മലയാളികളുടെ ഹൃദയംകവര്‍ന്ന യാത്രികൻ, കണ്ണൂര്‍ സ്വദേശി ചിത്രൻ രാമചന്ദ്രൻ തന്‍റെ നടന്നുള്ള യാത്രക്ക്  ചെറിയ ഇടവേള നൽകികൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തുന്നു. മൂന്നുവര്‍ഷം മുമ്പ് കേരളത്തിൽ നിന്ന് നടന്ന് ഇന്ത്യയും നേപ്പാളും ചിത്രൻ പിന്നിട്ടശേഷമാണ് മടക്കം 

'സുഹൃത്തുക്കളെ...!, എന്ന ഒരൊറ്റ വാക്കുകൊണ്ട് മലയാളികളുടെ ഹൃദയംകവര്‍ന്ന യാത്രികൻ, കണ്ണൂര്‍ പരിയാരം സ്വദേശി ചിത്രൻ രാമചന്ദ്രൻ മൂന്നു വര്‍ഷത്തിനുശേഷം തന്‍റെ പര്‍വതങ്ങളിലേക്കുള്ള 'നടത്തത്തിന്' ചെറിയ ഇടവേള നൽകികൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തുന്നു. 2022 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരളത്തിൽ നിന്ന് ലഢാക്കിലേക്ക് നടന്നുതുടങ്ങിയ ചിത്രൻ മൂന്നുവര്‍ഷത്തിനിപ്പുറം ഇന്ത്യയിലെ ആന്ധ്രയും തമിഴ്നാടും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നേപ്പാള്‍ രാജ്യം മുഴുവനും പിന്നിട്ടു കഴിഞ്ഞു. കേരളം വിട്ടുള്ള ചിത്രന്‍റെ ആദ്യയാത്രയാണ് മൂന്നുവര്‍ഷം നീണ്ടത്. 24ാം വയസിൽ വീട്ടിൽ നിന്ന് ഇറങ്ങിയ ചിത്രൻ മൂന്നുവര്‍ഷം കഴിഞ്ഞ് തന്‍റെ 27ാം വയസിൽ ഈ വരുന്ന നവംബറിലാണ് തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. അന്ന് യാത്ര തുടങ്ങുമ്പോള്‍ മൂന്നുവര്‍ഷം കഴിഞ്ഞായിരിക്കും വീട്ടിലേക്ക് മടങ്ങുകയെന്ന് ചിത്രൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രകൃതി ചിത്രനെ ഒരോയിടത്തേക്കും കൂട്ടികൊണ്ടുപോവുകയായിരുന്നു. 

മനുഷ്യവാസമില്ലാത്ത നേപ്പാളിലെയും ഉത്തരേന്ത്യയിലെയും പര്‍വതങ്ങളും കാടുകളും താണ്ടി ചിത്രൻ തന്‍റെ 'പ്രകൃതി സ‍ഞ്ചാരം' തുടര്‍ന്നപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയതറിഞ്ഞില്ല. ആരും പോകാത്തയിടങ്ങളിൽ താൻ കാണുന്ന മനോഹക്കാഴ്ചകള്‍ 'ട്രാവലോഗ് ബൈ ചിത്രൻ' എന്ന സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ചിത്രൻ അങ്ങനെ മലയാളികളുടെ പ്രിയങ്കരനായ 'ദ റിയൽ ട്രാവല്‍ വ്ലോഗറുമായി'. കാടും മലയും നടന്നുകയറി പ്രകൃതിയിലേക്കിറങ്ങുന്ന ചിത്രൻ, തന്‍റെ നിഷ്കളങ്കമായ പുഞ്ചിരിയോടെ സുഹൃത്തുക്കളെ എന്ന് നീട്ടി വിളിച്ചുകൊണ്ട് ഭൂമിയിലെ സ്വര്‍ഗസമാനമായ കാഴ്ചകള്‍ മലയാളികള്‍ക്ക് മുന്നിലെത്തിച്ചു. സുഹൃത്തുക്കളെ എന്ന ഒരൊറ്റ വാക്കുകൊണ്ടും കൃത്രിമത്വം ഒട്ടുമില്ലാത്ത അവതരണം കൊണ്ടും മലയാളികളുടെ പ്രത്യേകിച്ച് യാത്രയെ സ്നേഹിക്കുന്നവരുടെ ഹൃദയം കവര്‍ന്ന് നടന്നുനീങ്ങുകയാണ് ചിത്രൻ.

പുസ്തകങ്ങളെയും ചരിത്രത്തെയും സിനിമയെയും സ്നേഹിച്ച ചിത്രൻ

കണ്ണൂര്‍ പരിയാരം സ്വദേശിയായ റിട്ട. സൈനികൻ രാമചന്ദ്രന്‍റെയും എൻ രമാദേവിയുടെയും മകനായ ചിത്രൻ രാമചന്ദ്രന് ചെറുപ്പം മുതലെ യാത്രകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. പഠനകാലത്തെ ചരിത്രം ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്രന് പുസ്തകങ്ങളായിരുന്നു കൂട്ട്. കുട്ടിക്കാലം മുതൽ ഇംഗ്ലീഷ് സിനിമകളും ചിത്രൻ കാണാറുണ്ടായിരുന്നു. പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ സ്ഥലങ്ങളിൽ എന്നെങ്കിലും യാത്ര ചെയ്യാനാകുമോയെന്ന് സ്വപ്നം പോലും കാണാൻ കഴിയാത്ത കുട്ടിക്കാലമായിരുന്നു ചിത്രന്‍റേത്. വീട്ടിലെ സാഹചര്യവും ബുദ്ധിമുട്ടുകളും തടസങ്ങളായപ്പോള്‍ യാത്രികനാകണമെന്ന സ്വപ്നത്തെ കുഴിച്ചുമൂടേണ്ടിവന്നു. പരിയാരത്ത് തന്നെ ചെറിയ ഹോട്ടൽ ആയിരുന്നു ചിത്രന്‍റെ കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗം. ചിത്രൻ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു അച്ഛന്‍റെ വേര്‍പാട്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ചെറുതാഴം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ഹ്യൂമാനിറ്റീസ് പഠനം പൂര്‍ത്തിയാക്കിയ ചിത്രൻ, പയ്യന്നൂര്‍ നാഷണൽ കോളേജിൽ ബിഎ ഹിസ്റ്ററിയ്ക്ക് ചേര്‍ന്നെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയിൽ യാത്രയെക്കുറിച്ച് ഓര്‍ക്കാൻ പോലും ചിത്രന് കഴിഞ്ഞില്ല. അങ്ങനെ പഠനം ഉപേക്ഷിച്ച് ചിത്രൻ ജോലിക്കിറങ്ങി. മൊബൈൽ ടവര്‍ ഡീസൽ ഫില്ലിങ് എന്ന കഠിനമായ ജോലിയടക്കം ചെയ്ത് ചിത്രൻ കുടുംബം നോക്കി.

അപ്പോഴും പ്രശസ്ത മൊറോക്കൻ സഞ്ചാരിയും പര്യവേക്ഷകനുമായിരുന്ന ഇബ്ൻ ബത്തൂത്തയും മറ്റു ലോക സഞ്ചാരികളുമെല്ലാം പുസ്തക വായനകളിലൂടെ ചിത്രനെ സ്വാധീനിച്ചു. ഇന്ന് അല്ലെങ്കിൽ ഇനി എന്ന് എന്ന ചോദ്യം മുന്നിലെത്തിയതോടെ കുഴിച്ചുമൂടിയ സ്വപ്നം ചിത്രൻ പുറത്തെടുത്തു. അങ്ങനെ ഇന്ത്യ മുഴുവൻ നടന്നു കാണാനുള്ള തീരുമാനമെടുത്തു. ഇതുവരെ കേരളത്തിന് പുറത്തേക്ക് ഒരു തവണ പോലും യാത്ര ചെയ്യാത്ത മകൻ ഇന്ത്യ മുഴുവൻ നടന്നു കാണാൻ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഏതൊരു അമ്മയ്ക്കുമുണ്ടാകുന്ന ആധിയായിരുന്നു ചിത്രന്‍റെ അമ്മ രമാദേവിക്കുമുണ്ടായിരുന്നത്. ഒടുവിൽ കുടുംബത്തിന്‍റെ സമ്മതത്തോടെ വീട്ടിൽ അമ്മയ്ക്കൊപ്പം ജേഷ്ഠനും അനിയനും ഉണ്ടെന്ന സമാധാനത്തോടെ 2022 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തന്‍റെ 24ാം വയസിലാണ് ചിത്രൻ തന്‍റെ യാത്ര ആരംഭിക്കുന്നത്.

പ്രകൃതിയിൽ അലിഞ്ഞുചേര്‍ന്ന മൂന്നു വര്‍ഷങ്ങള്‍

2022 നവംബര്‍ ഒന്നിന് കയ്യിൽ വെറും ആറായിരം രൂപയും ഗോ പ്രോ ക്യാമറയും മൊബൈലും ഒരു ട്രാവൽ ബാഗും അത്യാവശ്യ സാധനങ്ങളുമായി നടന്നു തുടങ്ങിയ ചിത്രൻ കര്‍ണാടകയിലേക്കാണ് ആദ്യം പോയത്. ജീവിത സാഹചര്യത്തെതുടര്‍ന്ന് എല്ലാത്തിൽനിന്നും വിട്ടുനിന്നിരുന്ന ചിത്രന് ആ യാത്ര എങ്ങനെയായി തീരുമെന്ന് യാതൊരു കണക്കുക്കൂട്ടലുമുണ്ടായിരുന്നില്ല. ആത്മധൈര്യവും യാത്ര ചെയ്യാനുള്ള മനസും മാത്രമായിരുന്നു കൈമുതൽ. അങ്ങനെ തന്‍റെ 24ാം വയസിൽ ചിത്രൻ ആദ്യമായി കേരളം വിട്ടു. നടന്നുപോകുന്നതിനിടെ പലതരത്തിലുള്ള ആളുകളെ കണ്ടുമുട്ടി. ചിലര്‍ ഇവന് വട്ടാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. അവര്‍ക്കെല്ലാം ഒരു ചിരി മാത്രം തിരിച്ചുനൽകി ചിത്രൻ യാത്ര തുടര്‍ന്നു. വഴിയരികിൽ സ്നേഹവും സഹായവുമായി കുറെപേര്‍ ഒപ്പുനിന്നു. നല്ല മനുഷ്യരുടെ മുഖങ്ങള്‍ ചിത്രന് പ്രചോദനമായി. കര്‍ണാടകയും പിന്നിട്ട് ഗോവയും മഹാരാഷ്ട്രയും ഹരിയാനയും ദില്ലിയും ബിഹാറുമെല്ലാം കടന്ന് ഹിമാലയൻ മേഖലയിലെത്തി. യാത്രയിലാണെങ്കിലും അമ്മയും സഹോദരങ്ങളുമെല്ലാം എല്ലാ ദിവസവും മുടങ്ങാതെ ചിത്രനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കി. പുണെയിൽ വെച്ച് ദേഹൂറോഡ് മലയാളി സമാജം നൽകിയ സ്വീകരണമായിരുന്നു ആ യാത്രയിൽ ചിത്രന് ലഭിച്ച ആദ്യത്തെ ഗംഭീര സ്വീകരണം. അവരുടെ സ്നേഹോഷ്മളമായ വരവേൽപ്പും പിന്തുണയും ചിത്രന് മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമായി. യാത്രയ്ക്കുള്ള ചെലവ് കണ്ടെത്താൻ ഇന്‍സ്റ്റഗ്രാമടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ട്രാവലോഗ് ബൈ ചിത്രൻ എന്ന അക്കൗണ്ടിലൂടെ യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചു. ആദ്യത്തെ രണ്ടുവര്‍ഷവും ചിത്രന് തന്‍റെ യൂട്യൂബിൽ നിന്നോ ഇന്‍സ്റ്റഗ്രാമിൽ നിന്നോ ഫേസ്ബുക്കിൽ നിന്നോ കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല.

യാത്രയുടെ രണ്ടരവര്‍ഷത്തോളം വീട്ടുകാരുടെയും ഗ്രാമവാസികളുടെയും മലയാളികളുടെയും സഹായത്തോടെ തന്നെയായിരുന്നു ചിത്രന്‍റെ യാത്ര. വിവിധയിടങ്ങളിലെ മലയാളി സംഘടനകളുടെയും മലയാളി സൈനികരുടെയുമടക്കം പിന്തുണയും ലഭിച്ചു. ചിലവിന് പണം കണ്ടെത്താൻ കഴിയാതെ പലപ്പോഴും വിശപ്പടക്കാൻ പോലും ബുദ്ധിമുട്ടിയെങ്കിലും ചിത്രൻ തന്‍റെ യാത്ര അവസാനിപ്പിച്ചില്ല. 2024നുശേഷമാണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ അത്യാവശ്യം ഫോളോവേഴ്സ് ആകുന്നത്. ട്രാവല്‍ വ്ലോഗര്‍ ആവുകായിരുന്നില്ല ചിത്രന്‍റെ ലക്ഷ്യം. തന്‍റെ യാത്രകള്‍ക്കുവേണ്ടി ചിത്രൻ ആക്സമികമായി ഒരു വ്ലോഗര്‍ കൂടിയാവുകയായിരുന്നു. മനുഷ്യവാസമില്ലാത്ത പ്രകൃതിയൊരുക്കുന്ന കാണാകാഴ്ചകള്‍ തന്നെ സ്നേഹിക്കുന്നവരിലേക്ക് കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തന്‍റെ യാത്രകള്‍ ചിത്രൻ വീഡിയോയായി പകര്‍ത്തി റീലുകളായി ഇട്ടു തുടങ്ങി. അങ്ങനെ ചെറിയ രീതിയില്‍ ചിലവിനുള്ള തുക ലഭിച്ചതോടെ ചിത്രന്‍റെ ഭാഷയിൽ പറഞ്ഞാൽ 2024നുശേഷം ലക്ഷ്വറി അല്ലെങ്കിലും പട്ടിണിയില്ലാതെ യാത്ര ചെയ്യാനായി. വരുമാനം ഉണ്ടായപ്പോള്‍ ആദ്യം വീട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നും വീട്ടിലെ കാര്യങ്ങളടക്കം ഇപ്പോള്‍ നോക്കാൻ കഴിയുന്നുണ്ടെന്നും ചിത്രൻ പറയുന്നു.

യാത്രയിൽ ഭക്ഷണമായിരുന്നു വലിയ പ്രതിസന്ധി. ആദ്യസമയത്ത് ഭക്ഷണത്തിനടക്കം നല്ലരീതിയിൽ ബുദ്ധിമുട്ടി. ഹിമാലയൻ മേഖലയിലെ യാത്രക്കിടെ കാട്ടരുവികളിലെ വെള്ളമെടുത്ത് സ്വന്തമായി പാകം ചെയ്തും യാത്രകള്‍ തുടര്‍ന്നപ്പോള്‍, മൈനസ് 40 ഡിഗ്രി തണുപ്പിലടക്കം പാചകം ചെയ്യാൻ കഴിയാത്ത സമയങ്ങളിൽ ഗ്രാമവാസികളാണ് ചിത്രന് കൂട്ടായത്. ജീവിതാനുഭവവും പുസ്തക വായനയും കണ്ട സിനിമകളും ചിത്രന്‍റെ യാത്രക്ക് പ്രചോദനമായി. കുത്തുവാക്കുകള്‍ ഒരുഭാഗത്ത് കേള്‍ക്കുമ്പോഴും സ്നേഹിക്കാൻ മാത്രം അറിയുന്ന ഉത്തരാഖണ്ഡിലെയും നേപ്പാളിലെയുമൊക്കെയുള്ള ഗ്രാമവാസികള്‍ ചിത്രനെ അവരുടെ കൂടെ കൂട്ടി. സ്നേഹമായി ഭക്ഷണവും കിടക്കയും നൽകി. വീടുകളിലേക്ക് കൂട്ടികൊണ്ടുപോയി തണലൊരുക്കി. അവര്‍ ചിത്രന് വഴികാട്ടികളായി. വിനോദ സഞ്ചാരികള്‍ പോലും കടന്നുചെല്ലാത്ത മഞ്ഞുകാലത്ത് ഗ്രാമവാസികള്‍ ഒന്നാകെ മലയിറങ്ങുന്ന സ്ഥലങ്ങളിൽ പോയി ചിത്രൻ ടെന്‍റടിച്ചു. അവിടത്തെ പ്രകൃതിയെ ക്യാമറയിൽ ഒപ്പിയെടുത്തു.

