രണ്ട് രൂപ ഡോക്ടര്‍, അങ്ങനെയായിരുന്നു കൊവിഡ് ബാധിച്ച് മരിച്ച ഡോ. ഇസ്മായില്‍ ഹുസ്സൈന്‍ അറിയപ്പെട്ടിരുന്നത്. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലെ ഡോ. ഹുസൈന്‍ പാവങ്ങളുടെ ഡോക്ടറായിരുന്നു. രണ്ട് രൂപ ഫീസ് കൊടുത്താൽ ചികിത്സിക്കുമായിരുന്നതിനാലാണ് അദ്ദേഹത്തിന് ആ പേര് വന്നതു തന്നെ. അദ്ദേഹത്തിന്‍റെ വിയോഗം ആയിരക്കണക്കിനുപേരെയാണ് വേദനയിലാഴ്ത്തിയത്. 

എഴുപത്തിയാറുകാരനായ ഡോ. കെ. എം ഇസ്മായില്‍ ഹുസ്സൈന്‍ കുര്‍ണൂലില്‍ തന്നെയായിരുന്നു താമസം. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് വയ്യാതായതിനെ തുടര്‍ന്ന് ഡോ. ഹുസൈന്‍ തന്‍റെ ആശുപത്രിയിലേക്ക് പോവാതായത്. അദ്ദേഹത്തിന്‍റെ മരണത്തിനുശേഷം മാത്രമാണ് പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് 19 റെഡ് സോണിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഡോ. ഹുസൈന്‍ എപ്പോഴും രോഗികളുടെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാവുന്ന ആളായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സുഹൃത്ത് ഷഫത് അഹമ്മദ് ഖാന്‍ പറയുന്നു. പലപ്പോഴും അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് രോഗികളുടെ നീണ്ട നിര തന്നെയുണ്ടാകും. ഒരു കാരണം കൊണ്ടും അദ്ദേഹം രോഗികളെ പരിശോധിക്കാതെയിരിക്കാറേയില്ല. 

പണത്തിന് വേണ്ടി ജോലി ചെയ്തിരുന്ന ആളല്ല

പണം ഒരിക്കല്‍ പോലും ഡോ. ഇസ്മായില്‍ ഹുസൈന്‍റെ പരിഗണനാ വിഷയമേ ആയിരുന്നില്ല. ഡോക്ടറെന്ന നിലയില്‍ രോഗികളെ പരിചരിക്കേണ്ടത് തന്‍റെ കടമയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. അതുകൊണ്ടുതന്നെ പാവപ്പെട്ട രോഗികള്‍ പലപ്പോഴും അദ്ദേഹത്തിനെ കാണാനായി എത്തി. അവര്‍ വച്ചുനീട്ടുന്ന പണമെത്രയാണോ അതാണ് അദ്ദേഹം സ്വീകരിച്ചുപോന്നത്. കുറച്ചുകാലം മുമ്പ് വരെ വെറും രണ്ട് രൂപയായിരുന്നു അദ്ദേഹം പാവങ്ങളില്‍ നിന്നും ഫീസായി സ്വീകരിച്ചിരുന്നത്. ഇപ്പോഴും പത്തോ ഇരുപതോ രൂപയടക്കം കയ്യിലുള്ളത് ഫീസായി നല്‍കി ആളുകള്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചികിത്സിക്കാനായി എത്താറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നു. രണ്ട് രൂപാ ഫീസായി നല്‍കിയാല്‍ മതിയെന്നതുകൊണ്ടുതന്നെ രണ്ടുരൂപാ ഡോക്ടര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതു തന്നെ. ജാതിയോ മതമോ ഒന്നും നോക്കാതെ തന്നെ ദൂരത്തുനിന്നുപോലും ആളുകള്‍ ഡോക്ടറെ തേടിയെത്തിയിരുന്നു. 

ഡോക്ടറുടെ അടുത്ത് ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയുണ്ടായിരുന്നു. ആ പെട്ടിയിലേക്ക് ആളുകള്‍ അവര്‍ക്കിഷ്ടപ്പെടുന്ന പണം ഇടുകയാണ് ചെയ്യുന്നത്. മാത്രവുമല്ല, അതില്‍ നിന്നും ബാക്കി ആളുകള്‍ക്ക് തന്നെ എടുക്കാം. അതില്‍ അഞ്ച് രൂപയും പത്തുരൂപയും ഇടുന്നവരുണ്ട്. 50 രൂപ ഇട്ടശേഷം 30 രൂപ ബാക്കിയെടുക്കുന്നവരും ഉണ്ട്. അതൊന്നും അദ്ദേഹം ശ്രദ്ധിച്ചേയിരുന്നില്ലായെന്നും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു. 

എന്‍റെ അച്ഛന്‍ ഒരു അധ്യാപകനായിരുന്നു. അദ്ദേഹത്തിന്‍റെ തുച്ഛമായ ശമ്പളത്തില്‍ ഞങ്ങള്‍ ആദരപൂര്‍ണമായ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹം ഞങ്ങളെ വളര്‍ത്തിയത് വളരെയധികം സ്നേഹത്തോടെയാണ്. അദ്ദേഹത്തിന്റെ പ്രശസ്തിയുടെയും സുതാര്യതയുടെയും പാരമ്പര്യമാണ് നമുക്ക് ലഭിച്ചത്. ഇന്ന് എനിക്കാവശ്യമുള്ളതെല്ലാം ദൈവം തന്നിട്ടുണ്ട്. എന്റെ മകൻ ഡോ. ഇക്ബാൽ ഹുസൈൻ കുർണൂൽ മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറാണ്. അവിടെ സ്ഥിരതാമസമാക്കി. ഒരു മരുമകൻ ഇംതിയാസ് ഐ‌എ‌എസ് ഉദ്യോഗസ്ഥനും കൃഷ്ണ ജില്ലയിലെ കളക്ടറുമാണ്. രണ്ട് മരുമക്കളും നല്ല നിലയിലുള്ളവരാണ്. അവർക്ക് എന്റെ സഹായം ആവശ്യമില്ല. സർക്കാരിന്റെ ചിലവിൽ ഞാൻ പഠിച്ചു. ആ ഞാനെന്തിന് എന്‍റെ രോഗികളില്‍ നിന്നും ഫീസ് ആവശ്യപ്പെടണം. എന്റെ 90% രോഗികളും ബിപി‌എൽ ആണ്. ” എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 

ഏതായാലും കൊവിഡ് 19 മൂലം ഇവിടുത്തുകാര്‍ക്ക് നഷ്ടമായിരിക്കുന്നത് അവരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് രൂപാ ഡോക്ടറെയാണ്. വെറും രണ്ട് രൂപയോ അഞ്ച് രൂപയോ പത്തുരൂപയോ ഫീസ് നല്‍കി ചികിത്സക്കായി ചെല്ലാന്‍ പാവപ്പെട്ട രോഗികള്‍ക്കുണ്ടായിരുന്ന ഇടമാണ് നഷ്ടമായിരിക്കുന്നത്. ആ വിയോഗത്തിന്‍റെ വേദനയിലാണവര്‍.