നാലാം വയസിൽ സ്വന്തമായി കീബോര്‍ഡിലും മറ്റു സംഗീതോപകരണങ്ങളിലും പാട്ടുകള്‍ വായിച്ച് തുടങ്ങിയ കോഴിക്കോട് സ്വദേശി അദ്വൈത് എം ശ്രീ പത്തുവര്‍ഷത്തിനിപ്പുറം കീറ്റാറും മെലോഡിക്കയുമടക്കം 12ലധികം ഉപകരണങ്ങളിൽ വിസ്മയം തീര്‍ക്കുന്ന അത്ഭുത പ്രതിഭയാണ്

നാലാം വയസിൽ സ്വന്തമായി കീബോര്‍ഡിലും മറ്റു സംഗീതോപകരണങ്ങളിലും പാട്ടുകള്‍ വായിച്ച് വിസ്മയിപ്പിച്ച അത്ഭുത പ്രതിഭ. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം അധികമാരും ഉപയോഗിക്കാത്ത സംഗീത ഉപകരണങ്ങളടക്കം പന്ത്രണ്ടിലധികം സംഗീത ഉപകരണങ്ങളിൽ കഴിവ് തെളിയിച്ച് മുപ്പതിലധികം വേദികളിൽ തന്‍റെ മാന്ത്രിക വിരലുകളിലൂടെ 'അദ്വൈത' സംഗീതം പകരുന്ന 13 വയസുകാരൻ. കോഴിക്കോട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അദ്വൈത് എം ശ്രീ ആണ് പ്രശസ്ത കീബോര്‍ഡിസ്റ്റും സംഗീതജ്ഞാനുമായ സ്റ്റീഫൻ ദേവസിയുടെ പ്രശംസ ഏറ്റുവാങ്ങി സംഗീതവഴിയിൽ മുന്നേറുന്നത്. കീബോര്‍ഡ്, ഗിറ്റാര്‍, കീറ്റാര്‍, ഉകുലേലെ, ബീറ്റ്ബോക്സ്, കസൂ, ഒകാറിന, പിയാനോ, ഹാര്‍മോണിക്ക, മെലോഡിക്ക, മൗത്ത് ഓര്‍ഗണ്‍, ഹാര്‍മോണിയം തുടങ്ങിയ 12ലധികം ഉപകരണങ്ങള്‍ സ്വന്തമായി പഠിച്ചെടുത്ത് പഴയ മെലഡി ഗാനങ്ങള്‍ മുതൽ തട്ടുപൊളിപ്പൻ ന്യൂജെൻ ഹിറ്റ് ഗാനങ്ങള്‍ വരെ വായിക്കുന്ന അദ്വൈത് വലിയൊരു ചുവടുവെപ്പുമായി കേരളമാകെ പര്യടനം നടത്തുകയാണ്. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ സംഗീത് ലെഹര്‍ എന്ന പേരിൽ ഒരു വര്‍ഷം നീളുന്ന ഏകാംഗ മ്യൂസിക് കാമ്പയിനാണ് തുടക്കമിട്ടിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ഇത്രയധികം സംഗീതോപകരണങ്ങള്‍ സ്വന്തമായി പഠിച്ചെടുത്ത് സംഗീത പരിപാടികളിൽ കയ്യടി നേടുന്ന അദ്വൈത് തന്‍റെ സ്വപ്നങ്ങളെക്കുറിച്ചും തന്‍റെ സംഗീത യാത്രയെക്കുറിച്ചും സംസാരിക്കുകയാണ്.

അദ്വൈതിന്‍റെ സംഗീത വഴി

അഞ്ചാം വയസിൽ കളിപ്പാട്ടങ്ങളായി ലഭിച്ച സംഗീത ഉപകരണങ്ങളിലൂടെയാണ് അദ്വൈത് തന്‍റെ സംഗീതയാത്ര ആരംഭിക്കുന്നത്. ടോയ് കീബോര്‍ഡിൽ വിരലോടിച്ചുകൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട സിനിമാഗാനങ്ങള്‍ അദ്വൈത് വായിക്കാൻ തുടങ്ങി. സാധാരണയായി കുട്ടികള്‍ക്ക് കളിക്കാൻ കൊടുക്കാറുള്ള ടോയ് കീബോര്‍ഡിൽ പാട്ടുകള്‍ വായിക്കാൻ ശ്രമിക്കുന്ന മകനെ കണ്ട് അവനിലെ സംഗീതം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. പിന്നീട് നാലാം വയസ് മുതൽ അദ്വൈത് ഒരോ സംഗീത ഉപകരണങ്ങളും സ്വന്തമായി വായിക്കാൻ തുടങ്ങി. ചെറിയ കീബോര്‍ഡുകളിൽ തുടങ്ങി പിന്നീട് അത് കീറ്റാറിലും ഹാര്‍മോണിക്കയിലും വരെയെത്തി. അഞ്ചാം വയസിൽ പിതാവായ മിതോഷ് ജോസഫ് തനിക്കാറിയാവുന്ന തബലയുടെ ബാലപാഠങ്ങള്‍ അദ്വൈതിനെ പഠിപ്പിച്ചു. കുഞ്ഞുപ്രായത്തിൽ തന്നെ വീട്ടിൽ അച്ഛൻ കൊണ്ടുവെച്ച നൂറുവര്‍ഷത്തിലധികം പഴക്കമുള്ള അമേരിക്കൻ നിര്‍മിത പിയാനോയിൽ ആകൃഷ്ടനായ അദ്വൈത് അതിലും ഒരു കൈ നോക്കി. തബലയിലെ അച്ഛന്‍റെ ശാസ്ത്രീയ പഠനത്തിനൊപ്പം തന്നെ കീബോര്‍ഡ്, ഗിറ്റാര്‍, കീറ്റാര്‍, ഉകുലേലെ, ബീറ്റ്ബോക്സ്, കസൂ, ഒകാറിന, പിയാനോ, ഹാര്‍മോണിക്ക, മെലോഡിക്ക, മൗത്ത് ഓര്‍ഗണ്‍, ഹാര്‍മോണിയം തുടങ്ങിയ 12ഓളം ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്തു. 12വയസിനുള്ളിൽ തന്നെ കീബോര്‍ഡിലും കീറ്റാറിലും മറ്റു സംഗീതോപകരണങ്ങളിലും കഴിവ് തെളിയിച്ച അദ്വൈത് ഇതിനോടകം 30ലധികം വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഇഷ്ടപ്പെട്ട പാട്ടുകള്‍ കീബോര്‍ഡിലും മറ്റു സംഗീതോപകരണങ്ങളിലും വായിക്കാനായി സ്വന്തമായി തന്നെയാണ് അദ്വൈത് നോട്സ് ഉണ്ടാക്കുന്നത്. ഇതോടൊപ്പം സ്വന്തമായി പാട്ടെഴുതി സംഗീതം നൽകാനും തുടങ്ങി. ഇന്ത്യയിൽ അപൂര്‍വമായി ഉപയോഗിക്കുന്ന മെലോഡിക്കയും അദ്വൈത് അനായാസേന വായിക്കും. ജന്മസിദ്ധമായ കഴിവിലൂടെ നാലാം വയസ് മുതൽ 12 വയസുവരെ തബല ഒഴികെ മറ്റെല്ലാ ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്ത അദ്വൈത് കഴിഞ്ഞ വര്‍ഷമാണ് പിയോനോയിലും ഗിറ്റാറിലും ശാസ്ത്രീയമായ പരിശീലനം ആരംഭിച്ചത്. പിയാനോ, ഗിറ്റാര്‍ എന്നിവ കോഴിക്കോട് റെയ്നോള്‍ഡ് സ്കൂള്‍ ഓഫ് മ്യൂസിക്ക്സിലെ പ്രമോദ് റെയ്നോള്‍ഡിന്‍റെ കീഴിലാണ് 2024 മുതൽ പരിശീലിക്കുന്നത്. മറ്റു ഉപകരണങ്ങളെല്ലാം ഇപ്പോഴും സ്വന്തം നിലയിലാണ് അദ്വൈത് പഠിച്ചെടുക്കുന്നത്. അഞ്ചാം വയസ് മുതൽ അച്ഛൻ മിതോഷ് ആണ് തബലയിലെ അദ്വൈതിന്‍റെ ഗുരു. കഴിഞ്ഞ വര്‍ഷം മുതൽ മിതോഷിന്‍റെ ഗുരുനാഥനായ പ്രഗൽഭ തബലിസ്റ്റ് ആനന്ദകൃഷ്ണന് കീഴിൽ അദ്വൈത് തബല പഠിക്കുന്നുണ്ട്.

