ജീവന്‍ പണയം വെച്ചാണ് യുക്രൈന്‍ സൈന്യത്തിലെ ഡോക്ടര്‍ ഈ ലൈവ് ഗ്രനേഡ് പുറത്തെടുത്ത് 

റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന്‍ സൈനികന്റെ ശരീരത്തില്‍ തറച്ച ലൈവ് ഗ്രനൈഡ് യുക്രൈന്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഏതുനിമിഷവും പൊട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഗ്രനേഡ് ജീവന്‍ പണയം വെച്ചാണ് യുക്രൈന്‍ സൈന്യത്തിലെ ശസ്ത്രക്രിയാ വിദഗ്ധരില്‍ ഒരാളായ മേജര്‍ ജനറല്‍ ആന്‍ഡ്രി വെര്‍ബ പുറത്തെടുത്തത്. 

റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈനിലെ ബഖ്മുട്ടില്‍ വെച്ചാണ് സൈനികന്റെ ദേഹത്ത് ഗ്രനേഡ് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൈനികന്റെ ശരീരത്തില്‍ എങ്ങനെയാണ് ഗ്രനേഡ് വന്നത് എന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സേന പുറത്തുവിട്ടിട്ടില്ല.

ഓപ്പറേഷന്‍ വിജയകരമായതിനെ തുടര്‍ന്ന് സൈനികന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട് യുക്രൈന്‍ സായുധസേന പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള സൈനികന്റെ എക്‌സ്‌റേ ചിത്രവും ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത ഗ്രനൈഡുമായി നില്‍ക്കുന്ന ഡോക്ടറിന്റെ ചിത്രവും ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആയതോടെ നിരവധി ആളുകളാണ് ഡോക്ടറുടെ ധീരതയെ അഭിനന്ദിച്ച് കമന്റുകളുമായി രംഗത്തെത്തിയത്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശമാണ് യുദ്ധത്തിന് വഴി തുറന്നത്. സംഘര്‍ഷത്തിന് യാതൊരു അയവും ഇതുവരെ വന്നിട്ടില്ല. ഇരുവശത്തും നിരവധി ജീവനുകളാണ് ഇതിനോടകം അപഹരിക്കപ്പെട്ടത്. പുതുവര്‍ഷ രാവില്‍ നടത്തിയ ആക്രമണത്തില്‍ റഷ്യന്‍ അധിനിവേശ ഡൊണെറ്റ്‌സ്‌ക് മേഖലയിലെ ബാരക്കുകള്‍ ബോംബിട്ട് 89 സൈനികരെ വധിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. ഇതിനുള്ള പ്രതികാരമായി ക്രാമാറ്റോര്‍സ്‌ക് നഗരത്തില്‍ ആക്രമണം നടത്തി 600 -ലധികം യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു.