ഒരു ഗ്രാമത്തിന്‍റെ ജീവിതം തുടങ്ങുകയായിരുന്നു ആ കൂട്ടായ്മയില്‍... ഗ്രാമത്തിലെ തോട്ടിലൂടെ കരിയുമായി പോയ തോണികള്‍ അരിയും പച്ചകറികളുമായി മടങ്ങിയെത്തിയത്... ആദ്യമായി ബസ് വാങ്ങിയത്, പുഴ കടന്ന ബസ് ഗ്രാമത്തിലേക്ക് ഓടിയെത്തിയത്. അവരുടെ അന്നത്തെ വീര പരിവേഷം... 

രുമമുണ്ട എവിടെയാണെന്നറിയാമോ? നിലമ്പൂര് നിന്ന് വടക്ക്കിഴക്കായി ഒരു പതിനഞ്ച് കിലോമീറ്റര്‍ മാറിയാണ് എരുമമുണ്ട എന്ന ദേശം. '60 കളില്‍ തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ ജനത, നിബിഡമായ കാട് വെട്ടിത്തെളിച്ച് ഉണ്ടാക്കിയെടുത്ത ഗ്രാമം. അതിനും മുമ്പ് ബ്രീട്ടീഷുകാരുടെ മേല്‍നോട്ടത്തില്‍ നട്ട് വളര്‍ത്തിയ തേക്കിന്‍ തോട്ടങ്ങള്‍ ദൂരെയല്ലാതായി നില്‍പ്പുണ്ട്. ലോകത്തിന്‍റെ മറ്റ് തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഇന്നും ഗ്രാമജീവിതവുമായുള്ള ബന്ധം നിലനിര്‍ത്തുന്ന ഒരു കൂട്ടം മനുഷ്യര്‍ ജീവിക്കുന്ന കേരളത്തിലെ മറ്റേതൊരു സാധാരണ കുടിയേറ്റ ഗ്രാമത്തെയും പോലൊരു ഗ്രാമം. ഈ ഗ്രാമത്തില്‍ ഇന്നലെ ഒരു കൂട്ടായ്മ നടന്നു. ആ കൂട്ടായ്മയുടെ കഥയിലേക്ക് പോകും മുമ്പ് മറ്റു ചില കാര്യങ്ങള്‍ കൂടി അറിയണം. 

ചൈനയില്‍ നിന്നും പാറി നടന്ന കൊവിഡ് 19 ന്‍റെ രോഗാണുക്കള്‍ വിഭജിച്ച് പല വകഭേദങ്ങളായി ലോകം മുഴുവനും ഭീതി പടര്‍ത്തി നടന്ന കാലം. മറ്റെല്ലാ രാജ്യങ്ങളെ പോലെ ഇന്ത്യയും ആരോഗ്യ അടിയന്തരാവസ്ഥയെ തുടര്‍ന്ന് അടച്ച് പൂട്ടല്‍ നേരിട്ടു. രാജ്യതലസ്ഥാനമായ ദില്ലി മുതല്‍ ഇങ്ങ് കേരളത്തിലെ കുടിയേറ്റ ഗ്രാമമായ എരുമമുണ്ട വരെ അടഞ്ഞ് കിടന്നു. മനുഷ്യരായ മനുഷ്യരെല്ലാം വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു. ഈ അടച്ചിടലിനിടെ നാട്ടില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടി പോയവരെല്ലാം സ്വന്തം ഗ്രാമങ്ങളിലേക്ക് ഓര്‍മ്മകളിലൂടെ തിരിച്ച് നടന്നപ്പോള്‍, വീണ്ടും ഗ്രാമ ജീവിതത്തിലേക്ക് പോയാലോ എന്ന് ഒരു നിമിഷമെങ്കിലും ഓര്‍ത്തു. 

