പതിനൊന്നാം വയസ്സിൽ എയർ ഹോസ്റ്റസ് ആകാൻ സ്വപ്നം കണ്ട ഷാൻസെ ബഷാരത്ത് എന്ന പെൺകുട്ടി, 13 വർഷങ്ങൾക്ക് ശേഷം എമിറേറ്റ്സിൽ ജോലി നേടി ആ സ്വപ്നം യാഥാർത്ഥ്യമാക്കി.
പതിനൊന്നാം വയസില്‍ തന്‍റെ ആദ്യ അന്താരാഷ്ട്രാ വിമാനയാത്രയ്ക്ക് പിന്നാലെ എയർ ഹോസ്റ്റസ് ആകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരു പെണ്‍കുട്ടി. തന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയപ്പോൾ സമൂഹ മാധ്യമങ്ങൾ അതേറ്റെടുത്തു. ഷാൻസെ ബഷാരത്ത് എന്ന എമിറേറ്റ്‌സ് എയർ ഹോസ്റ്റസാണ് തന്‍റെ ബാല്യകാല മോഹം വെളിപ്പെടുത്തിയത്. പതിമൂന്ന് വര്‍ഷങ്ങൾക്ക് ശേഷം താന്‍ തന്‍റെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഷാൻസെ ബഷാരത്ത് തന്‍റെ വീഡിയോ പങ്കുവച്ചത്.
11 വയസുകാരിയുടെ സ്വപ്നം
11 വയസുള്ള ഞാന്‍: 'കാബിന്‍ ക്യൂ. റെഡി ഫോർ ടേക്ക് ഓഫ്!' 24 വയസുള്ള ഞാന്‍, 'കോപ്പി ദാറ്റ്'. ഷാൻസെ ബഷാരത്ത് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ തന്‍റെ രണ്ട് കാലങ്ങളിലുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. വീഡിയോയിൽ, 11 വയസ്സുള്ള ഷാൻസെ ബഷാരത്ത് ആകാശ ജോലി ചെയ്യുന്നതായി കളിയായി സങ്കൽപ്പിക്കുന്നതും, ഒരു യഥാർത്ഥ വിമാനത്തിലെന്ന പോലെ തന്‍റെ ചലനങ്ങളും ആംഗ്യങ്ങളും പരിശീലിക്കുന്നതും കാണാം. പിന്നാലെ അവര്‍ എമറൈറ്റ്സിന്‍റെ വിമാനത്തില്‍ വച്ച്, 'എന്‍റെ ആദ്യ അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് ശേഷം 11 വയസ്സുള്ള ഞാൻ ഒരു എയർ ഹോസ്റ്റസ് ആയി അഭിനയിക്കുന്നു... അതേ വാക്കുകൾ, 13 വർഷങ്ങൾക്ക് ശേഷവും 30,000 അടി ഉയരത്തിലും അതേ ആവേശം.' അവര്‍ പറഞ്ഞു. പിന്നീട് ഷാൻസെ ബഷാരത്ത് എമിറേറ്റ്‌സിലുള്ള എയർ ഹോസ്റ്റസ് ജോലി രാജിവയ്ക്കുകയും സംഗീതത്തിന്‍റെയും ഫാഷന്‍റെയും ലോകത്തിലേക്ക് കടക്കുകയും ചെയ്തു.
പ്രതികരണം
ഏതാണ്ട് 8.9 ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ വീഡിയോയോട് വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. ബാല്യകാല സ്വപ്നം യാഥാർത്ഥ്യമായതെങ്ങനെയെന്ന് പ്രശംസിച്ചുകൊണ്ട് പലരും ഇതിനെ ആകര്‍ഷണീയമെന്നും സ്വപ്നസാക്ഷാത്ക്കാരമെന്നും വിശേഷിപ്പിച്ചു. എത്ര ഹൃദയസ്പർശിയാണെന്ന് മറ്റ് ചിലര്‍ എഴുതിയത്. ജീവിത ലക്ഷ്യം പൂർത്തീകരിച്ചു. ആ 11 വയസ്സുകാരി നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.


