ഉച്ചഭക്ഷണസാധനങ്ങളുമായി പുഴയും കാടും താണ്ടുന്ന അധ്യാപകരുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ വൈറലായി. നിരവധിപ്പേരാണ് ഈ അധ്യാപകരെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നത്.

ഇന്ത്യയിലെ പല ഗ്രാമങ്ങളിലെയും സ്കൂളുകളിലേക്ക്(school) അധ്യാപകരും(teachers) വിദ്യാര്‍ത്ഥികളും(students) മൈലുകളോളം നടന്ന് എത്തിച്ചേരേണ്ടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പല വാർത്തകളും നാം അതുപോലെ കാണാറുണ്ട്. എന്നാൽ, ഇവിടെ ഛത്തീസ്‍ഗഢിലെ വിദൂര ഗ്രാമമായ ബൽറാംപൂർ ജില്ലയിൽ നിന്നുള്ള അധ്യാപകർ ഉച്ചഭക്ഷണത്തിനുള്ള റേഷനുമായി മലകളും അരുവികളും പോലുള്ള ദുഷ്‌കരമായ ഭൂപ്രദേശങ്ങൾ താണ്ടി എട്ട് കിലോമീറ്ററോളം സഞ്ചരിക്കുകയാണ്. 

ആ അധ്യാപകരിലൊരാൾ ANI -യോട് പറഞ്ഞത് ഇങ്ങനെയാണ്, "ഗ്രാമത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുപോലെ, ഗ്രാമത്തിലേക്ക് ഒരു റോഡ് നിർമ്മിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു."

Scroll to load tweet…

പിന്നീട്, ബൽറാംപൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി എക്ക ഈ രണ്ട് അധ്യാപകർ ആരാണെന്ന് കണ്ടെത്തുകയും ഇത് മനസിലാക്കുകയും ചെയ്തു. അദ്ദേഹം ANI-യോട് പറഞ്ഞത് ഇങ്ങനെ, "ഞാൻ ഇവർ ആരാണ് എന്ന് മനസ്സിലാക്കി. ഞങ്ങളുടെ രണ്ട് അധ്യാപകരായ സുശീൽ യാദവും പങ്കജും അവിടെയാണ് ജോലി ചെയ്യുന്നത്. അവർ PDS കടയിൽ നിന്ന് ഉച്ചഭക്ഷണ റേഷൻ എടുത്ത് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ സ്കൂളിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രവർത്തനത്തിന് ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നു."

ഉച്ചഭക്ഷണസാധനങ്ങളുമായി പുഴയും കാടും താണ്ടുന്ന അധ്യാപകരുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ വൈറലായി. നിരവധിപ്പേരാണ് ഈ അധ്യാപകരെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നത്. എന്നാൽ, അപ്പോഴും ആ അധ്യാപകർ ​ഗ്രാമത്തിലേക്ക് ഒരു റോഡ് വരും എന്ന പ്രതീക്ഷയിലാണ്.