ദ്വീപിൽ ആരോഗ്യസംവിധാനങ്ങൾ വളരെ പരിമിതമാണ് എന്നത് കൊവിഡിനെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഇവിടെ ഏറെപ്പേരും പ്രായമായവരാണ്.
ലോകത്തെമ്പാടും കൊറോണ വൈറസ് മഹാമാരി ആഞ്ഞടിച്ചു. പല തരംഗങ്ങളിലായി നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓരോ രാജ്യത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. കേരളത്തിലടക്കം വീണ്ടും കൊവിഡ് കൂടിത്തുടങ്ങി. എന്നാൽ, ഈ ബ്രിട്ടീഷ് ദ്വീപിൽ ഇതുവരെയായി ഒരൊറ്റ കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിന്റെ കരയില്‍ നിന്നും 9881 കിലോമീറ്റര്‍ അകലെയുള്ള ട്രിസ്റ്റൻ ഡ കുൻഹ (Tristan da Cunha) എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വത ദ്വീപാണ് കൊവിഡിൽ നിന്നും ഇതുവരെയും രക്ഷപ്പെട്ട് നിന്നിട്ടുള്ളത്.

ഇതൊരു അഗ്നിപർവത ദ്വീപാണ്, സ്ഥിതി ചെയ്യുന്നത് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ആഫ്രിക്കൻ വൻകരയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലും. ആകെ ജനസംഖ്യ വെറും 250 -ൽ താഴെ മാത്രമാണ്. മാത്രവുമല്ല, ലോകമാകെ കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിലും സമ്മർദ്ദങ്ങളിലും വീർപ്പുമുട്ടിയപ്പോൾ ഇവിടെ യാതൊരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ ജനങ്ങൾ ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്മസും പുതുവത്സരവും അവർ നിയന്ത്രണങ്ങളേതും ഇല്ലാതെ തന്നെ ആഘോഷിച്ചു എന്നും ദ്വീപിലെ നിവാസികൾ തന്നെ സാക്ഷ്യം പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കേപ്പിൽ നിന്നും ഒരാഴ്ച യാത്ര ചെയ്താലാണ് ദ്വീപിലെത്തിച്ചേരാനാവുക. വളരെ വളരെ അപൂർവമായിട്ടാണ് ആരെങ്കിലും ഈ ദ്വീപിൽ എത്തിച്ചേരുന്നത് തന്നെ. ഇത്രയും നീണ്ട യാത്രയായത് കാരണം ഗവേഷകരോ മത്സ്യത്തൊഴിലാളികളോ പോലും ദ്വീപിലേക്ക് അധികം എത്തിയിരുന്നില്ല. മാത്രവുമല്ല, ലോകമാകെയും കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ഏതെങ്കിലും കപ്പലിലെത്തിയ ആർക്കെങ്കിലും കൊവിഡ് ഉണ്ട് എന്ന് സംശയം തോന്നിയാൽ പോലും ആ കപ്പൽ ദ്വീപിലടുപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല ദ്വീപ് നിവാസികൾ.

ദ്വീപിൽ ആരോഗ്യസംവിധാനങ്ങൾ വളരെ പരിമിതമാണ് എന്നത് കൊവിഡിനെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഇവിടെ ഏറെപ്പേരും പ്രായമായവരാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തന്നെയും ഐസിയു സൗകര്യമോ വെന്റിലേറ്ററോ ഇവിടെ ലഭ്യമല്ല. അഞ്ച് കുടുംബങ്ങളിലായി 218 പേരും അതിന് പുറമേ ഡോക്ടർമാരും നഴ്സുമടക്കം ആരോഗ്യപ്രവർത്തകരുമാണ് ഇവിടെ ഉള്ളത്.
വോള്‍ഡോമീറ്ററിന്‍റെ കണക്കുകൾ പ്രകാരം ട്രിസ്റ്റൻ ഡ കുൻഹയുടെ മാതൃരാജ്യമായ യുകെയില്‍ ഇതുവരെ 2,27,41,065 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാത്രവുമല്ല, 1,80,417 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു കഴിഞ്ഞു.