കുട്ടികളുടെ മ്യൂസിക് അംബാസിഡര്‍

കോഴിക്കോടിന്‍റെ സ്വന്തം എംഎസ് ബാബുരാജിനെയും കീറ്റാറിലും കീബോര്‍ഡിലും വിസ്മയം തീര്‍ക്കുന്ന സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെയും എആര്‍ റഹ്മാനെയും ആരാധിക്കുന്ന അദ്വൈത് 2024 മുതൽ ഹിന്ദുസ്ഥാനി സംഗീതവും 2025 ജൂലൈ മുതൽ ഗസലും പഠിക്കുന്നുണ്ട്. എല്ലാ ഉപകരണങ്ങളും ഇഷ്ടമാണെങ്കിലും കീറ്റാര്‍ ആണ് അദ്വൈതിന്‍റെ ഫേവറിറ്റ്. കീറ്റാറിൽ സ്റ്റീഫൻ ദേവസിയെ പോലെ മികച്ച സ്റ്റേജ് പെര്‍ഫോമര്‍ ആകുന്നതിനൊപ്പം തന്നെ മ്യൂസിക് കമ്പോസറാകുകയെന്നതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമെന്നാണ് അദ്വൈത് പറയുന്നത്. സാമൂഹ്യ പ്രതിബന്ധതയുള്ള കുട്ടികളുടെ മ്യൂസിക് അംബാസിഡറായി ഉയര്‍ന്നുവരുന്നതിനൊപ്പം സംഗീതവുമായി ബന്ധപ്പെട്ട എല്ലാം പഠിച്ചെടുക്കാനുള്ള പ്രയത്നത്തിലാണിപ്പോള്‍ അദ്വൈത്.

കോവിഡ് ലോക്ക്ഡൗണിനിടെ പിതാവിനൊപ്പം അവതരിപ്പിച്ച സംഗീതപരിപാടികള്‍ നേരത്തെ വൈറലായിരുന്നു. കോഴിക്കോട് റൂറൽ പൊലീസ് അവരുടെ ഔദ്യോഗിക പേജുകളിലും വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന ക്യാൻസര്‍, രക്തജന്യ രോഗങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായി നിരവധി സംഗീത ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി അദ്വൈത് നടത്തിയ പുനര്‍ജനി എന്ന സംഗീത പരിപാടി ഏറെ ശ്രദ്ധനേടിയിരുന്നു. കുട്ടികളെ സംഗീത ഉപകരണങ്ങള്‍ പരിചയപ്പെടുത്താനും അവരെ സംഗീതലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരാനും ലക്ഷ്യമിട്ടായിരുന്നു പുനര്‍ജനി സംഗീത പരിപാടി നടത്തിയത്. നൂറിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും ഡോക്ടര്‍മാരുമാണ് പരിപാടിയിൽ പങ്കെടുത്തത്. അതിജീവനത്തിന്‍റെ സംഗീതം അവരിൽ പുത്തൻ പ്രത്യാശകളാണ് തീര്‍ത്തത്.

13 വയസിനിടയിൽ സ്കൂള്‍ പ്രവേശനോത്സവങ്ങളിലും റെസിഡന്‍സ് ഫോറങ്ങളിലും കോളേജുകളിലും പൊതുസ്ഥലങ്ങളിലുമടക്കം സോളോ കീറ്റാര്‍ പെര്‍ഫോമൻസുകള്‍ നടത്തി ജൂനിയര്‍ സ്റ്റീഫൻ ദേവസിയെന്ന വിളിപ്പേരും അദ്വൈത് സ്വന്തമാക്കിയിട്ടുണ്ട്. വീടിന് സമീപമുള്ള നിരവധി കുട്ടികള്‍ക്ക് തന്‍റെ സംഗീത ഉപകരണങ്ങള്‍ പരിചയപ്പെടുത്തികൊടുക്കാനും അവരിൽ സംഗീതത്തോടുള്ള താത്പര്യമുണ്ടാക്കാനും അദ്വൈത് മറക്കാറില്ല. തന്‍റെ വീട്ടിൽ പ്രായമുള്ളവര്‍ക്കായി പഴയ പാട്ടുകള്‍ പഠിച്ച് വായിക്കാനും അദ്വൈത് സമയം കണ്ടെത്താറുണ്ട്. നേരിട്ട് വരാൻ കഴിയാത്തവര്‍ക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ അയച്ചുനൽകും. പ്രായത്തിന്‍റെ ഒറ്റപ്പെടലുകളില്‍ അദ്വൈതിന്‍റെ സംഗീതം അവര്‍ക്ക് ആശ്വാസമാകുകയാണ്. കിടപ്പുരോഗികളും പ്രായത്തിന്‍റെ അവശതയും നേരിടുന്നവര്‍ക്ക് അദ്വൈത സംഗീതം ഒരു വേദനസംഹാരിയായി മാറുകയാണ്.


