ജോലിക്കാരെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമുണ്ടാക്കാൻ പരിശീലിപ്പിക്കണം, സ്റ്റാർട്ടപ്പ് വരട്ടെ; ചർച്ചയായി പോസ്റ്റ്
ഉയർന്ന ഗുണനിലവാരമുള്ള, ഉയർന്ന പ്രോട്ടീനടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീട്ടുജോലിക്കാരെയും പാചകക്കാരെയും പഠിപ്പിക്കുന്ന ഒരു സ്റ്റാർട്ടപ്പ് ആവശ്യമാണ് എന്നായിരുന്നു യുവതിയുടെ പോസ്റ്റ്.
ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണമാണ് ഇന്ന് മിക്കവാറും ആളുകൾ തെരഞ്ഞെടുക്കുന്നത്. പണ്ടത്തെ പോലെയല്ല, ഓരോ ഭക്ഷണം കഴിക്കുമ്പോഴും അതിൽ എത്ര കലോറിയുണ്ട് എന്ന് വരെ നോക്കുന്നവരുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു യുവതിയിട്ട പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുന്നത്.
ജോലിക്കാരെ പ്രോട്ടീനുള്ള ഭക്ഷണം പാകം ചെയ്യാൻ പരിശീലിപ്പിക്കുന്ന ഒരു സ്റ്റാർട്ടപ്പ് വേണ്ടതുണ്ട് എന്നായിരുന്നു യുവതിയുടെ പോസ്റ്റ്. ബെംഗളൂരുവിൽ നിന്നുള്ള അമൃത എന്ന യൂസറാണ് പോസ്റ്റിട്ടിരിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ള, ഉയർന്ന പ്രോട്ടീനടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീട്ടുജോലിക്കാരെയും പാചകക്കാരെയും പഠിപ്പിക്കുന്ന ഒരു സ്റ്റാർട്ടപ്പ് ആവശ്യമാണ് എന്നായിരുന്നു യുവതിയുടെ പോസ്റ്റ്.
അമൃതയുടെ പോസ്റ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ കമന്റുകൾ നൽകി. ഒരാൾ പറഞ്ഞത്, അത് പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണ് എന്നാണ്. 2019-20 ൽ ബെംഗളൂരുവിൽ അത് ചെയ്യാൻ ശ്രമിച്ചുവെന്നും പക്ഷേ പരാജപ്പെട്ടെന്നുമാണ് കമന്റിൽ പറയുന്നത്.
എന്നാൽ, അതേസമയം ഇത് സമൂഹത്തിലെ ഉയർന്ന ക്ലാസുകാരുടെ പ്രശ്നമാണ് എന്നും അതുപോലെ ജോലിക്കാർക്ക് വേണ്ടതുപോലെ ശമ്പളം നൽകാൻ പലരും തയ്യാറല്ല എന്നുമൊക്കെ ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്തായാലും, അക്കാര്യത്തിൽ ഒരു വിശദീകരണം കൂടി അമൃത നൽകിയിട്ടുണ്ട്. ഇവിടെ ക്ലാസുമായി ബന്ധപ്പെട്ട് ഒരു ചർച്ച നടക്കുന്നുണ്ട് എന്ന് താൻ മനസിലാക്കുന്നു. എന്നാൽ, ഇത് ഒരുപോലെ നടപ്പിലാക്കിയാൽ എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്നും ആരോഗ്യത്തെ കുറിച്ചും പോഷകാഹാരത്തെ കുറിച്ചും കുറച്ചുകൂടി പഠിക്കാനും അതിലൂടെ കൂടുതൽ പണം സമ്പാദിക്കാനും ഇത് ജോലിക്കാരെ സഹായിക്കും എന്നാണ് താൻ കരുതുന്നത് എന്നും അമൃത പറയുന്നു. ഇത്തരം ഭക്ഷണങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് എന്തായാലും ഉണ്ട് എന്നും അവര്‍ പറയുന്നുണ്ട്.