യാത്രയിലെ പ്രതിസന്ധികള്‍, വഴിത്തിരിവായി നേപ്പാള്‍ യാത്ര

ട്രാവല്‍ വ്ലോഗര്‍ ചിത്രനിലേക്കുള്ള ചിത്രൻ രാമചന്ദ്രന്‍റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. വീഡോയികളിലെ മനോഹരമായ കാഴ്ചകള്‍ക്കുമപ്പുറം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു പല യാത്രകളും. ആദ്യവര്‍ഷത്തിൽ ലഡാക്കിലേക്കുള്ള യാത്രക്കിടെ നഗരത്തിലൂടെ നടക്കുമ്പോള്‍ ഒരു മാസത്തോളം വസ്ത്രം പോലും അലക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഒരു നാടോടിയെ പോലെയായിരുന്നു ദില്ലി വരെയുള്ള ചിത്രന്‍റെ യാത്ര. ഒരു ദിവസം മോശം അനുഭവം ഉണ്ടായാൽ പിറ്റേ ദിവസം വലിയ സന്തോഷമുള്ള അനുഭവം ഉണ്ടാകുമെന്ന ചിന്തയോടെ ചിത്രൻ നടന്നുകൊണ്ടിരുന്നു. മഹാരാഷ്ട്രയിലെ സത്താര ഹരിഹര്‍ ഫോര്‍ട്ടിന്‍റെ അടുത്ത് പനി പിടിച്ച് റോഡരികിൽ ഇരിക്കുകയായിരുന്നു. ആ സമയത്താണ് ദൈവദൂതനെ പോലെ ഒരാള്‍ വന്നത്. കോളേജ് പ്രൊഫസറായിരുന്നു അദ്ദേഹം തന്‍റെ ബൈക്കിൽ കയറ്റി ഹോട്ടലിൽ മുറിയെടുത്ത് കൊടുത്തു. പിറ്റേ ദിവസം വന്ന് വിശേഷങ്ങള്‍ തിരക്കി. കിലോക്കണക്കിന് ഓറഞ്ചും ആപ്പിളും പേരയ്ക്കുമടക്കം വാങ്ങിതന്നായിരുന്നു ആ മനുഷ്യൻ തന്‍റെ സ്നേഹം പ്രകടിപ്പിച്ചതെന്നും ചിത്രൻ ഓര്‍ക്കുന്നു. 2023ൽ പുനെയിൽ വെച്ച് ട്രാൻസ്ജെഡേഴ്സിൽ നിന്നും ആക്രമണം നേരിട്ടതടക്കമുള്ള പലരീതിയിലുള്ള പ്രതിസന്ധികളിലൂടെയായിരുന്നു ചിത്രന്‍റെ യാത്ര. ലഡാക്കിൽ വെച്ച് കരടിയുടെ ആക്രമണമടക്കം ഉണ്ടായി. ലഡാക്കിലെ ദ്രാസിൽ വെച്ച് ക്യാമ്പ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പാത്രം കൊട്ടികൊട്ടിയിരുന്നാണ് അന്ന് ചിത്രം ടെന്‍റിനുള്ളിൽ നേരം വെളുപ്പിച്ചത്.

ലഢാക്ക് യാത്രക്കുശേഷം ഹിമാലയൻ മേഖലയിലേക്ക് കൂടുതൽ യാത്ര ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസമുണ്ടായത്. അങ്ങനെ നേപ്പാള്‍ രാജ്യത്തിലേക്ക് നടന്നു കയറിയത് ചിത്രന്‍റെ ട്രാവൽ വ്ലോഗിങിലും വഴിത്തിരിവായി. നേപ്പാളിലെ എല്ലാ പ്രവിശ്യകളിലേക്കുമുള്ള യാത്ര ഒരു വര്‍ഷം കൊണ്ടാണ് ചിത്രൻ പൂര്‍ത്തിയാക്കിയത്. മൂന്നുവര്‍ഷത്തെ യാത്രയിൽ ഒരു വര്‍ഷം മുഴുവൻ ചിത്രൻ നേപ്പാളിനായി മാറ്റിവെച്ചു. ആ നേപ്പാള്‍ യാത്രയും സുഹൃത്തുക്കളെ എന്ന വിളിയും കൂടിയായതോടെ ചിത്രൻ ശ്രദ്ധിക്കപ്പെട്ടു. ചിത്രന്‍റെ വീഡിയോകള്‍ ആളുകള്‍ ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ മലയാളികളുടെ സ്വന്തം ട്രാവല്‍ വ്ലോഗറായി ചിത്രൻ.

