Asianet News MalayalamAsianet News Malayalam

Tiananmen Square: ചൈന കണ്ണുരുട്ടി, പ്രതിഷേധ സ്മാരകങ്ങള്‍ വീണ്ടും തച്ചുടച്ച് ഹോങ്കോംഗ്

 ഹോങ്കോങ് സര്‍വകലാശാലയില്‍ (University of Hong Kong) സ്ഥാപിച്ച വിഖ്യാത ശില്‍പ്പം വ്യാഴാഴ്ച നീക്കം ചെയ്തതിനു പിന്നാലെ, സമാനമായ കൂടുതല്‍ സ്മാരകങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ്ണ ആധിപത്യത്തിലേക്ക് നീങ്ങുന്ന ഹോങ്കോംഗില്‍ ചൈനയെ അലോസരപ്പെടുത്തുന്ന വസ്തുക്കളെല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍. 
 

Two more Tiananmen Massacre monuments  removed in in Hong Kong
Author
Beijing, First Published Dec 24, 2021, 4:28 PM IST

ചൈനയുടെ കണ്ണിലെ കരടായ ടിയാനന്‍മെന്‍ സ്‌ക്വയര്‍ (Tiananmen Square) വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ശില്‍പ്പങ്ങള്‍ക്കെതിരെ ഹോങ്കോംഗില്‍ വേട്ട തുടരുന്നു. ഹോങ്കോങ് സര്‍വകലാശാലയില്‍ (University of Hong Kong) സ്ഥാപിച്ച വിഖ്യാത ശില്‍പ്പം വ്യാഴാഴ്ച നീക്കം ചെയ്തതിനു പിന്നാലെ, സമാനമായ കൂടുതല്‍ സ്മാരകങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ്ണ ആധിപത്യത്തിലേക്ക് നീങ്ങുന്ന ഹോങ്കോംഗില്‍ ചൈനയെ അലോസരപ്പെടുത്തുന്ന വസ്തുക്കളെല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍. 

ഹോങ്കോങ് സര്‍വകലാശാലയില്‍ (University of Hong Kong) സ്ഥാപിച്ച 'നാണക്കേടിന്റെ സ്തൂപം' എന്ന സ്മാരകശില്‍പ്പം വ്യാഴാഴ്ച സര്‍വകാലാശാലാ അധികൃതര്‍ പൊലീസ് സഹായത്തോടെ നീക്കം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഇവിടത്തെ വിദ്യാര്‍ത്ഥി യൂനിയന്‍ ഓഫീസില്‍ വരച്ചുവെച്ച ഇതേ ശില്‍പ്പത്തിന്റെ പെയിന്റിംഗ് മായ്ച്ചുകളഞ്ഞത്. അതു കഴിഞ്ഞാണ്, അതേ കലാകാരന്‍ നിര്‍മിച്ച ജനാധിപത്യത്തിന്റെ ദേവത എന്ന ശില്‍പ്പത്തിനും കഷ്ടകാലം വന്നത്. 

ഹോങ്കോംഗിലെ മറ്റൊരു പ്രധാന സര്‍വകലാശാലയായ ലിംഗ്‌നന്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ച കലാശില്‍പ്പമാണ് ഇന്ന് കാലത്ത് എടുത്തുമാറ്റിയത്. െചെനീസ് വംശജനായ ന്യൂസിലാന്‍ഡ് ശില്‍പ്പിയായ ചെന്‍ വീമിംഗ് നിര്‍മിച്ച 21 അടി നീളവും 10.5 അടി വീതിയുമുള്ള ജനാധിപത്യത്തിന്റെ ദേവത എന്ന ശില്‍പ്പമാണ് നീക്കം ചെയ്തതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശമാകെ ബ്ലോക്ക് ചെയ്ത ശേഷമാണ്, സുരക്ഷാ സൈനികരുടെ സാന്നിധ്യത്തില്‍ സര്‍വകലാശാലാ അധികൃതര്‍ ഈ സ്മാരകശില്‍പ്പം നീക്കം ചെയ്തത്. 

1989 -ല്‍ ചൈനയിലെ പ്രശസ്തമായ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ജനാധിപത്യത്തിന് വേണ്ടി പ്രക്ഷോഭം നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചൈനീസ് അധികാരികള്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലിന്റെ ഓര്‍മ്മയ്ക്കായി ഹോങ്കോംഗിലെ സര്‍വകലാശാലകളില്‍ സ്ഥാപിച്ച കലാരൂപങ്ങള്‍ക്കാണ് ഈ അവസ്ഥ. െവടിവെപ്പിനും സൈനിക നടപടിക്കും തൊട്ടുമുമ്പായി വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ സ്ഥാപിച്ച ജനാധിപത്യശില്‍പ്പം ലോകപ്രശസ്തമായിരുന്നു. ഇതേ ശില്‍പ്പത്തിന്റെ മാതൃകയില്‍ ശില്‍പ്പിയായ ചെന്‍ ഹോങ്കോംഗിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച ശില്‍പ്പങ്ങളാണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. ചൈനയുടെ കൂട്ട അടിച്ചമര്‍ത്തലിന്റെ ഓര്‍മ്മയ്ക്കായി ഹോങ്കോങ്ങില്‍ അവശേഷിക്കുന്ന ചുരുക്കം ചില പൊതു സ്മാരകങ്ങളില്‍ ഒന്നാണിത്. 

പുറത്തുനിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും അപകടസാധ്യത വിലയിരുത്തിയുമാണ് പഴക്കം ചെന്ന പ്രതിമ മാറ്റിയത് എന്നാണ് സര്‍വകലാശാല അധികൃതരുടെ വാദം. സര്‍വകലാശാലാ സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടിയാണ് ഈ നടപടിയെന്നും സര്‍വകലാശാലാ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 24 വര്‍ഷമായി കാമ്പസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ശില്‍പ്പം സൂക്ഷിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. എന്നാല്‍, ഈ ശില്‍പ്പങ്ങള്‍ എവിടേക്കാണ് മാറ്റിയത് എന്ന കാര്യം വ്യക്തമല്ല. 

അതിനിടെ, ജനാധിപത്യത്തിനെതിരായ കശാപ്പാണ് ഹോങ്കോംഗില്‍ നടക്കുന്നതെന്ന് ഹോങ്കോംഗില്‍ താമസിക്കുന്ന ശില്‍പ്പി ചെന്‍ പറഞ്ഞു. ശില്‍പ്പങ്ങള്‍ എങ്ങോട്ട് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല. അതിനാല്‍, അമേരിക്കയിലെ തന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ചൈനയില്‍ നിരോധനമുണ്ട്. ചൈന പൂര്‍ണ്ണമായും ചൊല്‍പ്പടിയില്‍ ഒതുക്കിയ ഹോങ്കോംഗിലും ഇപ്പോള്‍ സമാനമായ അവസ്ഥ നിലവില്‍ വരികയാണ്. ബീജിംഗില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രതിമ നീക്കം ചെയ്തത് എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം. 

Follow Us:
Download App:
  • android
  • ios