാൽ മാത്രം മതി

The status of democracy in People's Republic of China
Author
China, First Published Jun 19, 2019, 7:36 PM IST

 കേരളത്തിലെ രണ്ടു നഗരങ്ങളിൽ സബ് ജുഡീഷ്യൽ അധികാരങ്ങളോടെ ഐജി റാങ്കിൽ കമ്മീഷണറെ നിയമിക്കുന്നതിനെപ്പറ്റിയുള്ള ആശങ്കകൾ വ്യക്തമാക്കിയ കൂട്ടത്തിൽ വി ടി ബലറാം, തന്റെ വാദങ്ങൾക്ക് ബലമേകാൻ  പല ഉദാഹരണങ്ങളും നിരത്തുകയുണ്ടായി. അക്കൂട്ടത്തിൽ അദ്ദേഹം, " ചൈനയുടെ തോന്ന്യാസം നടക്കുമെന്ന ആശങ്കയില്‍"  ഹോങ്കോങ്ങുകാർ  ഒറ്റക്കെട്ടായി നടത്തി വിജയിപ്പിച്ച ഒരു ജനകീയ സമരത്തെപ്പറ്റിയും പരാമർശിച്ചു പോയത്. എന്നാൽ, ചൈനയെ പറഞ്ഞപ്പോൾ മുഖ്യന് പൊള്ളി. അദ്ദേഹം തന്റെ മറുപടിപ്രസംഗത്തിൽ വി ടി ബൽറാമിന്റെ ആ പ്രസ്താവന എടുത്തുപറഞ്ഞ്ശക്തമായിത്തന്നെ അതിനെതിരെ പ്രതികരിച്ചു. വിടി ബല്‍റാം എന്തിനാണ് ചൈനയെ അടക്കം ആക്ഷേപിക്കാന്‍ പുറപ്പെട്ടത് എന്ന് അദ്ദേഹത്തിന് മനസ്സിലാവുന്നില്ല എന്നദ്ദേഹം പറഞ്ഞു. ബൽറാമിന്റെ ഈ പ്രസ്താവന 'താന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് വ്യക്തമാക്കലാണെ'ന്നാണ് തോന്നുന്നത് എന്ന് പിണറായി വിജയൻ പറഞ്ഞു.  " ' ചൈനയുടെ തോന്ന്യാസം' എന്നാണ് പറഞ്ഞ വാക്ക്.  എന്താണ് ഇതിന്‍റെയൊക്കെ ഒരു അര്‍ത്ഥം ? " - അദ്ദേഹം ഇത്രയും പറഞ്ഞത് ഒട്ടു വികാരപാരവശ്യത്തോടെത്തന്നെയാണ്. 

എന്തായിരിക്കും ബൽറാം ചൈനയുടെ 'തോന്നിവാസം' എന്ന വാക്കുകൊണ്ട് വിവക്ഷിച്ചിരിക്കുക. 'മധുരമനോജ്ഞ ചൈനയിൽ' അങ്ങനെ തോന്നിവാസങ്ങൾക്കൊക്കെ  ഇടമുണ്ടോ..?  മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ചൈന എന്ന രാജ്യം, മറ്റുള്ള പരമാധികാര രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നിൽക്കുന്നത് എവിടെയാണ്..?  

മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യയടക്കമുള്ള പല ജനാധിപത്യ രാജ്യങ്ങളും പിന്തുടരുന്നത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ( UNHRC) വർഷാവർഷം പുനഃപരിശോധിച്ച് പ്രസിദ്ധപ്പെടുത്തുന്ന മൗലികാവകാശരേഖയെയാണ്. അതിൽ പറയുന്ന പലത്തിന്റെയും നഗ്നമായ ലംഘനങ്ങളാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന വളരെ സംഘടിതവും ഗവണ്മെന്റ് അംഗീകൃതവുമായ നയങ്ങളിലൂടെ നടത്തിപ്പോരുന്നത്. സർക്കാരിനെ വിമർശിക്കുന്ന നിരവധി അഭിഭാഷകർ ചൈനയിലെ ജയിലുകളിൽ കഴിയുന്നുണ്ട്. 

ആംനെസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകൾ അവരുടേതായ മാര്ഗങ്ങളിലൂടെ ചൈനയിൽ നടക്കുന്ന ഇത്തരത്തിലുള്ള മനുഷ്യാവകാശലംഘനങ്ങളുടെ കൃത്യമായ തെളിവുകളുംപല ഏജൻസികൾക്കും നൽകിപ്പോന്നിട്ടുണ്ട്. എന്നാൽ, ഈ സംഘടനകളുടെ മനുഷ്യാവകാശ നിർവചനങ്ങളും, ചൈനയുടെ മനുഷ്യാവകാശ നിർവചനങ്ങളും തമ്മിൽ കാര്യമായ അന്തരമുണ്ട് എന്നതാണ് യാഥാർഥ്യം. 

ചൈനയിൽ നാല് അടിസ്ഥാന തത്വങ്ങളുണ്ട്. അവ പൗരാവകാശങ്ങൾക്ക് ഒരു പടി മേലെ നിലകൊള്ളുന്നു.. ഒന്ന്, സോഷ്യലിസ്റ്റ് പാതയെ നിലനിർത്തുന്നത്. രണ്ട്, പീപ്പിൾസ് ഡെമോക്രാറ്റിക് ഡിക്ടേറ്റർഷിപ്പിനെ നിലനിർത്തുന്നത്. മൂന്ന്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ നിലനിർത്തുന്നത്‌. നാല്, മാവോ സെ തൂങ്ങിന്റെ ചിന്താപദ്ധതിയെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് ചിന്താ സരണികളെയും നിലനിർത്തുന്നത്.  ഈ നാലു വകുപ്പിൽ പെടുന്ന ഒരു കാര്യങ്ങളെയും പൗരന്മാർക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ, ഈ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പേരിൽ സർക്കാർ പറയുന്നവരെ ജയിലടക്കും. വിചാരണ ചെയ്യും. വേണമെങ്കിൽ കഴുവിലേറ്റും. 

1970 -കളിലും 80-കളിലും നടന്ന നിയമപരിഷ്കാരങ്ങൾക്ക് ശേഷമാണ് ചൈന ഭരിച്ചുപോരുന്ന കമ്യൂണിസ്റ്റ് പാർട്ടി, നിയമത്തിന്റെയും കോടതിയുടെയും വഴിയേ നടക്കാൻ തയാറായിത്തുടങ്ങുന്നത്. എന്നാൽ ഈ നിയമ വ്യവസ്ഥ പോലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാണ് എന്നതാണ് വാസ്തവം. ന്യായാസനങ്ങളിൽ ഇരിക്കുന്ന ജഡ്ജിമാർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയരാണ് എന്നർത്ഥം. 2000-ൽ ചൈനയിൽ ജയിലിൽ കഴിഞ്ഞിരുന്നത് നാൽപതു ലക്ഷത്തോളം പേരാണ്. 

ചൈനയിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ 

അഭിപ്രായ സ്വാതന്ത്ര്യം : 1982-ലെ ഭരണഘടന ചൈനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്നുണ്ട്, എങ്കിലും, രാജ്യത്തിനെതിരെയുള്ള അട്ടിമറി ചെറുക്കാൻ, രാജ്യത്തിൻറെ രഹസ്യങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ രണ്ടു വകുപ്പ് പറഞ്ഞ് ആരെയും പിടിച്ച് ജയിലിലിടാൻ ചൈനീസ് ഗവൺമെന്റിന് ആവും. ഒരാൾക്കും അതിനെതിരെ ശബ്ദിക്കാനാവില്ല. 

2008-ൽ ചൈനീസ് സർക്കാർ രസകരമായ ഒരു സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു തങ്ങളുടെ പൗരന്മാർക്ക്. നിങ്ങൾക്ക് വേണമെങ്കിൽ നേരത്തെ  അപേക്ഷിച്ച് അനുമതി നേടിയ ശേഷം പ്രതികരിക്കാം. പ്രതിഷേധിക്കാം. അതിനായി 'പ്രൊട്ടസ്റ്റ് പാർക്ക് 'എന്ന പേരിൽ നമ്മുടെ പുത്തരിക്കണ്ടം പോലെ ഒരു സ്ഥലവും അവർ ഏർപ്പാടാക്കി. അത് വിശ്വസിച്ച് പലരും പ്രതിഷേധാനുമതിക്കായി അപേക്ഷകൾ സമർപ്പിച്ചു. ആ അപേക്ഷകൾ ഒരെണ്ണമില്ലാതെ സർക്കാർ തള്ളി. എന്നുമാത്രമല്ല, അപേക്ഷകൾ സമർപ്പിച്ചവരിൽ മിക്കവരെയും അറസ്റ്റുചെയ്ത് തുറുങ്കിലടക്കുകയും ചെയ്തു. 

The status of democracy in People's Republic of China

പത്രസ്വാതന്ത്ര്യം 

ഫ്രീഡം ഹൗസ്‌ എന്ന മനുഷ്യാവകാശ സംഘടന ചൈനയെ പത്രസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 'നോട്ട് ഫ്രീ' എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.  ചൈനയിലെ ജേര്ണലിസ്റ്റായ ഹീ കിങ്‌ലിയാൻ പറയുന്നത് ചൈനയിലെ മാധ്യമങ്ങളെല്ലാം തന്നെ പ്രവർത്തിക്കുന്നത് ചെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രൊപ്പഗാണ്ടാ വിഭാഗത്തിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായിട്ടാണ്. 'ഫ്രീ ടിബറ്റ്' പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഐടിവി റിപ്പോർട്ടർ ജോൺ റേ അടക്കമുള്ള പല പത്രപ്രവർത്തകരും അറസ്റുചെയ്യപ്പെട്ടിട്ടുണ്ട്. 2012-ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർ അടക്കമുള്ളവർ അഭ്യർത്ഥിച്ചിട്ടും ചൈന തങ്ങളുടെ പത്രനയത്തിൽ നിന്നും ഒരിഞ്ചു പിന്നോട്ട് പോവാൻ തയ്യാറായിട്ടില്ല. 

ഇന്റർ നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം 

ചൈനയിൽ അറുപതിലധികം ഇന്റർനെറ്റ് നിയന്ത്രണസംബന്ധമായ നിയമങ്ങളുണ്ട്. ചൈനയിലെ സൈബർ സെൽ മറ്റേതൊരു രാജ്യത്തെതിനേക്കാളും ആധുനികമായ സംവിധാങ്ങൾ കൊണ്ട് സജ്ജമാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവുമധികം ജേർണലിസ്റ്റുകളും സൈബർ വിമർശകരും തടവിൽ കഴിയുന്ന രാജ്യമാണ് ചൈന എന്നാണ്  ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്. 'നെറ്റിസൺസിന്റെ  ഏറ്റവും വലിയ ജയിൽ' എന്നാണ് 'റിപ്പോർട്ടേഴ്‌സ് സാൻസ് ഫോണ്ടിയേഴ്‌സ്' എന്ന പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ചൈനയെ വിളിച്ചത്.  ചൈനയുടെ സൈബർ നയങ്ങളുടെ കർക്കശ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു 2013-യിൽ, ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിനാലാം വാർഷികത്തിൽ ഇന്റർനെറ്റിൽ 'ടിയാനൻമെൻ സ്‌ക്വയർ' എന്ന് സെർച്ച് ചെയ്യുന്നത് ചൈന നിരോധിച്ചത്. 

The status of democracy in People's Republic of China
 
രാജ്യത്ത് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം 

1940-ളുടെ അവസാനം ചൈനയിൽ  കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. 1958-ൽ ചെയർമാൻ മാവോ രാജ്യത്ത് റെസിഡൻസി പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നു. രാജ്യത്തെ തൊഴിലാളികളെ അർബൻ, റൂറൽ എന്നിങ്ങനെ രണ്ടായി തിരിച്ചു. അതുപ്രകാരം, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ വന്നു കൂലിവേല എടുക്കണമെങ്കിലും സർക്കാർ ചാനലുകളിലൂടെ അപേക്ഷ സമർപ്പിച്ച് അതിനുള്ള അനുവാദത്തിനുവേണ്ടി  കാത്തിരിക്കണം. 


സംഘടനാ സ്വാതന്ത്ര്യം 

ചൈനയിൽ സംഘടനയുടെ കാര്യത്തിൽ ഓൾ ചൈന ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് എന്ന സംഘടനയുടെ ഏകാധിപത്യമാണ്. ഈ ഒരു സംഘടന മാത്രമാണ് ഫലത്തിൽ ചൈനയിൽ പ്രവർത്തിക്കുന്നത്. അതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ. 