നേപ്പാളിലെ ഏറ്റവും വലിയ നാഷണൽ പാര്‍ക്കായ ട്രാന്‍സ് ഹിമാലയൻ മേഖലയിലെ ഷെ ഫോക്സുണ്ടോയിലേക്കുള്ള മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ചിത്രൻ പറയുന്നു. താൻ നിൽക്കുന്ന ഹോം സ്റ്റേയിൽ നിന്ന് ഏറെ ദുരമുള്ള അവിടേക്ക് കാറിൽ കൊണ്ടുപോകാമെന്ന് ഒരു ഡ്രൈവര്‍ പറഞ്ഞെങ്കിലും കാറിലുണ്ടായിരുന്ന ഒരു എഞ്ചിനീയര്‍ അതിന് വിസമ്മതിച്ചു. തന്നെ കയറ്റേണ്ടന്ന് അയാള്‍ തറപ്പിച്ചു പറഞ്ഞു. റോഡുപോലും ശരിക്കില്ലാത്ത സ്ഥലത്തൂകൂടെയായിരുന്നു യാത്ര. അങ്ങനെ ചിത്രൻ നടന്നുപോകാൻ തീരുമാനിച്ചു. ചിത്രൻ നാഷണൽ പാര്‍ക്കിന്‍റെ ഗേറ്റിലെത്തിയശേഷമാണ് കാറില്‍ അവര്‍ എത്തിയത്. അവരുടെ വാഹനം എത്തുന്നതിന് മുമ്പ് തന്നെ ചിത്രൻ അവിടെ എത്തിയിരുന്നു. അത്തരം അനുഭവം തന്‍റെ മുന്നോട്ടുള്ള യാത്രക്ക് പ്രചോദനമായിരുന്നുവെന്ന് ചിത്രൻ പറയുന്നു. അവിടെയുള്ള തടാകത്തിൽ കുളിക്കുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്നടക്കം ലക്ഷങ്ങള്‍ ഗൈഡന് നൽകി ആളുകള്‍ വരുന്നയിടത്താണ് ചിത്രൻ എത്തിയത്. ടിബറ്റിലെ കൈലാസമടക്കം അവിടെ നിന്ന് കാണാനാകും. നേപ്പാളിലെ ഹുംല, മാര്‍ദി ഹിമാലയൻ ട്രയൽസ്, റാറാ തടാകം, കര്‍ണാലി പ്രവിശ്യ, കാഠ്മമണ്ഡു, അന്നപൂര്‍ണ മൗണ്ട് എവറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമങ്ങളിലും ചിത്രൻ നാളുകളോളം താമസിച്ച് യാത്ര ചെയ്തു. അങ്ങനെ ഹിമാലയൻ മേഖലയിലൂടെയുള്ള യാത്ര ചിത്രനെ ഒരു ഷെര്‍പ്പ ഗൈഡാക്കി മാറ്റി. നേപ്പാളിലെ ഫാര്‍ വെസ്റ്റ് ഏരിയ (സുദൂർപശ്ചിം പ്രവിശ്യ) ആണ് പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ പോകേണ്ട സ്ഥലമെന്നാണ് ചിത്രൻ സാക്ഷ്യപ്പെടുത്തുന്നത്. ഫാര്‍ വെസ്റ്റ് മേഖലയിലെ കര്‍ണാലി പ്രവിശ്യയില്‍ ഒരുപാട് ഗ്രാമങ്ങളുണ്ട്. അവിടെയെല്ലാം നല്ല കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

തണുപ്പുകാലത്ത് ഒരു സഞ്ചാരിയും പോകാത്ത സമയത്താണ് നേപ്പാളിലെ മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ ചിത്രൻ പോയത്. ഗൈഡിന്‍റെ പോലും സഹായമില്ലാതെ മൈനസ് 45 ഡിഗ്രി തണുപ്പില്‍ 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട യാത്ര ചിത്രൻ 38 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഗ്രാമവാസികളാണ് ഭക്ഷണമടക്കം നൽകി സഹായിച്ചത്. ഇന്ത്യയിലെ ജോഹര്‍ വാലി, ഉത്തരാഖണ്ഡിലെ പിത്തോറഘട്ട് ജില്ലയിലെ നന്ദാദേവി കൊടുമുടി, ഇന്ത്യൻ-ടിബറ്റ് അതിര്‍ത്തിയിലെ പര്‍വതമേഖലകള്‍, നിലം ഹിമാനി, ഛാര്‍ദാം യാത്ര, ധര്‍മവാലി ഹിമാലയൻ ബേസ് ക്യാമ്പ്, വ്യാസ് വാലി തുടങ്ങിയ വിവിധയിടങ്ങളിലും സഞ്ചരിച്ചു. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലൂടെയുള്ള യാത്രയും ഏറെ ആസ്വദിച്ചു.

