'സാരി പതിയെ എന്റെ വാർഡ്രോബിന്റെ ഭാഗമായി മാറി. ഒരു വിവാഹത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പരിപാടിക്കോ ഇപ്പോൾ സാരിയില്ലാതെ പോകുന്നത് തനിക്ക് സങ്കല്പിക്കാൻ പോലും സാധിക്കില്ല' എന്നാണ് വിക്ടോറിയ പറയുന്നത്.
ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് ജീവിതത്തിൽ വന്നിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് പറയുകയാണ് ഒരു ഉക്രേനിയൻ യുവതി. വിക്ടോറിയ ചക്രബർത്തി എന്ന യുവതി ഇന്ത്യക്കാരനായ യുവാവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി അവർ കഴിയുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ തന്റെ ജീവിതത്തെ കുറിച്ചും അതുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുമാണ് യുവതി സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്നത്. പ്രധാനമായും ഇന്ത്യൻ ജീവിതമുണ്ടാക്കിയ മൂന്ന് മാറ്റങ്ങളെ കുറിച്ചാണ് അവർ പറയുന്നത്. ഇതൊന്നും ഒറ്റരാത്രി കൊണ്ട് ഉണ്ടായിരിക്കുന്ന മാറ്റങ്ങളല്ല എന്നും അവർ പറയുന്നു.
മനോഹരമായ ഒരു ചുവന്ന സാരിയും ഒരു കുഞ്ഞുപൊട്ടും ഒക്കെ ധരിച്ച് ശരിക്കും ഇന്ത്യക്കാരിയായ ഒരു യുവതിയെ പോലെയാണ് വിക്ടോറിയ തന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എങ്ങനെയാണ് പരമ്പരാഗതമായ ഈ വേഷം തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയത് എന്നും അവൾ പറയുന്നുണ്ട്. ഇന്ത്യയിലെ ജീവിതം ഉണ്ടാക്കിയ മൂന്ന് മാറ്റങ്ങളിൽ ഒന്നായി അവൾ പറയുന്നത് സാരിയെ കുറിച്ച് തന്നെയാണ്.
'സാരി പതിയെ എന്റെ വാർഡ്രോബിന്റെ ഭാഗമായി മാറി. ഒരു വിവാഹത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പരിപാടിക്കോ ഇപ്പോൾ സാരിയില്ലാതെ പോകുന്നത് തനിക്ക് സങ്കല്പിക്കാൻ പോലും സാധിക്കില്ല' എന്നാണ് വിക്ടോറിയ പറയുന്നത്.
അടുത്തതായി പറയുന്നത്, ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ്. താൻ കൈകൊണ്ട് പരമ്പരാഗതമായ ഇന്ത്യൻ ഭക്ഷണം കഴിക്കുന്നു എന്നും അത് വളരെ സ്വാഭാവികവും രുചികരവുമാണ് എന്നുമാണ് വിക്ടോറിയയുടെ അഭിപ്രായം.
അടുത്തതായി അവൾ പറയുന്നത് ഇന്ത്യയിലെ ആഘോഷങ്ങളെ കുറിച്ചാണ്. നിറങ്ങളും ശബ്ദങ്ങളും വെളിച്ചവും ഒക്കെയുള്ള ഇന്ത്യയിലെ ആഘോഷങ്ങൾ നടക്കുന്ന സമയമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയം എന്നാണ് വിക്ടോറിയ പറയുന്നത്. നിരവധിപ്പേരാണ് വിക്ടോറിയയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അവൾ ശരിക്കും ഇന്ത്യക്കാരിയെ പോലെ തന്നെ ആയി എന്ന് പലരും പ്രതികരിച്ചു.