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം 

1966–1976 കാലത്ത് ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്നു എന്ന് പറയപ്പെടുന്നു. അക്കാലത്ത് മതത്തിന്റെ പേരിലുള്ള എല്ലാ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തുന്ന നയമാണ് ചെയർമാൻ മാവോ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ 'നാലു പഴമകളുടെ നാശം' എന്ന കാമ്പയിൻ വളരെ പ്രസിദ്ധമായിരുന്നു. ' പഴയ ആചാരങ്ങൾ, സംസ്കാരം, ശീലം, ആശയങ്ങൾ' ഇതൊക്കെയും നശിപ്പിക്കപ്പെടേണ്ടതാണ് എന്നായിരുന്നു മാവോയുടെ പക്ഷം.  1982 -ലെ ഭരണഘടന ചൈനീസ് പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം അനുവദിക്കുന്നുണ്ട്. അതേ സമയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ നിർബന്ധമായും  നാസ്തികരായിരിക്കണം എന്നും നിഷ്കർഷയുണ്ട്. ക്രിസ്ത്യാനിറ്റി, ഇസ്‌ലാം, തിബറ്റൻ ബുദ്ധമതം ഈ മൂന്നു വിശ്വാസങ്ങളും ചൈനയിൽ നിരന്തരം ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ട് നിലനിൽക്കുന്ന വിശ്വാസങ്ങളാണ്.  മതവിശ്വാസം വെച്ചുപുലർത്തുന്നവരിൽ ഭരണകൂടം വളരെ സ്വാഭാവികമായി ദേശഭക്തിയുടെ കുറവ് ആരോപിക്കുന്നു. പിന്നീട് ആ ദേശഭക്തിയുടെ കുറവ് നികത്താൻ വേണ്ടി അവരെ 'തെറ്റുതിരുത്തൽ' അല്ലെങ്കിൽ 'അവബോധ' ക്യാമ്പുകളിലും അതിനുള്ള സ്‌കൂളുകളിലും നിർബന്ധിച്ച് പറഞ്ഞയക്കുന്നു. ജയിൽ എന്ന പേര് വിളിക്കുന്നില്ല എന്ന് മാത്രം. അവർക്ക് വേണ്ടത്ര ദേശഭക്തി ആയി എന്ന് സർക്കാർ പ്രതിനിധികൾക്ക് തോന്നും വരെ അവരെ ഈ കറക്ഷണൽ സ്ഥാപനങ്ങളിൽ നിർബന്ധിച്ചു പാർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. 

The status of democracy in People's Republic of China

ഉയിഗർ മുസ്‌ലിങ്ങൾക്ക് നേരെ ചൈനീസ് സർക്കാർ വളരെ കർക്കശമായ നയമാണ് സ്വീകരിച്ചു പോരുന്നത്. സർക്കാർ അംഗീകൃതപള്ളികളിൽ മാത്രമാണ് അവർക്ക് പ്രാർത്ഥനയ്ക്ക് അനുവാദമുള്ളത്. പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ള മുസ്ലീങ്ങൾക്ക് പ്രാർത്ഥനയ്ക്ക് അനുമതിയില്ല. സ്‌കൂളുകളിൽ പ്രാർത്ഥിക്കാൻ അനുവാദമില്ല. മതപഠനത്തിനും കാര്യമായ നിയന്ത്രണങ്ങളുണ്ട്. സർക്കാർ ചാരന്മാർ സ്ഥിരമായി പള്ളികൾക്കുള്ളിൽ സ്ഥാനമുറപ്പിച്ചിരിക്കും. സ്ത്രീകൾക്ക് തട്ടമിടുന്നതിനും, പുരുഷന്മാർക്ക് താടി വളർത്തുന്നതിനും നിരോധനമുണ്ട്. അറബി ഭാഷയിലുള്ള പേരുകൾ ഇടാൻ അനുവാദം ചൈനയിലെ മുസ്ലീങ്ങൾക്ക് സർക്കാർ അനുവദിച്ചു കൊടുത്തിട്ടില്ല. 

