436 ഐഫോണുകളാണ് കള്ളന്മാർ സ്റ്റോറിൽ നിന്നും മോഷ്ടിച്ചത്. ഇതിനെല്ലാം കൂടി ഏകദേശം നാല് കോടി രൂപ വില വരും.

പലതരത്തിലുള്ള കൊള്ളയടികളും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ തന്നെ ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് തുരങ്കമുണ്ടാക്കി കൊള്ള നടത്തുന്ന മഹാകള്ളന്മാരെയും നമ്മൾ സിനിമകളിലും വാർത്തകളിലും ഒക്കെ കണ്ടിട്ടുണ്ട്. അങ്ങനെ വാഷിം​ഗ്ടണിൽ ഒരു കൂട്ടം കള്ളന്മാർ ഒരു കോഫിഷോപ്പ് തുരന്ന് നേരെ ആപ്പിൾസ്റ്റോറിൽ ചെന്ന് കോടികൾ വില വരുന്ന ഫോണുകൾ അടിച്ചുമാറ്റി കടന്നു കളഞ്ഞു. 

സിയാറ്റിൽ കോഫി ഗിയർ എന്ന കോഫി ഷോപ്പിന്റെ ചുമര് തുരന്നാണ് ഇവർ ആപ്പിൾ സ്റ്റോറിൽ കടന്നത്. പിന്നാലെ ഏകദേശം നാല് കോടി വില വരുന്ന ആപ്പിൾ ഫോണുകൾ മോഷ്ടിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കള്ളന്മാർ കോഫി ഷോപ്പിൽ എത്തിയത്. പിന്നാലെ, ഷോപ്പിന്റെ റെസ്റ്റ്‍റൂമിൽ കയറി, അതിന്റെ ചുമര് തുരന്നു. അതിൽ നിന്നും നേരെ ആപ്പിൾ സ്റ്റോറിലെത്തി. അവിടെ നിന്നും ഫോണുകൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നുവത്രെ. 

436 ഐഫോണുകളാണ് കള്ളന്മാർ സ്റ്റോറിൽ നിന്നും മോഷ്ടിച്ചത്. ഇതിനെല്ലാം കൂടി ഏകദേശം നാല് കോടി രൂപ വില വരും. ഏതായാലും കള്ളന്മാർ ചെയ്തത് അറി‍ഞ്ഞ് കോഫി ഷോപ്പിന്റെ ഉടമ എറിക് മാർക്സ് പോലും അന്തം വിട്ടു. തന്റെ കടയിൽ നിന്നും ആപ്പിൾ സ്റ്റോറിലേക്ക് അങ്ങനെ ഒരു കണക്ഷനുള്ള കാര്യം പോലും സത്യത്തിൽ എറിക്കിന് അറിയുമായിരുന്നില്ല. മാളിന്റെ ലേഔട്ട് മുഴുവനായും മനസിലാക്കിയാവണം കള്ളന്മാർ അകത്ത് കടന്നതും ഇങ്ങനെ ഒരു കളവ് നടത്തി കടന്നു കളഞ്ഞതും എന്നാണ് എറിക് പറയുന്നത്. 

ആപ്പിൾ ഫോണുകൾ മാത്രമാണ് കടയിൽ നിന്നും കള്ളന്മാർ മോഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ ഈ വിരുതന്മാരെ പിടിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്.