ഓരോ വര്‍ഷവും മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ ആറ് കോടി മരങ്ങളാണ് ഇല്ലാതെയാവുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി ജനതകളിലൊന്നായ ഗോണ്ട് സമുദായത്തെ സംബന്ധിച്ചിടത്തോളം, ആരെങ്കിലും മരിക്കുമ്പോൾ മൃതദേഹം ദഹിപ്പിക്കുന്നത് അവരുടെ അന്തിമ ചടങ്ങുകളുടെ ഭാഗമാണ്. നമ്മുടെ നാട്ടിലെ ചില വിഭാഗങ്ങളുടെ എന്നതുപോലെ തന്നെ മൃതദേഹം വിറകുകള്‍ക്ക് മുകളില്‍ വച്ച് ദഹിപ്പിക്കുക എന്നത് തന്നെയാണ് അവരുടെയും ശവസംസ്‍കാര ചടങ്ങിന്‍റെ രീതി. എന്നാൽ, ഈ പുരാതന ആചാരം വേണോ പരിസ്ഥിതി സംരക്ഷണം വേണോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ പ്രകൃതി സംരക്ഷണമായിരുന്നു ഗോണ്ട് സമുദായം തെരഞ്ഞെടുത്തത്. അങ്ങനെയാണ് ഛത്തീസ്‍ഗഢിലുള്ള ഈ സമുദായം മരിച്ചവരെ ദഹിപ്പിക്കുന്നതിന് പകരം സംസ്‍കരിക്കാനായി മറ്റ് രീതിയിലേക്ക് തിരിഞ്ഞത്.
'ഞങ്ങളുടെ സമുദായത്തിന് പ്രകൃതിയുമായി അവിഭാജ്യമായ ബന്ധമുണ്ട്. വനത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് ആത്മീയ പ്രാധാന്യമുള്ളവയാണ്. അതിനാൽ, പ്രകൃതിയെ എല്ലാ രൂപത്തിലും സുരക്ഷിതമാക്കാനും മനുഷ്യവർഗത്തിനായി മരങ്ങൾ സംരക്ഷിക്കാനും ഞങ്ങൾ തീരുമാനിച്ചു. വലിയ അളവില്‍ വിറകുകള്‍ ആവശ്യം വരികയും അത് കത്തിച്ചാരമാവുകയും ചെയ്യുന്ന മൃതദേഹം ദഹിപ്പിക്കുന്ന രീതി അതിനാൽ തന്നെ ഞങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു' -ഗോണ്ട് സമുദായത്തില്‍ പെടുന്ന വ്യക്തിയും ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ ഛത്തീസ്‍ഗഢിലെ കബീർദാം ജില്ലയിലെ, ജില്ലാ ഗോണ്ട് സേവാ സമിതിയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ധ് റാം മെരവി പറഞ്ഞു.

'ദഹിപ്പിക്കുന്നതിന് പകരം മരിച്ചവരെ അടക്കം ചെയ്യുന്ന രീതി സ്വീകരിച്ചാല്‍ മരങ്ങള്‍ വലിയ തോതില്‍ മുറിച്ചു മാറ്റുന്നത് തടയാനാവും. അതിനാൽ തങ്ങളുടെ ഭരണഘടനയിൽ മൃതദേഹം അടക്കം ചെയ്യുന്നത് ഉൾപ്പെടുത്താൻ സമുദായം തീരുമാനിച്ചു'. മാർച്ച് ആറിനും മാർച്ച് ഏഴിനും കബീർദാം ജില്ലയിൽ നടന്ന ദ്വിദിന കമ്മ്യൂണിറ്റി കോൺഫറൻസായ 'ഗോണ്ട് മഹാസമ്മേള'ന്‍റെ കൂട്ടായ തീരുമാനത്തെ പരാമർശിച്ച് മെരവി പറഞ്ഞു. പരിപാടിയിൽ രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.
