തുറസ്സായ അയൽപക്കങ്ങളിൽ മനുഷ്യർ തമ്മിൽ കൂടുതൽ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തെരുവിൽ താമസിക്കുന്നവർ പരസ്പരം അറിയുകയും സഹായിക്കുകയും ചുറ്റുമുള്ള ജീവജാലങ്ങളെപ്പോലും കരുതലോടെ കാണുകയും ചെയ്യുന്നു.

ഗേറ്റഡ് സൊസൈറ്റികളും തുറസ്സായ അയൽപക്കങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഒരു വ്യക്തി പങ്കുവെച്ച നിരീക്ഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. 'ബെബാക് എപി' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലാണ് ഇരു രീതികളും താരതമ്യം ചെയ്യുന്നത്. ഗേറ്റഡ് സൊസൈറ്റികൾ ഉയർന്ന സുരക്ഷയും നല്ല സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടെ നിങ്ങൾക്ക് ചുറ്റുമതിലുകളും ബേസ്‌മെന്റ് പാർക്കിംഗും സുരക്ഷാ ജീവനക്കാരും മികച്ച വെളിച്ചവുമെല്ലാം ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. മറുഭാഗത്ത്, തുറസ്സായ അയൽപക്കങ്ങളിൽ താമസിക്കുന്നവർക്ക് ശുചിത്വത്തിനും സുരക്ഷയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും സേവനങ്ങളെയാണ് കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത്.

എന്നാൽ, ഇത്തരം സൊസൈറ്റികളുടെ നേട്ടങ്ങൾ ആ കോമ്പൗണ്ട് മതിലുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. "അവരുടെ സുരക്ഷ ഈ വീടിനും ഗേറ്റിനും ഉള്ളിൽ മാത്രമാണ്. ഗേറ്റിന് പുറത്തേക്കിറങ്ങിയാൽ രണ്ടു കൂട്ടരുടെയും അവസ്ഥ ഒന്നുതന്നെയാണ്. രണ്ടു വിഭാഗവും ശ്വസിക്കുന്നത് ഒരേ വായു തന്നെയാണ്" അദ്ദേഹം വ്യക്തമാക്കി.

തുറസ്സായ അയൽപക്കങ്ങളിൽ മനുഷ്യർ തമ്മിൽ കൂടുതൽ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തെരുവിൽ താമസിക്കുന്നവർ പരസ്പരം അറിയുകയും സഹായിക്കുകയും ചുറ്റുമുള്ള ജീവജാലങ്ങളെപ്പോലും കരുതലോടെ കാണുകയും ചെയ്യുന്നു. എന്നാൽ ഫ്ലാറ്റ് സംസ്കാരത്തിൽ തൊട്ടടുത്ത് താമസിക്കുമ്പോഴും ആളുകൾ പരസ്പരം അകന്നു കഴിയുകയാണ്.

വേനൽക്കാലത്ത് തെരുവ് മൃഗങ്ങൾക്ക് കുടിക്കാൻ സൊസൈറ്റിക്ക് പുറത്ത് ഒരു പാത്രത്തിൽ വെള്ളം വെക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചപ്പോൾ സൊസൈറ്റി അംഗങ്ങൾ തന്നോട് വഴക്കിട്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു. തന്റെ കാഴ്ചപ്പാടിൽ ഈ രണ്ട് ജീവിതരീതികൾ തമ്മിലുള്ള യഥാർത്ഥ വ്യത്യാസം സൗകര്യങ്ങളിലല്ല, മറിച്ച് ചുറ്റുമുള്ളവരോട് നമ്മൾ കാണിക്കുന്ന സമീപനത്തിലാണ്. "ഈ സൊസൈറ്റിക്കുള്ളിൽ വെച്ച് എനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹായിക്കാൻ ആരും കാണില്ല. എന്നാൽ തുറസ്സായ ഈ പ്രദേശത്താണ് അത് സംഭവിക്കുന്നതെങ്കിൽ എല്ലാവരും ഒപ്പം നിൽക്കും" എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

View post on Instagram

വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. "ചുറ്റും നല്ല മനുഷ്യരുണ്ടെങ്കിൽ അത് ഗേറ്റഡ് സൊസൈറ്റിയാണോ അല്ലയോ എന്നത് ഒരു വിഷയമല്ല" എന്ന് ഒരാൾ കുറിച്ചപ്പോൾ, "അടിസ്ഥാന സൗകര്യങ്ങളേക്കാൾ പ്രധാനം യഥാർത്ഥ മാനുഷിക ബന്ധങ്ങളാണ്" എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. "രണ്ടിടത്തും ജീവിച്ച അനുഭവത്തിൽ തുറസ്സായ അയൽപക്കങ്ങളിലാണ് കൂടുതൽ സൗഹാർദ്ദമുള്ളത്. ഗേറ്റഡ് സൊസൈറ്റികളിൽ സൗകര്യങ്ങൾ ഭംഗിയായി നടക്കുമെങ്കിലും ആളുകളുടെ ഈഗോ നിയന്ത്രിക്കാനാവാത്തത്ര വലുതാണ്" എന്നായിരുന്നു മറ്റൊരു പ്രതികരണം.