കാറിന്റെ പിന്‍ഭാഗം തുറന്നപ്പോഴാണ് പൊലീസ് ഞെട്ടിയത്, അവിടെ സ്യൂട്ട്‌കേസുകള്‍ക്കും പെട്ടികള്‍ക്കുമിടയില്‍ ഒരു കടുവക്കുട്ടി!

അമിതവേഗത കണ്ടപ്പോഴാണ് ട്രാഫിക്ക് പൊലീസ് ആ വാഹനം തടഞ്ഞത്. കാറിലുണ്ടായിരുന്നത് ഒരു യുവാവും യുവതിയുമായിരുന്നു. പൊലീസ് ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ കാറിലുള്ളവര്‍ പെട്ടെന്ന് കുപിതരായി. കൂടുതല്‍ ചോദ്യം തുടര്‍ന്നപ്പോള്‍ അവര്‍ രക്ഷപ്പെടാനും ശ്രമിച്ചു. അതോടെ പൊലീസ് അവരുടെ കാറിനു മുന്നില്‍ തങ്ങളുടെ വാഹനം കൊണ്ടിട്ട് ദമ്പതികളെ പിടികൂടിയ ശേഷം കാര്‍ പരിശോധിച്ചു. 

കാറിന്റെ പിന്‍ഭാഗം തുറന്നപ്പോഴാണ് പൊലീസ് ഞെട്ടിയത്, അവിടെ സ്യൂട്ട്‌കേസുകള്‍ക്കും പെട്ടികള്‍ക്കുമിടയില്‍ ഒരു കടുവക്കുട്ടി! കാറില്‍നിന്നും നാല് തോക്കുകളും നിരവധി വെടിയുണ്ടകളും പൊലീസ് കണ്ടെത്തി. നിയമവിരുദ്ധമായി കടുവക്കുട്ടിയെ സൂക്ഷിച്ചതിന് യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മെക്‌സിക്കോയിലെ ക്വെറെറ്റാരോ സംസ്ഥാനത്താണ് സംഭവം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പതിവു വാഹന പരിശോധനകള്‍ക്കിടെയാണ് പൊലീസ് കാറില്‍നിന്നും കടുവക്കുട്ടിയെ കണ്ടെത്തിയത്. 

മയക്കുമരുന്നു മാഫിയകള്‍ വിഹരിക്കുന്ന മെക്‌സിക്കോയില്‍ കടുവ അടക്കമുള്ള ജീവികളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും വളരെ കൂടുതലാണ്. സ്വന്തമായി കടുവയെ വളര്‍ത്തുന്നത് മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ അഭിമാനമായാണ് കാണുന്നത്. ഇതിനാല്‍, കാട്ടില്‍നിന്നും കടുവയെ പിടിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. 

സത്യത്തില്‍ മെക്‌സിക്കോയില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നത് നിയമവിരുദ്ധമല്ല. നിയമപ്രകാരമുള്ള ഏജന്‍സികളില്‍നിന്നും രേഖകളുള്ള കാട്ടുമൃഗങ്ങളെ വാങ്ങുന്നതും വളര്‍ത്തുന്നതും ഇവിടെ നിയമവിധേയമാണ്. എന്നാല്‍, നിയമവിരുദ്ധമായി, രേഖകളൊന്നുമില്ലാതെ കടുവകള്‍ അടക്കമുള്ള വന്യജീവികളെ പിടിക്കുകയും വളര്‍ത്തുകയും കടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ ഇവിടെ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള കടുവയെയാണ് കാറില്‍നിന്നും കണ്ടെത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.