റിപബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥി ബ്രസീല്‍ പ്രസിഡണ്ട് ബോള്‍സൊനാരോ ആയിരുന്നു. 'ആമസോണിന്‍റെ ഘാതകനെ'ന്നറിയപ്പെടുന്ന, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍കൊണ്ടും ഏകാധിപത്യ നയങ്ങള്‍കൊണ്ടും 'പ്രസിദ്ധി'യാര്‍ജ്ജിച്ച ബോള്‍സനാരോ. അന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ട്രംപിന്‍റെ സന്ദര്‍ശനവും ചില ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. 

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തെ ചുറ്റിപ്പറ്റിയാണ് നിലവില്‍ സര്‍ക്കാരിന്‍റെ ഓട്ടപ്പാച്ചില്‍. ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യ സന്ദര്‍ശിക്കുക. 36 മണിക്കൂറാണ് ഇരുവരും ഇന്ത്യയില്‍ ചെലവിടുക. ആ 36 മണിക്കൂറിന് വേണ്ടിയുള്ള 'വിപുല'മായ ഒരുക്കങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഫെബ്രുവരി 24 -ന് രാവിലെ അഹമ്മദാബാദിലാണ് ട്രംപ് എത്തുക. പിന്നെ സ്വീകരണം, റോഡ് ഷോ തുടങ്ങിയ ശക്തിപ്രകടനങ്ങള്‍. പിന്നാലെ, 'നമസ്തെ ട്രംപ്' എന്ന പ്രത്യേക പരിപാടി. അതിന് ഒരുലക്ഷത്തി അയ്യായിരം പേര്‍ സ്വീകരണത്തിനെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിന്നെ, താജ്‍മഹല്‍ സന്ദര്‍ശനം, സൂര്യോദയം കാണല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച... അങ്ങനെ പോകുന്നു ഷെഡ്യൂള്‍... 

എന്നാല്‍, ഇവിടെ വിഷയം അതല്ല. ട്രംപിന്‍റെ വരവ് പ്രമാണിച്ച് മതില്‍കെട്ടി മറച്ച ചേരികളും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുമൊക്കെയാണ് ഇന്ത്യക്കാരന്‍റെ പ്രശ്‍നം. എന്തൊക്കെയാണ് ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ചെയ്യുന്നത്?

1. ചേരികള്‍ മറക്കുന്നതിനായി മതില്‍

ട്രംപിന് മതിലുകള്‍ ഇഷ്‍ടമാണ്. ഓര്‍മ്മയില്ലേ യു എസ്- മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്ന കാര്യം പറഞ്ഞുള്ള അദ്ദേഹത്തിന്‍റെ തത്രപ്പാട്. ഇവിടെയും അങ്ങനെ മതിലൊക്കെ കെട്ടി ട്രംപില്‍ മതിപ്പുളവാക്കുകയാണോ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ലക്ഷ്യം എന്ന് തോന്നാം. സംഭവമതല്ല, ട്രംപിന്‍റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും റോഡ് ഷോ നടക്കുന്ന പാതയോരത്തെ ചേരികളാണ് അധികൃതര്‍ മതില്‍കെട്ടി മറച്ചിരിക്കുന്നത്. ഏഴടിയോളം ഉയരത്തിലുള്ള മതിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും വാര്‍ത്ത വന്നിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് വരുന്നതിന് തങ്ങളെയെന്തിനാണ് മതില്‍കെട്ടി മറക്കുന്നതെന്നും ചോദിച്ച് ഇവിടെ താമസിക്കുന്നവര്‍ മുന്നോട്ടുവന്നിരുന്നു. ദാരിദ്ര്യത്തെ മതില്‍കെട്ടി മറക്കാനാണ് അഹമ്മദാബാദ് നഗര ഭരണകൂടം ശ്രമിക്കുന്നതെന്നും ചേരി നിവാസികള്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം തന്നെ ഉയര്‍ന്നു.

വിടാതെ മതില്‍ വിവാദം; മറ്റൊരു ചേരിയെ മറച്ച് 4 അടി മതില്‍ നിര്‍മിച്ചതായി ആരോപണം...
 

ഏതായാലും മതില്‍ വിവാദം ദേശീയ മാധ്യമങ്ങളുടെയടക്കം ശ്രദ്ധ നേടിയതോടെ അഹമ്മദാബാദ് കോര്‍പ്പറേഷന്‍ അധികൃതര്‍ അവരുടെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും മതില്‍ കെട്ടാനുള്ള തീരുമാനം ഒരുമാസം മുമ്പേ എടുത്തതാണെന്നുമാണ് മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്‍റ പറഞ്ഞത്. 

