Asianet News MalayalamAsianet News Malayalam

പ്രഫുൽ ദാസ്, കുഴൽക്കിണറില്‍ വീണ കേരളത്തിന്റെ കണ്ണുനീർ

  • കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഗവൺമെന്റ് ജില്ലാ ആശുപത്രിക്ക് സമീപത്താണ് 2006 ഏപ്രിൽ 27 ന് ഈ അപകടം നടന്നത്
  • പറന്നുപോയ ബലൂണിന് പുറകെ ഓടിയ പ്രഫുൽ ദാസ്, കുഴൽക്കിണറിൽ വീണ് മരിക്കുകയായിരുന്നു
tiruchirappalli incident reminds Praful das victim borewell accident kerala
Author
District Medical Office (Health), First Published Oct 27, 2019, 7:36 PM IST

കാഞ്ഞങ്ങാട്: തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുമ്പോൾ കിലോമീറ്ററുകൾ അകലെ കേരളത്തിൽ, ഒരമ്മ ആ ജീവൻ രക്ഷപ്പെടാനുള്ള പ്രാർത്ഥനയിലാണ്. 13 വർഷങ്ങൾക്ക് മുൻപ് സംഭവിച്ച, സമാനമായ കുഴൽക്കിണർ അപകടത്തിലാണ് വിനോദിനിക്ക് തന്റെ മകൻ പ്രഫുൽ ദാസ് എന്ന നാലര വയസുകാരനെ നഷ്ടപ്പെട്ടത്.

കൈയ്യിൽ നിന്നും പറന്നുപോയ ബലൂണിന് പുറകെ ഓടിയതായിരുന്നു പ്രഫുൽ. ആ ഓട്ടം, ഒരു പക്ഷെ കേരളത്തെ ഞെട്ടിച്ച അതിദാരുണമായ ദുരന്തത്തിലാണ് ചെന്നവസാനിച്ചത്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഗവൺമെന്റ് ജില്ലാ ആശുപത്രിക്ക് സമീപത്താണ് 2006 ഏപ്രിൽ 27 ന് ഈ അപകടം നടന്നത്.

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചതായിരുന്നു കിണർ. മതിൽകെട്ടി വേർതിരിച്ചതായിരുന്നില്ല ഇവിടം. മുന്നൂറ് അടിയോളം താഴ്ത്തി കുഴിച്ചിട്ടും വെള്ളം കിട്ടാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. കിണറിൽ സ്ഥാപിച്ചിരുന്ന വലിയ പൈപ്പ് വലിച്ചൂരി എടുത്തു. അപ്പോൾ കിണറിന്റെ മുകൾ ഭാഗത്ത്, കുഴിയുടെ വായ് ഭാഗം ഭാഗം വലുതായി.

ഇതുപോലൊരു അപകടം ആരും മുൻകൂട്ടി കണ്ടിരുന്നില്ല എന്ന് തന്നെ കരുതണം. കുഴൽക്കിണറിൽ നിന്ന് പൈപ്പൂരി എടുത്തപ്പോൾ, കുഴിയുടെ മുകൾഭാഗം മൂടിവച്ചില്ല. കിണറിന് മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് വെറുതെ വച്ച് കുഴി മറച്ചു. ഇതിനോട് അധികം ദൂരെയല്ലാതെയായിരുന്നു പ്രഫുലും കുടുംബവും താമസിച്ചിരുന്ന വീട്. 

"2006 ഏപ്രിൽ 27 ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. വീടിന് മുന്നിൽ ബലൂണുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ബലൂൺ പറന്നുപോയി. അത് പിടിക്കാൻ പുറകെ ഓടിയതായിരുന്നു അവൻ," പ്രഫുലിന്റെ അമ്മ വിനോദിനി അപകടത്തെ ഓർത്തു പറഞ്ഞു.

ഇന്നത്തെ പോലെ ദൃശ്യമാധ്യമങ്ങളും സോഷ്യൽമീഡിയയും അന്ന് സജീവമായിരുന്നില്ല. എന്നിട്ടും വാർത്ത കാട്ടുതീ പോലെ പരന്നു. അപകട സ്ഥലത്തേക്ക് ജില്ലയുടെ പല ഭാഗത്ത് നിന്നായി ആളുകൾ എത്തി. ഇവിടം ജനസാഗരമായി മാറി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.

തുടക്കത്തിൽ 30 അടി താഴ്ചയിലേക്കാണ് പ്രഫുൽ വീണത്. അവൻ ശ്വാസമെടുക്കുന്നുണ്ടെന്നും, ജീവനുണ്ടെന്നും മനസിലായതോടെ ഏത് വിധേനയും രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കി. പ്രതീക്ഷ മുഴുവനും കേരള ഫയർ ഫോഴ്‌സിലായിരുന്നു. എന്നാൽ മുന്നൂറ് അടി താഴ്ചയുള്ള കുഴിക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു അവരും. കുഴിയിലേക്ക് ആളിറങ്ങി കുട്ടിയെ രക്ഷിക്കാനാവുമോ എന്നായിരുന്നു ആദ്യത്തെ ആലോചന. ഇന്ന് പ്രാവർത്തികമല്ലെന്ന് കണ്ട് ഉപേക്ഷിച്ചു.

