2015 -ൽ അദിലാബാദിലെ ഒരു മെഡിക്കൽ കോളേജിൽ നിന്നുമാണ് പ്രാചി റാത്തോഡ് എംബിബിഎസ് പൂർത്തിയാക്കിയത്. എന്നാൽ, എത്രയൊക്കെ തന്നെ നേട്ടങ്ങളുണ്ടാക്കിയാലും സാമൂഹികമായ അപമാനിക്കലുകളും വിവേചനവും ഒരിക്കലും അവസാനിക്കുന്നില്ല എന്ന് പ്രാചി പ്രതികരിച്ചു. 

തെലങ്കാനയിൽ ചരിത്രം കുറിച്ച് രണ്ട് ട്രാൻസ്ജെൻഡർ ഡോക്ടർമാർ സർക്കാർ സർവീസിലേക്ക്. പ്രാചി റാത്തോഡ്, റൂത്ത് ജോൺ പോൾ എന്നിവരാണ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒസ്‍മാനിയ ജനറൽ ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസർമാരായി സേവനമാരംഭിച്ചിരിക്കുന്നത്. 

ന്യൂസ് ഏജൻസിയായ എഎൻഐ -യോട് സംസാരിക്കവേ ഡോ. റൂത്ത് ജോൺ തനിക്ക് സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ ഓർത്തെടുത്തു. “എന്റെ കുട്ടിക്കാലം മുതൽ ഞാൻ ഒരുപാട് അനുഭവിച്ചു. ഒരു ഡോക്ടറാകണമെന്ന സ്വപ്നം എന്നെക്കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിച്ചു. സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം ഒരുപാട് അപമാനങ്ങൾ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും, ഞാനെന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. സൂപ്രണ്ടിനോടും അധ്യാപകരോടും ഞാൻ നന്ദി പറയുന്നു എന്നെ ഇവിടെ വരെ എത്താൻ സഹായിച്ചത് അവരുടെ പിന്തുണയാണ്“ എന്ന് റൂത്ത് പറഞ്ഞു.

“പഠനകാലം വളരെ കഠിനമായിരുന്നു. ഒരുപാട് അധ്വാനിച്ചാണ് ഇവിടെ എത്തിയത്. എല്ലാ അപവാദങ്ങളെയും അവ​ഗണിച്ച് ഞാൻ എന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിച്ചു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ളവരും എന്നെ ഒരുപാട് സഹായിച്ചു. ഒസ്മാനിയ വരെ എത്താനും അവർ സഹായിച്ചു“ എന്നും റൂത്ത് പറഞ്ഞു. 

അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയ റൂത്തിനെ പഠനത്തിൽ സഹായിച്ചത് സഹോദരനാണ്. അതിന് ശേഷം ട്രാൻസ്ജെൻഡർമാർക്ക് വേണ്ടി ഒരു എൻജിഒ നടത്തുന്ന ക്ലിനിക്കിൽ പാർട്ട് ടൈം ഡോക്ടറായി പ്രവർത്തിച്ചു. ഒസ്മാനിയയിൽ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം സഹപ്രവർത്തകരിൽ നിന്നോ രോ​ഗികളിൽ നിന്നോ ഒന്നും മോശമായ പെരുമാറ്റമോ മാറ്റിനിർത്തലുകളോ ഉണ്ടായിട്ടില്ല എന്നും അവർ പ്രതികരിച്ചു. 

2015 -ൽ അദിലാബാദിലെ ഒരു മെഡിക്കൽ കോളേജിൽ നിന്നുമാണ് പ്രാചി റാത്തോഡ് എംബിബിഎസ് പൂർത്തിയാക്കിയത്. എന്നാൽ, എത്രയൊക്കെ തന്നെ നേട്ടങ്ങളുണ്ടാക്കിയാലും സാമൂഹികമായ അപമാനിക്കലുകളും വിവേചനവും ഒരിക്കലും അവസാനിക്കുന്നില്ല എന്ന് പ്രാചി പ്രതികരിച്ചു. 

“എല്ലാ ട്രാൻസ്ജെൻഡർമാരെയും പോലെ തന്നെ ആയിരുന്നു തന്റെ ജീവിതവും, ഉയർച്ചകളും താഴ്ചകളും ഉണ്ടായിരുന്നു. എംബിബിഎസ് കാലത്തും എമർജൻസി ഫിസിഷ്യനായി ജോലി ചെയ്യുമ്പോഴും ഒരുപാട് വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്. ആ യാത്രകൾ നരകതുല്യമായിരുന്നു. എന്റെ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ ഇങ്ങനെ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. എനിക്ക് ആരും പ്രചോദനമായിട്ടില്ല. എന്നാൽ, ആർക്കെങ്കിലും ഞാൻ പ്രചോദനമാകണേ എന്നാണ് ആ​ഗ്രഹിക്കുന്നത്. എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി എപ്പോഴും താൻ നിലകൊള്ളും“ എന്നാണ് പ്രാചി പ്രതികരിച്ചത്.