വഴികാട്ടികളായി ഗ്രാമവാസികള്‍

ഗ്രാമവാസികളാണ് ചിത്രന്‍റെ വഴികാട്ടികള്‍. പലയിടത്തും ലക്ഷങ്ങള്‍ മുടക്കി വിദേശികള്‍ ഗൈഡുമായി വരുമ്പോള്‍ ചിത്രന് ഗൈഡുകളാകുന്നത് ഗ്രാമവാസികളാണ്. യാത്ര തുടങ്ങുമ്പോള്‍ മലയാളം പോലും ശരിക്കും ആളുകളോട് സംസാരിക്കാൻ മടിയുണ്ടായിരുന്ന ചിത്രൻ ഇന്ന് ഹിന്ദിയും ഇംഗ്ലീഷും കുറച്ച് നേപ്പാളി ഭാഷയുമടക്കം സംസാരിക്കും. യാത്രയിലൂടെ ചിത്രൻ നേടിയതാണിതെല്ലാം. ഗ്രാമവാസികളുടെ നിര്‍ദേശത്തോടെ പലയിടത്തും ട്രക്ക് ചെയ്ത് പോകും. ഹിമാലയൻ താഴ്വരകളിലൂടെ നടന്നു നടന്നു കയറി. ഗ്രാമവാസികള്‍ കുതിരകളുമായി ആയുര്‍വേദ ചെടികള്‍ ശേഖരിക്കാൻ ഉള്‍വനമേഖലയിലേക്ക് പോകും. അവരൊടൊപ്പമായിരുന്നു താൻ പോയിരുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പോകാനായി.

സുഹൃത്തുക്കളെ…

ക്യാമറ കണ്ടാൽ പേടിക്കുന്നയാളായിരുന്നു താനെന്നും അധികം സുഹൃത്തുക്കളുമുണ്ടായിരുന്നില്ലെന്നുമാണ് ചിത്രൻ പറയുന്നത്. ഇപ്പോള്‍ എല്ലാവരുമുണ്ട്. എല്ലാവരും വിളിച്ച് സന്തോഷം അറിയിക്കാറുണ്ടെന്നും ചിത്രൻ പറയുന്നു. ആദ്യം ഹലോ നമസ്കാരം എന്നൊക്കെ പറഞ്ഞാണ് തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളെ എന്ന് പറഞ്ഞപ്പോള്‍ രസമില്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് അത് എല്ലാവര്‍ക്കും ഇഷ്ടമായി. അതിലൂടെ തന്നെ താൻ അറിയപ്പെടാനും തുടങ്ങിയെന്നും ചിത്രൻ പറയുന്നു.

മൂന്നുവര്‍ഷത്തിനുശേഷം നാട്ടിലേക്ക്

മൂന്നുവര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങിവരുന്നതിന്‍റെ സന്തോഷത്തിലാണ് ചിത്രൻ. നാട്ടിലേക്കുള്ള യാത്ര അടുത്തയാത്രകള്‍ക്കുള്ള പുതിയ ഊര്‍ജമായിട്ടാണ് ചിത്രൻ കാണുന്നത്. ജീവിതത്തിൽ എന്തൊക്കെയൊ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഈ മൂന്നുവര്‍ഷത്തെ യാത്രയിലൂടെ ലഭിച്ചെന്നും തന്‍റെ യാത്രകളുടെ കൂടുതൽ വീഡിയോകള്‍ ഇനി പങ്കുവെക്കാൻ കഴിയുമെന്നും ചിത്രൻ പറയുന്നു. ഒന്നുമില്ലായ്മയുടെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ചിടത്തുനിന്ന് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും നിൽക്കാൻ കഴിയുന്നത് ഈ യാത്രയിലൂടെയാണ്. തല ഉയര്‍ത്തി നിൽക്കാനുള്ള ആത്മവിശ്വാസമാണ് പ്രകൃതിയിലൂടെയുള്ള യാത്ര തനിക്ക് സമ്മാനിച്ചത്. കുറെ മനുഷ്യരെ കണ്ടു. അവരുടെ സ്നേഹം അറിഞ്ഞു.ഒന്നുമില്ലെങ്കിലും ജീവിക്കാൻ കഴിയുമെന്ന് മനസിലായി.

