Asianet News MalayalamAsianet News Malayalam

സങ്കീര്‍ണ്ണമാകുന്ന അമേരിക്കന്‍ തെഞ്ഞെടുപ്പ്; പക്ഷേ, ട്രംപിന് ഒന്നും ഒരു പ്രശ്നമല്ല !


ഭരണഘടനയ്ക്കെതിരെ കലാപക്കൊടിയുയർത്തുന്നവരെ ലക്ഷ്യമിട്ട് രൂപീകരിച്ച നിയമം ഉപയോഗിച്ചാണ് ഡൊണാള്‍ഡ് ട്രംപിനെ കോളറാഡോ തെരഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കുന്നത്. 

Trump s disqualification and a complicated US election bkg
Author
First Published Dec 29, 2023, 4:10 PM IST


2024 ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ചിത്രം തന്നെ മാറ്റിവരയ്ക്കാൻ തക്കവണ്ണം മറ്റൊരു സംഭവം കൂടിയുണ്ടായിരിക്കുന്നു. ഡോണൾഡ് ട്രംപ് അയോഗ്യനായിരിക്കുന്നു, കൊളറാഡോ സംസ്ഥാനത്ത് മാത്രം ബാധകമാകുന്ന തീരുമാനമാണെങ്കിലും പ്രത്യാഘാതം കൊളറാഡോയിൽ ഒതുങ്ങില്ല. കൊളറാഡോ ഡമോക്രാറ്റ് സംസ്ഥാനമാണ്. പക്ഷേ അതും അവസരമാക്കിയെടുക്കുകയാണ് ട്രംപ്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു നടപടി എടുക്കുകയും ചെയ്തു. സ്പെഷ്യൽ കൗൺസൽ JACK SMITH സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് ട്രംപിന്‍റെ കേസ് എത്രയും വേഗം പരിഗണിക്കാനാണ്. കേസെടുത്താൽ അത് മാർച്ചിലെ സൂപ്പർ TUESDAY ക്ക് മുമ്പായിരിക്കും.  പക്ഷേ, തൽകാലം കോടതി ഇടപെടരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നു ട്രംപ്. കൊളറാഡോ കോടതിയുടെ വിധിയിൽ ജനുവരി നാലിനകം അപ്പീൽ കൊടുത്ത് മാർച്ച് 5 നകം തീരുമാനമുണ്ടായാലേ ട്രംപിന്‍റെ അയോഗ്യതാ വിധി മാറിക്കിട്ടു. പ്രൈമറികൾ തുടങ്ങും മുമ്പ് തീരുമാനം വേണം. അതായിരുന്നു സ്ഥിതി. അതിലാണിപ്പോൾ ട്രംപിന്‍റെ ഇടപെടൽ. അപ്പീൽ കൊടുത്തിരുന്നെങ്കിൽ അത് കോടതി അടുത്ത വർഷം പരിഗണിക്കാനേ സാധ്യതയുണ്ടായിരുന്നുള്ളൂ. കോടതിയെ വരെ തന്‍റെ ഇഷ്ടത്തിന് വളച്ചൊടിക്കാനുള്ള ട്രംപിന്‍റെ ശ്രമമെന്ന് അമ്പരക്കുകയാണ് നിരീക്ഷകർ. കൊളറാഡോ കോടതി വിധി, എന്തായാലും ട്രംപ് പ്രതീക്ഷിക്കാത്തതാണ്.

ആദ്യമായാണ് ഭരണഘടനയുടെ 14 -ാം ഭേദഗതിയുടെ സെക്ഷൻ 3 ഉപയോഗിച്ച് ഒരു പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയെ അമേരിക്കയില്‍ അയോഗ്യനാക്കുന്നത്. ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിലേതാണ് നിയമം. അതാകട്ടെ ഭരണഘടനയ്ക്കെതിരെ കലാപക്കൊടിയുയർത്തുന്നവരെ ലക്ഷ്യമിട്ട് രൂപീകരിച്ച നിയമവും. അതായത്, കോൺഫിഡറേറ്റുകൾ ജനപ്രതിനിധിസഭയിൽ എത്തുന്നത് തടയാൻ രൂപീകരിച്ച നിയമം. കൊളറാഡോ കോടതിയുടേയത് ഭിന്നവിധിയാണ്. നാലിൽ മൂന്ന് പേർ ട്രംപിനെ പുറത്താക്കുന്നതിനോട് വിയോജിച്ചു. കാപ്പിറ്റോൾ അക്രമത്തിലെ പങ്കിനാണ് ശിക്ഷ. 213 പേജുള്ള വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നത് ട്രംപിന്‍റെ പ്രവൃത്തികളാണ് ജനുവരി ആറിന്‍റെ അക്രമത്തിൽ കലാശിച്ചതെന്നാണ്. അക്രമത്തിന്‍റെ ഉത്തരവാദിത്തം ട്രംപിനല്ല എന്ന് വാദിച്ചു, ട്രംപിന്‍റെ അഭിഭാഷകർ. പക്ഷേ, പ്രയോജനമുണ്ടായില്ലെന്ന് മാത്രം.

