കുറച്ച് നാളുകൾക്കു മുമ്പാണ് ഒമ്പത് മാസം പ്രായമുള്ള നാല് കടുവക്കുട്ടികളെ അനാഥരാക്കി അവരുടെ അമ്മ ചത്തത്. അമ്മയുടെ മരണശേഷം ഒരു കടുവക്കുഞ്ഞിനെ പ്രായപൂർത്തിയായ മറ്റൊരു കടുവ കൊന്നുകളഞ്ഞു.
സ്നേഹവും കരുതലും കരുണയും ഒക്കെ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കഴിഞ്ഞദിവസം വൈറലായ ഒരു ട്വിറ്റർ പോസ്റ്റ്. മരിച്ചുപോയ സഹോദരിയുടെ മൂന്നു കുഞ്ഞുങ്ങളെ തൻ്റെ കുഞ്ഞുങ്ങൾക്കൊപ്പം പരിപാലിക്കുന്ന കടുവയാണ് താരം. നാലു കുഞ്ഞുങ്ങളാണ് സ്വന്തമായി ഈ കടുവയ്ക്ക് ഉള്ളത്. പക്ഷേ അവൾ ഇപ്പോൾ ഏഴ് പേർക്കും അമ്മയാണ്.
ട്വിറ്ററിൽ രസകരമായ വന്യജീവി കഥകൾ പങ്കിടുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ഒരു കടുവയുടെയും ഏഴ് കുഞ്ഞുങ്ങളുടെയും ഹൃദയസ്പർശിയായ കഥയുമായി എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നന്ദ പങ്കിട്ട ഒരു ഫോട്ടോയിൽ ഒരു ചത്ത മൃഗത്തിന് ചുറ്റും നിൽക്കുന്ന 7 കടുവകൾ ആണ് ഉള്ളത്. ആ ചിത്രത്തിന് താഴെയാണ് നന്ദ അവരുടെ കഥ വിവരിച്ചിരിക്കുന്നത്. ഇത് കേൾക്കുമ്പോൾ മനുഷ്യരേക്കാൾ ഹൃദയബന്ധം മൃഗങ്ങൾ കാണുമെന്ന് തോന്നിപ്പോകും.
കുറച്ച് നാളുകൾക്കു മുമ്പാണ് ഒമ്പത് മാസം പ്രായമുള്ള നാല് കടുവക്കുട്ടികളെ അനാഥരാക്കി അവരുടെ അമ്മ ചത്തത്. അമ്മയുടെ മരണശേഷം ഒരു കടുവക്കുഞ്ഞിനെ പ്രായപൂർത്തിയായ മറ്റൊരു കടുവ കൊന്നുകളഞ്ഞു. എന്നാൽ ഇതോടെ അപകടം മനസ്സിലാക്കിയ ചത്തുപോയ കടുവയ്ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്ന മറ്റൊരു മുതിർന്ന കടുവ ശേഷിച്ച മൂന്ന് കടുവക്കുട്ടികളുടെയും സംരക്ഷണം ഏറ്റെടുത്തു. സംരക്ഷണം ഏറ്റെടുത്ത മുതിർന്ന കടുവ മരിച്ചുപോയ കടുവയുടെ സഹോദരി ആണെന്നാണ് നന്ദ പറയുന്നത്. അങ്ങനെ ആ കടുവ തന്റെ നാല് കുട്ടികൾക്കൊപ്പം സഹോദരിയുടെ മൂന്നു കുട്ടികൾക്ക് കൂടി അമ്മയായി. കാട്ടിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ് ഇതെന്നാണ് നന്ദ വിവരിക്കുന്നത്. സഹോദരിയുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി വേട്ടയാടുമ്പോൾ അവൾ പ്രത്യേക പരിഗണന നൽകാറുണ്ടെന്നും ഇവയെ സ്ഥിരമായി നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി അദ്ദേഹം പറയുന്നു. ഇപ്പോൾ അവൾ കാട്ടിലെ അതിജീവന രീതി ഈ ഏഴു കുഞ്ഞുങ്ങൾക്കും ഒരുപോലെ പകർന്നു നൽകുകയാണ്.
ചൊവ്വാഴ്ചയാണ് സുശാന്ത നന്ദ ട്വിറ്റർ പേജിൽ ഈ ചിത്രവും ഹൃദയസ്പർശിയായ കഥയും പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. മനുഷ്യന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വം മൃഗങ്ങൾ പഠിക്കുമ്പോൾ അത് കണ്ടുപഠിക്കണം എന്ന് ഉൾപ്പെടെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