ഓര്‍മ്മകള്‍ ആളുകളെ പരസ്പരം ബന്ധപ്പെട്ടുത്തി. ഒന്ന് രണ്ടും രണ്ട് നാലുമായപ്പോള്‍ ഇന്‍റര്‍നെറ്റിലൂടെ ഒത്ത് ചേര്‍ന്നവരെല്ലാം വാട്സാപ്പിലേക്ക് ഒരു കൂട്ടമായി ചേര്‍ന്നു. പിന്നെ കഥകളായി കളി പറച്ചിലായി. ചിലര്‍ ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍, മറ്റ് ചിലര്‍ ഗ്രാമത്തിലെ പ്രായമായ ചിലരെ വാട്സാപ്പ് ഉപയോഗിക്കാന്‍ പഠിപ്പിച്ച് ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. അവരുടെ ഓര്‍മ്മകളില്‍ ഒരു ഗ്രാമത്തിന്‍റെ ജീവിതം സ്പന്ദിച്ചു. കുടിയേറ്റങ്ങളുടെ ആദ്യ തലമുറ എത്തിയ കാലം മുതല്‍, കാട് വെട്ടി തീയിട്ട കാലം... ഒരു ഗ്രാമത്തിന്‍റെ ജീവിതം തുടങ്ങുകയായിരുന്നു ആ കൂട്ടായ്മയില്‍... ഗ്രാമത്തിലെ തോട്ടിലൂടെ കരിയുമായി പോയ തോണികള്‍ അരിയും പച്ചകറികളുമായി മടങ്ങിയെത്തിയത്... ആദ്യമായി ബസ് വാങ്ങിയത്, പുഴ കടന്ന ബസ് ഗ്രാമത്തിലേക്ക് ഓടിയെത്തിയത്. അവരുടെ അന്നത്തെ വീര പരിവേഷം... അനുഭവങ്ങള്‍ കഥകളായി ശബ്ദശകലമായി ഗ്രൂപ്പിലൂടെ ലോകം മുഴുവനും കേട്ടു.

അതിനകം ഗ്രാമം വിട്ട് ഗള്‍ഫിലും ഓസ്ട്രേലിയയിലും ന്യൂസിലാന്‍റിലും അമേരിക്കയും യൂറോപ്പിലേക്കും കുടിയേറിക്കഴിഞ്ഞിരുന്നവര്‍ വരെ വാട്സാപ്പ് ഗ്രൂപ്പിലെത്തി. അക്കാലത്ത് മിക്കവാറും ദിവസങ്ങളില്‍ 24 മണിക്കൂറും ഗ്രൂപ്പില്‍ സജീവ ചര്‍ച്ചകള്‍ നടന്നിരുന്നെന്ന് ഗ്രൂപ്പിന്‍റെ അഡ്മിനില്‍ ഒരാളായ സനല്‍ പറയുന്നു. രാത്രി പത്ത് പന്ത്രണ്ടോടെ കേരളത്തിലുള്ളവര്‍ കിടക്കും. അപ്പോഴേക്കും ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ എഴുന്നേറ്റ് ഗ്രൂപ്പില്‍ ആക്റ്റീവ് ആയിട്ടുണ്ടാകും. അവര്‍ക്ക് പിന്നാലെ ഓസ്ട്രേലിയലില്‍ നിന്നും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവര്‍ സംസാരിച്ചിരിക്കുമ്പോള്‍ വീണ്ടും കേരളത്തില്‍ നേരം വെളുത്തിരിക്കും. ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കും. മിക്കവാറും നാട്ടിലെ കഥകളായിരിക്കും. അതിനിടെ അടച്ച് പൂട്ടല്‍ പിന്‍വലിച്ച് വീണ്ടും ലോകം സജ്ജീവമായി. ഗ്രൂപ്പില്‍ പഴയപോലെ ആവശമില്ലെങ്കിലും കഥകള്‍ക്ക് കുറവില്ല. അതിനിടെയാണ് ഒരാള്‍ തങ്ങളുടെ നാടിനെ ഒരു കാലത്ത് ലോകവുമായി ബന്ധിപ്പിച്ച തപാലാപ്പീസിനെ കുറിച്ച് പറഞ്ഞത്.

