സമാനമായ അനുഭവം ഊബർ ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് അനേകങ്ങൾ പറഞ്ഞു. അതേസമയം, സംഭവത്തോട് ഊബറും പ്രതികരിച്ചു.
ഇന്ത്യയിൽ വച്ച് ഊബർ ടാക്സി ബുക്ക് ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് സ്വീഡനിൽ നിന്നുള്ള വിനോദസഞ്ചാരി. പോസ്റ്റ് വൈറലായതോടെ ഊബറും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ജോനാസ് എന്ന സ്വീഡിഷ് കണ്ടന്റ് ക്രിയേറ്ററാണ് പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത്, ഇന്റർസിറ്റി റൈഡാണ് യുവാവ് ബുക്ക് ചെയ്തത് എന്നാണ്. ആദ്യമൊക്കെ യാത്ര നന്നായി പോയി. എന്നാൽ, പതിവഴിയെത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. കാർ ബ്രേക്ക്ഡൗണായി എന്നും അത് നന്നാക്കുന്നതിനായി 5000 രൂപ കാശായി വേണം എന്നും ഡ്രൈവർ ജോനാസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ജോനാസ് ആ തുക നൽകാൻ വിസമ്മതിച്ചു. അതോടെ ദേഷ്യം വന്ന ഡ്രൈവർ തന്നെ പാതിവഴിയിൽ ഇറക്കിവിട്ട് പോയി എന്നാണ് ജോനാസ് പറയുന്നത്.
45 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ഡ്രൈവർ തന്നെ ഇറക്കിയിട്ട് പോയത് എന്നും ജോനാസ് പറയുന്നു. പിന്നീട്, ബുക്ക് ചെയ്ത ഊബറുകളെല്ലാം കാൻസലാവുകയും ചെയ്തു. കുഴപ്പമില്ലാതെ താൻ വീട്ടിലെത്തി എന്നും എന്നാൽ 'നോ താങ്ക്സ് ഊബർ' എന്നുമാണ് ജോനാസ് പറയുന്നത്.
യുവാവിന്റെ പോസ്റ്റ് പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. അതോടെ നിരവധിപ്പേരാണ് അതിന് കമന്റുകൾ നൽകിയതും. സമാനമായ അനുഭവം ഊബർ ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് അനേകങ്ങൾ പറഞ്ഞു. അതേസമയം, സംഭവത്തോട് ഊബറും പ്രതികരിച്ചു. ഇത്തരം ഒരു സംഭവമുണ്ടായതിൽ ഖേദിക്കുന്നു എന്നും സംഭവത്തിൽ നടപടി ഉണ്ടാകുമെന്നുമാണ് ഊബർ പ്രതികരിച്ചത്.
എന്നാൽ, അതേസമയം ഇങ്ങനെയൊക്കെ പറയുമെങ്കിലും ഊബർ യാതൊരു തരത്തിലുള്ള നടപടികളും കൈക്കൊള്ളാറില്ല എന്നും പല ഊബർ ഡ്രൈവർമാരും മോശമായിട്ടാണ് പെരുമാറുന്നത് എന്നും നിരവധിപ്പേർ പോസ്റ്റിന്റെ കമന്റുകളിൽ പറഞ്ഞിട്ടുണ്ട്.


