Asianet News MalayalamAsianet News Malayalam

പണം നല്‍കാനുള്ള ബില്‍ഡറിന് നേരെ വ്യാപാരിയുടെ പ്രതികാരം; സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി വീഡിയോ

വീടിന്‍റെ മേല്‍ക്കൂരയില്‍ പാകാനുള്ള ഓടായിരുന്നു ബില്‍ഡര്‍ വ്യാപാരിയില്‍ നിന്നും വാങ്ങിയിരുന്നത്. വീടിന്‍റെ പണി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. 

Tradesman s Revenge Against Builder for Paying bkg
Author
First Published Feb 4, 2023, 1:38 PM IST


ണം നല്‍കാത്തതിന്‍റെ പേരില്‍ പണി പൂര്‍ത്തിയാകാത്ത നിരവധി പദ്ധതികള്‍ നമ്മുടെ നാട്ടിലുമുണ്ട്. ചെയ്ത ജോലിയുടെ പണം പോലും അനുവദിച്ചിട്ടില്ലെന്ന് കരാറുകാരന്‍  ആരോപിക്കുമ്പോള്‍ കൃത്യമായ ബില്ല് തന്നില്ലെന്നാകും ഉദ്യോഗസ്ഥന്‍റെ ആരോപണം. തത്വത്തില്‍ പദ്ധതി പെരുവഴിയിലാകുകയും ജനം ദുരിതത്തിലുമാകും. എന്നാല്‍, എല്ലാവരും അങ്ങനെ നഷ്ടം സഹിക്കാന്‍ തയ്യാറാകുമോ? കടം പറഞ്ഞ് സാധനങ്ങള്‍ വാങ്ങി പിന്നെ പണം കൊടുക്കാതെ മുങ്ങി നടക്കുന്ന വിരുതന്മാരുമുണ്ട്. ചിലരുടെ സാഹചര്യം അങ്ങനെയാകും എന്നാല്‍ മറ്റ് ചിലര്‍ മനപൂര്‍വ്വം ചെയ്യുന്നതാകും. അതെന്തായാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം തിരികെ ചോദിക്കാന്‍ ചെല്ലുന്നത് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകും. ഇത് അത്തരമൊരു സംഭവമാണ്. 

സംഗതി അങ്ങ് ഓസ്ട്രേലിയയിലെ മെല്‍ബണിലാണ്. 2022 മെയ് മാസത്തിൽ വീട് പണിക്കായി ബിൽഡർ അഡ്രിയാൻ പാഡോ മേല്‍ക്കൂരയില്‍ പാകാനുള്ള ടൈൽ ഓട് വ്യാപാരിയായ സൈമൺ മക്‌ഫെർസണില്‍ നിന്ന് വാങ്ങി. ഈ ഇനത്തില്‍ ഇയാള്‍ സൈമണ്‍ മക്ഫെര്‍സണ് മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് മേലെ നല്‍കാനുണ്ടായിരുന്നു. എന്നാല്‍, വീട് പണി പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാന്‍ അഡ്രിയാന്‍ പാഡോ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മക്ഫെര്‍സണ്‍ നിരവധി തവണ ഇയാളെ താക്കീത് ചെയ്തു. പക്ഷേ, പണം മാത്രം ലഭിച്ചില്ല. 

കൂടുതല്‍ വായനയ്ക്ക്:   17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെ ഏറ്റവും ശക്തനായ മാഫിയാ തലവന്‍ അറസ്റ്റില്‍; പിടികൂടിയത് പിസാ ഷെഫായി ജോലി ചെയ്യവെ 

ഒടുവില്‍ മക്ഫെര്‍സണ്‍, അഡ്രിയാൻ പാഡോയെ അന്വേഷിച്ച് വീട്ടിലെത്തി. എന്നാല്‍ ഈ സമയം ഇയാള്‍ വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് വീടിന് മുകളില്‍ കയറിയ മക്ഫെര്‍സണ്‍ വീടിന് മുകളില്‍ പാകിയിരുന്ന ടൈല്‍ ഓടുകള്‍ താഴേക്ക് വലിച്ചിറിഞ്ഞു. ഈ സമയത്താണ് പാഡോയുടെ മടങ്ങിവരവ്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഈ സംഭവം അത്രയും വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടു. ഇരുവരും സംഘര്‍ഷത്തിലേര്‍പ്പെട്ടതിന് പിന്നാലെ പൊലീസും സ്ഥലത്തെത്തി. 

തനിക്ക് ഇതുവരെയായും വാങ്ങിയ സാധനങ്ങളുടെ വില ബില്‍ഡര്‍ തന്നില്ലെന്ന് മക്ഫെര്‍സണ്‍ പൊലീസിനെ അറിയിച്ചു. വീട് പണി കഴിഞ്ഞിട്ടും ഇയാള്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും ഇയാള്‍ പരാതിപ്പെട്ടു. പണം നല്‍കാതെ ആളുകള്‍ ഇത്തരത്തില്‍ പറ്റിക്കുന്നത് സ്ഥിരമാണെന്നും ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും മക്ഫെര്‍സണ്‍ സങ്കടപ്പെട്ടു. എന്നാല്‍, താന്‍ കുറച്ച് പണം നല്‍കിയെന്നും ബാക്കി നല്‍കാന്‍ സാവകാശം ചോദിച്ചെന്നുമായിരുന്നു പാഡോ പൊലീസിനെ അറിയിച്ചത്. 

പണം ലഭിച്ചില്ലെങ്കിൽ ടൈലുകൾ താന്‍ നീക്കം ചെയ്യുമെന്ന് മുമ്പ് പാഡോയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും മക്ഫെർസൺ പൊലീസിനോട് പറഞ്ഞു. എന്നാല്‍, മുഴുവന്‍ തുകയും താന്‍ നല്‍കുമായിരുന്നെന്നും എന്നാല്‍ ഇത്രയും മോശമായൊരു പ്രവര്‍ത്തി മക്ഫെസണ്‍ ചെയ്തതിനാല്‍ ഇനി പണം നല്‍കില്ലെന്നും പാഡോയും പറഞ്ഞു. സംഗതി എന്തായാലും ഇരുവരും തമ്മിലുള്ള അടിപടി ഇപ്പോള്‍ ഓസ്ട്രേലിയയിലെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. വീഡിയോ തനിക്ക് ഗുണകരമാണെന്നായിരുന്നു വ്യാപാരിയായ സൈമണ്‍ മക്ഫെര്‍സണ്‍ പ്രതികരിച്ചത്. വീഡിയോയില്‍ തങ്ങള്‍ രണ്ട് പേരും അൽപ്പം ആക്രമണോത്സുകരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മക്ഫെസണ്‍ വീടിന്‍റെ മുകളില്‍ നിന്നും ഓടുകള്‍ വലിച്ചെറിഞ്ഞത് തന്നെ സംബന്ധിച്ച് മോശം പ്രവര്‍ത്തിയാണെന്ന്  അഡ്രിയാൻ പാഡോ പ്രതികരിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കും പരാതികളില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്: ഇന്‍സ്റ്റാഗ്രാമില്‍ ഗ്ലാമറസായി; അഭിമാനം രക്ഷിക്കാന്‍ മകളെ കൊല്ലപ്പെടുത്തിയെന്ന് സമ്മതിച്ച് പിതാവ് 

 

Follow Us:
Download App:
  • android
  • ios