അബുദാബിയിലെ ഫാൽക്കൺ ലേലത്തിൽ ഷൈഖ അൽ മൻസൂരി എന്ന പെൺകുട്ടി ലോകശ്രദ്ധ നേടി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരം, അവളുടെ അമ്മാവൻ 1.5 മില്യൺ ദിർഹത്തിന് (ഏകദേശം 3.85 കോടി രൂപ) ഒരു അപൂർവ വെള്ള ഫാൽക്കണെ സ്വന്തമാക്കിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായി. അൾട്രാ വൈറ്റ് പ്യുവർ ഗൈർ ഗർമൗഷ എന്ന ഈ ഫാൽക്കൺ ADIHEX 2026-ലെ ഏറ്റവും വിലയേറിയ വിൽപ്പനയായി മാറി.

രു പെൺകുട്ടിയുടെ ഫാൽക്കണുകളോടുള്ള ഇഷ്ടം അബുദാബിയിലെ ഫാൽക്കൺ ലേലത്തെ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കി. അബുദാബി ഇന്‍റെർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2026-ലെ ലേല വേദിയായാരുന്നു സ്ഥലം. ലേല വേദിയിൽ മറ്റുള്ളവരെല്ലാം ആണുങ്ങൾ. അതിനിടെയിൽ അവൾ തന്‍റെ അമ്മാവനൊപ്പം ഇരുന്നു. ആ ഇരുപ്പ് അല്പ നിമിഷങ്ങൾക്കകം ലോകത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കാരണം, അവൾക്ക് ഇഷ്ടം തോന്നിയ ഒരു അപൂർവ വെള്ള ഫാൽക്കണെ അവൾക്ക് വേണ്ടി, അവളുടെ അമ്മാവൻ സ്വന്തമാക്കിയത് 1.5 മില്യൺ യുഎഇ ദിർഹത്തിനായിരുന്നു. അതായത് ഏകദേശം 3.85 കോടി രൂപയ്ക്ക്!

യുവ ഫാൽക്കൺ പ്രേമി

ഷൈഖ അൽ മൻസൂരി എന്ന യുവ ഫാൽക്കൺ പ്രേമിയാണ് അമ്മാവനൊപ്പം ലേല വേദിയിലെത്തിയത്. ഫാൽക്കണുകളെയും പക്ഷികളെയും കുറിച്ച് പഠിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് “എന്‍റെ അമ്മാവൻ” എന്നാണ് അവൾ പറഞ്ഞ മറുപടി. കൂടെയുണ്ടായിരുന്നയാൾ, താനാണ് ആ അമ്മാവനെന്ന് സ്ഥിരീകരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയിൽ പക്ഷികളോടുള്ള തന്‍റെ താൽപര്യത്തെക്കുറിച്ച് ഷൈഖ സംസാരിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

View post on Instagram

വീഡിയോ വൈറലായതിന് പിന്നാലെയാണ് തന്‍റെ മരുമകളുടെ ആഗ്രഹം നിറവേറ്റാൻവേണ്ടി അമ്മാവനാണ് കോടികൾ മുടക്കി അപൂർവ്വ ഫാൽക്കണെ സ്വന്തമാക്കിയതെന്ന വാർത്ത വൈറലായത്. എന്നാൽ, ലേലത്തിൽ അമ്മാവൻ തന്നെയാണ് പക്ഷിയെ വാങ്ങിയതെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് സംബന്ധിച്ച് സമൂഹ മാധ്യമ സ്ഥിരീകരണം മാത്രമാണുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അൾട്രാ വൈറ്റ് പ്യുവർ ഗൈർ ഗർമൗഷ

ലേലത്തിൽ ഷൈഖ അൽ മൻസൂരി വാങ്ങിയത് അൾട്രാ വൈറ്റ് പ്യുവർ ഗൈർ ഗർമൗഷ (Ultra White Pure Gyr Garmousha) എന്ന ഇനത്തിൽപ്പെട്ട ഫാൽക്കൺ കുഞ്ഞിനെയാണ്. അമേരിക്കയിലെ മാർക്ക് മോഗ്ലിച്ച് ഫാൽക്കൺ ഫാമിന്‍റെ ( Mark Moglich Falcon Farm) ഉടമസ്ഥതയിലുള്ള പക്ഷിക്ക് ഏകദേശം ഒരു കിലോഗ്രാം ഭാരവും ഏകദേശം 16.5 ഇഞ്ച് നീളവുമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പൂർണമായും വെള്ള നിറത്തിലുള്ള തൂവലുകളും സവിശേഷമായ ശാരീരിക ഘടനയുമാണ് പക്ഷിയുടെ പ്രധാന ആകർഷണം. ADIHEX 2026 -ലെ ഏറ്റവും വിലയേറിയ ഫാൽക്കൺ വിൽപ്പനയായി ഈ ലേലം മാറി.