ഓഗസ്റ്റ് 13 -നാണ് ഷെൻ തന്റെ കരളിന്റെ ഒരു ഭാഗം മകൾക്ക് ദാനം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ട്രാൻസ്പ്ലാൻറ് വിജയകരമായിരുന്നു.

ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഒരു യുവാവിന്റെ കരളലിയിക്കുന്ന ജീവിതാനുഭവമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ കുഞ്ഞുമകൾക്ക് കരളിന്റെ ഒരു ഭാ​ഗം പകുത്ത് നൽകിയ അച്ഛൻ ചികിത്സയ്ക്ക് പണം ചുരുക്കുന്നതിനായി ആശുപത്രിയിൽ നിൽക്കാതെ വീട്ടിൽ തന്നെ സ്വയം പരിചരിചരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടിയത്.

ഷെൻ എന്ന പിതാവാണ് മകൾക്ക് വേണ്ടി കരളിന്റെ ഒരുഭാ​ഗം പകുത്ത് നൽകിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ വച്ച് യുവാവ് സ്വന്തം ബാൻഡേജുകൾ മാറ്റുന്നതും മറ്റുമായ വീഡിയോയാണ് വൈറലായി മാറിയത്.

20 -കളുടെ തുടക്കത്തിലാണ് ഷെന്നിന്റെയും ഭാര്യയുടേയും പ്രായം. 2024 -ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒരു കു‍ഞ്ഞ് പിറന്നപ്പോൾ ഏറെ സന്തോഷിച്ചെങ്കിലും യിയി എന്ന മകൾ ജനിച്ച് ആഴ്ചകൾക്കുള്ളിൽ, അവൾക്ക് മഞ്ഞപ്പിത്തം പിടിപെടുകയായിരുന്നു. ഇത് പിന്നീട് ​ഗുരുതരാവസ്ഥയിലെത്തി.

വിവിധ ആശുപത്രികളിൽ മകളുമായി ദമ്പതികൾ കയറിയിറങ്ങി. ഒടുവിൽ അവൾക്ക് കരൾ രോ​ഗവും സിറോസിസും കണ്ടെത്തുകയായിരുന്നു. ചികിത്സകൾ തുടങ്ങി. ആദ്യം ചികിത്സയിൽ പുരോ​ഗതി ഉണ്ടായെങ്കിലും യിയിയുടെ അവസ്ഥ പിന്നീട് വഷളായി. കരൾ മാറ്റിവയ്ക്കുകയല്ലാതെ മാർ​ഗങ്ങളില്ല എന്ന് ഡോക്ടർമാരും അറിയിച്ചു.

ഓഗസ്റ്റ് 13 -നാണ് ഷെൻ തന്റെ കരളിന്റെ ഒരു ഭാഗം മകൾക്ക് ദാനം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ട്രാൻസ്പ്ലാൻറ് വിജയകരമായിരുന്നു.

അപ്പോഴേക്കും മാനസികമായ വേദനകൾക്കും സമ്മർദ്ദങ്ങൾക്കും പിന്നാലെ കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ഷെന്നിനും ഭാര്യയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നു. ചികിത്സാ ചെലവുകൾ ഇതിനകം 100,000 യുവാൻ (12,31,905 രൂപ) കവിഞ്ഞിരുന്നു. ഭാര്യ താവോ യിയിയെ പരിചരിച്ചപ്പോൾ ഷെൻ ആദ്യം ജോലിക്ക് പോയിരുന്നു. എന്നാൽ, അവസ്ഥ വഷളായതിനെത്തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. കുടുംബം പുലർത്താൻ ഷെൻ പിന്നീട് ചെറിയ ചില ജോലികൾ ചെയ്തു. കൂടുതൽ ചെലവുകൾ ഇല്ലാതിരിക്കാനാണ്, ഷെൻ ആശുപത്രിയിൽ നിന്ന് നേരത്തെ ഡിസ്ചാർജ് വാങ്ങുകയും വീട്ടിൽ എത്തുകയും ചെയ്തത്.

മകൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ് എന്നും ഷെൻ തന്റെ വീഡിയോകളിൽ വിശദീകരിക്കുകയും ചെയ്തു. അനേകങ്ങളാണ് ഷെന്നിന്റെ വീഡിയോകൾ കാണുന്നത്.