ട്രെയിനിൽ അപായ ചങ്ങല വലിച്ച് അതിന്റെ കുറ്റം ഒരു വൃദ്ധന്റെ തലയിൽ കെട്ടിവയ്ക്കാൻ തീരുമാനിച്ച് യുവാക്കള്‍. അവരത് ചെയ്യുകയും ചെയ്തു. എന്നാല്‍, ടിടിയും പൊലീസ് ഉദ്യോഗസ്ഥനും കോച്ചിലെത്തിയപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്.
ട്രെയിൻ യാത്രയിൽ തനിക്കിട്ട് പണി തരാൻ വന്ന യുവാക്കൾക്ക് അതിലും വലിയ പണി അങ്ങോട്ട് കൊടുത്ത് ഒരു വൃദ്ധൻ. കയ്യടിച്ച് നെറ്റിസൺസ്. @Vaishali44X എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. ആളൊഴിഞ്ഞ ഒരു ട്രെയിൻ കോച്ചിലുണ്ടായ സംഭവമാണ് പോസ്റ്റിൽ വിവരിക്കുന്നത്. ആ കോച്ചിൽ ഒരു വൃദ്ധനിരിപ്പുണ്ടായിരുന്നു. ജനാലയ്ക്കരികിലിരുന്നുകൊണ്ട് അദ്ദേഹം തന്റെ യാത്ര ആസ്വദിക്കുകയായിരുന്നു. ആ സമയത്താണ് എട്ടോ പത്തോ യുവാക്കൾ കംപാർട്‍മെന്റിലേക്ക് കയറിയത്. അതോടെ കോച്ചിലാകെ ഒച്ചയായി, ബഹളമായി. അതുകൊണ്ടും തീർന്നില്ല!
കൂട്ടത്തിൽ ഒരാൾക്ക് ട്രെയിനിലെ അപായ ചങ്ങല വലിക്കണം. ആദ്യം കൂട്ടത്തിൽ ചിലർ അതിന് മടിച്ചുവെങ്കിലും അവസാനം എല്ലാവർക്കും അത് സമ്മതമായി. പിഴ ഒടുക്കേണ്ടി വരുമെന്നും യുവാക്കൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനുള്ള തുകയും അവർ എല്ലാവരില്‍ നിന്നുമായി ശേഖരിച്ചു. 500 രൂപയ്ക്ക് പകരം 1200 രൂപയാണ് അവര്‍ക്ക് കിട്ടിയത്. എന്നാൽ, അപായ ചങ്ങല വലിച്ച് അതിന്റെ കുറ്റം കോച്ചിലിരിക്കുന്ന വൃദ്ധന്റെ തലയിൽ കെട്ടിവയ്ക്കാനായി അവസാനം സംഘത്തിന്റെ പ്ലാൻ. അതവര്‍ തുറന്ന് പറയുകയും ചെയ്തു. അപ്പോള്‍ വൃദ്ധന്‍ ഞാന്‍ നിങ്ങളോട് എന്ത് തെറ്റാണ് മക്കളേ ചെയ്തത് എന്നും ചോദിക്കുന്നുണ്ട്.
എന്നാല്‍, അധികം വൈകാതെ തന്നെ അവർ അപായച്ചങ്ങല വലിക്കുകയും ട്രെയിൻ പെട്ടെന്ന് നിൽക്കുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥരും ഒരു പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണത്തിനായി സ്ഥലത്തെത്തി. യുവാക്കൾ ഉടൻ തന്നെ ആ വൃദ്ധന് നേരെ വിരൽ ചൂണ്ടുകയും, നേരത്തെ പ്ലാൻ ചെയ്തത് പോലെ അദ്ദേഹമാണ് ചെയിൻ വലിച്ചതെന്ന് പറയുകയും ചെയ്തു.
എന്നാൽ, വൃദ്ധന്റെ പ്രതികരണം വളരെ ശാന്തമായിരുന്നു. താൻ തന്നെയാണ് അപായ ചങ്ങല വലിച്ചതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. തനിക്ക് മറ്റ് മാർഗമില്ലായിരുന്നു എന്നും ആ യുവാക്കൾ തന്റെ കയ്യിൽ നിന്നും 1200 രൂപ തട്ടിയെടുത്തെന്നും അതിനാലാണ് അപായച്ചങ്ങല വലിച്ചതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒപ്പം ആ നോട്ടുകളെ കുറിച്ചുള്ള കൃത്യമായ വിവരണങ്ങളും നൽകി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒരു യുവാവിന്റെ പോക്കറ്റിൽ നിന്ന് ഈ തുക കണ്ടെത്തുകയും ചെയ്തു. ഇതോടെ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, വൃദ്ധൻ പണം തിരികെ വാങ്ങുകയും ചെയ്തു.
'അനുഭവസമ്പത്തിനെ അത്ര എളുപ്പത്തിൽ പറ്റിക്കാൻ കഴിയില്ല' എന്ന വരിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. വലിയ മാനസികസംഘർഷത്തിലൂടെ കടന്നുപോകേണ്ടിയിരുന്ന സമയത്തും ആ മനുഷ്യൻ പ്രതികരിച്ച രീതി വലിയ മതിപ്പാണ് നെറ്റിസൺസിലുണ്ടാക്കിയിരിക്കുന്നത്. അതാണ് ജീവിതം കൊണ്ട് അറിവും അനുഭവവുമുള്ള മനുഷ്യരും യുവാക്കളും തമ്മിലുള്ള വ്യത്യാസം എന്നാണ് പലരും പ്രതികരിച്ചത്. അഹങ്കാരികളായ യുവാക്കൾക്ക് കിട്ടേണ്ടത് തന്നെ കിട്ടി എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.


