നിലവിൽ 1,69,950 പൗണ്ട് (ഏകദേശം 1.7 കോടി രൂപ) വിലയുള്ള ഈ വീട് 1921 -ൽ 200 പൗണ്ടിന് (ഏകദേശം 20,000 രൂപ) ആണ് നാൻസിയുടെ പൂർവികർ സ്വന്തമാക്കിയത്.

സ്വന്തം വീട് അത് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇനി എത്ര വലിയ കൊട്ടാരത്തിൽ താമസിക്കാൻ സൗകര്യം നൽകിയാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന സുഖം കിട്ടാറില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ സ്വന്തം വീട്ടിൽ ദീർഘകാലം താമസിക്കാൻ സൗഭാഗ്യം ലഭിച്ചവർ വളരെ കുറവായിരിക്കും. പത്തോ ഇരുപതോ മുപ്പതോ നാൽപതോ വർഷം വരെയൊക്കെ മാത്രമേ കൂടിപ്പോയാൽ ജനിച്ചു വളർന്ന വീട്ടിൽ ഓരോരുത്തരും കഴിയാറുള്ളൂ. പിന്നീട് പല പല സാഹചര്യങ്ങളിൽ പെട്ട് പുതിയയിടങ്ങളിലേക്ക് നമ്മൾ ചേക്കേറും. 

എന്നാൽ ജനിച്ചു വളർന്ന വീട്ടിൽ കഴിഞ്ഞ 102 വർഷമായി താമസിക്കുന്ന ഒരു സ്ത്രീയുണ്ട് യുകെയിൽ. നാൻസി ജോൺ ഗിഫോർഡ് എന്ന 104 വയസ്സ് പ്രായമുള്ള മുത്തശ്ശിയാണ് ഇത്തരത്തിൽ ഒരു മഹാഭാഗ്യം കിട്ടിയ ആ സ്ത്രീ. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ ഹൃദയത്തോടെ ഏറെ അടുത്ത് നിൽക്കുന്ന ആ വീട് വിൽക്കാൻ നിർബന്ധിതയായി തീർന്നിരിക്കുകയാണ് ഇപ്പോൾ നാൻസി ജോൺ.

ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ ജനിച്ച നാൻസി കഴിഞ്ഞ 102 വർഷങ്ങളും ജീവിച്ചു തീർത്തത് ഈ വീട്ടിലാണ്. മൂന്ന് കിടപ്പുമുറികളും അടുക്കളയും ടെറസുമുള്ള ഈ വീട്ടിൽ മൂന്നു തലമുറയിൽ പെട്ട ആളുകൾ ജീവിച്ചു എന്നാണ് നാൻസി പറയുന്നത്. എന്നാൽ ഇപ്പോൾ പ്രായത്തിന്റേതായ നിരവധി രോഗ പീഡകളിലൂടെ കടന്നുപോകുന്നതിനാൽ ഒരു നഴ്സിംഗ് ഹോമിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ തൻറെ വീട് അനാഥമാക്കപ്പെടരുത് എന്ന ആഗ്രഹത്താലാണ് ഇവർ ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്. 

നിലവിൽ 1,69,950 പൗണ്ട് (ഏകദേശം 1.7 കോടി രൂപ) വിലയുള്ള ഈ വീട് 1921 -ൽ 200 പൗണ്ടിന് (ഏകദേശം 20,000 രൂപ) ആണ് നാൻസിയുടെ പൂർവികർ സ്വന്തമാക്കിയത്. തൻറെ രണ്ടാം വയസ്സിലാണ് നാൻസി ഈ വീട്ടിൽ വരുന്നത്. പിന്നീടിന്നോളം ഈ ഈ വീട്ടിലായിരുന്നു നാൻസി കഴിഞ്ഞിരുന്നത്. വിവാഹശേഷവും ഭർത്താവിനോടൊപ്പം അവർ ഈ വീട്ടിൽ തന്നെ താമസിച്ചു. ഏതായാലും ഇപ്പോൾ നഴ്സിംഗ് ഹോമിലേക്ക് പോകേണ്ട സാഹചര്യം വന്നതിനാൽ തൻറെ വീട് വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുത്തശ്ശി.