" ഇന്ന് എല്ലാം നിയന്ത്രിക്കുന്നത് എല്ലാറ്റിലും ഇടപെടാനും എന്തും നിരീക്ഷിക്കാനും  ആഗ്രഹിക്കുന്ന, തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള ഒരു ഗവൺമെന്റാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, ഭരിക്കുന്ന പാർട്ടിയുടെ തലപ്പത്ത് എല്ലാം ഹിന്ദുക്കൾ മാത്രമാണ്. എന്നാൽ, പത്തുപന്ത്രണ്ടുവര്ഷം മുമ്പുള്ള അവസ്ഥ അങ്ങനെ ആയിരുന്നില്ല. 2007-ൽ നമുക്കൊരു മുസ്‌ലിം പ്രസിഡണ്ടുണ്ടായിരുന്നു. ഒരു സിഖ് പ്രധാനമന്തി, ഭരിച്ചിരുന്ന പാർട്ടിയുടെ തലപ്പത്തോ ഒരു ക്രിസ്ത്യൻ വനിതയും. പാർലമെന്റിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. പക്ഷേ, അവർ ഒരിക്കലും തങ്ങളുടെ ഹൈന്ദവമായ വിശ്വാസങ്ങളെ മറ്റുള്ള ന്യൂനപക്ഷങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ  തുനിഞ്ഞിരുന്നില്ല. ഇന്ന് സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്. ഇന്ന് ബീഫ് തിന്നു എന്നതിന്റെ പേരിൽ, മുമ്പ് പതിവില്ലാത്തവിധം ഒരു മുസ്ലീമിനെ ക്രൂശിക്കാം എന്ന അവസ്ഥയായിട്ടുണ്ട്.  ബീഫ് നിരോധത്തിനുപോലും വേദകാലത്തിന്റെ പിന്തുണയില്ല. വേദങ്ങളടക്കമുള്ള പല പുരാതന ഗ്രന്ഥങ്ങളിലും ബീഫ് തീറ്റ അന്ന് പതിവായിരുന്നു എന്നതിന്റെ തെളിവുകളുണ്ട്. ഇവിടെ മതേതരത്വത്തിനും, ജനാധിപത്യത്തിനും, മാത്രമല്ല ഇടിവ് സംഭവിച്ചിരിക്കുന്നത്, ഹൈന്ദവപരമ്പര്യങ്ങളെപ്പറ്റി അവർക്കുതന്നെയുള്ള അവബോധത്തിനുകൂടിയാണ് " - എന്ന് നോബൽ സമ്മാന ജേതാവും, സാമ്പത്തിക ശാസ്ത്രജ്ഞനും, താത്വികനുമായ അമർത്യാ സെൻ പറഞ്ഞു. ദ ന്യൂയോർക്കറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

" മോദിക്ക് ഇന്ത്യയെപ്പറ്റി വേണ്ടത്ര വിശാലമായ ഒരു ധാരണയില്ല. ഇന്ത്യ വളരെയധികം വൈവിധ്യമുള്ള, ബഹുസ്വരതയുള്ള ഒരു രാജ്യമാണ്. നരേന്ദ്ര മോദി ചെറുപ്പം തൊട്ടേ ആർഎസ്എസ് ആശയങ്ങളുമായി പരിചയിച്ച പോന്നിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ ആ ആശയങ്ങൾക്ക് അദ്ദേഹത്തിന്റെ നയങ്ങളിൽ കാര്യമായ സ്വാധീനവും ചെലുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ അതേ സമയം, ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ, മോദി വളരെ ഊർജസ്വലനും, കർമ്മകുശലനും, ഇടപെട്ട രംഗങ്ങളിലെല്ലാം തന്നെ  വിജയം നേടിയവനുമാണ്. അതിനെ നമ്മൾ മോദി എഫക്റ്റ് എന്ന് വിളിക്കുന്നു. 

കാര്യമായ സാമ്പത്തിക സഹായവും ഇന്ത്യയിലെ ബിസിനസ്സ് വൃത്തങ്ങളിൽ നിന്ന് അവർക്കു കിട്ടി. ഞാൻ പറയുന്നത് സംഭാവനപ്പട്ടികയുടെ ഏറ്റവും മുകളിലുള്ള ഒന്നോ രണ്ടോ കമ്പനികളുടെ കാര്യമല്ല. ബിസിനസ് മേഖലയിൽ നിന്ന് കാര്യമായ സഹായങ്ങൾ, മറ്റുള്ള കക്ഷികളെവെച്ചു നോക്കുമ്പോൾ എത്രയോ അധികമായി മോദിക്കും പാർട്ടിക്കും കിട്ടി എന്നതും ഇത്തവണ എന്നെ അതിശയിപ്പിച്ച കാര്യങ്ങളിൽ ഒന്നാണ്. 

സർ ജോൺ സ്റ്റുവർട്ട് മിൽ പറഞ്ഞിട്ടുള്ളത്, ' സംവാദത്തിലൂടെയുളള ഭരണകൂടമാണ് ജനാധിപത്യം' ( 'Democracy is government by discussion' ) എന്നാണ്. ആ അടിസ്ഥാന ഘടകമായ 'സംവാദം' എന്നതിനെ നിങ്ങൾ ഭീതിജനകമാക്കി മാറ്റിയാൽ പിന്നെ അതിൽ നിന്ന് ജനാധിപത്യം ഉരുത്തിരിഞ്ഞു വരികയില്ല. നിങ്ങൾക്ക് എത്ര ശതമാനം വോട്ടുകൾ കിട്ടി എന്ന് നിങ്ങൾ അവകാശപ്പെട്ടാലും അത് ജനാധിപത്യത്തിലേക്ക് നിങ്ങളെ എത്തിക്കില്ല. ആ ഒരു സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.  ഈയടുത്ത് എന്നോട് നമ്മുടെ ഗവണ്മെന്റിനെ വിമർശിച്ചുകൊണ്ട് ഫോണിൽ ഒരു കാര്യം പാതി പറഞ്ഞു നിർത്തിയിട്ട് ഇപ്രകാരം പറഞ്ഞു, " ഇതേപ്പറ്റി വിശദമായി നേരിൽ പറയുന്നതാവും നല്ലത്. ഈ സംഭാഷണം പോലും ഒരുപക്ഷേ, അവർ ഇപ്പോൾ ചോർത്തുന്നുണ്ടാവും" എന്നാണ്. ഇങ്ങനെയല്ല ജനാധിപത്യപരമായി ഒരു നാടിനെ ഭരിക്കേണ്ടത്. " എന്നും അമർത്യാ സെൻ പറഞ്ഞു. 

'ദ ന്യൂയോർക്കറി'ലെ വിശദമായ അഭിമുഖം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.