The status of democracy in People's Republic of China

2001 സെപ്തംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സിൻജ്യങ്ങിൽ നടന്ന അക്രമങ്ങളെ ഭീകരപ്രവർത്തനം എന്ന് പറഞ്ഞ് അടിച്ചമർത്തുകയാണ് ചൈനീസ് സർക്കാർ. 2012-ൽ സീ ജിൻ പിങ്ങ്  കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയ ശേഷം ഏകദേശം പത്തുലക്ഷത്തിലധികം മുസ്ലീങ്ങളെ കമ്യൂണിസ്റ്റു പാർട്ടി നേരിട്ട് നടത്തുന്ന റീ- എജുക്കേഷൻ ക്യാമ്പുകളിൽ,   അവരുടെ വിശ്വാസങ്ങൾ വേണ്ടെന്നുവെക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങൾ സ്വീകരിക്കാനുമുള്ള പരിശീലനത്തിനായി നിർബന്ധിച്ച് പാർപ്പിച്ചിരിക്കുകയാണ് സർക്കാർ. ഈ കമ്പുകളിൽ അവർ നിരന്തരം പീഡനങ്ങൾക്ക് ഇരയാകുകയാണ്.  എന്നാൽ ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർ 'ഭാവിയിൽ കുറ്റം ചെയ്യാൻ സാധ്യതയുള്ളവർ' ആണെന്നും, അതൊഴിവാക്കാനാണ് ഇത്തരത്തിൽ അവരെ പിടിച്ചു നിർത്തി 'റീ-എഡ്യൂക്കേറ്റ്' അല്ലെങ്കിൽ 'തോട്ട് കറക്റ്റ്' ചെയുന്നത് എന്നാണ് പാർട്ടിയുടെ വാദം. അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്നും. 

സൈക്യാട്രിയുടെ ദുരുപയോഗം 

ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താധാരകളെ പിന്തുടരാൻ മടികാണിക്കുന്നവരെയും അതിനെ എതിർക്കുന്നവരെയും മനോരോഗികൾ എന്ന് മുദ്രകുത്തി ചിത്തരോഗാശുപത്രികളിൽ അടയ്ക്കുന്ന പരിപാടി മാവോ സെ തൂങ്ങിന്റെ കാലത്തു തന്നെ ഉണ്ടായിരുന്നു. നിരവധി അക്കാദമീഷ്യന്മാരും, വളരെ സമർത്ഥരായ വിദ്യാർത്ഥികളും, മതവിശ്വാസികളും മറ്റും അവരുടെ കംപിറ്റലിസ്റ്റ് മനോഭാവത്തിനും ബൂർഷ്വാ ലോകവീക്ഷണത്തിന്റെ പേരിലും മനോരോഗാശുപത്രിയലിൽ അടക്കപ്പെട്ടു.  അവിടെ അവർ അനുഭവിച്ച പീഡനങ്ങൾ അവരിൽ  ഷിസോഫ്രീനിയ മുതൽ പാരനോയിഡ് സൈക്കോസിസ് വരെ ഉണ്ടാക്കി. അറുപതുകളിലും എഴുപതുകളിലും ഇത്തരത്തിലുള്ള നിരവധി കേസുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ ആദ്യമായി പ്രതികരിച്ച വീ ജിങ് ഷെങ് എന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനെ അവർ അക്കാലത്ത് ഇതേ പീഡനങ്ങൾക്ക് വിധേയനാക്കി. എഴുപതുകളുടെ അവസാനത്തിൽ ഉണ്ടായ സാംസ്കാരിക വിപ്ലവമാണ് പിന്നീട് ഈ ഒരു അവസ്ഥയ്ക്ക് അറുതി വരുത്തിയത്. പിന്നീട് 1992-ൽ ടിയാനൻ മെൻ സ്‌ക്വയറിൽ ജനാധിപത്യത്തിനായി പ്രതിഷേധ പ്രകടനം നയിച്ച വാങ് വാൻസിങ്ങ് എന്ന തേതാവിനെ അറസ്റ്റു ചെയ്ത സംഭവത്തോടനുബന്ധിച്ചും ഇതാവർത്തിക്കപ്പെട്ടു. വാങ്ങിന് മാനസികമായ അസ്വാസ്ഥ്യമുണ്ട് എന്നുള്ള രേഖയിൽ ഒപ്പിട്ടാൽ ഉടനടി വിട്ടയക്കാൻ എന്ന് വിശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ അതിനു പ്രേരിപ്പിച്ച സർക്കാർ വാങ്ങിനെ അന്ന് ബീജിങ്ങിലെ മാനസിക രോഗാശുപത്രിയിൽ അടച്ചതാണ്. അവിടെ നിന്നും ഇന്നുവരെ പുറത്തിറങ്ങാൻ അദ്ദേഹത്തിനായിട്ടില്ല.  

