Asianet News MalayalamAsianet News Malayalam

'അദ്ദേഹത്തിനെങ്ങാനും വൈറസ് ബാധയുണ്ടായിരുന്നെങ്കില്‍ നാല് രാജ്യങ്ങളിലേക്കത് കയറ്റിയയക്കപ്പെട്ടേനെ...'

വിമാനം ബഹ്‌റൈനില്‍ ലാന്‍ഡ് ചെയ്‍തപ്പോള്‍ ട്രാന്‍സിറ്റ് യാത്രക്കാരൊഴികെയുള്ള എല്ലാവരെയും പരിശോധനക്കായി ക്വാറന്‍റൈന്‍ ടെന്റുകളിലേക്ക് കൊണ്ടു പോകുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷമായി. വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തി വീട്ടിലേക്ക് പോകാമല്ലോ എന്നത് വലിയ കാര്യമായി തോന്നി. 

travel in the time of corona kt noushad writes
Author
Thiruvananthapuram, First Published Mar 14, 2020, 10:51 AM IST

കൊറോണ ബാധിത രാജ്യമല്ലാത്തതിനാലാണ് ഈജിപ്‍തിലേക്കുളള യാത്ര മാറ്റിവെക്കാതെ ഫെബ്രുവരി 29 -ന് ബഹ്‌റൈനില്‍ നിന്ന് അങ്ങോട്ട് വിമാനം കയറിയത്. ബഹ്‌റൈനില്‍ 41 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ഈജിപ്‍തില്‍ ഒരൊറ്റ കേസ് മാത്രമാണ് അപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിരുന്നത്. വൈറസ് ബാധിച്ച ആ വ്യക്തി രോഗം ഭേദമായി സ്വന്തം നാടായ ചൈനയിലേക്ക് പോകുകയും ചെയ്‍തു. ജനുവരി 26 മുതല്‍ ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍ ഈജിപ്‍ത് അനുവദിച്ചിരുന്നുമില്ല. എന്നാല്‍, ഒരൊറ്റ ആഴ്‍ച കൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു. മാര്‍ച്ച് 6,7 തിയ്യതികളിലായി തെക്കന്‍ ഈജിപ്‍തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തു. നൈല്‍ നദിയിലൂടെ സഞ്ചരിക്കുന്ന ഉല്ലാസനൗകയിലെ വിദേശികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്രൂസ് ഷിപ്പില്‍ യാത്ര ചെയ്‍തിരുന്ന 45 പേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ലക്‌സറിലെ ഡോക്കില്‍ ഉല്ലാസ നൗകയെ ക്വാറന്‍റൈന്‍ ചെയ്‍തു. ജര്‍മ്മനിയില്‍ നിന്നെത്തിയ 60 വയസ്സുളള വിനോദസഞ്ചാരി മരിച്ചതായി മാര്‍ച്ച് എട്ടിന് വാര്‍ത്ത വന്നതോടെ ഈജിപ്‍തും കെറോണ ഭീതിയിലായി. 

travel in the time of corona kt noushad writes

 

ഖത്തറും കുവൈത്തും തുടക്കത്തില്‍ തന്നെ ഈജിപ്‍തുമായുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൊറോണ ഭീഷണിയുളള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈജിപ്‍തിനെയും ജി.സി.സി രാജ്യങ്ങളെയും ഉള്‍പ്പെടുത്തി. മാര്‍ച്ച് 10 -ന് രാത്രി എട്ടിനായിരുന്നു ബഹ്‌റൈനിലേക്ക് തിരിച്ച് വരാനുളള എന്‍റെ വിമാനം. ഈ വിമാനം റദ്ദാക്കിയതായി തലേന്ന് വൈകീട്ട് മൊബൈലിലേക്ക് മെസേജ് വന്നപ്പോള്‍ ശരിക്കും ഞെട്ടി. തിരിച്ച് പോകാനാവാതെ അവിടെ കുടുങ്ങിപ്പോകുമോ എന്നതായിരുന്നു ആശങ്ക. സഹപ്രവര്‍ത്തകനായ യു.എസ്സുകാരനോട് ഞാനിത് പറഞ്ഞപ്പോള്‍ അങ്ങേര്‍ക്ക് എന്നേക്കാള്‍ പരിഭ്രാന്തി. ഗള്‍ഫ് എയറിലേക്ക് വിളിക്കാന്‍ നില്‍ക്കുമ്പോഴേക്കും അടുത്ത മെസേജ് വന്നു, നിങ്ങളുടെ വിമാനം ഉച്ചക്ക് 1.40 -ലേക്ക് മാറ്റിയിരിക്കുന്നു. വിമാനത്തിന്റെ സമയം മുന്നോട്ടാക്കിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷമായി.

അപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്‍തു. പിറ്റേന്ന് രാവിലെ കെയ്‌റോ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഫോം ചെക് ഇന്‍ കൗണ്ടറില്‍ ചെന്ന് വാങ്ങി പൂരിപ്പിക്കണമെന്ന് പറഞ്ഞു. അതിനോടൊപ്പം ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഫോമും തന്നു. പനി, ചുമ, ശ്വസിക്കാനുളള ബുദ്ധിമുട്ട് എന്നിവയുണ്ടോ എന്നതാണ് ഫോമിലെ ഒരു ചോദ്യം. ചൈന, ഇറാന്‍, ഇറാഖ്, സൗത്ത് കൊറിയ, ഈജിപ്‍ത്, ലെബനാന്‍, ഇറ്റലി, ഹോങ്കോങ്, സിങ്കപ്പൂര്‍, മലേഷ്യ, തായ്‍ലാന്റ്, ജപ്പാന്‍ എന്നീ 12 രാജ്യങ്ങളിലൊന്നില്‍ രണ്ടാഴ്‍ചക്കുളളില്‍ പോയിട്ടുണ്ടെല്‍ അതും രേഖപ്പെടുത്തണം. വിമാനത്തില്‍ ഞാനെന്‍റെ സീറ്റിലിരിക്കാന്‍ പോകുമ്പോള്‍ അതേനിരയില്‍ ഒരു ജപ്പാന്‍കാരനിരിക്കുന്നു. ഈജിപ്‍ത് ചുറ്റിക്കാണാന്‍ വന്നതാണെന്ന് കക്ഷി പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിരുവരുടെയും നടുവില്‍ കുവൈത്തില്‍ നിന്നുള്ളൊരാള്‍ വന്നിരുന്നു. കൊറോണ വ്യാപിക്കുന്ന ഈ സമയത്ത് ബഹ്‌റൈനിലേക്ക് എന്തിന് വരുന്നുവെന്ന് ഞാന്‍ ചോദിച്ചു. വേറെ വഴിയില്ലെന്നായിരുന്നു അഹ്മദിന്റെ ഉത്തരം. ടൂറിന് ശേഷം അഹ്മദും കൂട്ടുകാരനും തിരിച്ച് പോകാന്‍ നിന്നപ്പോഴാണ് ഈജിപ്‍തിലേക്കുളള വിമാന സര്‍വീസുകള്‍ കുവൈത്ത് റദ്ദാക്കിയത്. കുവൈത്ത് സ്വദേശികള്‍ക്ക് മാത്രം തിരിച്ച് പോകാന്‍ അവസരം കൊടുത്തപ്പോള്‍ പൗരത്വം കൊണ്ട് സൗദിയായ അഹ്മദിന് തിരിച്ച് പോകാനായില്ല. കുവൈത്ത് പൊലീസില്‍ ജോലി ചെയ്യുന്നയാളായിട്ടും അഹ്മദിനെ കയറ്റാന്‍ വിമാനകമ്പനിക്കാര്‍ സമ്മതിച്ചില്ലെന്നത് കേട്ടപ്പോള്‍ അതിശയമായി. ബഹ്‌റൈനിലെത്തിയ ശേഷം കുവൈത്തിലേക്ക് കടക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് നോക്കാനാണ് അഹ്മദ് ഈ വിമാനത്തില്‍ കയറിയത്.

travel in the time of corona kt noushad writes

 