2. ചേരി ഒഴിപ്പിക്കല്‍

മതില്‍കെട്ടി മറച്ചതില്‍ തീര്‍ന്നില്ല. ട്രംപ് എത്തുന്ന പുതുതായി പണി കഴിപ്പിച്ച മൊട്ടേറാ സ്റ്റേഡിയത്തിനുചുറ്റും താമസിച്ചിരുന്നവരെ അവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്‍തു ഭരണകൂടം. രണ്ട് പതിറ്റാണ്ടുകളായി അവിടെ താമസിച്ചുവന്ന ചേരി നിവാസികളെയാണ് ഒഴിപ്പിച്ചത്. എന്നാല്‍, അധികൃതര്‍ പറയുന്നത് ഇത് കുടിയൊഴിപ്പിക്കലല്ല എന്നും സര്‍ക്കാര്‍ സ്ഥലത്ത് അനധികൃതമായി കുടിയേറിപ്പാര്‍ത്തവരോട് അവിടെനിന്നും ഒഴിഞ്ഞുതരണമെന്ന് അറിയിക്കല്‍ മാത്രമാണ് തങ്ങള്‍ ചെയ്‍തത് എന്നുമാണ്. 45 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ക്കൊന്നും തന്നെ പുനരധിവാസത്തെ കുറിച്ച് ഒരുറപ്പോ വിവരമോ നല്‍കിയിട്ടുമില്ല. 

ചേരിയുമായി ബന്ധപ്പെട്ട് യു എസ് പ്രസിഡണ്ടിന്‍റെ സുരക്ഷാ വിഭാഗം നേരത്തെ ആശങ്ക അറിയിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഏതായാലും നേരത്തെതന്നെ തയ്യാറാക്കിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് 18 -നാണ് അവിടുത്തെ താമസക്കാര്‍ക്ക് നല്‍കിയത്. പരാതികളുണ്ടെങ്കില്‍ പിറ്റേന്ന് മൂന്നുമണിക്കകം അറിയിക്കണമെന്നും പറയുകയായിരുന്നു. ട്രംപിന്‍റെ അഹമ്മദാബാദ് സന്ദര്‍ശനം ഔദ്യോഗികമായി സ്ഥിരീകരിച്ച ഫെബ്രുവരി 11 -ന് തന്നെ ഈ കുടിയിറക്കല്‍ നോട്ടീസ് ഒപ്പിട്ടത് തികച്ചും 'യാദൃച്ഛികം' ആണെന്ന് കരുതേണ്ടിവരും അല്ലേ? 

3. മുറുക്കാന്‍ കട പൂട്ടി സീല്‍വെച്ചു

ട്രംപിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് സമീപത്തെ മുറുക്കാന്‍ കടകളും അടപ്പിച്ചിട്ടുണ്ട്. മുറുക്കാന്‍ ചവച്ച് വഴിനീളെ തുപ്പി വൃത്തികേടാക്കുന്നതുകൊണ്ടാണോ ഈ പാന്‍കടകള്‍ പൂട്ടി സീല്‍വച്ചതെന്നറിയില്ല. ഏതായാലും അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിനു സമീപമുള്ള മൂന്ന് പാന്‍കടകള്‍ പൂട്ടിച്ച് സീല്‍ ചെയ്‍തുകഴിഞ്ഞു പൊലീസ് എന്നാണ് അറിയുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 

4. പട്ടികളെയും കുരങ്ങുകളെയും ഒഴിപ്പിക്കല്‍ 

അമേരിക്കന്‍ പ്രസിഡണ്ട് രാജ്യം സന്ദര്‍ശിക്കുമ്പോള്‍ വഴി നിറയെ പട്ടികളെയും കാളകളെയും പശുക്കളെയും കണ്ടാലെന്ത് തോന്നും? അതുകൊണ്ട് തന്നെ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ട്രംപ് യാത്ര ചെയ്യുന്ന റോഡുകളിലെ പട്ടികളെയും കാളകളെയും പശുക്കളെയുമെല്ലാം ഒന്ന് നിയന്ത്രിക്കാനാണ്. തെരുവുപട്ടികളെ പിടികൂടാനും തീരുമാനിച്ചു. ഈ വഴികളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പട്ടികളെയെല്ലാം പിടികൂടാനായിരുന്നു തീരുമാനം. മൊട്ടേറ സ്റ്റേഡിയം പരിസരത്തുനിന്നും ട്രംപ് യാത്ര ചെയ്യുന്ന വഴികളില്‍ നിന്നുമെല്ലാം ഈ മൃഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലാകും അധികൃതര്‍ എടുത്തിരിക്കുന്നത്. 