ആ കഥ ഇങ്ങനെ; എരുമമുണ്ട, ചെമ്പന്‍കൊല്ലി, വെള്ളിമുറ്റം, പെരുമ്പത്തൂര്‍, ഇരുനൂറ്, ആഢ്യന്‍പാറ, കൊമ്പന്‍ കൊല്ലി തുടങ്ങിയ വിദൂര പ്രദേശങ്ങളിലെ കുടിയേറ്റ ജനതയ്ക്ക് ദൂരദേശത്തുള്ള ബന്ധുക്കളെഴുതുന്ന കത്തുകള്‍ എത്തിക്കാന്‍ ഒരു സബ് പോസ്റ്റോഫീസ് തുടങ്ങിയത് 1978 ലാണ്. ആദ്യം വാടകക്കെട്ടിടത്തിലായിരുന്നു. പിന്നീട് 1986 ല്‍ പൊടിയന്‍തറപ്പേല്‍ ലൈല സദാശിവന്‍ തന്‍റെ ഭൂമിയില്‍ നിന്നും ഒരു സെന്‍റ് സ്ഥലം തപാലാപ്പീസിനായി വിട്ട് കൊടുത്തു. സ്ഥലമായപ്പോള്‍ പിന്നെ കെട്ടിടം വേണം. ഒടുവില്‍ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തമായൊരു കെട്ടിടവും ഉയര്‍ന്നു. തപാലാപ്പീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറി. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും കത്തുകളും മറ്റ് സമ്മാനങ്ങളും ദേശത്തേക്കും ദേശത്ത് നിന്ന് ലോകത്തിന്‍റെ പലഭാഗത്തേക്കും പറന്നു. വന്ന കത്തുകള്‍ക്ക് പിന്നാലെ ചിലര്‍ വിദേശങ്ങളിലേക്ക് ജോലി തേടി പോയി. ചിലര്‍ മറ്റ് ദേശങ്ങളിലേക്കും. എരുമമുണ്ടയുടെയും മറ്റ് സമീപ ദേശങ്ങളിലെയും മനുഷ്യരുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി പതുക്കെ പോസ്റ്റ് ഓഫീസ് കരുത്ത് കാട്ടി. ദിവസവും വീടുകളിലേക്ക് കത്തുകളെത്തിയപ്പോള്‍ ആളുകള്‍ പോസ്റ്റ് ഓഫീസിനെ പതുക്കെ മറന്നു. കാലം ആര്‍ക്ക് വേണ്ടിയും കാത്ത് നിന്നില്ല. അതിനിടെ 37 വര്‍ഷങ്ങള്‍ കടന്ന് പോയി. 

കൊവിഡിന്‍റെ അടച്ചിടല്‍ കഴിഞ്ഞപ്പോള്‍ അത് വഴി പോയ ആരോ തപാലാപ്പീസിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ചങ്ക് തകര്‍ന്നു. ചോര്‍ന്നൊലിച്ച് ചുമരുകളില്‍ പായലും വിള്ളലും വീണ് ദ്രവിച്ച് തുടങ്ങിയ ഒരു അനാഥക്കെട്ടിടം. തങ്ങളുടെ ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ കൈപിടിച്ചുയര്‍ത്തിയ ആ കെട്ടിടത്തിന്‍റെ ദുരവസ്ഥ അവര്‍ ഗ്രൂപ്പില്‍ പങ്കുവച്ചു. എല്ലാവരും ഒന്നിച്ച് നിന്നു. ഗ്രൂപ്പിലെ തലമുതിര്‍ന്ന ഇബ്രാഹിം മാഷിനെ (മാഷ് '80 കളില്‍ എരുമമുണ്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിവന്ന അധ്യാപകനായിരുന്നു. പിന്നീട് എരുമമുണ്ടയെ അദ്ദേഹം സ്വന്തം ദേശമായി സ്വീകരിച്ചു.) ചുമതലപ്പെടുത്തി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു രണ്ട് ദിവസത്തിനുള്ളില്‍ ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്കടുത്ത് പിരിഞ്ഞ് കിട്ടിയെന്ന് ഇബ്രാഹിം മാഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. പിന്നാലെ തപാലാപ്പീസിന്‍റെ പണിയാരംഭിച്ചു. വെറും 15 ദിവസം കൊണ്ട് പഴയ ഓഫീസ് കെട്ടിടം പുതുക്കി പണിതു. ഇന്നലെ വൈകീട്ട് നടന്ന ലളിതമായ ചടങ്ങില്‍ ഇബ്രാഹിം മാഷ് കെട്ടിടത്തിന്‍റെ താങ്കോല്‍, പോസ്റ്റ് മാസ്റ്ററെ തിരിച്ചേല്‍പ്പിച്ചു. പതിറ്റാണ്ടുകളായി വൈദ്യുതി ഇല്ലാതിരുന്ന കെട്ടിടത്തിലേക്ക് വൈദ്യുതിയും എത്തിച്ചു. തങ്ങളുടെ ജീവിതത്തിലേക്ക് വഴി കാട്ടിയായി വന്ന തപാലുകള്‍ തരംതിരച്ച കെട്ടിടത്തിന് ദേശം തങ്ങളുടെ സ്നേഹം അങ്ങനെ തിരികെ നല്‍കി.