അഭയാര്‍ത്ഥികളും നാടുകടത്തല്‍ ഭീഷണിയിലുള്ള ക്രിമനലുകളും അടക്കം 300 പേരാണ് ഈ ജയിലിലുള്ളത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ജയിലില്‍ തടവുപുള്ളികള്‍ക്ക് രക്ഷപ്പെടാനായി നിര്‍മിച്ച തുരങ്കം കണ്ടെത്തി. പെര്‍ത്തിലെ യോംഗാ ഹില്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് 20 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയത്. അഭയാര്‍ത്ഥികളും നാടുകടത്തല്‍ ഭീഷണിയിലുള്ള ക്രിമനലുകളും അടക്കം 300 പേരാണ് ഈ ജയിലിലുള്ളത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം വന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് മീറ്റര്‍ ആഴമുള്ള കിടങ്ങ് തടവുപുള്ളികള്‍ താമസിക്കുന്ന ഒരു ബ്ലോക്കില്‍നിന്നാണ് തുടങ്ങുന്നത്. രണ്ട് മതിലുകള്‍ കടന്ന് പുറത്തെ അവസാന മതിലിലേക്കാണ് തുരങ്കം നീളുന്നത്. സംഭവം പുറത്തായതിനു പിന്നാലെ നിരവധി തടവു പുള്ളികളെ ജയിലിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയതായി എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ചെറിയ തുരങ്കമാണ് ഇതെന്നും ഇതുവരെ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും തദ്ദേശ സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. 

ഈ ഡിറ്റന്‍ഷന്‍ സെന്ററില്‍ അഭയാര്‍ത്ഥികളെ 600 ദിവസം മാത്രേമ സൂക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍, അഞ്ചു വര്‍ഷത്തിലേറെ ഇവിടെ കഴിയുന്ന അഭയാര്‍ത്ഥികളുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. 

2013-ല്‍ അഞ്ച് വിയറ്റ്‌നാമീസ് തടവുകാര്‍ ഇവിടെനിന്ന് തുരങ്കം വഴി രക്ഷപ്പെട്ടിരുന്നു.