പട്ടിയിലും കാളയിലും തീര്‍ന്നില്ല, കുരങ്ങുകളെയും അധികൃതര്‍ നാടുകടത്തിത്തുടങ്ങി. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ട് റണ്‍വേയിലേക്കെത്താറുള്ള കുരങ്ങുകൂട്ടത്തെ കെണിവെച്ച് പിടികൂടുകയാണ് വിമാനത്താവള അധികൃതര്‍. പിടിയിലായ അമ്പതിലധികം കുരങ്ങുകളെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വനപ്രദേശത്ത് തുറന്നുവിടുകയായിരുന്നു. വിമാനമിറങ്ങുന്നതിന് തടസമാവാറുണ്ട് പലപ്പോഴും ഈ വാനരക്കൂട്ടങ്ങള്‍. അപ്പോള്‍ പിന്നെ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ സന്ദര്‍ശനസമയത്ത് മുന്‍കരുതലെടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല.

5. യമുനയിലേക്ക് വെള്ളമൊഴുക്കല്‍

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനായി അഹമ്മദാബാദില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട് സര്‍ക്കാര്‍.  യമുനാ നദിയിലേക്ക് ഒരു സെക്കന്‍റില്‍ 500 ഘനയടി വെള്ളം എന്ന തോതില്‍ ഒഴുക്കി വിടുകയാണ് ഉത്തര്‍പ്രദേശിലെ ജലസേചന വിഭാഗം. ബുലന്ദ്ഷഹറിലെ ഗംഗാനഹറില്‍ നിന്നാണ് വെള്ളം ഒഴുക്കി വിടുന്നത്. യമുനയുടെ 'പാരിസ്ഥിതിക സ്ഥിതി' ഉയര്‍ത്താനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഫെബ്രുവരി 24 വരെ നിശ്ചിത അളവില്‍ വെള്ളം യമുനയില്‍ നിലനിര്‍ത്താനാണ് തീരുമാനം. 

''സെക്കന്‍റില്‍ 500 ഘനയടി വെള്ളം ഒഴുക്കി വിടുന്നതോടെ യമുനയിലെ മലിനീകരണം നിയന്ത്രിക്കാനാകും. ഇത് യമുന, മഥുര, ആഗ്ര എന്നിവിടങ്ങളിലെ ഓക്സിജന്‍ ലെവല്‍ കൂട്ടും. ഈ നടപടി ചിലപ്പോള്‍ യമുനയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാന്‍ സഹായകമായേക്കും. മാത്രമല്ല നദിയില്‍ നിന്നുള്ള വെള്ളത്തിന്‍റെ ദുര്‍ഗന്ധവും കുറയും.'' എന്ന് ജലസേനചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍  ധര്‍മേന്ദര്‍ സിംഗ് ഫോഗറ്റ് പറഞ്ഞിരുന്നു. 

ഏതായാലും 'ലോക പൊലീസ്' എന്ന് വിളിക്കപ്പെടുന്ന അമേരിക്കയുടെ പ്രസിഡണ്ടായ സാക്ഷാല്‍ ഡോണള്‍ഡ് ട്രംപാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്നതാവും ഇതുവഴി രാജ്യം ലക്ഷ്യം വയ്ക്കുന്നത്. മാത്രവുമല്ല, എല്ലാം മാറ്റിനിര്‍ത്തിയാല്‍ ഏതൊരു രാജ്യത്തെ പ്രസിഡണ്ടോ പ്രധാനമന്ത്രിയോ എത്തിയാലും അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ആതിഥേയ രാജ്യമെന്ന രീതിയില്‍ ഇന്ത്യയുടെ കടമയുമാണ്. 

പക്ഷേ, എന്തു തന്നെയായാലും, ഈ മൊട്ടേറ സ്റ്റേഡിയത്തിന് പരിസരത്തെ ചേരികളില്‍ താമസിക്കുന്നവരും ഇന്ത്യയിലെ പൗരന്മാരാണ്. ഇപ്പോഴും എത്രയോ അധികം ജനങ്ങള്‍ ഓരോ സംസ്ഥാനത്തും ചേരിയിലാണ് കഴിയുന്നത്. അവിടെനിന്നുകൊണ്ടു തന്നെയാണ് ഇന്ത്യയെന്ന വികസ്വരരാജ്യം പലതും ചെയ്യുന്നതും. ആ ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനുപകരം സ്വന്തം ജനതയെ കുടിയൊഴിപ്പിച്ചും അവരുടെ ദാരിദ്ര്യം മതില്‍കെട്ടി മറച്ചും നാം ലോകത്തിന് മുന്നില്‍ കാണിക്കാന്‍ ശ്രമിക്കുന്നത് എന്താണ്? 

(ചിത്രം, അമേരിക്കയിലെ 'ഹൗഡി മോഡി' പരിപാടിയില്‍ നിന്നുള്ളത്)