വനവിഭവങ്ങളെ ആശ്രയിക്കുന്ന സമുദായം
'നിലനില്‍പ്പിനും അതിജീവനത്തിനുമായി വനങ്ങളെ ആശ്രയിക്കുന്ന സമുദായം കൂടിയാണ് ഗോണ്ട് സമുദായം. കാടും മരങ്ങളും അവര്‍ക്ക് അഭയവും മരുന്നും വെള്ളവും ഭക്ഷണവും ഇന്ധനവും നല്‍കുന്നു' എന്ന് ലിവ്‍ലിഹുഡ് സോഴ്സസ് ഓഫ് ഗോണ്ട് ട്രൈബ്: എ സ്റ്റഡി ഓഫ് വില്ലേജ് മംഗല്‍നാര്‍, ഭൈരംഗാഡ് ബ്ലോക്ക്, ഛത്തീസ്‍ഗഢ് എന്ന ശ്രബനി സന്യാല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി, രമ്യാഷ് എന്നിവിടങ്ങളിലെ അസോസിയേറ്റ് പ്രൊഫസറും ഛത്തീസ്‍ഗഢ്, ഭൈരംഗഢ് ഗവ. നവീന്‍ കോളേജിലെ അസി. പ്രൊഫസറും ആണ് ഇദ്ദേഹം.
രാമായണത്തില്‍ ഗോണ്ട് സമുദായത്തെ കുറിച്ചും, 1,300 മുതല്‍ 1,600 വരെ കാലങ്ങളില്‍ ഉള്ള അവരുടെ നാല് രാജവംശത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്ത് ഗോണ്ട് സമുദായത്തില്‍ പെടുന്ന 1.2 കോടിയിലധികം ജനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ പ്രധാനമായും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ്, ഒഡീഷ, തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഈ സംസ്ഥാനങ്ങളിൽ പലതിലും തങ്ങളുടെ കാർബൺ സംഭരണത്തിൽ കുറവുണ്ടായതായി പഠനങ്ങളുണ്ടായി. (ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിന്‍റെ വിശദമായ വിശകലനം 2019.).
‘മിട്ടി സൻസ്‌കാർ’ പാരമ്പര്യം
'ഞങ്ങളുടെ പ്രിയപ്പെട്ടവരെ ദഹിപ്പിക്കുന്നതിന് പകരം അവരെ അടക്കം ചെയ്യാനുള്ള തീരുമാനം ഗോണ്ടുകൾ സ്വാഗതം ചെയ്യുന്നു' ഗോത്ര സമുദായത്തിലെ അംഗമായ ചൈത് റാം രാജ് ധർവി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഗ്രാമത്തിനടുത്തുള്ള ചുയ്യയും അയൽനാടായ ബനാംഹൈദ, ചിൻഗൽഡൈ എന്നീ വനമേഖലയും ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. കൂടാതെ പുള്ളിപ്പുലികൾ, കാട്ടുപന്നി, കരടികൾ എന്നിവയുമുണ്ട്.

ദുർവിയിലെ ബുച്ചിപാറയിൽ താമസിക്കുന്നവർ അവരുടെ പഴയകാല 'മിട്ടി സൻസ്‌കാർ' (burial) പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഗോണ്ടുമാർക്കിടയിൽ 'മിട്ടി സൻസ്‌കാർ' നേരത്തെ പതിവായിരുന്നു. ഈ ആചാരത്തിലൂടെ ശരീരം പ്രകൃതിയുടെ അഞ്ച് അടിസ്ഥാന ഘടകങ്ങളായ ഭൂമി, വായു, ജലം, തീ, ആകാശം എന്നിവയുമായി കൂടിച്ചേരുന്നുവെന്ന് സമൂഹം വിശ്വസിക്കുന്നു. മധ്യകാലഘട്ടം മുതലാണ് ഗോണ്ട് സമുദായം മൃതദേഹം ദഹിപ്പിക്കുന്ന രീതിയിലേക്ക് മാറിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആ സമയത്താണ് സമുദായത്തിൽ കൂടുതലായി മറ്റ് മത, സാംസ്‍കാരിക രീതികള്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയത്.
