ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയോടുള്ള ക്രൂരതയായിട്ടാണ് ഈ രണ്ട് വിരൽ പരിശോധനയെ കോടതി നോക്കിക്കണ്ടത്. അത് കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നും കുട്ടിയുടെ അവകാശങ്ങളെ ലംഘിക്കുകയാണ് ഡോക്ടർമാർ ചെയ്തത് എന്നും കോടതി നിരീക്ഷിച്ചു.
ബലാത്സംഗം ചെയ്യപ്പെട്ട, പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് രണ്ട് വിരൽ പരിശോധന നടത്തി. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സർക്കാരിനോട് ഹിമാചൽ ഹൈക്കോടതി. പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടർമാരിൽ നിന്നും ആ തുക ഈടാക്കാം എന്നും കോടതി പറഞ്ഞു.
പെൺകുട്ടിയിൽ രണ്ട് വിരൽ പരിശോധന നടത്തിയ പാലംപൂർ സിവിൽ ആശുപത്രിയിലെ ഡോക്ടർമാരെ ഹിമാചൽ പ്രദേശ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കുട്ടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പിഴവ് വരുത്തിയ ഡോക്ടർമാരിൽ നിന്ന് ആ തുക ഈടാക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ തർലോക് സിംഗ് ചൗഹാൻ, സത്യൻ വൈദ്യ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഈ പരിശോധന നടത്തിയ ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു.
ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയോടുള്ള ക്രൂരതയായിട്ടാണ് ഈ രണ്ട് വിരൽ പരിശോധനയെ കോടതി നോക്കിക്കണ്ടത്. അത് കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നും കുട്ടിയുടെ അവകാശങ്ങളെ ലംഘിക്കുകയാണ് ഡോക്ടർമാർ ചെയ്തത് എന്നും കോടതി നിരീക്ഷിച്ചു. ഈ ഡോക്ടർമാർ നിയമം ലംഘിച്ചു എന്നും കോടതി കുറ്റപ്പെടുത്തി.
ഏറെ മനുഷ്യത്വരഹിതമായ പരിശോധനയാണ് രണ്ട് വിരൽ പരിശോധന. സാധാരണയായി ബലാത്സംഗം ചെയ്യപ്പെടുന്ന പെൺകുട്ടികളിലാണ് ഈ മെഡിക്കൽ പരിശോധന നടത്തുന്നത്. സ്ത്രീകളുടെ വജൈനല്‍ മസിലുകളുടെ ഇറുക്കം പരിശോധിക്കുക, 'കന്യക'യാണോ എന്ന് പരിശോധിക്കുക ഇവയൊക്കെയാണ് ഇതിൽ ചെയ്യുന്നത്. എന്നാൽ, ഇത് തീർത്തും അശാസ്ത്രീയമായ രീതിയാണ് എന്ന വാദം നേരത്തെ തന്നെ നിലനിന്നിരുന്നു.
2022 -ൽ സുപ്രീം കോടതി ഈ പരിശോധന നിരോധിച്ച് കൊണ്ട് ഒരു ഉത്തരവും ഇറക്കി. ഈ പരിശോധനയ്ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഈ പ്രാകൃത പരിശോധനാ രീതി ബലാത്സംഗത്തെ അതിജീവിച്ചവരെ വീണ്ടും അപമാനിക്കുന്നതാണ് എന്നുമായിരുന്നു അന്ന് കോടതിയുടെ പരാമർശം.
(ചിത്രം പ്രതീകാത്മകം)