അദ്വൈത് എം ശ്രീ

സ്റ്റീഫൻ ദേവസിയുടെ പ്രോത്സാഹനം

അദ്വൈതിന്‍റെ സംഗീത വഴിയിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവവും പ്രചോദനവുമായിരുന്നു സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുമായുള്ള കൂടിക്കാഴ്ച. പിതാവ് മിതോഷ് ജോസഫ് ജോലിയുടെ ഭാഗമായി സ്റ്റീഫൻ ദേവസിയുടെ അഭിമുഖം എടുക്കാൻ പോയപ്പോഴായിരുന്നു താൻ ഏറെ ആരാധിക്കുന്ന സ്റ്റീഫൻ ദേവസിയെ അദ്വൈതിന് നേരിൽ കാണാൻ കഴിഞ്ഞത്. അന്ന് അദ്വൈതിന്‍റെ കീറ്റാറിലെ പെര്‍ഫോമൻസ് കണ്ട് അഭിനന്ദിച്ച സ്റ്റീഫൻ ദേവസി മെലോഡിക്ക എന്ന സംഗീത ഉപകരണത്തിന്‍റെ ബാഗിന് പുറത്ത് ഓട്ടോഗ്രാഫ് നൽകിയാണ് അദ്വൈതിനെ യാത്രയാക്കിയത്. സ്റ്റീഫൻ ദേവസിയുടെ ആ ഓട്ടോഗ്രാഫ് അതും തനിക്ക് പ്രിയപ്പെട്ട മെലോഡിക്കയുടെ ബാഗിൽ തന്നെ കിട്ടിയത് അദ്വൈതിന് വലിയ ഊര്‍ജമാണ് നൽകിയത്. പിന്നീട് പലപ്പോഴും അദ്വൈതിന്‍റെ പെര്‍ഫോമൻസ് വീഡിയോ കണ്ട് അഭിനന്ദിക്കാനും സ്റ്റീഫൻ ദേവസി മറക്കാറില്ല. അദ്വൈതിന്‍റെ നല്ല ഫിംഗറുകളാണെന്നും ഉയരങ്ങളിൽ എത്തട്ടെയെന്നുമാണ് എല്ലാ അനുഗ്രഹവുമുണ്ടാകട്ടെയെന്നുമാണ് വീഡിയോകള്‍ കണ്ടുകൊണ്ട് സ്റ്റീഫൻ ദേവസി പ്രശംസിച്ചത്.

സംഗീതമാണ് ലഹരി

‘say no to drugs’ എന്ന ഹാഷ്‍ടാഗിൽ നിരവധി സംഗീത പരിപാടികള്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചിട്ടുള്ള അദ്വൈത് ഇപ്പോള്‍ മറ്റൊരു വലിയ ദൗത്യത്തിലാണ്. കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ പിന്തുണയോടെ ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി ഒരു വർഷം നീളുന്ന ഏകാംഗ മ്യൂസിക് കാമ്പയിനുമായി മുന്നോട്ടുപോവുകയാണ് അദ്വൈത് എം ശ്രീ. സംഗീത് ലെഹര്‍ എന്ന പേരിലാണ് മ്യൂസിക്കൽ ക്യാമ്പയിൻ. ക്യാമ്പയിന്‍റെ ആദ്യ പരിപാടി സെപ്റ്റംബർ 13ന് വൈകിട്ട് ആറു മുതൽ രാത്രി വരെ കോഴിക്കോട് ബീച്ചിൽ നടന്നു. ലഹരിവിരുദ്ധ പ്രചരണ പരിപാടി കോഴിക്കോട് മെഡിക്കൽ കോളേജ് അസിസന്‍റ് കമ്മീഷണര്‍ എ ഉമേഷ് ആണ് ഉദ്ഘാടനം ചെയ്തത്. കിറ്റാര്‍ എന്ന സംഗീത ഉപകരണവുമായി ലഹരിക്കെതിരെ കേരളത്തിലെ 100 തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ വിവിധ സംഘടനകളുടെ സഹായത്തോടെ ബോധവത്കരണ സംഗീത പരിപാടി അവതരിപ്പിക്കാനാണ് സംഗീത് ലെഹറിലൂടെ ലക്ഷ്യം വെക്കുന്നത്. 

കോഴിക്കോട് സിറ്റി പൊലീസിന്‍റെ നൊ, നെവര്‍ എന്ന ലഹരി വിരുദ്ധ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി അദ്വൈത് ചെറുപ്രായത്തിൽ തന്നെ പുതുതലമുറയിലെ കുട്ടികള്‍ക്ക് പ്രചോദനവുമായി ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന സംഗീത് ലെഹറുമായി രംഗത്തെത്തുന്നത്. സംഗീത പരിപാടിക്കൊപ്പം ലഹരി വിരുദ്ധ സന്ദേശവും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊതുജനങ്ങളിലേക്കും കുട്ടികളിലേക്കും കൈമാറും. വിവിധ ജില്ലകളിലെ പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായിരിക്കും വരും മാസങ്ങളിൽ സംഗീത പരിപാടികള്‍ നടക്കുക. അദ്വൈത് ഇതിനോടകം മുപ്പതോളം വേദികളിൽ ഏകാംഗ സംഗീത ഉപകരണ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ വരാനിരിക്കുന്ന പരിപാടികളിൽ അദ്വൈതിന് കൂടുതൽ ആത്മവിശ്വാസമേകും. പഴയ മലയാളം ഹിറ്റ് ഗാനങ്ങള്‍ മുതൽ കൂലിയിലെ മോണിക്ക എന്ന പാട്ടുവരെ കീറ്റാര്‍ വായിച്ചുകൊണ്ടാണ് അദ്വൈത് കയ്യടി നേടിയത്.


അദ്വൈത് കീറ്റാറുമായി

കരുത്തായി കൂടെ മാതാപിതാക്കള്‍

മാധ്യമപ്രവര്‍ത്തകരായ കോഴിക്കോട് പുതിയങ്ങാടി മന്ദാരത്തിൽ മിതോഷ് ജോസഫിന്‍റെയും കെഎം ശ്രീയുടെയും മകനാണ് 13കാരനായ അദ്വൈത് എം ശ്രീ. കോഴിക്കോട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അദ്വൈതിന് സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ഗുരുക്കന്മാരുടെയും പൂര്‍ണപിന്തുണയുണ്ട്. ജന്മസിദ്ധമായ കഴിവ് തിരിച്ചറിഞ്ഞ് പുതിയ സംഗീത ഉപകരണങ്ങ‍ള്‍ വാങ്ങാനും അവ പഠിക്കാനുമുള്ള ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊപ്പം നിൽക്കുന്ന മാതാപിതാക്കള്‍ തന്നെയാണ് അദ്വൈതിന്‍റെ കരുത്ത്. ഔദ്യോഗിക രേഖകളിൽ മതമില്ലാതെ സംഗീതത്തെ തന്‍റെ ഉപാസനയായി സ്വീകരിച്ച് മതനിരപേക്ഷ മൂല്യങ്ങള്‍ ചേര്‍ത്തുനിര്‍ത്തിയാണ് അദ്വൈതിന്‍റെ സംഗീതയാത്ര. മ്യൂസിക്കൽ ചൈൽഡ് പ്രൊഡിജി അവാര്‍ഡ്, പുനര്‍ജനി അവാര്‍ഡ്, ചൈൽഡ് സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസര്‍ അവാര്‍ഡ്, യുവ സംഗീത പ്രതിഭ പുരസ്കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങളും അദ്വൈതിനെ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്. ജന്മസിദ്ധമായി ലഭിച്ച കഴിവിലൂടെ മറ്റുള്ളവര്‍ക്ക് വെളിച്ചം പകരാൻ ലക്ഷ്യമിടുന്ന അദ്വൈത് പ്രതിഫലം വാങ്ങാതെ സ്വന്തം ചെലവിലാണ് പലപ്പോഴും സംഗീത പരിപാടി നടത്തുന്നത്. പ്രോത്സാഹനമായി ലഭിക്കുന്ന പാരിതോഷികങ്ങള്‍ സംഗീതത്തിനായും അര്‍ഹതപ്പെട്ടവര്‍ക്കുമായും മാറ്റിവെക്കും. മാതാപിതാക്കളുടെ പിന്തുണയോടെ പതിനഞ്ചോളം സംഗീതോപകരണങ്ങള്‍ അദ്വൈത് സ്വന്തമാക്കിയിട്ടുണ്ട്.

അദ്വൈത് എം ശ്രീയുടെ കീറ്റാർ പെർഫോമൻസ്:


YouTube video player