അവരെ ഇരുത്താനും ബാൽ കുടുംബത്തെ കടന്നുപോകാൻ വഴിയൊരുക്കാനും എനിക്കും ഏതാനും യാത്രക്കാർക്കും വലിയ ഒച്ച വയ്ക്കേണ്ടി വന്നു. സ്വന്തം നാട്ടുകാരായ ആളുകൾ സ്വാർത്ഥമായ രീതിയിൽ പെരുമാറിയത് തികച്ചും ഞെട്ടിപ്പിക്കുന്നതായിരുന്നു.
രാജസ്ഥാനിലെ ബാർമറിൽ പരിശീലന പരിപാടിക്കിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ജെറ്റ് തകർന്ന് രണ്ട് പൈലറ്റുമാർ അന്തരിച്ചത് വ്യാഴാഴ്ചയാണ്. വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണവർ. ഇന്നലെ ലെഫ്റ്റനന്റ് അദ്വിതീയ ബാലിന്റെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ഡൽഹിയിൽ നിന്ന് ജോധ്പൂരിലെത്തി. ഇതേ വിമാനത്തിലുണ്ടായിരുന്ന ഒരു ട്വിറ്റർ ഉപയോക്താവ് ഇതുമായി ബന്ധപ്പെട്ട് വേദനിപ്പിക്കുന്ന ഒരു അനുഭവം പങ്ക് വച്ചു.
മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന
"ഫ്ലൈറ്റ് ലെഫ്റ്റനന്റ് ബാലിന്റെ കുടുംബം 3 -ാം വരിയിൽ എന്റെ തൊട്ടടുത്താണ് ഇരുന്നിരുന്നത്. ഞങ്ങൾ ഇറങ്ങുമ്പോൾ, ബാൽ കുടുംബത്തെ വേഗം ഇറങ്ങാൻ അനുവദിക്കുന്നതിനായി എല്ലാവരോടും ഇരിക്കാൻ ക്യാപ്റ്റൻ അഭ്യർത്ഥിച്ചു. 1, 2 വരിയിലുള്ള എല്ലാവരും അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന അവഗണിക്കുകയായിരുന്നു" അഭിഭാഷകനായ ഷെർബിർ പനാഗ് ട്വീറ്റ് ചെയ്തു. ഫ്ലൈറ്റ് ലെഫ്റ്റനന്റിന്റെ കുടുംബത്തെ കടന്നുപോകാൻ മറ്റ് യാത്രക്കാർ അനുവദിച്ചില്ലെന്നും പനാഗ് പറഞ്ഞു. ലഫ്റ്റനന്റ് ജനറൽ (റിട്ട.) എച്ച്. എസ് പനാഗിന്റെ മകനും നടൻ ഗുൽ പനാഗിന്റെ സഹോദരനുമാണ് ഷെർബിർ പനാഗ്.
"അവരെ ഇരുത്താനും ബാൽ കുടുംബത്തെ കടന്നുപോകാൻ വഴിയൊരുക്കാനും എനിക്കും ഏതാനും യാത്രക്കാർക്കും വലിയ ഒച്ച വയ്ക്കേണ്ടി വന്നു. സ്വന്തം നാട്ടുകാരായ ആളുകൾ സ്വാർത്ഥമായ രീതിയിൽ പെരുമാറിയത് തികച്ചും ഞെട്ടിപ്പിക്കുന്നതായിരുന്നു. അതാണ് ത്യാഗത്തോടുള്ള നമ്മുടെ ആദരവിന് പിന്നിലെ യാഥാർത്ഥ്യം" അദ്ദേഹം പറഞ്ഞു. നിരവധിപ്പേർ ഈ ട്വീറ്റിനോട് പ്രതികരണമറിയിച്ചു.
അപകടത്തിൽ പെട്ട മിഗ് -21 ട്രെയിനർ വിമാനം വ്യാഴാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ഉതർലായ് എയർ ബേസിൽ നിന്ന് പരിശീലനത്തിനായി പറന്നതായിരുന്നു. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചിരുന്നു.
