പുതിയ ആളെ പരിചയപ്പെടുത്തുന്നതിനിടെ റീഡ്‌സ് ഇയാളുടെ പാന്റ്‌സിന്റെ സിപ്പ് അഴിക്കുകയും അകത്തേക്ക് കൈയിട്ട് ലിംഗം പിടിക്കുകയും 'ഇത് തീരെ ചെറുതാണല്ലോ' എന്ന് പരിഹസിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. 

പൊലീസ് സ്‌റ്റേഷനില്‍ പുതുതായി ചാര്‍ജ് എടുത്ത സഹപ്രവര്‍ത്തകന്റെ ലിംഗം പിടിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പരസ്യമായി കളിയാക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പണിപോയി. ബ്രിട്ടനിലെ വില്‍ഷയര്‍ പൊലീസ് വകുപ്പിലെ മുതിര്‍ന്ന കോണ്‍സ്റ്റബിള്‍ ആഡം റീഡ്‌സിനാണ് സഹപ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് ജോലി പോയത്. അഞ്ചു ദിവസമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ്, നോട്ടീസ് നല്‍കാതെ, ഉടന്‍ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ കോടതി ഉത്തരവായത്. ഇയാള്‍ക്ക് ഇനി പൊലീസ് വകുപ്പില്‍ ഒരു ജോലിക്കും അപേക്ഷിക്കാനാവില്ലെന്ന് പൊലീസ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി. 

2021ല്‍, ബ്രിട്ടനിലെ ഡെവൈസസ് പൊലീസ് സ്‌റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. ഇവിടത്തെ മുതിര്‍ന്ന കോണ്‍സ്റ്റബിളാണ് ആഡം റീഡ്‌സ്. സ്‌റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയ പൊലീസുകാരനാണ് ഇയാള്‍ക്കെതിരെ പരാതിപ്പെട്ടത്. പുതിയ ആളെ പരിചയപ്പെടുത്തുന്നതിനിടെ റീഡ്‌സ് ഇയാളുടെ പാന്റ്‌സിന്റെ സിപ്പ് അഴിക്കുകയും അകത്തേക്ക് കൈയിട്ട് ലിംഗം പിടിക്കുകയും 'ഇത് തീരെ ചെറുതാണല്ലോ' എന്ന് പരിഹസിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. മറ്റു സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തന്നെ അപമാനിക്കുന്നതായിരുന്നു റീഡ്‌സിന്റെ പെരുമാറ്റം എന്നാണ് പരാതിക്കാരന്‍ വ്യക്തമാക്കിയത്. 

കേസിന്റെ വിചാരണ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. അഞ്ചു ദിവസം നടന്ന വിചാരണയില്‍, താന്‍ സഹപ്രവര്‍ത്തകന്റെ ലിംഗം സ്പര്‍ശിച്ചതായി റീഡ്‌സ് സമ്മതിച്ചു. എന്നാല്‍, ഇത് വെറും തമാശയ്ക്കായിരുന്നുവെന്നും ആരെയും ഉപദ്രവിക്കാന്‍ ആയിരുന്നില്ലെന്നും റീഡ്‌സ് പറഞ്ഞു. എന്നാല്‍, ഇത് ഡിപ്പാര്‍ട്‌മെന്റിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ലൈംഗികമായ ഉപദ്രവമാണെന്നും കോടതി വിലയിരുത്തി. അടിയന്തിരമായി റീഡ്‌സിനെ ജോലിയില്‍നിന്നും നീക്കം ചെയ്യാനും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്നീട് ബ്രിട്ടനിലെ ഒരു പൊലീസ് സ്‌റ്റേഷനിലും ജോലി ചെയ്യാന്‍ സാധിക്കില്ല. 

റീഡ്‌സിന്റെ നടപടി അനുചിതമാണെന്ന് മാത്രമല്ല, സഹപ്രവര്‍ത്തകന്റെ അന്തസ്സിനെയും അഭിമാനത്തെയും ലംഘിക്കുന്നതായിരുന്നുവെന്നും ഇതിന് ശേഷം പൊലീസ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.