Asianet News MalayalamAsianet News Malayalam

കുട്ടികള്‍ ക്ലാസില്‍വന്നില്ല, ശമ്പളം വാങ്ങിയ 23 ലക്ഷം തിരിച്ചുകൊടുത്ത് കോളജ് അധ്യാപകന്‍!

എന്നാല്‍ കോളജ് പ്രിന്‍സിപ്പല്‍ അധ്യാപകന്റെ നടപടിയെ നിശിതമായി വിമര്‍ശിക്കുകയാണ് ഉണ്ടായത്. ഇത് കോളജില്‍നിന്ന് സ്ഥലം മാറ്റം നേടാനുള്ള കുമാറിന്റെ ഒരു അടവ് മാത്രമാണ് എന്നദ്ദേഹം വിമര്‍ശിച്ചു.    

This college teacher returns 33 months salary as no student attend classes
Author
Patna, First Published Jul 7, 2022, 4:18 PM IST

കുട്ടികളെ നേരാംവണ്ണം പഠിപ്പിക്കാത്ത, ജോലിയോട് ഒട്ടും തന്നെ കൂറുകാണിക്കാത്ത അധ്യാപകര്‍ നമുക്ക് ചുറ്റിലുമുണ്ടാകും. പഠിക്കുന്നതിലല്ല, മറിച്ച് മാസം ലഭിക്കുന്ന ശമ്പളത്തിലാണ് അത്തരക്കാരുടെ ശ്രദ്ധ. എന്നാല്‍ അത്തരം അധ്യാപകര്‍ക്കൊരു അപവാദമാണ് ബിഹാറിലെ ഈ കോളജ് അധ്യാപകന്‍. കുട്ടികളെ പഠിപ്പിക്കാതെ തനിക്ക് ശമ്പളമായി കിട്ടിയ 23 ലക്ഷം രൂപ തിരിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്.  

ബിഹാറിലെ മുസാഫര്‍പൂരിലെ നിതീശ്വര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ലാലന്‍ കുമാര്‍. അദ്ദേഹം ഒരു ഹിന്ദി അധ്യാപകനാണ്. കോളേജില്‍ ചേര്‍ന്ന കാലം മുതല്‍ തന്റെ ക്ലാസ്സില്‍ ഹാജര്‍ കുറവാണ് എന്നദ്ദേഹം പറയുന്നു. ഇതിനിടയിലാണ് കോവിഡും വന്നത്.  ഇതോടെ കോളേജില്‍ പോയുള്ള പഠിപ്പിക്കലും നിന്നു. പക്ഷേ ശമ്പളം മാത്രം കൃത്യമായി എല്ലാ മാസവും വന്നു കൊണ്ടിരുന്നു. 

എന്നാല്‍, സ്വന്തം പണി ചെയ്യാതെ വെറുതെ ഇരുന്ന് ശമ്പളം വാങ്ങാന്‍ തന്നെ കിട്ടില്ലെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം. അതും ചുമ്മാ വാചകമടിക്കുകയല്ല, മറിച്ച് 33 മാസത്തെ  ശമ്പളം മുഴുവന്‍ അദ്ദേഹം തിരികെ നല്‍കുകയും ചെയ്തു. കഴിഞ്ഞ 33 മാസത്തെ ശമ്പളമായ ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ് 
33 -കാരനായ അദ്ദേഹം ബീഹാറിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയ്ക്ക് തിരികെ നല്‍കിയത്.

ജോലി ചെയ്യാതെ വെറുതെ ഇരുന്ന് ശമ്പളം വാങ്ങാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ്വൈസ്ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 2019 സെപ്റ്റംബര്‍ 24 -നാണ് കുമാര്‍ നിയമിതനായത്. ഹിന്ദി വിഭാഗത്തിലെ 131 കുട്ടികളില്‍ ഒരാള്‍ പോലും തന്റെ ക്ലാസ്സില്‍ എത്തിയിരുന്നില്ല എന്നദ്ദേഹം പറയുന്നു. പിന്നെ, കോവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനിലേയ്ക്ക് മാറി. അവിടെയും വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് ക്ലാസില്‍ പങ്കെടുത്തത്. പിന്നെ എങ്ങനെയാണ് ആ ശമ്പളം വാങ്ങുക എന്നദ്ദേഹം ചോദിക്കുന്നു. അതുകൊണ്ട് തന്നെ ശമ്പളമായി വാങ്ങിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ അദ്ദേഹത്തിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ബിആര്‍ അംബേദ്കര്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറായ ഡോ. താക്കൂറിന് കുമാര്‍ 23,82,228 രൂപയുടെ ചെക്കാണ് അദ്ദേഹം കൈമാറിയത്.  ഒപ്പം വി സി മുതല്‍ ഇന്ത്യന്‍ പ്രസിഡന്റ് വരെയുള്ളവര്‍ക്ക് കോളജുകളില്‍ എന്താണ് നടക്കുന്നത് എന്ന് വിശദീകരിക്കുന്ന ഒരു കത്തും അദ്ദേഹം അയച്ചു. 

