ജനുവരി 20 മുതൽ ജൂലൈ 15 വരെയുള്ള കാലത്തിനിടെ 1,563 ഇന്ത്യക്കാരാണ് യുഎസില്‍ നിന്നും നാടുകടത്തിയതിന്‍റെ ഭാഗമായി തിരിച്ചെത്തിയത്. 

'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന പരസ്യവാചകവുമായാണ് ട്രംപ് തന്‍റെ രണ്ടാം തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഎസ് പ്രസിഡന്‍റായി രണ്ടാമതും അധികാരമേറ്റ ട്രംപ് ചെയ്തത് യുഎസ് പൗരത്വമില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുകയെന്നതായിരുന്നു. ഇതിന്‍റെ ഭാഗമായി ഇതുവരെ 1,563 ഇന്ത്യക്കാരെ യുഎസ് ഇതുവരെയായി തിരിച്ചയച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അതേസമയം ഏതാണ്ട് ഏകദേശം 7,25,000 ഇന്ത്യൻ പൗരന്മാർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

'കഴിഞ്ഞ ആറ് മാസത്തിനിടെ 1,563 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ജനുവരി 20 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ കണക്കാണിത്. മിക്കവരും വാണിജ്യ വിമാനങ്ങൾ വഴിയാണ് എത്തിയതെന്ന്' വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. നിയമ വിരുദ്ധ താമസക്കാരെന്ന് അറിയിച്ച് യുഎസില്‍ നിന്നും സൈനിക വിമാനത്തില്‍ കൈയിലും കാലിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഏകദേശം 7,25,000 ഇന്ത്യൻ പൗരന്മാർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പറയുന്നു. മെക്സിക്കോ, എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർ കഴിഞ്ഞാല്‍ യുഎസില്‍ അനധികൃത കുടിയേറ്റക്കാരായി താമസിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വംശീയ വിഭാഗമാണ് ഇന്ത്യക്കാര്‍.

Scroll to load tweet…

Scroll to load tweet…

രണ്ടാം തവണ അധികാരമേറ്റയുടെ കുടിയേറ്റത്തിനെതിരെ കര്‍ശനമായ നടപടികൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനി പിന്നാലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് മനുഷ്യരെയാണ് കൈ കാലുകളില്‍ വിലങ്ങുവച്ച് നാടുകടത്തിയത്. ഇത് ലോകമെങ്ങും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ യുഎസ് ഭരണകൂടം അത്തരം വിമര്‍ശനങ്ങൾക്ക് വില കല്‍പ്പിച്ചിരുന്നില്ല. മാത്രമല്ല, ഐസ് (ICE - United States Immigration and Customs Enforcement) എന്ന സ്ഥാപനത്തിന് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ തോട്ടങ്ങളിലും റോഡിലും റെസ്റ്റോറന്‍റില്‍ നിന്ന് പോലും കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന വീഡിയോകളും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതുവരെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയിരുന്നുവെങ്കില്‍ പുതുതായി സ്ഥാപിച്ച ജയിലുകളിലേക്കാണ് ഇപ്പോൾ ഐസ് പിടികൂടുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇത്തരം തടവറകൾ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകൾക്ക് തുല്യമാണെന്നും ആരോപണം ഉയരുന്നുണ്ട്.