പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തോന്നിയപോലെ വലിച്ചെറിയുന്നത് നമ്മുടെ പ്രകൃതിക്കും കാലാവസ്ഥയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. പല സര്‍ക്കാരുകളും ഇങ്ങനെ മാലിന്യം വലിച്ചെറിയാതിരിക്കാനും അവ യഥാവിധം സംസ്‍കരിക്കാനും പ്ലാസ്റ്റിക് അടക്കമുള്ളവയുടെ ഉപയോഗം കുറക്കാനുമൊക്കെയുള്ള വഴികള്‍ തിരയുകയും നടപ്പിലാക്കുകയുമാണ്. എന്നാല്‍, നാസിക്കിലെ ഇന്ദിരാനഗറില്‍ നിന്നുള്ള ചന്ദ്ര കിഷോര്‍ പാട്ടീല്‍ ചെയ്യുന്നത് തീര്‍ത്തും വ്യത്യസ്‍തമായ ഒരു കാര്യമാണ്. രാവിലെ മുതല്‍ രാത്രി 11 മണിവരെ ഗോദാവരി നദിക്കരികില്‍ നില്‍ക്കുകയും ആളുകളെ മാലിന്യം വലിച്ചെറിയുന്നതില്‍ നിന്ന് തടയുകയുമാണ് ചന്ദ്ര കിഷോര്‍. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി കിഷോര്‍ തുടരുന്ന പ്രവൃത്തിയാണിത്. അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു വിസിലുമുണ്ട്. അതുമായി അദ്ദേഹം നദിക്കരയില്‍ നില്‍ക്കും. പുഴയിലേക്ക് ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ ഉടനെത്തന്നെ അവര്‍ക്കരികിലെത്തി അതില്‍നിന്നും അവരെ തടയും. എന്നിട്ടും വലിച്ചെറിയാന്‍ തുനിയുകയാണെങ്കില്‍ ഒരു കുപ്പിയില്‍ അല്‍പം വെള്ളമെടുത്ത് ഇതൊന്ന് രുചിച്ചു നോക്കൂ എന്ന് പറയും. മാത്രവുമല്ല, അവരെ മലിനീകരണത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ഇനിയെങ്കിലും അങ്ങനെ ചെയ്യരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. 

ഐഎഫ്‍എസ് ഓഫീസറായ സ്വേതാ ബോഡ്ഡു ചന്ദ്ര കിഷോറിന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവയ്ക്കുകയുണ്ടായി. കയ്യിലൊരു വിസിലുമായി ദിവസം മുഴുവനും ഈ മനുഷ്യന്‍ റോഡരികില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ആളുകളെ ഗോദാവരിയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായിട്ടായിരുന്നു ഇതെന്ന വിവരവും അവര്‍ ട്വിറ്ററില്‍ പങ്കിട്ടു. 

താന്‍ നദിക്കരികിലാണ് താമസിക്കുന്നത്. ഓരോ വര്‍ഷവും അത് കൂടുതല്‍ കൂടതല്‍ മലിനീകരിക്കപ്പെടുന്നത് താന്‍ കാണുന്നുണ്ട്. ഓരോ ആഘോഷത്തിനും ആളുകള്‍ കൂടുതല്‍ മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നു. അഞ്ച് വര്‍ഷം മുമ്പ് അങ്ങനെയാണ് താന്‍ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തന്‍റെ ആരോഗ്യം അനുവദിക്കും വരെ താനിത് തുടരുമെന്നും ചന്ദ്ര കിഷോര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുകയുണ്ടായി. 

ഐഎഫ്‍എസ് ഓഫീസറായ സ്വേതയുടെ ട്വീറ്റ് കണ്ട് നിരവധിപ്പേരാണ് ചന്ദ്ര കിഷോറിനോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിച്ചത്. പലരും അദ്ദേഹത്തെ 'യഥാര്‍ത്ഥ ഹീറോ' എന്ന് വിശേഷിപ്പിച്ചു. കൂടാതെ അദ്ദേഹം എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാണെന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.