ഡോ. താക്കൂര്‍ കുമാറിന്റെ ചെക്ക് ആദ്യം സ്വീകരിച്ചില്ല. പകരം ജോലി ഉപേക്ഷിക്കാന്‍ രജിസ്ട്രാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കുട്ടികള്‍ പഠിക്കാനെത്തുന്ന കോളജുകളിലോ സര്‍വകലാശാലാ പിജി ഡിപ്പാര്‍ട്ട്മെന്റിലേക്ക് സ്ഥലം മാറ്റം വേണമെന്നായിരുന്നു കുമാറിന്റെ ആവശ്യം. സര്‍വകലാശാലയുടെ വിദ്യാഭ്യാസ രീതികളെക്കുറിച്ചും അദ്ദേഹം പരാതികള്‍ ഉന്നയിച്ചു. കോളേജില്‍ പഠിപ്പിക്കാനുള്ള അന്തരീക്ഷമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. 

അതേസമയം, കുട്ടികള്‍ ഹാജരാവാത്ത വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോട് രജിസ്ട്രാര്‍ വിശദീകരണം തേടിയിരിക്കയാണ്.  ''കുമാറിന്റെ സംഭവം അസാധാരണവും അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നതുമാണ്. വിഷയം വൈസ് ചാന്‍സലറുമായി ചര്‍ച്ച ചെയ്യുകയാണ്. കുട്ടികള്‍ ഹാജരാകാത്തതിനെ കുറിച്ച് വിശദീകരിക്കാന്‍ കോളേജ് പ്രിന്‍സിപ്പലിനോട് ഉടന്‍ ആവശ്യപ്പെടും,'' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ കോളജ് പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ അധ്യാപകന്റെ നടപടിയെ നിശിതമായി വിമര്‍ശിക്കുകയാണ് ഉണ്ടായത്. ഇത് കോളജില്‍നിന്ന് സ്ഥലം മാറ്റം നേടാനുള്ള കുമാറിന്റെ ഒരു അടവ് മാത്രമാണ് എന്നദ്ദേഹം വിമര്‍ശിച്ചു.    'വിദ്യാര്‍ത്ഥികള്‍ ഹാജരാകാതിരുന്നതിന്റെ പേരിലൊന്നുമല്ല കുമാര്‍ ഇത് ചെയ്തത്, മറിച്ച് സ്ഥലം മാറ്റം നേടാനുള്ള ഒരു സമ്മര്‍ദ്ദ തന്ത്രമാണ് അയാളുടേത്,' പ്രിന്‍സിപ്പല്‍ പറഞ്ഞു. കോവിഡിന് മുമ്പ് പോലും വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഹാജരാകാതിരുന്നതിന്റെ കാരണം തിരക്കിയപ്പോള്‍  പ്രിന്‍സിപ്പലിന് വ്യക്തമായ ഒരു മറുപടി ഇല്ലായിരുന്നു. അതേസമയം, ആവശ്യം അംഗീകരിച്ചില്ലെങ്കില്‍, കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കാനാണ് കുമാറിന്റെ തീരുമാനം.  

ഡല്‍ഹി ജെ എന്‍ യുവില്‍നിന്നാണ് കുമാര്‍ ഹിന്ദി പിജി നേടിയത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് എംഫിലും പി എച്ച്ഡിയും കരസ്ഥമാക്കിയത്. അതിനുശേഷമാണ്, അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.  

Follow Us:
Download App:
  • android
  • ios