ഇസ്രയേല്‍ സൈന്യത്തിന്‍റെ മുന്‍നിരയില്‍ രണ്ട് ഗുജറാത്തി യുവതികളും !
കമ്മ്യൂണിക്കേഷൻ ആന്‍റ് സൈബർ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റിൽ നിയമിതയായ നിറ്റ്ഷയും ഇസ്രയേലി സൈന്യത്തിലെ കമാന്‍റോ വിഭാഗത്തിലുള്ള റിയയുമാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏതാണ്ട് ഒന്നര വര്‍ഷമായി ലോകം റഷ്യ - യുക്രൈന്‍ യുദ്ധത്തിന്‍റെ പുറകെയായിരുന്നു. എന്നാല്‍, ഓക്ടോബര്‍ 7 ന് ലോകത്തെ തന്നെ ഞെട്ടിച്ച് ഹമാസ് ഇസ്രയേലേക്ക് കടന്ന് കയറി ആക്രമണം അഴിച്ച് വിട്ടപ്പോള്‍ യുക്രൈന്‍ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷാമവുകയും ഇസ്രയേല്‍ - ഹമാസ് യുദ്ധം ലോകമെങ്ങുമുള്ള പത്ര-ദൃശ്യ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയായി മാറുകയും ചെയ്തു. ഇതിനിടെയാണ്, ഇന്ത്യന്‍ വംശജരും ഗുജറാത്തില്‍ നിന്നുമുള്ള രണ്ട് യുവതികള്‍ ഇസ്രയേല്‍ സേനയ്ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കമ്മ്യൂണിക്കേഷൻ ആന്‍റ് സൈബർ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റിൽ നിയമിതയായ നിറ്റ്ഷയും ഇസ്രയേലി സൈന്യത്തിലെ കമാന്‍റോ വിഭാഗത്തിലുള്ള റിയയുമാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുജറാത്തിലെ ജുനഗഡിലെ മാനവാദർ താലൂക്കിലെ കോതാടി ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. ഇരുവരുടെയും കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രയേലിലേക്ക് കുടിയേറിയവരാണ്. നിറ്റ്ഷയുടെ പിതാവ് ജിവാഭായ് മുനിയാസിയയും റിയയുടെ പിതാവ് സവ്ദാസ്ഭായ് മുനിയാസിയയുമാണ്. ഇസ്രയേല്‍ പൗരത്വം നേടിയ ഇരുവരും ഇസ്രയേലിലെ സ്ഥരതാമസക്കാരാണ്. ജിവാഭായ് മുനിയാസിയ തലസ്ഥാനമായ ടെൽ അവീവിൽ ഒരു ജനറൽ സ്റ്റോർ നടത്തുന്നു. മകള്‍ നിഷയെ കുറിച്ച് ജിവാഭായ് CRUX ന്‍റെ ഒരു വീഡിയോയില്‍ പറയുന്നത്. “മകൾ കഴിഞ്ഞ രണ്ട് വർഷമായി ലെബനൻ, സിറിയ, ജോർദാൻ, ഈജിപ്ത് എന്നിവയുടെ അതിർത്തികളിലാണ് ജോലി ചെയ്യുന്നത്" എന്നാണ്. 2021 ൽ ഇസ്രായേൽ സൈന്യം ഗാസയിൽ ഹമാസിനെ ആക്രമിച്ചിരുന്ന ഗുഷ് ഡെനി യുദ്ധഭൂമിയിലായിരുന്നു നിഷയും.
75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി
ഇന്ത്യയില്‍ നിന്ന് നിരവധി ഗുജറാത്തികള്‍ ഇതിനകം ഇസ്രയേലിലേക്ക് കുടിയേറിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയും ഭാര്യ അഞ്ജലിബെനും ടെൽ അവീവ് സന്ദര്‍ശന വേളയില്‍ ജീവാഭായിയുടെ വസതി സന്ദര്‍ശിച്ചിരുന്നെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിൽ, 18 വയസ്സിന് മുകളിലുള്ളവർ സൈന്യത്തിൽ ചേരണമെന്നത് നിർബന്ധമാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്. അതേസമയം കലാകാരന്മാർക്കും കളിക്കാർക്കും അവരുടെ നിർബന്ധിത കാലയളവായ രണ്ട് വർഷവും എട്ട് മാസവും സൈനിക സേവനം അനുഷ്ടിക്കണം. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിൽ (ഐഡിഎഫ്) ഏതാണ്ട് തുല്യമായ സ്ത്രീ-പുരുഷ അനുപാതമുണ്ട്. ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ വിമര്‍ശനം നേരിട്ടെങ്കിലും പലസ്തീനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും എന്നാല്‍ ഹമാസിന്‍റെത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക