ദില്ലിയിലെ തീസ് ഹസാരി കോടതി ജനുവരി 15 -ന് ചന്ദ്രശേഖർ ആസാദ് എന്ന ഭീം ആർമി ചീഫിന്, പൗരത്വ നിയമ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ ജാമ്യം അനുവദിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജായ കാമിനി ലോ ആണ് ഈ നിർണായകമായ വിധി പുറപ്പെടുവിച്ചത്. അന്ന് ശ്രദ്ധേയമായ മറ്റൊരു സംഭവം കൂടി ആ വിധിപ്രസ്താവത്തിനിടെ നടന്നു. രബീന്ദ്രനാഥ ടാഗോറിന്റെ 'Where The Mind Is Without Fear' എന്നുതുടങ്ങുന്ന വിഖ്യാതമായ കവിതകൂടി ആലപിച്ചുകൊണ്ടാണ് ജഡ്ജി ആ വിധിപ്രസ്താവം നടത്തിയത്. ആ കവിത തുടങ്ങുന്നത് ഈ വരികളോടെയാണ്. 

എവിടെ മനസ്സ് നിർഭയവും 
ശിരസ്സ് ഉയർന്നും നിൽക്കുന്നുവോ; 
എവിടെ അറിവ് സ്വതന്ത്രമാകുന്നുവോ; 
എവിടെ ഇടുങ്ങിയ ചുവരുകളിൽ 
ലോകം വിഭജിക്കപ്പെടാതെ 
നിൽക്കുന്നുവോ; അവിടെ 
സത്യത്തിന്റെ അഗാധതലങ്ങളിൽനിന്ന് 
വാക്കുകൾ പിറവിയെടുക്കുന്നു.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്‌ 
എന്റെ ദൈവമേ, എന്റെ രാജ്യം ഉണരേണമേ...

"ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തന്ത്രം പയറ്റിയപ്പോൾ, ടാഗോർ എഴുതിയതാണ് ഈ കവിത. അന്ന് ടാഗോർ സ്വപ്നം കണ്ടത്, അധിവസിക്കുന്ന ജനങ്ങളുടെ മനസ്സിൽ ഭയലേശമില്ലാത്ത ഒരു രാജ്യത്തെയാണ്. എല്ലാവരും ഒരുപോലെ വിദ്യയാർജ്ജിക്കുന്ന ഒരു രാജ്യത്തെയാണ്. വിവേചനം ആരെയും അലട്ടാത്ത ഒരു രാജ്യത്തെയാണ്." ജസ്റ്റിസ് കാമിനി ലോ പറഞ്ഞു. 

''ശാന്തിപൂർണ്ണമായ പ്രതിഷേധങ്ങളും പ്രകടനങ്ങളുമൊക്കെ നടത്താനുള്ള അവകാശം എല്ലാ ഇന്ത്യൻ പൗരന്മാർക്കുമുണ്ട് എന്നും കോടതി പറഞ്ഞു. അത് ഇല്ലാതാക്കാൻ ഒരു സർക്കാരിനും സാധ്യമല്ല.'' ആസാദിന് ജാമ്യം അനുവദിച്ചുകൊണ്ട് അവർ പറഞ്ഞു.

ജഡ്ജ് വേറെയും ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. "ജനാധിപത്യത്തിൽ പൗരന്മാർക്ക് രാജ്യത്ത് സമാധാനപൂർണമായ പ്രതിഷേധങ്ങൾ നടത്താനുള്ള അവകാശമുണ്ട്. അത് അവരിൽ നിന്ന് തട്ടിപ്പറിക്കാൻ ഒരു സർക്കാരിനും അവകാശമില്ല. നമ്മുടെ ഭരണഘടനയിൽ കർത്തവ്യങ്ങളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചുമുള്ള സുവ്യക്തമായ പരാമർശങ്ങളുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന വേളയിൽ, പ്രകടനങ്ങൾ നടത്തുന്ന സമയത്ത്, നമ്മുടെ കടമകളെപ്പറ്റി, കർത്തവ്യങ്ങളെപ്പറ്റിയും പൂർണബോധ്യം ഉണ്ടാവേണ്ടതുണ്ട്. പ്രകടനങ്ങൾ നടത്താനുള്ള ഒരു കൂട്ടരുടെ അവകാശം, സ്വൈര്യമായി ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തിന് ഭംഗം വരുത്തുന്ന നിലയിലേക്ക് നീളരുത്. " 

എന്താണ് സംഭവം ?

ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന സംഘടന ഡിസംബർ 20 -ന് പൊലീസിന്റെ അനുമതി കൂടാതെ ജമാ മസ്ജിദിൽ നിന്ന് ജന്തർ മന്തർ വരെ ഒരു റാലി സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടാണ് ചന്ദ്രശേഖർ ആസാദ് അടക്കമുള്ളവർ അറസ്റ്റിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത മറ്റു പതിനഞ്ചുപേർക്കും അന്നേദിവസം കോടതി ജാമ്യം അനുവദിച്ചു. സുപ്രസിദ്ധ അഭിഭാഷകനായ മെഹമൂദ് പ്രാചാ വഴിയാണ് ചന്ദ്രശേഖർ ആസാദ് ജാമ്യാപേക്ഷ നൽകിയത്. എഫ്‌ഐആറിൽ തന്റെ കക്ഷിക്കെതിരെ കാര്യമായ ഒരു കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ല എന്ന് ആസാദിന്റെ അഭിഭാഷകൻ വാദിച്ചു. ഊഹാപോഹങ്ങളിലും കേട്ടുകേള്‍വികളിലും അധിഷ്ഠിതമാണ് പ്രസ്തുത പ്രഥമവിവരറിപ്പോർട്ട് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ആസാദ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കില്ല എന്നും കോടതിക്ക് ഉറപ്പുനല്കിയതിന്മേലാണ് ജാമ്യം. 

കവിതയുടെ ഇംഗ്ലീഷിലുള്ള മൂലരൂപം :

Where The Mind Is Without Fear
Where the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake.