ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഇന്ത്യയിൽ ഇന്ന് പെൺകുട്ടികൾ ചെന്നെത്താത്ത മേഖലകളില്ല. മുഴുവൻ സമയ ധനമന്ത്രിയായി ഇന്ത്യാമഹാരാജ്യത്തിന്റെ ബജറ്റവതരിപ്പിക്കാൻ  ഇക്കുറി വന്നത് ഒരു വനിതയായിരുന്നു. പേര് നിർമല സീതാരാമൻ. എസ്ബിഐ എന്ന ഇന്ത്യക്കാരുടെ സ്വന്തം ബാങ്കിന്റെ തലപ്പത്തു വന്ന് അരുന്ധതി ഭട്ടാചാര്യയും ചരിത്രം കുറിച്ചു. പിവി സിന്ധു എന്ന ഇന്ത്യൻ സ്പോർട്സ് താരം ബാഡ്മിന്റണിൽ ലോകചാമ്പ്യൻ പട്ടം നേടി. ഭാവന കാന്ത് ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ് ആയി. അങ്ങനെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള പെൺകുട്ടികൾ നേട്ടങ്ങളുടെ പരകോടിയിലെത്തി നിൽക്കുമ്പോൾ, ചെറുതെങ്കിലും നേട്ടങ്ങളുടെ ഏറെ പ്രസക്തമായ ആദ്യപടികളിൽ ഒന്ന് ചവിട്ടിക്കേറി നിൽക്കുകയാണ് രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ മൂന്നു പെൺകുട്ടികൾ. ഗ്രാമത്തിന്റെ പേര് ഭഡ്ല. ആ ഗ്രാമത്തിൽനിന്ന് പത്താം ക്ലാസ് പരീക്ഷ പാസാക്കുന്ന ആദ്യത്തെ പെൺകുട്ടികളാണ് അവർ.

അവരുടെ നേട്ടത്തിന്റെ പേരിൽ ആ ഗ്രാമമാകെ ഉത്സവപ്രതീതിയിലാണ്. അവിടെയുള്ളവർ ആ വിവരം ചെണ്ടകൊട്ടി ഗ്രാമത്തിൽ വിളംബരം ചെയ്യുകയാണ്. സന്തോഷം പങ്കുവയ്ക്കാൻ വേണ്ടി എല്ലാവർക്കും മധുരം വിതരണം ചെയ്യുകയാണ്. കുട്ടികളെ കാണുന്നവരൊക്കെ അവരെ അഭിനന്ദിക്കുന്നുണ്ട്. അവർക്ക് ഉപരിപഠനത്തിനു വേണ്ട ചെലവുകൾ വഹിക്കാൻ തയ്യാറാണെന്ന് അവരെ അറിയിക്കുന്നുമുണ്ട്. കുട്ടികൾ ഈ നേട്ടം കൊയ്തു എങ്കിലും, ഇന്നും, ആ ഗ്രാമത്തിൽ ഒരു സ്‌കൂളില്ല. അഞ്ചുവർഷം മുമ്പ് ഒരു സ്‌കൂൾ ഉണ്ടായിരുന്നത്, ലാഭകരമല്ല എന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ പൂട്ടുകയായിരുന്നു. 

രാജസ്ഥാൻ സ്റ്റേറ്റ് ബോർഡിൽ സ്റ്റേറ്റ് സിലബസിൽ പഠിച്ചാണ് അവർ പരീക്ഷയെഴുതിയത്. നവംബറിൽ എഴുതിയ പരീക്ഷയുടെ ഫലം വന്നത് ഇപ്പോഴാണ് എന്നുമാത്രം. അമീറോ, ബഞ്ചി, ഹീരാ ബാനു എന്നിവരാണ് വിപരീത സാഹചര്യങ്ങളോട് പടപൊരുതി വിജയം വരിച്ച ആ മിടുക്കിക്കുട്ടികൾ. അവർ ഇന്ന് ഗ്രാമത്തിലെ മറ്റു പെൺകുട്ടികൾക്കൊക്കെയും മാതൃകയാണ്. അവരെ ഏറെ ബഹുമാനത്തോടെയാണ് ഇളയ കുട്ടികൾ കാണുന്നത്. ഭഡ്ലയിലെ ഗ്രാമമുഖ്യൻ നേരിട്ടാണ് പുഷ്പഹാരങ്ങൾ അണിയിച്ചുകൊണ്ട് ഈ പെൺകുട്ടികളെ അഭിനന്ദിച്ചത്.