ഡെറാഡൂൺ എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത സ്ത്രീകൾ, ടിക്കറ്റ് ആവശ്യപ്പെട്ട ടിടിഇയെ അധിക്ഷേപിക്കുകയും ദേഹത്ത് ചൂട് ചായ ഒഴിക്കുകയും ചെയ്തതായി പരാതി. സംഭവത്തിന്‍റെ വീഡിയോ വൈറലായതിനെ തുടർന്ന് ഇവർക്കെതിരെ കേസെടുത്തു.
ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുകയും ടിക്കറ്റ് ചോദിക്കുന്ന ടിടിഇമാരെ അധിക്ഷേപിക്കുകയും ചെയ്യുന്ന സ്ത്രീ യാത്രക്കാരെ കുറിച്ചുള്ള പരാതികളും വീഡിയോകളും വർദ്ധിക്കുകയാണ്. ഏറ്റവും ഒടുവിലായി ഡെറാഡൂൺ എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകൾ ടിക്കറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ തെറിവിളിക്കുകയും ടിടിആറിന്‍റെ മേലെ ചൂട് ചായ ഒഴിക്കുകയും ചെയ്തെന്ന് പരാതി. ടിടിഇ റെക്കോർഡ് ചെയ്‌ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറായി.
വീഡിയോ
വീഡിയോയിൽ സ്ത്രീകളിൽ ഒരാൾ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്നത് കാണാം. സ്ത്രീകൾ തന്നെ അധിക്ഷേപിക്കുക മാത്രമല്ല, സംഘർഷത്തിനിടയിൽ തന്‍റെ നേരെ ചൂട് ചായ ഒഴിച്ചതായും ടിടിഇ ആരോപിച്ചു. ഒപ്പം സ്ത്രീകൾ എന്താണ് പറഞ്ഞതെന്ന് മറ്റ് യാത്രക്കാരോട് അദ്ദേഹം ചോദിക്കുന്നു. ഈ സമയം മറ്റ് യാത്രക്കാര്‍ സ്ത്രീകൾ തെറിവാക്ക് ഉപയോഗിച്ചതായി പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഈ സമയം ടിടിഇ തങ്ങളെ അടിച്ചെന്ന് സ്ത്രീകളും ആരോപിക്കുന്നു. ഈ പെൺകുട്ടി എന്‍റെ മേൽ ചൂട് ചായ ഒഴിച്ചെന്ന് ടിടിഇ ആരോപിക്കുകയും സ്ത്രീകൾക്കൊപ്പമുള്ള ഒരു പെണ്‍കുട്ടിയെ വീഡിയോയില്‍ കാണിക്കുകയും ചെയ്യുന്നു. ഈ സമയം മറ്റ് യാത്രക്കാര്‍ അദ്ദേഹത്തിന്‍റെ ഒപ്പം ചേരുന്നു. എന്നാല്‍ സ്ത്രീകൾ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് പറയുന്നതും വീഡിയോയില്‍ കേൾക്കാം.
പ്രതികരണം
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത രണ്ട് സ്ത്രീകളെയും ഒരു പെൺ കുട്ടിയേയും പിന്നീട് ബരാബങ്കി സ്റ്റേഷനിൽ ഇറക്കിവിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍ അവർ മൂന്ന് പേരും അതേ കോച്ചിൽ തന്നെ കയറി പിന്നീട് ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവരെ വീണ്ടും ഇറക്കിവിട്ടു. ഇവർക്കെതിരെ ചാർബാഗ് ജിആർപിയിൽ പരാതി നൽകിയിട്ടുണ്ടെന്നും എഫ്‌ഐആർ ഫയൽ ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
സമാനമായ സംഭവങ്ങൾ
കഴിഞ്ഞ ആഴ്ച ആദ്യം, ഒരു ടിടിഇ ചിത്രീകരിച്ച ഒരു വീഡിയോയിൽ എസി കോച്ചിൽ വച്ച് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഒരു അമ്മയും മകളും ടിടിഇയോട് തർക്കിക്കുന്നതും ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജാതി പേര് വിളിക്കുന്നതും കേൾക്കാമായിരുന്നു. മറ്റൊരു വീഡിയോയില്‍ ഓഡീഷയില്‍ നിന്നുള്ള ഒരു അധ്യാപിക ടിടിഇയോട് തർക്കുന്നത് കാണാമായിരുന്നു. അടുത്ത കാലത്തായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ ലോക്കൽ ടിക്കറ്റില്‍ എസി കോച്ചിൽ കയറുകയോ ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.


