തീ പിടിച്ച് കത്തിയമർന്നു കൊണ്ടിരുന്ന ഒരു ഹോട്ടൽ കെട്ടിടത്തിനുള്ളിൽ നിന്നാണ് സേനാംഗങ്ങൾ പൂച്ചക്കുട്ടിയുടെ കരച്ചിൽ കേട്ടത്. പിന്നെ അവർ ഒട്ടും അമാന്തിച്ചില്ല. തീ വകവെയ്ക്കാതെ അതിസാഹസികമായി ഹോട്ടലിനുള്ളിൽ കയറി.

ഈ വാർത്ത കേട്ടാൽ ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം ഒരു പൂച്ചക്കുട്ടിയ്ക്ക് വേണ്ടി ഇത്രമാത്രം റിസ്ക് എടുക്കണമായിരുന്നോ എന്ന്? എന്നാൽ ഈ സംഭവത്തിലെ ഹീറോസ് ആയ ഉക്രേനിയൻ അഗ്നി ശമനസേനാംഗങ്ങൾ പറയുക ഇങ്ങനെയായിരിക്കും, വേണം ഓരോ ജീവനും വിലപ്പെട്ടതാണ് അത് മൃഗമായാലും മനുഷ്യരായാലും. ആരെയും ഒരു നിമിഷം അമ്പരപ്പിക്കുന്ന ഒരു രക്ഷാപ്രവർത്തനം നടത്തിയിരിക്കുകയാണ് ഉക്രേനിയൻ അഗ്നിശമനാ സേനാംഗങ്ങൾ. അതീവ ഗുരുതരമായ രീതിയിൽ കത്തിയമർന്ന് അടിഞ്ഞുകൊണ്ടിരുന്ന ഒരു കെട്ടിടത്തിൽ നിന്ന് അവർ ജീവൻ പണയം കൊടുത്ത് രക്ഷിച്ചത് ഒരു പൂച്ചക്കുട്ടിയെ ആണ്.

കഴിഞ്ഞ ആറു മാസക്കാലമായി ഉക്രേനിയൻ അഗ്നിശമനാ സേനാംഗങ്ങൾ വിശ്രമമില്ലാത്ത അദ്ധ്വാനത്തിലാണ്. യുദ്ധത്തിൽ ഷെല്ലാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ് അവർ. എന്നാൽ, ഈ വാരാന്ത്യത്തിൽ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ അവരിലേക്ക് എത്തിച്ചത് ഒരു പൂച്ചക്കുട്ടിയാണ്.

തീ പിടിച്ച് കത്തിയമർന്നു കൊണ്ടിരുന്ന ഒരു ഹോട്ടൽ കെട്ടിടത്തിനുള്ളിൽ നിന്നാണ് സേനാംഗങ്ങൾ പൂച്ചക്കുട്ടിയുടെ കരച്ചിൽ കേട്ടത്. പിന്നെ അവർ ഒട്ടും അമാന്തിച്ചില്ല. തീ വകവെയ്ക്കാതെ അതിസാഹസികമായി ഹോട്ടലിനുള്ളിൽ കയറി. അപ്പോഴതാ ഒരു മൂലയിൽ പേടിച്ചരണ്ട് പതുങ്ങിയിരിക്കുകയാണ് പൂച്ചക്കുട്ടി. ഉടൻ ഉദ്യോഗസ്ഥർ പൂച്ചക്കുട്ടിയുമായി പുറത്തിറങ്ങി. പൊള്ളലേറ്റ ഭാഗങ്ങളിൽ മരുന്ന് പുരട്ടി. പൂച്ചക്കുട്ടിക്ക് ഓക്സിജൻ നൽകി. അങ്ങനെ പ്രാഥമിക ശുശ്രൂഷകൾ എല്ലാം പൂർത്തിയാക്കിയതിന് ശേഷം അവർ അതിനെ ആശുപത്രിയിലേക്ക് മാറ്റി. കേൾക്കുമ്പോൾ തന്നെ മനോഹരമായി തോന്നുന്നു അല്ലേ. 

പൂച്ചക്കുട്ടിയുമായി പുറത്തിറങ്ങുന്നതിന്റെയും പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിന്റെയും വീഡിയോ അഗ്നിശമന സേനാംഗങ്ങൾ തന്നെയാണ് പങ്കിട്ടത്. ഏതായാലും അഗ്നിശമനസേനാംഗങ്ങളുടെ വലിയ മനസ്സിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ലോകം മുഴുവനും.