"ഈ കിണറിന് തൊട്ടടുത്ത് ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുക്കാനായിരുന്നു പിന്നെ ആലോചിച്ചത്. പക്ഷെ ജെസിബി കൊണ്ട് മണ്ണെടുക്കുമ്പോൾ കിണറിനകത്ത് മണ്ണിടിയാനുള്ള സാധ്യത ഉണ്ടെന്ന് മനസിലാക്കിയതോടെ അതും ഉപേക്ഷിക്കുകയായിരുന്നു," പ്രഫുലിന്റെ അമ്മാവൻ ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

കിണറിനകത്ത് കൈകൾ മുകളിലേക്ക് ഉയർത്തിയ നിലയിലായിരുന്നു പ്രഫുലും. അങ്ങിനെയാണ് കൈകളിൽ കയർ കുരുക്കി മുകളിലേക്ക് വലിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയത്. കൈകൾ കയറിൽ കുരുക്കുന്നതിൽ വിജയിച്ചതോടെ അതീവ ശ്രദ്ധയോടെ മുകളിലേക്ക് വലിച്ചെടുക്കാനായി ശ്രമം. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. കയറിന്റെ പിടിവിട്ട് പ്രഫുൽ കൂടുതൽ ആഴത്തിലേക്ക് വീണു. പിന്നീട് നടത്തിയ പരിശോധനയിൽ 90 അടി താഴ്ചയിലാണ് കുഞ്ഞുള്ളതെന്ന് കണ്ടെത്തി.

ഏറ്റവും വേഗത്തിൽ കുഞ്ഞിനെ പുറത്തെടുക്കണം എന്ന ചിന്തയാണ്, കാസർകോട് പെരിയ സ്വദേശിയായ കെ കുമാരന് മേൽ ഭാരിച്ച ഉത്തരവാദിത്വം എത്താൻ കാരണമായത്. കുഴൽക്കിണറുകളിലെ മോട്ടോറുകൾക്ക് തകരാർ സംഭവിച്ചാൽ, ഇത് പുറത്തെടുത്ത് തകരാർ പരിഹരിക്കുന്നതായിരുന്നു കുമാരന്റെ മികവ്. 

"ഭൂമിക്കടിയിൽ ഉറവകളിൽ നിന്നുള്ള വെള്ളം ഊർന്നിറങ്ങി എല്ലാ കുഴൽക്കിണറിലും ഒരു നിശ്ചിത നിരപ്പിൽ വെള്ളമുണ്ടാകാറുണ്ട്. അത് അവിടെയും ഉണ്ടായിരുന്നു. വീഴ്ചയിൽ കുഞ്ഞ് ഈ വെള്ളത്തിലേക്കാണ് വീണതെന്ന് വ്യക്തമായി. മാത്രമല്ല, അപകടം നടന്ന സ്ഥലത്ത് ഭൂമിയിൽ സൾഫറിന്റെ അംശവും കൂടുതലായിരുന്നു. അതിനാൽ തന്നെ കുഞ്ഞ് മരിച്ചിരിക്കാമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു," കുമാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

കുമാരനെ സ്ഥലത്തെത്തിച്ചപ്പോഴേക്കും അപകടം നടന്ന് ആറ് മണിക്കൂറിലേറെ പിന്നിട്ടിരുന്നു. ജില്ലാ കളക്‌ടറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ടാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിരുന്നത്. എന്നാൽ കുഞ്ഞ് കൂടുതൽ താഴ്ചയിലേക്ക് വീണതോടെ എല്ലാ പ്രതീക്ഷയും ഏതാണ്ട് അസ്തമിച്ചു. വിശദമായ പരിശോധനയിൽ കുഞ്ഞ് മരിച്ചെന്ന് ഉറപ്പായതോടെയാണ് രാത്രി ഒൻപത് മണിയോടെ കുമാരനെ വിളിച്ചത്.

"നാല് മണിയോടെയാണ് എന്നോട് അപകട സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടത്. ഞാനെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചെന്ന് അവർ സ്ഥിരീകരിച്ചിരുന്നു. അര ഇഞ്ച് വലിപ്പത്തിലുള്ള കമ്പികൾ തമ്മിൽ കോർത്ത് ഒരു ചങ്ങല ഉണ്ടാക്കിയാണ് മോട്ടോർ പുറത്തെടുക്കുന്നത്. ആ ശ്രമം തന്നെയാണ് അവിടെയും ഉപയോഗിച്ചത്. ഏതാണ്ട് ആറ് മണിക്കൂറോളം പരിശ്രമിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്," കുമാരൻ പറഞ്ഞു.

അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രഫുലിന്റെ അമ്മയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചു. ഇവർക്ക് വീട് വയ്ക്കാൻ സർക്കാർ സ്ഥലവും മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

ഇന്ത്യയിൽ തന്നെ പലയിടത്തും പിന്നെയും പല വട്ടം കുഴൽക്കിണർ അപകടങ്ങൾ ആവർത്തിച്ചു. പലപ്പോഴും അനാസ്ഥയുടെ ഇരകളായി കുഞ്ഞ് ജീവനുകൾ ആ കുഴികളിൽ അവസാന ശ്വാസം വലിച്ചു. ഓരോ കുഴൽക്കിണർ അപകടവാർത്തയും പ്രഫുലിന്റെ കുടുംബത്തിനും നാട്ടുകാർക്കും നീറുന്ന ഓർമ്മയാണിന്നും.

Follow Us:
Download App:
  • android
  • ios