അദ്ദേഹത്തിന്റെ 12 വോട്ടുള്ള കുടുംബാംഗങ്ങളിൽ ആരും തന്നെ അദ്ദേഹത്തിന് വോട്ട് ചെയ്തില്ല. കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഈ രീതിയിൽ അപമാനിച്ചത് അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല.
ശത്രുക്കൾക്ക് പോലും ഈ ഗതികേട് വരുത്തല്ലേ എന്നായിരുന്നു ഗുജറാത്ത്(Gujarat) ഗ്രാമപഞ്ചായത്ത് (Gram panchayat) തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ഒരു സ്ഥാനാർത്ഥി പറഞ്ഞത്. മറ്റൊന്നും കൊണ്ടല്ല, തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചത് ആകെ ഒരൊറ്റ വോട്ടാണ്. അദ്ദേഹത്തിന്റെ കുടുംബത്തിൽ 12 വോട്ടർമാരുണ്ടായിരുന്നിട്ടും, അവരാരും അദ്ദേഹത്തിന് വോട്ട് ചെയ്തില്ല എന്നത് അദ്ദേഹത്തിന് തോൽവിയേക്കാൾ കൂടുതൽ നാണക്കേടുണ്ടാക്കി.
സംസ്ഥാനത്തെ വാപി ജില്ലയിലെ ചാർവാല ഗ്രാമത്തിലെ സർപഞ്ച് സ്ഥാനത്തേക്കായിരുന്നു സന്തോഷ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ മറ്റാരും കൂടെ നിന്നില്ലെങ്കിലും, കുടുംബാംഗങ്ങൾ തന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തനിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രമാണെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ 12 വോട്ടുള്ള കുടുംബാംഗങ്ങളിൽ ആരും തന്നെ അദ്ദേഹത്തിന് വോട്ട് ചെയ്തില്ല. കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഈ രീതിയിൽ അപമാനിച്ചത് അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. ഫലം കേട്ട അദ്ദേഹം വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം പൊട്ടിക്കരഞ്ഞു എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്തിലെ 8,686 ഗ്രാമപഞ്ചായത്തുകളിൽ 6,481 എണ്ണത്തിന്റെ ഫലമാണ് ചൊവ്വാഴ്ച രാത്രിയോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. 2,205 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ബോഡി അറിയിച്ചു. ആകെ 27,200 സ്ഥാനാർത്ഥികളാണ് സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത്. 1,19,998 സ്ഥാനാർത്ഥികൾ പഞ്ചായത്ത് അംഗങ്ങളാകാൻ മത്സരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികൾ പാർട്ടി ടിക്കറ്റിലല്ല, വ്യക്തിപരമായിട്ടാണ് മത്സരിക്കുന്നത്. എന്നാലും, അവർ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരായിരിക്കും.
(ചിത്രം പ്രതീകാത്മകം)