Trump s disqualification and a complicated US election bkg

പക്ഷേ ഇതൊന്നും ട്രംപിന്‍റെ സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ല. കാരണം, കൊളറാഡോയിൽ മാത്രമേയുള്ളൂ വിലക്ക്. സുപ്രീംകോടതിയിൽ പോകാനാണ് ട്രംപ് സംഘത്തിന്‍റെ തീരുമാനം. അതിനി എന്ന് കോടതി പരിഗണിക്കുമെന്ന് വ്യക്തമല്ല. ജനുവരി നാലിനകം ട്രംപ് അപ്പീൽ കൊടുത്താൽ കൊളറാഡോയിലെ പട്ടികയിൽ ട്രംപിന്‍റെ പേര് നിലനിൽക്കും. പക്ഷേ. മാർച്ച് 5 നകം തീരുമാനമുണ്ടാകണം. പ്രൈമറികൾ തുടങ്ങും മുമ്പ്. ഇതിലെല്ലാം പരിഗണിക്കേണ്ട രണ്ട് കാര്യങ്ങളുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ഒന്ന്, കാപ്പിറ്റോൾ അക്രമം കലാപമാണോ എന്ന ചോദ്യം. രണ്ട്, ഈ നിയമം പ്രസിഡന്‍റിന് ബാധകമാണോ എന്നത്. കൊളറാഡോയിലെ തന്നെ വിചാരണക്കോടതി ജഡ്ജി പ്രസിഡന്‍റിന് നിയമം ബാധകമല്ലെന്ന് വിധിച്ചിരുന്നു, അത് തിരുത്തിയാണ് സുപ്രീംകോടതി വിധിച്ചത്.

ഖലിസ്ഥാന്‍: അന്ന് കാനഡയോട് മുട്ടിയത് ഇന്ദിരാഗാന്ധി; എതിരുനിന്നത് ട്രൂഡോയുടെ പിതാവ്!

ഇപ്പോഴത്തെ വിധിയെച്ചൊല്ലി സാധാരണക്കാർക്കിടയിലും വിദഗ്ധർക്കിടയിലും രണ്ട് പക്ഷമുണ്ട്, ട്രംപിന്‍റെ എതിരാളികളും വിധിയെ അനുകൂലിക്കുന്നില്ല. എന്തിന് ഡമോക്രാറ്റുകൾ പോലും. ഇനി മറ്റൊരു കുരുക്കുണ്ട്. ട്രംപിനെതിരെ കേസുകളുള്ള വേറെ സംസ്ഥാനങ്ങളുണ്ട്. കൊളറാഡോയെ പിന്തുടർന്ന് അവരും ട്രംപിനെതിരെ തീരുമാനമെടുത്താൽ അത് ട്രംപിന് ശരിക്കും തിരിച്ചടിയാകും. പക്ഷേ, പ്രസിഡന്‍റിന്‍റെ സ്ഥാനാർത്ഥിത്വം അങ്ങനെ ഓരോരോ സംസ്ഥാനമായി തീരുമാനിക്കുന്നത് ജനാധിപത്യരീതിക്ക് തന്നെ എതിരാകുമെന്ന് നിയമവിദഗ്‌ധരും വാദിക്കുന്നു.

Trump s disqualification and a complicated US election bkg

ട്രംപ് എന്തായാലും ഇത് പ്രയോജനപ്പെടുത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കോടതിക്ക് പുറത്ത് എന്തും പറയാമെന്ന അവസ്ഥ. ഏകാധിപതിയെപ്പോലെ അടുത്ത വർഷം അധികാരം പിടിച്ചെടുത്ത് നാസി മാതൃകയിൽ എതിരാളികൾക്ക് നേരെ അക്രമം അഴിച്ചുവിടണോ എന്നുവരെ ആലോചിക്കുന്നുണ്ട്. അതും ഉറക്കെത്തന്നെ. ഒപ്പം കുടിയേറ്റക്കാരെ അപമാനിക്കുന്നതും തുടരുന്നു, അതേസമയം ക്രിമിനൽ കേസുകളടക്കം നേരിട്ടിട്ടും ട്രംപിന്‍റെ ജനപ്രീതി കുറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ട്രംപ് ജയിക്കുമെന്ന് പേടിച്ചിട്ട് സ്ഥാനാർത്ഥിയല്ലാതാക്കാൻ ശ്രമിക്കുകയാണ് ഡമോക്രാറ്റുകൾ എന്ന് വാദിക്കുന്നു റിപബ്ലിക്കൻ അംഗങ്ങൾ. ഈ വാദം ശക്തിപ്രാപിക്കും എന്ന് ഡമോക്രാറ്റുകളും ഭയക്കുന്നു. ബാലറ്റിൽ തോൽപ്പിക്കുന്ന പോലെയല്ലല്ലോ അവിടം വരെയത്തൊൻ സമ്മതിക്കാതിരിക്കുന്നത് എന്നാണ് അവരുടെ നിലപാട്. അധികാര ദുർവിനിയോഗം എന്നാരോപിച്ച്, ഫ്ലോറിഡ ഗവർണർ de santis  കൊളറാഡോയിലെ പ്രൈമറി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കയാണ് റിപബ്ലിക്കൻ പാർട്ടി. ട്രംപിന്‍റെ എതിർസ്ഥാനാർത്ഥിയായ nikki haley അടക്കം എതിർക്കുന്നു, ജഡ്ജിമാരല്ല ഇതൊന്നും പറയേണ്ടത് എന്നാണ് വാദം. 

എന്തായാലും കോടതിവിധി ട്രംപിന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ല. 2020 -ൽ ട്രംപ് കൊളറാഡോയിൽ തോറ്റതാണ്. ജയിക്കാൻ കൊളറാഡോ വേണമെന്നില്ല താനും. എന്തായാലും 2024 ലെ ഏറ്റുമുട്ടലിന് ഒരു മുഖം കൂടിയായിരിക്കുന്നു. ബൈഡനും ട്രംപും തൊട്ടുതൊട്ടാണ് സർവേകളിൽ. ഇപ്പോഴിതും കൂടിയാകുമ്പോൾ ശരിക്കും നൂൽപ്പാലത്തിൽ കൂടിയാകുന്നു യാത്ര.

Follow Us:
Download App:
  • android
  • ios