ചൈനയിലെ രാഷ്ട്രീയ തടവുകാർ 

രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടയ്ക്കുന്ന കാര്യത്തിൽ ചൈനീസ് സർക്കാരിനുള്ള താത്പര്യം  വിശ്വപ്രസിദ്ധമാണ്. അവരുടെ ക്രിമിനൽ ചട്ടത്തിലെ, 2012-ൽ അമെൻഡുചെയ്ത  എഴുപത്തിമൂന്നാം ആർട്ടിക്കിൾ പ്രകാരം, ഭരണകൂടത്തിന് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നു തോന്നുന്നവരെയും, ഭീകരവാദികളെയും  അനിശ്ചിതകാലത്തേക്ക് തടങ്കലിലാക്കാം. ഇങ്ങനെ തടങ്കലിലാക്കുന്നവരെക്കൊണ്ട് സർക്കാർ കടുത്ത ജോലികൾ പലതും ചെയ്യിക്കും. അവർക്ക് കൃത്യമായ ഭക്ഷണം നൽകില്ല. ഒടുവിൽ രോഗങ്ങളും പോഷകാഹാരക്കുറവും കാരണം അവർ ഏതെങ്കിലും സാംക്രമിക രോഗങ്ങൾക്ക് അടിപ്പെട്ട് മരണത്തിനു കീഴടങ്ങും.  2008-മുതൽ ചൈനീസ് സർക്കാർ 831  ടിബറ്റൻ ബുദ്ധസന്യാസികളെ രാഷ്ട്രീയ തടവുകാരാക്കിയിട്ടുണ്ട്. ഇതിൽ പന്ത്രണ്ടു പേര് ജീവപര്യന്തത്തിനും ഒമ്പതുപേർ വധശിക്ഷയ്ക്കും വിധിക്കപ്പെട്ടു.  2009-ൽ, ജനാധിപത്യപരമായ മാറ്റങ്ങൾക്കായും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ചതിന്റെ പേരിൽ, നോബൽ സമ്മാന ജേതാവായ ലിയു സിയാബോ അറസ്റ്റിലായിരുന്നു. ഒടുവിൽ അദ്ദേഹം ജയിലിൽ കിടന്നാണ്  തന്റെ അറുപത്തൊന്നാമത്തെ വയസ്സിൽ ലിവർ കാൻസർ ബാധിച്ച്  മരണപ്പെട്ടത്.  അതുപോലെ പ്രസിദ്ധരായ മറ്റു രാഷ്ട്രീയ തടവുകാരാണ് പത്രപ്രവർത്തകനായ ടാൻ  സൗറൻ, ഷി താവോ, മനുഷ്യാവകാശ പ്രവർത്തകനായ സു സിയോങ്ങ് എന്നിവർ. ഗവണ്മെന്റിന്റെ അഴിമതിയെപ്പറ്റി സംസാരിച്ചതിനാണ് ടാൻ  സൗറനെ 2010-ൽ അറസ്റ്റു ചജെയ്‌തതും അഞ്ചു വർഷത്തേക്ക് തടവിലാക്കിയതും.  ഷി താവോ അറസ്റുചെയ്യപ്പെട്ടത്, ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ പതിനഞ്ചാം വാർഷികം എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതുസംബന്ധിച്ച് പത്രപ്രവർത്തകർക്ക്  പാർട്ടി കേന്ദ്രങ്ങൾ നൽകിയ നിർദേശങ്ങൾ പരസ്യമാക്കിയ കുറ്റത്തിനാണ്. 

'നാമൊന്ന് നമുക്കൊന്ന്' നയം 

ചൈനയിൽ ഒരു കുട്ടി മാത്രമായിരുന്നു ഏറെക്കാലം നിയമപരമായി  അനുവദനീയമായിരുന്നത്. ഇത് 1979-ൽ ചെയർമാൻ മാവോ സെ തുങിന്റെ കാലത്ത് ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി കൊണ്ടുവന്ന നിയമമായിരുന്നു. വന്നു കുറേക്കാലം കഴിഞ്ഞപ്പോഴേക്കും അത് അത്ര കർശനമായി പാലിക്കപ്പെടുന്നില്ല എങ്കിൽ കൂടിയും നിയമമായി അത് നിലനിന്നിരുന്നു. 2016  മുതൽ രണ്ടു കുഞ്ഞുങ്ങൾ ആയി അത് ഉയർത്തപ്പെട്ടു. 

സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത് 

ആംനസ്റ്റി ഇന്റർനാഷനലിന്റെ തൊണ്ണൂറുകളിലെ പഠനം വ്യക്തമാക്കിയത് ചൈനയിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരുടെ സംഖ്യ, റെസ്റ്റ് ഓഫ് ദി വേൾഡ്, അതായത് ബാക്കി ലോകത്തുള്ള രാജ്യങ്ങളുടേത് മൊത്തം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതലായിരുന്നുഎന്നാണ്. ചൈനയിൽ ഇന്നും 46  കുറ്റങ്ങൾക്ക് വധശിക്ഷയാണുള്ളത്. അതിൽ സാമ്പത്തിക കുറ്റങ്ങളും, നികുതിവെട്ടിപ്പും, അഴിമതിയും ഒക്കെ വരും. പട്ടാപ്പകൽ പോലീസ് നേരിട്ടാണ് ശിക്ഷ നടപ്പിലാക്കുക. ഒന്നുകിൽ വിഷം കുത്തിവെക്കും, അല്ലെങ്കിൽ വെടിവെച്ച്‌ കൊല്ലും അതാണ് പതിവ്. 

The status of democracy in People's Republic of China

ചൈനീസ്‌ ടോർച്ചർ ടെക്നിക്കുകൾ 

1996-ൽ ടോർച്ചർ നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്നും പല ജയിലുകളിലും അത് നിർബാധം തുടരുന്നുണ്ട്. കൊടിയ മർദ്ദനങ്ങൾക്കു പുറമെ ഉറക്കം നിഷേധിക്കൽ, ഭക്ഷണം, മരുന്ന് എന്നിവ നൽകാതിരിക്കാൻ എന്നിങ്ങനെ പലവിധത്തിലുള്ള മാനസികപീഡനങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.

ലൈംഗികത സംബന്ധിച്ച അവകാശങ്ങൾ 

 ചൈനയിലെ മാനസിക രോഗങ്ങളുടെ കൂട്ടത്തിൽ നിന്നും സ്വവർഗരതി നീക്കം ചെയ്യപ്പെട്ടത് 2001-ലാണ്. ചൈനയിലെ ക്രിമിനൽ കുറ്റങ്ങൾ പ്രകാരം ബലാത്സംഗത്തിന്റെ പേരിൽ പരാതിപ്പെടാൻ സ്ത്രീകൾക്ക് മാത്രമേ അവകാശമുള്ളൂ. പുരുഷന്മാർക്ക് ആ പേരും പറഞ്ഞ് പരാതിയുമായി ചെല്ലാൻ അവകാശമില്ല. എന്നാൽ, 2015-ൽ നടത്തിയ ഒരു ചെറിയ നിയമ പരിഷ്കരണം അവരെ 'ഇൻഡീസൻസി' എന്ന ഒരു വകുപ്പിന് പരാതിപ്പെടാൻ അനുവദിക്കുന്നുണ്ട്. ബലാത്സംഗത്തിനല്ല,  'ഇൻഡീസൻസി'ക്കു മാത്രം. 

ചുരുക്കത്തിൽ, ചൈനയിൽ ഏകപാർട്ടീ ജനാധിപത്യമാണ് നിലവിലുള്ളത്. എല്ലാ കാര്യങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരിട്ടുള്ള നിയന്ത്രണമുണ്ട്. അവരുടെ അനുവാദമില്ലാതെ അവിടെ ഒന്നും നടക്കുകയില്ല. രാഷ്ട്രീയ പ്രവർത്തന, മതവിശ്വാസ സ്വാതന്ത്ര്യങ്ങൾ തുലോം തുച്ഛമാണവിടെ.  രാഷ്ട്രീയ പ്രവർത്തണമെന്നത് ഒരു ഞാണിന്മേൽ കളിയാണ്. ഭരണകൂടത്തിന്റെ അപ്രീതിക്ക് പത്രമാവുന്നവർ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടാം.  നിങ്ങൾ ഭാവിയിൽ ഒരു കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നിയാൽ മാത്രം മതി, അതിന്റെ പേരിൽ നിങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ നിന്നും നിങ്ങളെ പറിച്ചെടുത്ത് 'റീ- എജുക്കേഷൻ സെന്ററു'കളിൽ അടയ്ക്കാൻ. 

ഇതൊക്കെയും തോന്നിവാസമല്ലെങ്കിൽ, പിന്നെന്താണ്..? 

Follow Us:
Download App:
  • android
  • ios