മഴയത്ത് രാത്രിയിൽ റോഡ് മുറിച്ചുകടന്ന കൂറ്റൻ പെരുമ്പാമ്പിന് മുകളിലൂടെ കാർ കയറ്റിയിറക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഡ്രൈവറുടെ അശ്രദ്ധയ്ക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ, രാത്രി യാത്രകളിൽ വന്യജീവികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഉപയോക്താക്കൾ ഓർമ്മിപ്പിക്കുന്നു.

പ്രകൃതിക്ഷോഭങ്ങൾക്ക് എല്ലായിടത്തും ഒരു സ്വഭാവമാണ്. മഴയെങ്കിൽ അതിശക്തമായ മഴ. കാട്ടുതീ... അങ്ങനെ കാലാവസ്ഥാ വ്യതിയാനം ഭൂമിയിൽ കാര്യമായ രീതിയിൽ തന്നെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. ഇത് മനുഷ്യനെ മാത്രല്ല, ഭൂമിയിലെ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ തങ്ങളുടെ ആവസവ്യവസ്ഥ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാൻ മൃഗങ്ങൾ നിർബന്ധിതരാകുന്നു. ഇത് പലപ്പോഴും മനുഷ്യ മൃഗ സംഘർഷങ്ങൾക്ക് കാരണമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ ഭയപ്പെടുത്തുന്നതായിരുന്നു. മഴ പെയ്യുന്ന ഒരു രാത്രിയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന കൂറ്റനൊരു പെരുമ്പാമ്പിന്‍റെ മുകളിലൂടെ ഒരു കാർ അതിവേഗം കയറി ഇറങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്.

ജാഗ്രത വേണം രാത്രി യാത്രയ്ക്ക്

പെരുമ്പാമ്പിന് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനായി നിർത്തിയിട്ട ഒരു കാറിൽ നിന്നും ചിത്രീകരിച്ച വീഡിയോയായിരുന്നു അത്. എന്നാൽ, എതിരെ വന്ന കാർ ഡ്രൈവർ മുന്നറിയിപ്പുകളെ അവഗണിച്ചും പാമ്പിന് മുകളിലൂടെ തന്‍റെ കാർ ഓടിച്ച് മുന്നോട്ട് പോയി. അപ്രതീക്ഷിതമായി കാർ കയറി ഇറങ്ങിയ പാമ്പ് പേടിച്ച് പോവുകയും വളരെ വേഗം അവിടെ നിന്നും കടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയം വീഡിയോ ചിത്രീകരിച്ചിരുന്നവർ മുന്നോട്ട് നീങ്ങുമ്പോൾ പെരുമ്പാമ്പ് വീണ്ടും റോഡ് മുറിച്ച് കടക്കുന്നത് കാണാം. കാർ പാമ്പിന്‍റെ ശരീരത്തിലൂടെ കടന്ന് പോയതിനെ തുടർന്ന് അതിന് കാര്യമായ പരിക്കേറ്റോയെന്ന് വ്യക്തമല്ലെങ്കിലും അത് ഇഴഞ്ഞ് റോഡിന് മുറിച്ച് കടന്നു.

Scroll to load tweet…

വേണം, മനുഷ്യനോളം പ്രാധാന്യം

ദൃശ്യങ്ങൾ വൈറലായതോടെ ഡ്രൈവറുടെ അശ്രദ്ധയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു. വന്യജീവികൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജീവികൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അവസരം നൽകണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. മഴക്കാലത്ത് പാമ്പുകളും മറ്റ് വന്യജീവികളും മാളങ്ങളിൽ നിന്ന് പുറത്തേക്ക് എത്തുന്നതിനാൽ റോഡുകളിലും ദേശീയപാതകളിലും ഇത്തരം സാഹചര്യങ്ങൾ പതിവാകാമെന്നും അതിനാൽ രാത്രികാല യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ഓർമിപ്പിച്ചു. മനുഷ്യനെ പോലെ ഈ ഭൂമിയുടെ നിലനിൽപ്പിന് എല്ലാ ജീവികൾക്കും അതിന്‍റെതായ പങ്കുണ്ടെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. മറ്റ് ചിലർ കാർ ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യൻ കൂടിതൽ ജാഗ്രത ഇരിക്കണമെന്ന് ചിലർ എഴുതിയപ്പോൾ, അല്പം സഹാനുഭൂതി കൂടിയാകാമെന്ന് മറ്റ് ചില‍ർ കുറിച്ചു. വീഡിയോയിലെ സംഭാഷണം ഹിന്ദിയാണെങ്കിലും എവിടെ നിന്ന് ഏപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല,