വര്‍ഷത്തില്‍ 50-60 പരീക്ഷകളെങ്കിലും പുഷ്പ എഴുതും. ഓരോ ആഴ്ചയും ഒരു പരീക്ഷയെങ്കിലും എഴുതാനുണ്ടാകും. അവധിയെടുത്തോ, ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്തോ ആണ് ഈ പരീക്ഷയെഴുത്ത്. കമ്പനിയിലുള്ളവരും ഇതിനോട് സഹകരിക്കുന്നു.
ബംഗളൂരുവില്‍ ടെക്കിയായ പുഷ്പ ഒഴിവു വേളകളിലെല്ലാം ചേര്‍ന്ന് ആകെ എഴുതിയ പരീക്ഷകളെത്ര എന്ന് ചോദിച്ചാല്‍ '700 -ന് മുകളില്‍' എന്ന് ഉത്തരം വരും. ഈ പരീക്ഷകളെല്ലാം പുഷ്പയെഴുതിയത് ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടിയാണ്. അതിനാല്‍ തന്നെയാണ് അര്‍ഹമായ 'നാരീശക്തി പുരസ്കാരം' അവര്‍ക്ക് ലഭിച്ചത്.
31 -കാരിയായ പുഷ്പ ഈ യാത്ര തുടങ്ങുന്നത് 2007 -ലാണ്. എന്‍.ജി.ഒ നടത്തുന്ന ഒരു സുഹൃത്താണ് പുഷ്പയോട് കാഴ്ചയില്ലാത്ത ഒരു വിദ്യാര്‍ത്ഥിക്കു വേണ്ടി പരീക്ഷയെഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നത്. നല്ല ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയാണ് എന്ത് പ്രതിഫലത്തേക്കാളും വലുതെന്നാണ് പുഷ്പ പറയുന്നത്. കാഴ്ചയില്ലാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ -യുടെ അടുത്താണ് താമസം എന്നതുകൊണ്ടു തന്നെ അവരെ ദിവസവും കാണുന്നുണ്ടായിരുന്നു. അവരെ സഹായിക്കാന്‍ എല്ലായ്പ്പോഴും പുഷ്പ ശ്രമിച്ചിരുന്നു. അതുകൊണ്ട് അങ്ങനെയൊരു വിദ്യാര്‍ത്ഥിക്കായി പരീക്ഷയെഴുതുന്നത് പുഷ്പയ്ക്ക് സന്തോഷം നല്‍കി.
സ്വന്തം ജീവിതത്തില്‍, ഏഴാം ക്ലാസില്‍ വെച്ചുണ്ടായ ഒരു സംഭവവും പുഷ്പ ഓര്‍ത്തെടുക്കുന്നു. ആദ്യത്തെ അനുഭവമായിരുന്നു അവള്‍ക്കത്. പരീക്ഷാ ഫീസ് നല്‍കാനാവാത്തതുകൊണ്ട് പുഷ്പയെ അധ്യാപകര്‍ പരീക്ഷാഹാളില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അന്ന്, പോളിയോ ബാധിതനായ ഒരാളാണ് സഹായത്തിനെത്തിയത്. പിന്നീട്, ആ പണം തിരികെ നല്‍കി. അതുകൊണ്ട് തന്നെ മറ്റുള്ളവരെ സഹായിക്കുക എന്നത് തന്‍റെയും കൂടി കടമയാണെന്ന് അവള്‍ വിശ്വസിച്ചു.
വര്‍ഷത്തില്‍ 50-60 പരീക്ഷകളെങ്കിലും പുഷ്പ എഴുതും. ഓരോ ആഴ്ചയും ഒരു പരീക്ഷയെങ്കിലും എഴുതാനുണ്ടാകും. അവധിയെടുത്തോ, ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്തോ ആണ് ഈ പരീക്ഷയെഴുത്ത്. കമ്പനിയിലുള്ളവരും ഇതിനോട് സഹകരിക്കുന്നു.
ഇങ്ങനെ പരീക്ഷയെഴുതാന്‍, ക്ഷമ, ആത്മവിശ്വാസം, ഏകോപനം എന്നീ മൂന്ന് കാര്യങ്ങള്‍ ആവശ്യമാണെന്നാണ് പുഷ്പ പറയുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി താന്‍ എഴുതുന്ന പരീക്ഷയെ അപേക്ഷിച്ചിരിക്കും. വിദ്യാര്‍ത്ഥി ടെന്‍ഷനിലായാലും താന്‍ കൂളായിരിക്കുമെന്നും പുഷ്പ പറയുന്നു. സ്വന്തം പരീക്ഷയ്ക്ക് മാര്‍ക്ക് ലഭിച്ചതിനേക്കാള്‍ സന്തോഷമാണ് ഇപ്പോള്‍ പുഷ്പയ്ക്ക് താന്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് നല്ല മാര്‍ക്ക് ലഭിക്കുമ്പോള്‍ കിട്ടുന്നത്.