യാത്രയിലെ ഒറ്റപ്പെടൽ, അതിജീവനം

കാടുകളും മലകളും താണ്ടിയുള്ള ഗ്രാമ യാത്രകള്‍ക്കിടെ ഇന്‍റര്‍നെറ്റും വൈദ്യുതിയുമടക്കമുള്ള സൗകര്യങ്ങള്‍ കിട്ടാതെ വരുമ്പോള്‍ ഒറ്റപ്പെടൽ തോന്നാറുണ്ടെന്നും പുസ്തക വായനയിലൂടെയും മറ്റുമാണ് അതിനെ അതിജീവിക്കാറുള്ളതെന്നും ചിത്രൻ പറയുന്നു. യാത്രാനുഭവങ്ങളുടെ ഡയറി എഴുതിയും ഗ്രാമവാസികളുടെ കൂടെ കൂടിയും പുസ്തകങ്ങള്‍ വായിച്ചുമൊക്കെയാണ് ഏകാന്തതയെ പ്രതിരോധിച്ചത്. സോളോ ട്രാവലര്‍ ആകാൻ വിചാരിച്ച് ആയതല്ല ചിത്രൻ. തന്‍റെ ബുദ്ധിമുട്ടുകള്‍ക്കിടെ കൂടെ ആരെങ്കിലും കൂട്ടിയാൽ അവരും ബുദ്ധിമുട്ടും. പരിമിതികളിൽ നിന്നും തുടങ്ങിയ യാത്രയായതിനാൽ തന്നെ ഒറ്റക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് പുറത്തേക്ക് വന്നശേഷം വൈഫൈ സൗകര്യമുള്ള സ്ഥലങ്ങളിൽ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്യാറുള്ളത്. ആദ്യകാലത്ത് മൊബൈലിൽ തന്നെയായിരുന്നു എല്ലാം ചെയ്തിരുന്നത്. ഇപ്പോള്‍ എ‍ഡിറ്റിങ്ങിനായുള്ള ലാപ്‍ടോപ്പും ക്യാമറയുമടക്കമുള്ള ഒരു ബാക്ക് പാക്കും ചിത്രന്‍റെ തന്‍റെ ട്രക്കിങിനിടെ കൂടെ കരുതുന്നുണ്ട്. പാചകത്തിനുള്ള പെട്രോള്‍ ഗ്യാസ്, സ്റ്റൗ, പാത്രം, വസ്ത്രം, ക്യാമറ ബാഗ്, ടെന്‍റ്, കുക്കിങ് ടെന്‍റ്, ട്രക്കിങ് ഷൂസ് അങ്ങനെ എല്ലാം ഉള്‍പ്പെടുന്ന 35 കിലോക്ക് മുകളിൽ ഭാരമുള്ള ട്രാക്കിങ് ബാഗുമായാണ് ചിത്രന്‍റെ യാത്ര. ചിലവുചുരുക്കിയുള്ള യാത്രയായതിനാൽ ബാഗിന്‍റെ ഭാരം കാര്യമാക്കാതെയാണ് ചിത്രന്‍റെ യാത്ര

യാത്രയുടെ അടുത്ത ഘട്ടം?

നാട്ടിൽ പോയാൽ ആദ്യം മത്തിക്കറിയും ചോറും കഴിക്കണമെന്നാണ് ചിത്രന്‍റെ ആഗ്രഹം. കഴിഞ്ഞ മൂന്നുവര്‍ഷമായി നാവിൽ അതിന്‍റെ രുചിയറിഞ്ഞിട്ടില്ല. ആദ്യം വീട്ടുകാരെ കാണണം. നാട്ടിലൂടെ നടക്കണം. എല്ലാവരെയും കാണണം. ഒരു വീട് വെക്കണമെന്ന സ്വപ്നവും ചിത്രന് ബാക്കിയാണ്. ഒരുപാട് പേര്‍ ഇപ്പോള്‍ തന്നെ തിരിച്ചറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. പെറു, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ്, മംഗോള തുടങ്ങിയ വിദേശരാജ്യങ്ങളിൽ പോയി അവിടത്തെ മനുഷ്യവാസം അധികമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെന്നതാണ് ചിത്രന്‍റെ അടുത്ത സ്വപ്നം. അതിനായി സ്പോണ്‍സര്‍ഷിപ്പ് അടക്കമുള്ള സഹായവും ആവശ്യമുണ്ട്. പര്‍വത മേഖലകളിലേക്ക് യാത്ര ചെയ്യാനാണ് ഇഷ്ടം. സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകര്‍ ഇപ്പോള്‍ വിളിച്ച് ചിത്രാ നീ കണ്ട സ്ഥലങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതെന്നൊക്കെ പറയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും ചിത്രൻ പറയുന്നു. പുസ്തകത്തില്‍ വായിച്ചു പഠിച്ച സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ കിട്ടുന്ന സുഖമുള്ള അനുഭവിത വല്ലാതൊരു അനുഭവമായിരുന്നുവെന്നും ചിത്രൻ പറയുന്നു.

കൊടും മഞ്ഞുവീഴ്ചയിൽ പെട്ടു പോയപ്പോൾ🥰യാത്രയുട മുഴുവൻ എപ്പിസോഡ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്🥰

YouTube video player