വിമാനം ബഹ്‌റൈനില്‍ ലാന്‍ഡ് ചെയ്‍തപ്പോള്‍ ട്രാന്‍സിറ്റ് യാത്രക്കാരൊഴികെയുള്ള എല്ലാവരെയും പരിശോധനക്കായി ക്വാറന്‍റൈന്‍ ടെന്റുകളിലേക്ക് കൊണ്ടു പോകുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷമായി. വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തി വീട്ടിലേക്ക് പോകാമല്ലോ എന്നത് വലിയ കാര്യമായി തോന്നി. ഈജിപ്‍തില്‍ എന്നോടൊപ്പമുണ്ടായിരുന്ന മൂന്ന് സഹപ്രവര്‍ത്തകരില്‍ ഒരാളായ അമേരിക്കക്കാരന്‍ നമ്മള്‍ തമ്മില്‍ ഷെയ്‍ക് ഹാന്‍ഡ് ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അതേസമയം ഈജിപ്‍തിലെ കസ്റ്റമര്‍ വന്ന് കൈനീട്ടിയപ്പോള്‍ അദ്ദേഹത്തിന് മറ്റ് മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ഈജിപ്‍തുകാരന്‍ അവിടുന്ന് മാറിയപ്പോള്‍ അദ്ദേഹം സാനിറ്റൈസര്‍ കൈയിലാക്കി ഞങ്ങള്‍ക്കു നേരെയും നീട്ടി. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ശ്രദ്ധ വേണം, പക്ഷെ ഇതിനകത്ത് ഒരു ലോജിക്കില്ല. നമ്മള്‍ ഒന്നിച്ചാണ് കാറില്‍ പോകുന്നത്, കൈ കൊടുക്കാതിരുന്നതു കൊണ്ട് മാത്രം കാര്യമില്ല. അതുപോലെ ഈജിപ്‍തിലെ സര്‍ക്കാര്‍ ഓഫീസില്‍ ആറ് മണിക്കൂറിലധികം അവരുടെ തൊട്ടടുത്തിരുന്നാണ് നമ്മള്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് ജോലിക്കിടെ കൈയില്‍ സാനിറ്റൈസര്‍ പൂശിയിട്ട് കാര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. കെയ്‌റോയില്‍ ഒരാള്‍ക്കു പോലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‍തിട്ടുമില്ല. റെസ്റ്റോറന്റില്‍ ഭക്ഷണത്തോടൊപ്പം വെളളം തരുമ്പോള്‍ അത് ഗ്ലാസിലൊഴിക്കാതെ കുപ്പിയില്‍ നിന്ന് നേരിട്ടാണ് അദ്ദേഹം കുടിച്ചിരുന്നത്. അവര്‍ തരുന്ന ഗ്ലാസില്‍ വൈറസ് ബാധയുണ്ടെങ്കില്‍ കഴിക്കുന്ന പാത്രത്തിലുമുണ്ടാകുമല്ലോയെന്ന് ഞാന്‍ ചോദിച്ചു. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും ചുമയും ജലദോഷവും വന്നപ്പോള്‍ അദ്ദേഹം തകര്‍ന്നു പോയി.

സാധാരണ ഫ്ളൂവാണെന്ന് പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു. രണ്ടാം ദിവസവും ഇത് തുടര്‍ന്നപ്പോള്‍ പിറ്റേദിവസം രാവിലെ എന്തായാലും ആശുപത്രിയില്‍ പോകാമെന്ന് തീരുമാനിച്ചു. വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ ചെന്ന് അവസാനം അവിടുന്ന് അത് കിട്ടുമോ എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. കെയ്‌റോ നഗരത്തിലൂടെ യാത്ര ചെയ്‍തിട്ടുള്ള ഏതൊരാള്‍ക്കും ആ ആശങ്കയുണ്ടാകും! എന്തായാലും പിറ്റേദിവസം അദ്ദേഹത്തിന്റെ അസുഖം ഭേദപ്പെട്ടു. രണ്ട് ദിവസം ഹോട്ടലില്‍ തന്നെ വിശ്രമമെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ രോഗം പൂര്‍ണമായി ഭേദമായി. അദ്ദേഹത്തിനെങ്ങാനും വൈറസ് ബാധയുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരിലൂടെ നാല് രാജ്യങ്ങളിലേക്കത് കയറ്റിയയക്കപ്പെടുമായിരുന്നു!

അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്‍തതിനാലും വിമാനത്തില്‍ യാത്ര ചെയ്‍തതിനാലും വീട്ടിലേക്ക് പോകും മുമ്പ് ടെസ്റ്റിന് അവസരം കിട്ടിയാല്‍ അത് ചെയ്യണമെന്നുറപ്പിച്ചാണ് വിമാനത്തിലിരുന്നത്. അഥവാ വൈറസ് ബാധയുണ്ടെങ്കില്‍ വീട്ടിലെ ചെറിയ മക്കള്‍ക്കൊന്നും അത് പകരേണ്ടല്ലോ എന്നായിരുന്നു ചിന്ത. വിമാന സര്‍വീസ് നിര്‍ത്തി വെക്കാതെ ബഹ്‌റൈന്‍ വൈറസിനെ പ്രതിരോധിക്കുന്നതങ്ങനെ എന്നറിയാനും ആകാംക്ഷയുണ്ടായിരുന്നു. വിമാനമിറങ്ങിയപ്പോള്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ കണ്ട പ്രതിരോധ സംവിധാനങ്ങള്‍ സന്തോഷം നല്‍കുന്നതായിരുന്നു. നേരില്‍ കണ്ട ആ സംവിധാനങ്ങളാണ് 'ട്രാവല്‍ ഉലകം' യൂടൂബ് ചാനലില്‍ വിവരിച്ചത്. അതിന്റെ ലിങ്ക് താഴെ.

 

Follow Us:
Download App:
  • android
  • ios