കഴിഞ്ഞ നൂറ്റാണ്ടുകളിലായി ജീവിതരീതികളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. മൃതദേഹം ദഹിപ്പിക്കുന്നതും മണിക്കൂറുകളോളം ഇത് കത്തുന്നതും പതിവാവുകയും ചെയ്‍തു. ഓരോ വര്‍ഷവും മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ ആറ് കോടി മരങ്ങളാണ് ഇല്ലാതെയാവുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 80 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡാണ് ഇതുവഴി പുറന്തള്ളുന്നത്. 5,00,000 ടൺ ചാരം പിന്നീട് നദികളിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇതിനൊരു ബദലെന്ന നിലയിലാണ് സര്‍ക്കാരുകളും പരിസ്ഥിതി സംഘടനകളും ഗോണ്ട് സമുദായത്തിന് വൈദ്യുത സംവിധാനം നിര്‍ദ്ദേശിച്ചത്.
ഹരിത ശ്മശാന സംവിധാനം
മൃതദേഹം ദഹിപ്പിക്കുന്നതിന്‍റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ദില്ലി ആസ്ഥാനമായുള്ള മോക്ഷ്‍ദ എന്ന എൻജിഒ, ഒരു മൃതദേഹം കുറഞ്ഞ സമയത്തും സാധാരണയുള്ളതിനേക്കാൾ കുറഞ്ഞ വിറകും ഉപയോഗിച്ച് പൂർണമായും കത്തിച്ചുകളയുമെന്ന് ഉറപ്പുവരുത്തുന്ന 'ഹരിത ശ്മശാന സംവിധാനം' സൃഷ്ടിക്കുന്നതിനെ ഗോണ്ട് സമുദായാംദങ്ങള്‍ക്ക് പരിചയപ്പെടുത്തി.
'പരമ്പരാഗതമായി ഒരു ചിത ഒരുക്കുന്നതിന് ആറ് മണിക്കൂർ എടുക്കും. ഒരു ശരീരം പൂർണമായും കത്തിക്കാൻ 500 കിലോഗ്രാം മുതൽ 600 കിലോഗ്രാം വരെ മരം ആവശ്യമാണ്. അതേസമയം നമ്മുടെ ഈ ബദൽ സംവിധാനത്തിന്‍റെ പ്രയോജനം ഒരു മൃതദേഹം ദഹിപ്പിക്കാൻ രണ്ട് മണിക്കൂറും 150 കിലോഗ്രാം മുതൽ 200 കിലോ വരെ വിറകും മാത്രമേ എടുക്കൂ എന്നതാണ്.' മോക്ഷ്‍ദ എക്സിക്യൂട്ടീവ് ഓഫീസർ അൻഷുൽ ഗാർഗ് പറഞ്ഞു. ഇതുവഴി ഇന്ധനച്ചെലവ് കുറയ്ക്കുക മാത്രമല്ല, ഉദ്‌വമനം പോലും 60% വരെ കുറയ്ക്കുകയും ചെയ്യുന്നു. മോക്ഷ്‍ദയുടെ ഹരിത ശ്‍മശാന സമ്പ്രദായത്തിൽ ഒരു മേൽക്കൂരയ്‌ക്ക് താഴെയുള്ള താപനഷ്ടം കുറയ്ക്കുന്ന ഒരു ചിമ്മിനിയടക്കമുള്ള സംവിധാനങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവിടെ വിറകുകള്‍ മെറ്റൽ സ്ലേറ്റുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് തീജ്വാലകൾക്ക് ചുറ്റും മികച്ച വായുസഞ്ചാരം സാധ്യമാക്കുന്നു.
ഏതായാലും പ്രകൃതിയെ ദൈവത്തെ പോലെ കണക്കാക്കുന്ന ഒരു സമുദായം, പ്രകൃതി സംരക്ഷണത്തിനായി ഞങ്ങളുടെ മരണാന്തര ചടങ്ങുപോലുള്ള ഏറ്റവും പ്രാധാന്യമേറിയ ആചാരം തന്നെ മാറ്റാന്‍ തയ്യാറാകുന്നു. ഇതുവഴി പ്രകൃതിയെയാണ് സംരക്ഷിക്കേണ്ടതെന്നും മനുഷ്യന്‍റെ ആചാരാനുഷ്ഠാനങ്ങള്‍, പുതിയകാലത്തില്‍ പ്രകൃതിയെ ഉപദ്രവിക്കാത്ത രീതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും ഉദ്ഘോഷിച്ച് ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഈ സമുദായം.
